ഒമാന്‍ പ്രതിരോധ വകുപ്പിനായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നിര്‍മിക്കുന്നു
Friday, November 21, 2014 11:13 PM IST
മസ്കറ്റ്: ഒമാന്‍ പ്രതിരോധ വകുപ്പിനു കീഴില്‍ മസ്കറ്റില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് നിര്‍മിക്കാന്‍ അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പിട്ടു. ഒമാന്‍ സൈന്യത്തിനു കീഴിലുള്ള സ്ഥലത്ത് രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് നിര്‍മിക്കുന്നത്. ഇതില്‍ 1,600 കാറുകള്‍ക്കു പാര്‍ക്ക് ചെയ്യാനുള്ള സൌകര്യവുമുണ്ടാകും.

മസ്കറ്റിലെ സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഒമാന്‍ സൈനിക മന്ത്രാലയത്തിലെ സെക്രട്ടറി ജനറല്‍ മൊഹമ്മദ് ബിന്‍ നാസര്‍ അല്‍ റാസ്പിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫലിയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പ്രമുഖ സൈനിക ഉദ്യോഗസ്ഥരും ലുലു ഗ്രൂപ്പ് ഒമാന്‍ റീജണല്‍ ഡയറക്ടര്‍ എ.വി. അനന്തും ചടങ്ങില്‍ സംബന്ധിച്ചു.


ഒമാന്‍ പ്രതിരോധ വകുപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റ് നിര്‍മിക്കാനായി ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ലുലു ഗ്രൂപ്പാണ് ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത്. ലുലു ഗ്രൂപ്പിന് റീട്ടെയില്‍ വ്യാപാര രംഗത്തുള്ള പരിചയസമ്പത്ത് പുതിയ പദ്ധതിയില്‍ പ്രതിഫലിപ്പിക്കുമെന്നും ഇതിനായി അവസരം നല്‍കിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിനോട് നന്ദിയുണ്െടന്നും എം.എ. യൂസഫലി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.