സ്വര്‍ണവില ചാഞ്ചാടി; ആഭ്യന്തര ഡിമാന്‍ഡില്‍ കുരുമുളകിനു നേട്ടം
സ്വര്‍ണവില ചാഞ്ചാടി; ആഭ്യന്തര ഡിമാന്‍ഡില്‍ കുരുമുളകിനു നേട്ടം
Monday, April 20, 2015 10:44 PM IST
വിപണി വിശേഷം / കെ.ബി ഉദയഭാനു

കൊച്ചി: കാലവര്‍ഷം പതിവിലും നേരത്തെ കേരള തീരം അണയുമെന്ന വിലയിരുത്തല്‍ കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമായി. മുഖ്യ ഉത്പന്നങ്ങളുടെ വിളവ് ഉയര്‍ത്താന്‍ മഴ അവസരം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. ജൂണില്‍ പുതിയ ഏലക്കാ വില്പനയ്ക്ക് ഇറക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം കര്‍ഷകര്‍. ആഭ്യന്തര ഡിമാന്‍ഡില്‍ കുരുമുളക് വില ഉയര്‍ന്നു. ചുക്ക് വിലയില്‍ മാറ്റമില്ല. വ്യവസായികളുടെ തണുപ്പന്‍ മനോഭാവം മൂലം റബര്‍ ഷീറ്റ് വില വീണ്ടും ഇടിഞ്ഞു. ഭക്ഷ്യയെണ്ണ ഇറക്കുമതി വര്‍ധിച്ചത് വെളിച്ചെണ്ണയുടെ മുന്നേറ്റത്തിന് തടസമായി. സ്വര്‍ണ വിപണിയില്‍ പവന്റെ വില ചാഞ്ചാടി.

വേനല്‍ മഴയുടെ കടന്നുവരവ് കാര്‍ഷിക മേഖലയ്ക്ക് കുളിരു പകരുന്നു. ഏതാനും മാസങ്ങളായി വരണ്ടുണങ്ങിയ പല തോട്ടങ്ങളിലും മഴ ലഭ്യമായത് ഉത്പാദന മേഖലയെ സജീവമാക്കും. വരും വാരങ്ങളിലും തുടര്‍മഴ ലഭ്യമാവുമെന്നത് കര്‍ഷകര്‍ക്ക് ആശ്വാസമാകും. ഇക്കുറി കാലവര്‍ഷം പതിവിലും ഒരാഴ്ച്ച നേരത്തെ എത്തിചേരുമെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ നല്‍ക്കുന്ന സുചന. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം അനുകൂലമായാല്‍ അടുത്ത സീസണില്‍ കുരുമുളക്, ഏലം, ചുക്ക്, മഞ്ഞള്‍, ജാതിക്ക തുടങ്ങിയ മുഖ്യ ഉത്പന്നങ്ങളുടെ വിളവ് ഉയരാം.

സ്വര്‍ണം

വിവാഹ ഡിമാന്‍ഡിനിടയില്‍ ആഭരണ വിപണികളില്‍ സ്വര്‍ണവില ചാഞ്ചാടി. വാരത്തിന്റെ തിടുക്കത്തില്‍ 20,120 ല്‍ വ്യാപാരം നടന്ന പവന്‍ പിന്നീട് നാല് ദിവസം 20,000 ലേക്ക് താഴ്ന്ന് കൈമാറിയെങ്കിലും ശനിയാഴ്ച പവന്‍ 20,120 ലേക്ക് തിരിച്ചുകയറി. ഒരു ഗ്രാമിന്റെ വില 2,515 രൂപ. ന്യൂയോര്‍ക്കില്‍ എക്സ്ചേഞ്ചില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1,202 ഡോളറിലാണ്.

കുരുമുളക്


കുരുമുളകിന് ആഭ്യന്തര ഡിമാന്‍ഡ് അനുഭപ്പെട്ടത് വിപണി നേട്ടമാക്കി. ഹൈറേഞ്ചില്‍ വിളവെടുപ്പ് ഏതാണ്ട് അവസാനിച്ചതോടെ കര്‍ഷകര്‍ കരുതലോടെയാണ് നീക്കങ്ങള്‍ നടത്തുന്നത്.

കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളകിന് വീണ്ടും 1,000 രൂപ ഉയര്‍ന്ന് 59,000 രൂപയായി. അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വിപണിയില്‍ വൈകാതെ യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ സജീവമാക്കുമെന്ന നിഗമനത്തിലാണ് മുഖ്യ ഉത്പാദനരാജ്യങ്ങള്‍.

റബര്‍

റബറിന്റെ വില തകര്‍ച്ച തുടരുകയാണെങ്കിലും വേനല്‍ മഴയുടെ വരവ് ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ പകര്‍ന്നു. രണ്ട് മാസമായി നിലച്ച റബര്‍ ടാപ്പിംഗ് അധികം വൈകാതെ പുനരാരംഭിക്കാനാവും.


ഷീറ്റ് വില അഞ്ചു വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. കാലാവസ്ഥ അനുകൂലമായാല്‍ ടാപ്പിംഗ് തുടങ്ങാന്‍ കച്ചകെട്ടി നില്‍ക്കുകയാണ് ചെറുകിട കര്‍ഷകര്‍.

വിപണിയില്‍ ലാറ്റക്സ് ക്ഷാമത്തെ തുടര്‍ന്ന് വില 7,700 ല്‍ നിന്ന് വാരാന്ത്യം 8,000 രൂപയായി. ഇടവപ്പാതിക്ക് മുമ്പായി പുതിയ ചരക്ക് ഇറക്കാന്‍ കാര്‍ഷിക മേഖലയ്ക്കാവും. നാലാം ഗ്രേഡിന് 200 രൂപ ഇടിഞ്ഞ് 11,800 രൂപയായി.

ചുക്ക്

ചുക്ക് വിലയില്‍ കാര്യമായ മാറ്റമില്ല. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ചുക്കിന് അന്വേഷണങ്ങളുണ്െടങ്കിലും വിദേശ വ്യാപാരങ്ങള്‍ ഉറപ്പിച്ചതായി സൂചനയില്ല. അതേ സമയം ചില കയറ്റുമതിക്കാര്‍ ചുക്ക് ശേഖരിക്കുന്നുണ്ട്.

ഉത്തരേന്ത്യകാര്‍ ചുക്ക് ചെറിയ അളവില്‍ സംഭരിച്ചു. മീഡിയം ചുക്ക് വില 21,750 രൂപയിലും ബെസ്റ്റ് ചുക്ക് 23,750 രൂപയിലുമാണ്.

നാളികേരം

വിഷു ആഘോഷ വേളയില്‍ നിര്‍ത്തിവെച്ച നാളികേര വിളവെടുപ്പ് പുനരാരംഭിച്ചു. വിളവെടുപ്പ് ഊര്‍ജിതമായാല്‍ അടുത്ത വാരം തേങ്ങയുടെ ലഭ്യത ഉയരും. എന്നാല്‍ കൊപ്രയുടെ കാര്യത്തിലെ അനിശ്ചിതാവസ്ഥ നിലനില്‍ക്കാം. എണ്ണയാട്ട് വ്യവസായികളുടെ ഡിമാന്‍ഡിനൊത്ത് നടപ്പ് സീസണില്‍ ഇതുവരെ കൊപ്ര ശേഖരിക്കാന്‍ അവര്‍ക്കായിട്ടില്ല.

കാങ്കയത്തെ വന്‍കിട മില്ലുകാര്‍ കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഉത്പന്നം കണ്െടത്തുന്നത്. ഇതിനിടയില്‍ ലക്ഷദ്വീപില്‍ നിന്നും ആന്‍ഡമാന്‍ ദ്വീപില്‍ നിന്നും കൊപ്ര എത്തിച്ചെങ്കിലും ഇതൊന്നും വ്യവസായികളുടെ ആവശ്യത്തിന് തികഞ്ഞില്ല. ക്വിന്റലിന് പതിനായിരം രൂപയ്ക്ക് മുകളിലും കൊപ്ര ശേഖരിക്കാന്‍ മില്ലുകാര്‍ ഉത്സാഹിച്ചു.

വിഷു കഴിഞ്ഞതോടെ വെളിച്ചെണ്ണയ്ക്ക് പ്രദേശിക ഡിമാന്‍ഡ് കുറഞ്ഞു. കൊച്ചിയില്‍ വെളിച്ചെണ്ണ 14,000-14,500 രൂപയിലും കൊപ്ര 9460-10,100 ലുമാണ്.

ഏലക്കാ


മഴ നേരത്തെ എത്തിയാല്‍ ഏലച്ചെടികള്‍ വീണ്ടും പൂത്തു തുടങ്ങും. കാലാവസ്ഥ വ്യതിയാനങ്ങള്‍ വിലയിരുത്തിയാല്‍ അടുത്ത ആറു മുതല്‍ എട്ടു ആഴ്ച്ചകളില്‍ പുതിയ ഏലത്തിന്റെ വിളവെടുപ്പിന് സാഹചര്യം ഒരുങ്ങാം.

മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രമുഖ ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്കാ നീക്കം കുറവാണ്. വിപണിയിലെ ചരക്കു ക്ഷാമം വിലക്കയറ്റത്തിന് വഴിതെളിക്കാം. പോയവാരം ഏലത്തിന് ലഭിച്ച ഉയര്‍ന്ന വില കിലോഗ്രാമിന് 1,028 രൂപയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.