നാളികേരോത്പന്നങ്ങള്‍ക്ക് കനത്ത വിലത്തകര്‍ച്ച; ചുക്ക് വില സ്റെഡി
നാളികേരോത്പന്നങ്ങള്‍ക്ക് കനത്ത വിലത്തകര്‍ച്ച; ചുക്ക് വില സ്റെഡി
Monday, May 25, 2015 10:31 PM IST
വിപണി വിശേഷം / കെ.ബി ഉദയഭാനു

കൊച്ചി: നാളികേരോത്പന്നങ്ങള്‍ക്ക് കനത്ത വിലത്തകര്‍ച്ച, കാലവര്‍ഷം കൊപ്രയുടെ രക്ഷകനാവുമോ? ലഭ്യത കുറഞ്ഞതോടെ ആഭ്യന്തര വിദേശ ഇടപാടുകാര്‍ കുരുമുളകില്‍ പിടിമുറുക്കി. ചുക്ക് കയറ്റുതിക്കാര്‍ വിദേശ ബയ്യര്‍മാരുമായി കച്ചവടങ്ങള്‍ക്ക് ശ്രമം തുടരുന്നു. കാലാവസ്ഥ റബര്‍ ടാപ്പിംഗിന് അനുകൂലമായി, ഷീറ്റ് വില കര്‍ഷകരെ നിരാശരാക്കുന്നു. ലാറ്റക്സ് വീണ്ടും അഞ്ചക്കത്തിലേക്ക്. സ്വര്‍ണത്തിന് തളര്‍ച്ച.

നാളികേരം

നാളികേരോത്പന്നങ്ങള്‍ക്ക് നേരിട്ട കനത്ത വിലത്തകര്‍ച്ച ഉത്പാദകരില്‍ ആശങ്കപരത്തി. ദക്ഷിണേന്ത്യയില്‍ വിളവെടുപ്പ് പുരോഗമിക്കുന്നതിനാല്‍ പച്ച തേങ്ങയുടെയും കൊപ്രയുടെയും ലഭ്യത പതിവിലും ഉയര്‍ന്നു. പുതിയ ചരക്ക് വിറ്റുമാറാന്‍ ഉത്പാദകര്‍ നടത്തിയ നീക്കം എല്ലാ ഭാഗങ്ങളിലും വില്പന സമ്മര്‍ദത്തിന് ഇടയാക്കി. കൊപ്രയാട്ട് വ്യവസായികള്‍ ഈ അവസരത്തില്‍ ചരക്ക് സംഭരണം കുറച്ചതോടെ കൊപ്രയ്ക്ക് 9,000 രൂപയിലെ നിര്‍ണായക താങ്ങ് നഷ്ടമായി. 9,075 രൂപയില്‍ വില്പന തുടങ്ങിയ കൊപ്ര വാരാന്ത്യം 8,755 ലാണ്. വെളിച്ചെണ്ണ വില 500 രൂപ ഇടിഞ്ഞ് 12,900 രൂപയായി. ഒരുമാസത്തിനിടയില്‍ എണ്ണ വില 1,100 രൂപ കുറഞ്ഞു.

പ്രദേശിക വിപണികളില്‍ എണ്ണയ്ക്ക് ഡിമാന്‍ഡ് മങ്ങിയത് വിലയിടിവിന്റെ ആക്കം വര്‍ധിപ്പിച്ചു. അതേ സമയം മാസാരംഭമടുത്തതിനാല്‍ വെളിച്ചെണ്ണയ്ക്ക് ലോക്കല്‍ ഡിമാന്‍ഡ് പ്രതീക്ഷിക്കാം.

ഇതിനിടയില്‍ ചരക്കുനീക്കം നിയന്ത്രിക്കാന്‍ നാളികേര ബോര്‍ഡ് കര്‍ഷകരോട് ആഹ്വാനം ചെയ്തെങ്കിലും ഈ നീക്കം ഉത്പാദകരിലേക്ക് എത്തിയില്ല. വര്‍ധിച്ചതോതില്‍ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതിയാണ് വെളിച്ചെണ്ണ അടക്കമുള്ള പാചകയെണ്ണകളെ തളര്‍ത്തിയത്.

കാലവര്‍ഷത്തിന്റെ കടന്നുവരവ് വിലത്തകര്‍ച്ചയില്‍ നിന്ന് നാളികേരോത്പന്നങ്ങളെ കൈപിടിച്ച് ഉയര്‍ത്താന്‍ ഇടയുണ്ട്. മാനം കറുത്താല്‍ കൊപ്രക്കളങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കും. കാലാവസ്ഥ മാറ്റം നാളികേര വിളവെടുപ്പും തടസപ്പെടുത്താം.

റബര്‍

റബര്‍ ഉത്പാദന മേഖല ടാപ്പിംഗ് സീസണ്‍ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഈവാരം കാലാവര്‍ഷം സംസ്ഥാനത്ത് പ്രവേശിക്കുന്നതോടെ ടാപ്പിംഗ് പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഉത്പാദകര്‍. അതേ സമയം വിപണിയില്‍ ലാറ്റക്സ് ക്ഷാമം രൂക്ഷമായതോടെ ഒരു വിഭാഗം വ്യവസായികള്‍ ചരക്കിനായി പരക്കം പാഞ്ഞു.

ഇതോടെ 9,500 രൂപയില്‍ നിന്ന് ലാറ്റക്സ് 10,300 വരെ കയറി. എന്നാല്‍ നാലാം ഗ്രേഡ് ഷീറ്റ് വില 12,500 ല്‍ സ്റ്റെഡിയായി നീങ്ങി. കൂടിയ വില നല്‍കി ഷീറ്റ് ശേഖരിക്കാന്‍ കമ്പനികള്‍ തയാറായില്ല. മഴക്കാലത്ത് ടാപ്പിംഗ് സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ചെറുകിട കര്‍ഷകര്‍ തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡുകള്‍ ഒരുക്കുന്ന തിരക്കിലാണ്.


രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് ഒരു പരിധി വരെ ആഭ്യന്തര മാര്‍ക്കറ്റില്‍ പ്രതിഫലിച്ചത്. വിനിമയ വിപണിയില്‍ ഡോളറിനു മുന്നില്‍ യെന്നിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനം ടോക്കോം എക്സ്ചേഞ്ചില്‍ റബര്‍ വിലയെ ബാധിച്ചു.

കുരുമുളക്


പ്രമുഖ കയറ്റുമതിക്കാരുടെ കുരുമുളകിനോട് അന്തര്‍സംസ്ഥാന വ്യാപാരികള്‍ കാണിച്ച ഉത്സാഹം ഉത്പന്നവില ഉയര്‍ത്തി. കാര്‍ഷിക മേഖലകളില്‍ നിന്നുള്ള കുരുമുളക് വരവ് കുറവാണ്.

രാജ്യാന്തര വിപണിയില്‍ മലബാര്‍ കുരുമുളക് വില ടണ്ണിന് 10,600 ഡോളറായി. വിലക്കയറ്റം കണ്ട് അമേരിക്കന്‍ ബയ്യര്‍മാര്‍ വാരാന്ത്യം പുതിയ കരാറുകള്‍ക്ക് മടിഞ്ഞു. വിയറ്റ്നാമും ഇന്തോനേഷ്യയും രാജ്യാന്തര വിപണിയില്‍ ചരക്ക് ഇറക്കുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും സ്റ്റോക്ക് നില ചുരുങ്ങിയതിനാല്‍ അവരും വില ഉയര്‍ത്തി ക്വട്ടേഷന്‍ ഇറക്കി. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 63,000 രൂപയിലാണ്.

ഏലക്കാ

ഹൈറേഞ്ചില്‍ നിന്ന് അടുത്ത മാസം മധ്യത്തോടെ പുതിയ ഏലക്കാ വില്പനയ്ക്ക് എത്തുമെന്ന നിഗമനത്തിലാണ് വാങ്ങലുകാര്‍. കാലാവസ്ഥ മാറ്റങ്ങള്‍ ഏല ചെടികള്‍ക്ക് അനുകൂലമായി.

സീസണ്‍ തുടങ്ങും മുമ്പായി സ്റ്റോക്കുള്ള ഏലക്കാ വിറ്റുമാറാനുളള നീക്കങ്ങള്‍ ഒരു വശത്ത് പുരോഗമിക്കുന്നു. അതേ സമയം സ്റ്റോക്കിസ്റ്റുകള്‍ വില്പനയ്ക്ക് കാണിച്ച തിടുക്കം ഏലക്കായുടെ വിലക്കയറ്റത്തിന് തടസമായി. വാരാന്ത്യം നടന്ന ലേലത്തില്‍ മികച്ചയിനങ്ങള്‍ കിലോ 1,002 രൂപയിലും ശരാശരി ഇനങ്ങള്‍ 614 രൂപയിലുമാണ്.

ചുക്ക്

ചുക്ക് വില സ്റ്റെഡി. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് അന്വേഷണങ്ങളുണ്ട്. റംസാന് മുന്നോടിയായി അറബ് രാജ്യങ്ങള്‍ ചുക്ക് സംഭരിക്കാനുള്ള നീക്കത്തിലാണ്. കൊച്ചിയില്‍ ചുക്ക് 21,300-23,300 രൂപയിലാണ്.

സ്വര്‍ണം

സംസ്ഥാനത്ത് സ്വര്‍ണവില താഴ്ന്നു. ആഭരണ വിപണികളില്‍ പവന്‍ 20,560 രൂപയില്‍ നിന്ന് 20,400 രൂപയായി. ന്യൂയോര്‍ക്കില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,225 ഡോളറില്‍ നിന്ന് 1,205 ലേക്ക് താഴ്ന്നു. 1,200 ലെ താങ്ങ് വാരാന്ത്യം മഞ്ഞലോഹം നിലനിര്‍ത്തി.

ജാതിക്ക

ജാതിക്ക, ജാതിപത്രി വിലകള്‍ താഴ്ന്നു. ജാതിക്ക തൊണ്ടന്‍ 250-280 ലും തൊണ്ടില്ലാത്തത് 450-550 ലും ജാതിപത്രി 700-800 രൂപ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.