പണനയത്തെ ഉറ്റുനോക്കി നിക്ഷേപ മേഖല
പണനയത്തെ ഉറ്റുനോക്കി  നിക്ഷേപ മേഖല
Monday, August 3, 2015 11:17 PM IST
ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: നിക്ഷേപ മേഖല കേന്ദ്രബാങ്കിന്റെ പണനയത്തെ ഉറ്റുനോക്കുകയാണ്. നാളെ ഉച്ചയോടെ വിപണിക്ക് വ്യക്തമായ ഒരു ദിശയിലേക്ക് തിരിയാനാവുമെന്ന് പ്രതീക്ഷിക്കാം. പിന്നിട്ടവാരം പ്രമുഖ ഇന്‍ഡക്സുകള്‍ വന്‍ ചാഞ്ചാട്ടത്തിലായിരുന്നെങ്കിലും പ്രതിവാര നേട്ടമോ, കോട്ടമോ സംഭവിച്ചില്ല.

അമേരിക്കയില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ ഭേദഗതികള്‍ക്ക് വീണ്ടും മടിഞ്ഞു. 0-0.2 ശതമാനത്തില്‍ തുടരാനാണ് തീരുമാനം. യുഎസ് തൊഴില്‍ മേഖലയിലെയും ഹൌസിംഗ് മേഖലയിലെയും ചലനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ഫെഡ് റിസര്‍വ് നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ സമ്പദ്മേഖലയിലെ ഉണര്‍വും യുഎസ് ഡോളര്‍ ഇന്‍ഡക്സിന്റെ മികവും കണക്കിലെടുത്താല്‍ പലിശ നിരക്ക് ഉയര്‍ത്താതെ അധിക നാള്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല.

ഡോളര്‍ കൂടുതല്‍ ശക്തമായാല്‍ അവരുടെ കയറ്റുമതികളെ അത് ബാധിക്കും. അമേരിക്ക പലിശ ഉയര്‍ത്തിയാല്‍ ഫണ്ടുകള്‍ നിക്ഷേപം ഇന്ത്യ അടക്കമുള്ള എമേര്‍ജിംഗ് വിപണികളില്‍ നിന്ന് പിന്‍വലിക്കാനും സാധ്യതയുണ്ട്. എന്നാല്‍ നമ്മുടെ സമ്പദ്ഘടന ശക്തമായ നിലയില്‍ നീങ്ങുന്നതിനാല്‍ വിദേശ പിന്‍തുണ കുറഞ്ഞാലും അത് കാര്യമായ തകര്‍ച്ചയ്ക്ക് ഇടയാക്കില്ല.

വിദേശ നിക്ഷേപങ്ങളില്‍ നിയന്ത്രണങ്ങള്‍ക്കുള്ള നീക്കമെന്ന വാര്‍ത്ത മുന്‍വാരം സൂചികയില്‍ വന്‍ സ്വാധീനം ചെലുത്തി. ചൈനീസ് ഓഹരി സൂചികയ്ക്ക് വാരാരംഭത്തില്‍ നേരിട്ട എട്ടര ശതമാനം തകര്‍ച്ചയും ഇന്ത്യന്‍ വിപണിയെ ബാധിച്ചു. എട്ടു വര്‍ഷത്തിനിടയില്‍ ഷാങ്ഹായ് സൂചികയ്ക്ക് ഒറ്റദിവസം സംഭവിക്കുന്ന ഏറ്റവും വലിയ തകര്‍ച്ചയ്ക്ക് ഇടയില്‍ സൂചിക ജൂണിലെ ഉയര്‍ന്ന റേഞ്ചില്‍ നിന്ന് 28 ശതമാനം ഇടിഞ്ഞു. ഷോട്ട് സെല്ലിംഗിന് ചൈനീസ് ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവുവരുത്തിയാല്‍ ഹാങ്ഹായി കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാനും ഇടയുണ്ട്.

ജൂലൈയില്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് നേട്ടത്തിലായിരുന്നു. സെന്‍സെക്സ് 333 പോയിന്റ് മികവുമായി 1.2 ശതമാനവും നിഫ്റ്റി 164 പോയിന്റ് ഉയര്‍ന്ന് 1.9 ശതമാനവും കയറി. ഇന്ത്യന്‍ വിപണി രണ്ടു മാസമായി വ്യക്തമായ ദിശകണ്െടത്താനാവാതെ നീങ്ങുകയാണ്. അതേ സമയം നാളത്തെ ആര്‍ബിഐ യോഗ തീരുമാനങ്ങള്‍ സുചികയ്ക്ക് പുതിയ ദിശാബോധം പകരാന്‍ ഇടയുണ്ട്.


ഈ വര്‍ഷം കേന്ദ്രബാങ്ക് ഇതിനകം റീപ്പോ നിരക്കില്‍ 75 ബേസിസ് പോയിന്റ് കുറവ് വരുത്തി. ബാങ്ക് റേറ്റില്‍ വരുത്തുന്ന മാറ്റങ്ങളും കോര്‍പറേറ്റ് മേഖലയില്‍ നിന്നു പുറത്തുവന്നുകൊണ്ടിരിക്കുന്ന ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും വിപണിയല്‍ കാര്യമായ ചലനങ്ങള്‍ക്ക് അവസരം ഒരുക്കാം.

എഫ്എംസിജി, റിയാലിറ്റി, ഹെല്‍ത്ത് കെയര്‍, ടെക്നോളജി, ബാങ്കിംഗ്, ഓട്ടോമൊബൈല്‍ വിഭാഗം ഓഹരികള്‍ മികവ് കാണിച്ചു. അതേ സമയം ഓപ്പറേറ്റര്‍മാരുടെ ലാഭമെടുപ്പ് മൂലം ഓയില്‍ ആന്‍ഡ് ഗ്യാസ്, കണ്‍സ്യുമര്‍ ഗുഡ്സ്, സ്റ്റീല്‍, പവര്‍ വിഭാഗം ഓഹരികള്‍ തളര്‍ച്ചയിലാണ്.

ബോംബെ സെന്‍സെക്സ് 27,420-28,155 റേഞ്ചില്‍ സഞ്ചരിച്ച ശേഷം വാരാവസാനം 28,114 ലാണ്. സൂചിക അതിന്റെ 200 ദിവസങ്ങളിലെ ശരാശരിയായ 27,940 ന് മുകളില്‍ തുടരുന്നത് ബുള്‍ ഇടപാടുകാര്‍ക്ക് പ്രതീക്ഷ പകരുന്നു. ഈവാരം 28,372-28,631 ല്‍ സെന്‍സെക്സിന് പ്രതിരോധവും 27,637-27,161 ല്‍ താങ്ങും പ്രതീക്ഷിക്കാം. സാങ്കേതിക വശങ്ങള്‍ കണക്കിലെടുത്താല്‍ പാരാബോളിക്ക് എസ്എആര്‍, എംഎസിഡി, സ്ളോ സ്റ്റോക്കാസ്റ്റിക് എന്നിവ സെല്ലിംഗ് മൂഡിലാണ്. ആര്‍എസ്ഐ 14 ന്യൂട്ടറല്‍ റേഞ്ചിലാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക് ഒരു പുള്‍ ബാക്ക് റാലിക്കുള്ള സൂചനകളാണ് നല്‍ക്കുന്നത്.

നിഫ്റ്റി സൂചിക ജൂലൈ സീരിസ് സെറ്റില്‍മെന്റ് വേളയിലെ സെല്ലിംഗ് പ്രഷറില്‍ 8,321 വരെ ഒരവസരത്തില്‍ താഴ്ന്നെങ്കിലും വാരത്തിന്റെ അവസാന രണ്ട് ദിവസങ്ങളിലെ ശക്തമായ തിരിച്ച് വരവില്‍ 8,548 ലേക്ക് കയറിയ ശേഷം 8,532 ല്‍ ക്ളോസിംഗ് നടന്നു. സൂചികയ്ക്ക് ഈവാരം 8,613 ലും 8,694 ലും തടസം നേരിടാം. അതേ സമയം 8,386 ലും 8,240 ലും താങ്ങുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.