പ്രീലോഞ്ച് ഓഫറില്‍ എട്ടു ദിവസം കൊണ്ട് 1.08 കോടി സമാഹരിച്ച് സ്റാര്‍ട്ടപ്പ് കമ്പനി
പ്രീലോഞ്ച് ഓഫറില്‍ എട്ടു ദിവസം കൊണ്ട് 1.08 കോടി സമാഹരിച്ച് സ്റാര്‍ട്ടപ്പ് കമ്പനി
Friday, August 28, 2015 1:11 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: പ്രീലോഞ്ച് ഓഫറില്‍ എട്ടു ദിവസം കൊണ്ട് 1.08 കോടി രൂപ സമാഹരിച്ച് സ്റാര്‍ട്ടപ്പ് കമ്പനി ചരിത്രമെഴുതുന്നു. കഴിഞ്ഞ 18ന് ആരംഭിച്ച പ്രീലോഞ്ച് ഓഫറിലൂടെയാണ് പാലക്കാട് സ്വദേശി സുനില്‍ വെള്ളത്ത് എന്ന യുവ സംരംഭകനും ഭാര്യ പാര്‍വതി ശ്രീകുമാറും ചേര്‍ന്നു നടത്തുന്ന എക്സ്പ്ളോറൈഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഇത്രയും തുക സമാഹരിച്ചത്. ചെറു കാറുകളില്‍ പോലും ഉപയോഗിക്കാന്‍ സാധിക്കുന്ന ഹെഡ് അപ് ഡിസ്പ്ളെ സംവിധാനമാണ് എക്സപ്ളോറൈഡ് എന്ന പേരില്‍ ഇവര്‍ വികസിപ്പിച്ച് വിപണിയില്‍ എത്തിക്കാന്‍ തയാറെടുക്കുന്നത്.

40 ദിവസത്തെ പ്രീലോഞ്ച് ഓഫറാണ് കമ്പനി പ്രഖ്യാപിച്ചത്. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ തന്നെ ലഭിച്ച പ്രതികരണം തങ്ങളെ അദ്ഭുതപ്പെടുത്തി. ശേഷിക്കുന്ന 32 ദിവസങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് മൊത്തം 3.25 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും സുനില്‍ വെള്ളത്ത് പറഞ്ഞു.

കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും നെറ്റ്വര്‍ക്കിംഗില്‍ ബിരുദാനന്തര ബിരുദവും നേടി വിപ്രോ അടക്കമുള്ള സ്ഥാപനങ്ങളില്‍ സിസ്റംസ് എന്‍ജിനിയറായി പ്രവര്‍ത്തിച്ചശേഷമാണ് 2013 അവസാനത്തില്‍ സ്റാര്‍ട്ടപ്പില്‍ സ്വന്തം സംരംഭവുമായി എത്തിയത്. വിവാഹത്തിനു മുന്‍പ് സ്വന്തം നിലയിലാണ് സ്ഥാപനം തുടങ്ങിയത്. അമേരിക്കയില്‍ ബിസിനസ് മാനേജ്മെന്റ് പഠിച്ച ചെങ്ങന്നൂര്‍ സ്വദേശി പാര്‍വതിയും വിവാഹാനന്തരം സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയക്കാരിയായി.

സ്റാര്‍ട്ടപ്പ് വില്ലേജ് അടക്കമുള്ളവയുടെ സാമ്പത്തിക സഹായത്തോടെയാണ് ഹെഡ് അപ് ഡിസ്പ്ളെ വികസിപ്പിക്കാന്‍ ആരംഭിച്ചത്. സ്റാര്‍ട്ടപ്പ് വില്ലേജിലും അമേരിക്കയിലും ആയിട്ടാണ് ഇതിന്റെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ഉത്പന്നം വിപണിയില്‍ എത്തുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍.

ബിഎംഡബ്ള്യുപോലെ മുന്തിയ ആഡംബര കാറുകളിലാണ് ഹെഡ് അപ് ഡിസ്പ്ളെ സംവിധാനം ഉള്ളത്. എന്നാല്‍ എക്സ്പ്ളോറൈഡ് ഏതു ചെറു കാറിലും ഘടിപ്പിക്കാവുന്ന തരത്തില്‍ ലളിതമാണ്. കൈകള്‍ ഇടത്തോട്ടും വലത്തോട്ടും ചലിപ്പിക്കുന്നതു വഴി ഇതു പ്രവര്‍ത്തിപ്പിക്കാനാകും. കാറിന്റെ ഡാഷ്ബോര്‍ഡിലാണ് ഉപകരണം ഘടിപ്പിക്കുക. മൈബൈല്‍ കോള്‍, ജിപിഎസ് നോട്ടിഫിക്കേഷന്‍, ലൊക്കേഷന്‍ റിമൈന്‍ഡര്‍, കാറിനുള്ളിലെ മറ്റ് ഇന്‍ഡിക്കേറ്ററുകള്‍ തുടങ്ങി വിപുലമായ വിവരങ്ങള്‍ ഹൈഡ് ഓണ്‍ ഡിസ്പ്ളെയിലൂടെ വിനിമയം നടത്താന്‍ സാധിക്കും. കാറിന്റെ മുന്നിലെ ചില്ലിലൂടെ റോഡിലേക്കു പ്രോജക്ട് ചെയ്യുന്ന തരത്തിലാവും വിനിമയങ്ങള്‍ ദൃശ്യമാവുക. എന്നാല്‍ ഇത് ഒരിക്കലും ഡ്രൈവ് ചെയ്യുന്ന ആളിന്റെ കാഴ്ചയെയും മറ്റും പ്രതികൂലമായി ബാധിക്കില്ല. ചുരുങ്ങിയ സംവേദനത്തിലൂടെ പരമാവധി വിവരം കൈമാറുക എന്നതാണ് അടിസ്ഥാനം.


പ്രീലോഞ്ച് ഓഫര്‍ വില 299 ഡോളറാണ് (ഏകദേശം 19,000 രൂപ). റീട്ടെയില്‍ ആയിട്ട് വിപണിയില്‍ ഇറക്കുമ്പോള്‍ അത് 499 ഡോളറാകും (32,000 രൂപ). 50 രാജ്യങ്ങളില്‍ ഇത് മാര്‍ക്കറ്റിംഗ് ചെയ്യുന്നതിനുള്ള ധാരണയായിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.

40 വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ് ഹെഡ് ഓണ്‍ ഡിസ്പ്ളെ എന്ന സങ്കേതം. ഫൈറ്റര്‍ ജെറ്റുകളിലും മറ്റും ഇതാണ് പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ സാധാരണ കാറുകളില്‍ ഉപയോഗപ്പെടുത്താന്‍ തക്കവണ്ണം കുറഞ്ഞ നിരക്കില്‍ നല്‍കാന്‍ കഴിയുന്ന തരത്തില്‍ ഇതു വികസിപ്പിച്ചുവെന്നതാണ് തങ്ങള്‍ ചെയ്തതെന്ന് സുനില്‍ വെള്ളത്ത് പറഞ്ഞു.

കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി കൊച്ചിയിലും അമേരിക്കയിലുമായി ഇതിനുള്ള ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കൂടുതല്‍ വിപുലീകരണത്തിനും വികസനത്തിനും വേണ്ടി 60 കോടി രൂപ വിര്‍ച്വല്‍ കാപ്പിറ്റലായി സമാഹരിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്തമാസം ആരംഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ യുവ സംരംഭക പുരസ്കാരം അടക്കമുള്ളവ സുനില്‍ വെള്ളത്ത് നേടിയിട്ടുണ്ട്. സുനിലിനും പാര്‍വതിക്കും ഒപ്പം ആറോളം പേര്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നുണ്ട്. പാലക്കാട് കല്ലേക്കുളങ്ങര കാര്‍ത്തികയില്‍ സുന്ദരന്റെയും സരസ്വതിയുടെയും മകനാണ് സുനില്‍ വെള്ളത്ത്. ചെങ്ങന്നൂര്‍ ശ്രീശൈലത്തില്‍ ശ്രീകുമാറിന്റെയും ശ്രീദേവിയുടെയും മകളാണ് പാര്‍വതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.