ഒറാക്കിള്‍ മേധാവി എല്ലിസണ്‍ രാജിവച്ചു
ഒറാക്കിള്‍ മേധാവി എല്ലിസണ്‍ രാജിവച്ചു
Saturday, September 20, 2014 9:59 PM IST
സാന്‍ഫ്രാന്‍സിസ്കോ,സിയാറ്റില്‍: മുപ്പത്തിയേഴു വര്‍ഷത്തെ സേവനത്തിനു ശേഷം ലാറി എല്ലിസണ്‍ പ്രമുഖ കംപ്യൂട്ടര്‍ സ്്ഥാപനമായ ഒറാക്കിളിന്റെ പ്രധാന ചുമതല വിട്ടു. കമ്പനിയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്നു എല്ലിസണ്‍. സഫ്ര കാറ്റ്സും മാര്‍ക്ക് ഹര്‍ഡുമാണു പുതിയ കോ സിഇഒമാര്‍. മറ്റെല്ലായിടത്തും പരീക്ഷിച്ചു പരാജയപ്പെട്ട പങ്കാളിത്ത സംവിധാനമാണ് ഒറാക്കിള്‍ ഇനി പരീക്ഷിക്കുന്നത്.

എല്ലിസണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനും ചീഫ് ടെക്നോളജി ഓഫീസറുമായി തുടരും. എല്ലിസണിന്റെ രാജിയോടെ കമ്പനിയുടെ ഓഹരിവില ഇന്നലെ രണ്ടുശതമാനം താഴ്ന്നു. തങ്ങളുടെ ഭാഗത്തുനിന്നുള്ള ക്രമീകരണമല്ലാതെ മാനേജ്മെന്റ് തലപ്പത്തു മറ്റു മാറ്റങ്ങളൊന്നുമില്ലെന്നു എല്ലിസണും പുതിയ ഭാരവാഹികളും അറിയിച്ചു. ഒറാക്കിളിന്റെ തലപ്പത്തു വരുത്തിയ മാറ്റം മാനേജ്മെന്റ് വിദഗ്ധരുടെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. സിഇഒമാരുടെ അധികാര പങ്കുവയ്ക്കല്‍ ഇതിനു മുമ്പ്് പലയിടങ്ങളിലും പരീക്ഷിച്ചു പരാജയപ്പെട്ടതാണെന്നു അവര്‍ പറയുന്നു. എല്ലിസണ്‍ പദവിയില്‍ നിന്നൊഴിയുമെന്നു നേരത്തെ അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും അത് ഇത്ര പെട്ടെന്നുണ്ടാകുമെന്നു വിപണി പ്രതീക്ഷിച്ചിരുന്നില്ല.

70 കാരനായ എല്ലിസണ്‍ 1986ല്‍ സ്ഥാപിച്ച ഡാറ്റാബേസ് കമ്പനി 1977 ലാണ് ഒറാക്കിളായി മാറിയത്. പിന്നീട് അദ്ദേഹം ഇക്കാലമത്രെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി തുടര്‍ന്നു. പുതിയ മേധാവികളായി സഫ്രയുടെയും ഹര്‍ഡിന്റെയും കാര്യത്തില്‍ നിക്ഷേപകര്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്.

വ്യത്യസ്ത വ്യക്തിത്വമുള്ള ശക്തരായ രണ്ടുപേര്‍ എങ്ങനെ ഒത്തുപോകുമെന്നാണു നിരീക്ഷകര്‍ ചോദിക്കുന്നത്. അതിനാല്‍ ഒരു ഒത്തുതീര്‍പ്പ് പല കാര്യങ്ങളിലും അസാധ്യമാകും.

കഴിഞ്ഞ അനവധി വര്‍ഷങ്ങളായി താന്‍ പിന്തുടര്‍ന്നതെന്താണവോ അതു ഇനിയും ചെയ്യാന്‍ പോകുന്നു എന്നാണ് എല്ലിസണ്‍ തന്റെ രാജിക്കു മുമ്പായി പ്രതികരിച്ചത്. പുതിയ ക്രമീകരണമനുസരിച്ച് ഉത്പാദനം, ഫിനാന്‍സ്, നിയമപരമായ കാര്യങ്ങള്‍ കാറ്റ്്സിനാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. വില്പന, സര്‍വീസ് തുടങ്ങിയവ ഹര്‍ഡിനും. എന്നാല്‍ സോഫ്റ്റ്വേര്‍, ഹാര്‍ഡ്വേര്‍ എന്‍ജിനിയീറിംഗ് എല്ലിസണു തുടരും. കാറ്റ്സും ഹര്‍ഡും ഒറാക്കിളിന്റെ ബോര്‍ഡിനോടാണ് ഉത്തരവാദപ്പെടുന്നത്. അതേസമയം എല്ലിസണ്‍ അദ്ദേഹത്തോടു തന്നെയും. എല്ലിസണ്‍ കമ്പനിയില്‍ മുഴുവന്‍ സമയവും തുടരുമെന്നും മൈക്രോസോഫ്റ്റില്‍ നിന്നു പിന്‍വാങ്ങിയ ബില്‍ ഗേറ്റ്സിനെ ഇക്കാര്യത്തില്‍ ഉദാഹരണമാക്കണമെന്നും ഒറാക്കിള്‍ അറിയിപ്പില്‍ പറയുന്നു. ഗേറ്റ്സ് ഇപ്പോഴും മൈക്രോസോഫ്റ്റ് ബോര്‍്ഡ് അംഗമാണെന്നു മാത്രമല്ല, പുതിയ സിഇഒ സത്യ നഡെല്ലയുടെ ഉപദേശകന്‍ കൂടിയാണ്.


സിലിക്കണ്‍ താഴ്വരയിലെ ഏറ്റവും വിജയകരമായ കമ്പനിയായി ഒറാക്കളിനെ മാറ്റുന്നതില്‍ എല്ലിസണ്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ലോകത്തിലെ വന്‍കിട സ്ഥാപനങ്ങളുടെ ഡാറ്റാബേസ് ഒറാക്കിളിന്റേതാണ്. ഈ സാമ്പത്തികവര്‍ഷം 4000 കോടി ഡോളറിന്റെ വരുമാനമാണു കമ്പനി പ്രതീക്ഷിക്കുന്നത്. അനവധി മറ്റു കമ്പനികളെ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു. പീപ്പിള്‍സോഫ്റ്റ്, സീബെല്‍ സിസ്റംസ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. 2010ല്‍ സണ്‍ മൈക്രോസിസ്റംസിന്റെ ഏറ്റെടുക്കല്‍ ഒറാക്കിളിനു നഷ്ടം വരുത്തിവച്ചു. സണ്‍ സെര്‍വര്‍, മറ്റു ഉപകരണങ്ങള്‍ എന്നിവയുടെ വില്പന കുത്തനേ ഇടിഞ്ഞു. ഐബിഎം, സാപ് എന്നിവയായിരുന്നു ഒറാക്കിളിന്റെ ശക്തരായ എതിരാളികള്‍. എന്നാല്‍ ആമസോണ്‍ ഡോട്ട് കോം, സെയില്‍സ് ഫോഴ്സ് ഡോട്ട്് കോം എന്നിവ സമീപ ഭാവിയില്‍ കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നു എല്ലിസണ്‍ തന്നെ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.