മടക്കാവുന്ന, ചുളുക്കാവുന്ന ലിഥിയം-അയോണ്‍ ബാറ്ററി വരുന്നു
മടക്കാവുന്ന, ചുളുക്കാവുന്ന  ലിഥിയം-അയോണ്‍ ബാറ്ററി വരുന്നു
Thursday, February 28, 2013 10:17 PM IST
വാഷിംഗ്ടണ്‍: അനവധി തവണ ഒടിച്ചുമടക്കാവുന്ന ലിഥിയം- അയോണ്‍ ബാറ്ററി ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. സമീപഭാവിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ രൂപഭാവങ്ങളില്‍ വന്‍മാറ്റത്തിനിട നല്‍കിയേക്കാവുന്ന സുപ്രധാന കണ്ടുപിടിത്തത്തിനാണു ശാസ്ത്രലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്.

അമേരിക്കന്‍ നോര്‍ത്ത് വെസ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകനായ യോംഗാംഗ് ഹ്യുയാംഗും ഇല്ലിനോയ് സര്‍വകലാശാലയിലെ ജോണ്‍ എ. റോജേഴ്സും ചേര്‍ന്നാണ് ബാറ്ററി വികസിപ്പിച്ചെടുത്തത്. ഒടിച്ചു മടക്കി ചുളുക്കിയ ബാറ്ററി ഉപയോഗിച്ച് ഒരു എല്‍ഇഡി ബള്‍ബ് പ്രകാശിപ്പിച്ചാണ് പുതിയ കണ്ടുപിടിത്തം സ്ഥിരീകരിച്ചത്.

യഥാര്‍ഥ ആകൃതിയേക്കാള്‍ 300% വരെ മടക്കാന്‍ കഴിഞ്ഞു. വയറില്ലാതെ തന്നെ ചാര്‍ജു ചെയ്യാന്‍ കഴിയുന്ന ബാറ്ററി ഭാവിയില്‍ ഒടിച്ചുമടക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ വരവിനു വഴി തെളിക്കുമെന്നു മാത്രമല്ല, മനുഷ്യ ശരീരത്തിനുള്ളില്‍ സ്ഥാപിക്കുന്ന അവയവ ഉപകരണങ്ങളിലും സ്ഥാപിക്കാനാകും. തലച്ചോറിലെ തരംഗങ്ങള്‍ മുതല്‍ ഹൃദയസ്പന്ദനം വരെ കൃത്യമായി രേഖപ്പെടുത്താന്‍ ഇതിലൂടെ വഴിയൊരുങ്ങുമെന്നു ഗവേഷകര്‍ പറയുന്നു.


വളരെയധികം വഴങ്ങുന്ന ചെറിയ വയറുകളുമായി ബന്ധിപ്പിച്ചാണ് ബാറ്ററിക്കുള്ളിലെ ഘടകങ്ങളെ ചേര്‍ത്തിരിക്കുന്നത്. ബാറ്ററി മടക്കുമ്പോള്‍ ഈ വയറുകള്‍ ഒരു തുണിയിലെ നൂല്‍ മടങ്ങുന്നതുപോലെ പ്രവര്‍ത്തിക്കുമെന്നു ഹ്യുയാംഗ് അറിയിച്ചു. കഴിഞ്ഞ ആറുവര്‍ഷമായി ഹ്യുയാംഗും റോജേഴ്സും മടക്കാവുന്ന അല്ലെങ്കില്‍ ചുളുക്കാവുന്ന ഇലക്ട്രോണിക് ഉപകരണം വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണത്തിലായിരുന്നു. വയറില്ലാത്ത ചാര്‍ജിംഗ് സംവിധാനമൊരുക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. സര്‍ക്യൂട്ടുകളെ വളയാന്‍ അനുവദിക്കുന്ന പോപ് അപ് സാങ്കേതികവിദ്യയാണ് സ്വീകരിച്ചിരിക്കുന്നത്. സ്്പ്രിംഗിനുള്ളില്‍ സ്പ്രിംഗ് എന്ന രീതി അല്ലെങ്കില്‍ വലിയ എസ് ആകൃതിക്കുള്ളില്‍ അനവധി ചെറിയ എസ് ആകൃതികള്‍ ഉള്‍ക്കൊള്ളുന്ന കണക്ഷന്‍ രീതിയാണ് അവലംബിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.