വിദേശനാണ്യ ശേഖരത്തില്‍ ഇടിവ്
വിദേശനാണ്യ ശേഖരത്തില്‍ ഇടിവ്
Saturday, May 30, 2015 11:08 PM IST
മുംബൈ: തുടര്‍ച്ചയായി അഞ്ച് ആഴ്ച വര്‍ധന രേഖപ്പെടുത്തിയ ശേഷം രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ഇടിഞ്ഞു. മേയ് 22ന് അവസാനിച്ച അവലോകനവാരത്തില്‍ ശേഖരം 232 കോടി ഡോളറിന്റെ കുറവോടെ 35,156 കോടി ഡോളറായി മാറി.

ശേഖരത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നായ വിദേശനാണ്യ ആസ്തികള്‍ 228 കോടി ഡോളറിന്റെ ഇടിവോടെ 32,684 കോടി ഡോളറായി. ഡോളറില്‍ വിലയിരുത്തുന്ന വിദേശനാണ്യ ആസ്തികളിലെ യുഎസ് ഇതര കറന്‍സികളായ യൂറോ, പൌണ്ട്, യെന്‍ എന്നിവയുടെ മൂല്യത്തിലുണ്ടാകുന്ന ഉയര്‍ച്ചതാഴ്ച്ചകളും ഇവയില്‍ പ്രതിഫലിക്കും.

സ്വര്‍ണ ശേഖരം മാറ്റമില്ലാതെ 1,934 കോടി ഡോളറില്‍ തുടര്‍ന്നു. പ്രത്യേക പിന്‍വലിക്കല്‍ പരിധി (എസ്ഡിആര്‍) 2.6 കോടി ഡോളറിന്റെ കുറവോടെ 406 കോടി ഡോളറായി.


അന്തര്‍ദേശീയ നാണ്യനിധിയിലെ ശേഖരം 85 ലക്ഷം ഡോളറിന്റെ കുറവോടെ 132 കോടി ഡോളറായി. മുന്‍ വിശകലന വാരത്തില്‍ ശേഖരം 175 കോടി ഡോളറിന്റെ വര്‍ധനയോടെ 35,388 കോടി ഡോളറെന്ന സര്‍വകാല റിക്കാര്‍ഡില്‍ തൊട്ടിരുന്നു.

ഏപ്രില്‍ 10ന് അവസാനിച്ച ആഴ്ചയിലാണ് ശേഖരം അവസാനമായി ഇടിവ് രേഖപ്പെടുത്തിയത്. അന്ന് 260 കോടി ഡോളറിന്റെ കുറവോടെ 34,041 കോടി ഡോളറായിരുന്നു ശേഖരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.