ധനക്കമ്മി 4.76 ലക്ഷം കോടിയായി ഉയര്‍ന്നു
ധനക്കമ്മി 4.76 ലക്ഷം കോടിയായി ഉയര്‍ന്നു
Saturday, November 29, 2014 11:28 PM IST
ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴു മാസക്കാലയളവില്‍ രാജ്യത്തിന്റെ ധനക്കമ്മി 4.76 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 2014-15 സാമ്പത്തിക വര്‍ഷത്തേക്കായി ആകെ കണക്കാക്കിയിരിക്കുന്ന 5.31 ലക്ഷം കോടി രൂപയുടെ 89.6 ശതമാനവും ഇതിനോടകം പിന്നിട്ടുകഴിഞ്ഞത് സാമ്പത്തിക മേഖലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ധനക്കമ്മി ബജറ്റ് ലക്ഷ്യത്തിന്റെ 84.4 ശതമാനമായിരുന്നു.

2014-15 വര്‍ഷത്തിന്റെ ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ നികുതിയിനത്തിലുള്ള മൊത്തം വരുമാനം 3.69 ലക്ഷം കോടി രൂപയായി. ബജറ്റ് ലക്ഷ്യമായ 9.77 ലക്ഷം കോടി രൂപയുടെ 37.7 ശതമാനം മാത്രമേ ഈ ഇനത്തില്‍ നേടാനായുള്ളൂ.


നികുതി ഇതര വരുമാനം 2.12 ലക്ഷം കോടി രൂപയെന്ന ബജറ്റ് ലക്ഷ്യത്തിന്റെ 52.3 ശതമാനം നേടി 1.11 ലക്ഷം കോടി രൂപയായി. 2013-14 വര്‍ഷത്തിന്റെ ഇതേ കാലയളവില്‍ നികുതി-നികുതിയേര വരുമാനം യഥാക്രമം ബജറ്റ് വിഹിതത്തിന്റെ 40.3 ശതമാനവും 57.8 ശതമാനവും നേടിയിരുന്നു.

നടപ്പുവര്‍ഷത്തില്‍ ബാധ്യതേതര മൂലധന വരവ് 6,264 കോടി രൂപയായി. 73,952 കോടി രൂപയെന്ന ബജറ്റ് ലക്ഷ്യത്തിന്റെ 8.5 ശതമാനം നേടിയപ്പോള്‍ മുന്‍വര്‍ഷം ഇതേ കാലയളവില്‍ വരവ് ബജറ്റ് ലക്ഷ്യത്തിന്റെ 12.2 ശതമാനമായിരുന്നു. ഈ വര്‍ഷം ഓഹരിവിറ്റഴിക്കല്‍ സംബന്ധിച്ച നീക്കങ്ങളൊന്നും തന്നെ ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.