സൌത്ത് ഇന്ത്യന്‍ ബാങ്കും റെലിഗെയറും കൈകോര്‍ക്കുന്നു
സൌത്ത് ഇന്ത്യന്‍ ബാങ്കും റെലിഗെയറും കൈകോര്‍ക്കുന്നു
Thursday, September 18, 2014 9:49 PM IST
തൃശൂര്‍: പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൌത്ത് ഇന്ത്യന്‍ ബാങ്കും ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ പ്രമുഖരായ റെലിഗെയര്‍ സെക്യൂരിറ്റീസ് ലിമിറ്റഡും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ഇതുപ്രകാരം സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കു റെലിഗെയറിന്റെ ഓണ്‍ലൈന്‍ വ്യാപാര പ്ളാറ്റ്ഫോം ലഭ്യമാകും. സേവിംഗ്സ് അക്കൌണ്ട്, ഡീമാറ്റ് അക്കൌണ്ട്, ട്രേഡിംഗ് അക്കൌണ്ട് എന്നിവ ഉള്‍പ്പെടുന്ന ത്രീ-ഇന്‍-വണ്‍ അക്കൌണ്ടിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ട്രേഡിംഗ് സൌകര്യങ്ങള്‍ ലഭ്യമാകുന്നത്.

ജിയോജിത് ബിഎന്‍പി പാരിബാസ് ഫിനാന്‍ഷ്യല്‍ സര്‍വീസുമായി നിലവിലുള്ള ധാരണയ്ക്കു പുറമെ റെലിഗെയറും കൂടി ചേരുമ്പോള്‍ ബാങ്കിന്റെ ഓണ്‍ലൈന്‍ വ്യാപാര ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക സേവന കമ്പനിയായ റെലിഗെയര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മുഴുവന്‍ ഉടമസ്ഥതയിലുള്ള സബ്സിഡിയറി കമ്പനിയാണ് റെലിഗെയര്‍ സെക്യൂരിറ്റീസ് ലിമിറ്റഡ്.

സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെയും റെലിഗെയറിന്റെയും മികവുകള്‍ സംയോജിപ്പിച്ച് പുതിയ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കാനും അതുവഴി ഇടപാടുകാര്‍ക്കു കൂടുതല്‍ നേട്ടങ്ങള്‍ ലഭ്യമാക്കാനുമാണ് ഈ കൂട്ടുകെട്ടിലൂടെ ലക്ഷ്യം വയ്ക്കുന്നത്.


ബാങ്കിന്റെ ഇടപാടുകാര്‍ക്കു സേവിംഗ്സ്, ഡിപ്പോസിറ്ററി അക്കൌണ്ടുകള്‍ക്കു പുറമെ റെലിഗെയറിന്റെ സാങ്കേതികമികവുള്ള ഇന്റര്‍നെറ്റ് വ്യാപാര അക്കൌണ്ടും ലഭിക്കുന്നു.

ഉപഭോക്താക്കള്‍ക്കു വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കാനുള്ള സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രതിബദ്ധതയുടെ ഉദാഹരണമാണ് റെലിഗെയറുമായുള്ള പങ്കാളിത്തം. ഇതുവഴി മൂലധന വിപണിയുമായി ബന്ധപ്പെട്ട സേവനശൃംഖല കൂടുതല്‍ വിപുലമാക്കാന്‍ തങ്ങള്‍ക്കു സാധിക്കുമെന്നു ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വി.ജി. മാത്യു പറഞ്ഞു.

സൌത്ത് ഇന്ത്യന്‍ ബാങ്കുമായുള്ള സഹകരണത്തിലൂടെ രാജ്യത്തുടനീളമുള്ള തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനും കൂടുതല്‍ ഉപഭോക്താക്കളിലേക്കു സേവനം വ്യാപിപ്പിക്കാനും സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി റെലിഗെയര്‍ സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബസബ് മിത്ര പറഞ്ഞു.

തുടക്കത്തില്‍ ഓണ്‍ലൈന്‍ വ്യാപാര പ്ളാറ്റ്ഫോമിലൂടെയും കാലക്രമേണ റെലിഗെയറിന്റെ മറ്റ് ഉത്പന്നങ്ങളിലൂടെയും സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ എല്ലാ ഉപഭോക്താക്കള്‍ക്കും മികച്ച സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ സഖ്യം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.