കൃത്രിമ മധുരവും ദോഷമെന്ന്
Friday, September 19, 2014 9:35 PM IST
ലണ്ടന്‍: പ്രമേഹ രോഗികള്‍ക്ക് ഉപയോഗിക്കാവുന്ന കൃത്രിമ മധുര പദാര്‍ഥങ്ങള്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്തേക്കാമെന്നു ഗവേഷണ ഫലങ്ങള്‍.

ഇതു സംബന്ധിച്ച് എലികളില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത് ഇത്തരം പദാര്‍ഥങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ തോതു വര്‍ധിപ്പിക്കുമെന്നാണ്. പഞ്ചസാരയേക്കാള്‍ ആരോഗ്യപ്രദം എന്ന പേരില്‍ കൃത്രിമ മധുര വസ്തുക്കളുടെ വില്പന ലോകമെമ്പാടും പൊടിപൊടിക്കുന്നുണ്ട്. എന്നാല്‍ ഇതേപ്പറ്റിയുള്ള ഇപ്പോഴത്തെ ചിന്താഗതികള്‍ മാറ്റണമെന്നാണു ഗവേഷകര്‍ പറയുന്നത്.

ദഹനപ്രക്രിയയുമായി ബന്ധപ്പെട്ടു നടക്കുന്ന അസന്തുലിതാവസ്ഥയാണു പ്രമേഹത്തിലേക്കു നയിക്കുന്നത്. പക്ഷേ, പ്രമേഹത്തെ നിയന്ത്രിക്കാനെന്ന പേരില്‍ സാധാരണ പഞ്ചസാരയെ ഒഴിവാക്കി മറ്റു മധുര പദാര്‍ഥങ്ങള്‍ കഴിക്കുന്നതു ഏറെ ദോഷം ചെയ്തേക്കാം. കലോറിയില്ലാത്ത മധുര പദാര്‍ഥങ്ങള്‍ ഭക്ഷ്യസാധനങ്ങളിലും പാനീയങ്ങളിലും ഐസ്ക്രീമുകളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഭാരം കുറയ്ക്കുന്നതിനും പ്രമേഹം തടയുന്നതിനും ഇതു വളരെ ഉപകരിക്കുമെന്നാണു പരസ്യ പ്രചാരണങ്ങള്‍. എന്നാല്‍ ഈ വാദത്തെ ഇസ്രയേലിലെ വീസ്മെന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകനായ എറാന്‍ എലിനാവിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നു.


സംഘം എലികളില്‍ നടത്തിയ പരീക്ഷണ ഫലങ്ങള്‍ വളരെ സങ്കീര്‍ണം എന്നാണു പോഷകാഹാര വിദഗ്ധര്‍ പറയുന്നത്. പരീക്ഷണം വളരെ പ്രാഥമികമാണെന്നും അതിനാല്‍ ഇപ്പോഴത്തെ രീതി മാറ്റേണ്ടതില്ലെന്നും അവര്‍ പറയുന്നു. പൊണ്ണത്തടിയും പ്രമേഹവും ലോകമെമ്പാടും പകര്‍ച്ചവ്യാധി പോലെയാണ്. ഇതിനു പരിഹാരമെന്ന നിലയില്‍ പഞ്ചസാരയും മറ്റു മധുരങ്ങളും ഒഴിവാക്കി കൃത്രിമ മധുര വസ്തുക്കളുടെ വളരെ ലഘുവായ രീതി അവലംബിക്കാനാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ഉപദേശിക്കുന്നത്. സാക്കറിന്‍, സുക്രാലോസ് അല്ലെങ്കില്‍ അസ്പാര്‍ടെയിം എന്നിവയാണു സാധാരണയായി ഉപയോഗിക്കുന്ന കൃത്രിമ മധുര വസ്തുക്കള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.