കമ്പനി സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം കൊച്ചിയില്‍
Saturday, August 1, 2015 11:14 PM IST
കൊച്ചി: ഇന്‍സ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ(ഐസിഎസ്ഐ)യുടെ 16-മത് ദേശീയ സമ്മേളനം 13, 14 തിയതികളില്‍ കൊച്ചിയില്‍ നടക്കും. ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്ററില്‍ 13നു രാവിലെ 11. 45നു നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ദേശീയ കൌണ്‍സില്‍ അംഗം വി. അഹലാദ റാവു പത്രസമ്മേളനത്തില്‍ പറഞ്ഞു.

മാറുന്ന കാലത്ത് കമ്പനി സെക്രട്ടറിമാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്കു കടക്കുകയും കൂടുതല്‍ വ്യാപ്തി കൈവരിക്കുകയും ചെയ്യുകയാണ്. ചരക്കു സേവന നികുതി കൂടി നിലവില്‍ വരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങളും കമ്പനി സെക്രട്ടറിമാര്‍ക്കു കൈവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കമ്പനി സെക്രട്ടറിമാര്‍, ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാര്‍, കോസ്റ് അക്കൌണ്ടന്റുമാര്‍, കോര്‍പറേറ്റ് എക്സിക്യൂട്ടീവുകള്‍, അക്കാഡമീഷ്യന്മാര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരുമായി ചേര്‍ന്നു വിപുലമായ കോര്‍പറേറ്റ് പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. ഇതു ലക്ഷ്യംവച്ചുള്ള ആശയ വിനിമയത്തിനുള്ള അവസരമാണ് കണ്‍വന്‍ഷന്‍ ഒരുക്കുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ കമ്പനി സെക്രട്ടറിമാരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലും അവരെ ലോകോത്തര നിലവാരത്തിലുള്ള പ്രഫഷണലുകളാക്കി തീര്‍ക്കുന്നതിലും ഐസിഎസ്ഐ മികച്ച പ്രവര്‍ത്തനമാണു നിര്‍വഹിക്കുന്നത്. മാറുന്ന കാലഘട്ടത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഒരു പ്രഫഷണല്‍ ബോഡി എന്ന നിലയില്‍ തങ്ങള്‍ ഏറ്റെടുക്കുകയാണ്. കൊച്ചി കണ്‍വന്‍ഷന്‍ ചര്‍ച്ച ചെയ്യുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്ന വിഷയങ്ങളും അക്കാര്യം സൂചിപ്പിക്കുന്നു.


2013ലെ കമ്പനി സെക്രട്ടറീസ് ആക്ട് കമ്പനി സെക്രട്ടറിമാര്‍ക്കു വിപുലമായ ചുമതലകള്‍ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാനേജ്മെന്റ് വിദഗ്ധരും നിയമജ്ഞരും അടക്കമുള്ള വിവിധ മേഖലകളിലുള്ളവരുമായി കൂടുതലായി തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതടക്കമുള്ള കാര്യങ്ങളും കണ്‍വന്‍ഷന്‍ വിശദമായി പരിശോധിക്കും.

പ്രാക്ടീസിംഗ് കമ്പനി സെക്രട്ടറീസ് കാലിബ്രേറ്റിംഗ് കോംപീറ്റന്‍സ് ഫോര്‍ അച്ചീവിംഗ് എക്സലന്‍സ് എന്നതാണു ദ്വിദിന കണ്‍വന്‍ഷന്റെ പ്രധാന പ്രമേയം. ഇതിനെ കോര്‍പറേറ്റ് ഗവേര്‍ണന്‍സിനുള്ള പുത്തന്‍ ഉപകരണങ്ങള്‍(ന്യൂ ടൂള്‍സ് ഫോര്‍ കോര്‍പറേറ്റ് ഗവേര്‍ണന്‍സ്), പുത്തന്‍ പ്രവര്‍ത്തന സമ്പ്രദായങ്ങള്‍(എമേര്‍ജിംഗ് ഏരിയാസ് ഓഫ് പ്രാക്ടീസ്), ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍(നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍) എന്നീ ഉപപ്രമേയങ്ങളാക്കി കൊണ്ടു ഏഴു സെഷനുകള്‍ നടക്കും. വിദഗ്ധര്‍ ഈ സെഷനുകളില്‍ ക്ളാസുകള്‍ എടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍ പരം പേരെയാണു പ്രതിനിധികളായി പ്രതീക്ഷിക്കുന്നത്. സമാപന ദിവസമായ 14നു രാവിലെ 10 നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്‍വന്‍ഷനെ അഭിസംബോധന ചെയ്യും.

പത്രസമ്മേളനത്തില്‍ സംഘാടക സമതിയുടെ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി. ശിവകുമാര്‍, ചെയര്‍മാന്‍ എസ്.പി. കാമത്ത്, വൈസ് ചെയര്‍മാന്‍ ആര്‍. ശ്യാം കുമാര്‍, സെക്രട്ടറി അരുണ്‍ കെ. കമലോല്‍ഭവന്‍ എന്നിവരും സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.