നികുതി ഇളവ്: യാത്രയ്ക്കു തെളിവ് നൽകണം
Tuesday, May 3, 2016 12:25 PM IST
ന്യൂഡൽഹി: ലീവ് ട്രാവൽ അലവൻസ് (എൽടിഎ/എൽടിസി) വാങ്ങുന്നവർ യാത്ര ചെയ്തതിന്റെ തെളിവ് തൊഴിലുടമയുടെ പക്കൽ നിർബന്ധമായും നൽകണം. ആദായനികുതി വകുപ്പ് ഇതിനായി പുതിയ ഫോം തയാറാക്കി. ചട്ടങ്ങളിൽ പുതിയ വ്യവസ്‌ഥ ചേർക്കുകയും ചെയ്തു.

വീട്ടുവാടക അലവൻസ് (എച്ച്ആർഎ) വർഷം ഒരു ലക്ഷം രൂപയിൽ കൂടുതലുണ്ടെങ്കിൽ വീട്ടുടമയുടെ പേരും വിലാസവും പാനും രേഖപ്പെടുത്തി നൽകണം. ഇക്കാര്യങ്ങൾക്കായി ഫോം 12 ബിബി തയാറാക്കി.ഭവനവായ്പയുടെ പലിശയ്ക്ക് അനുവദിച്ചിട്ടുള്ള കിഴിവ് പ്രയോജനപ്പെടുത്താനും ഈ ഫോം നൽകണം. വായ്പാ ദാതാവിന്റെ പേര്, വിലാസം, പാൻ എന്നിവയാണ് വേണ്ടത്.


അധ്യായ ആറ് എയിൽപെടുന്ന (80ഡി, 80 ഡിസിഡി, 80 ഡിസിഡി, 80 ഡി, 80 ഇ, 80ഇഇ, 80 ജി, 80 ജിജി, 80 ടിടിഎ തുടങ്ങിയവ) നിക്ഷേപങ്ങളുടെ തെളിവും ഹാജരാക്കണം. ഭൂമിയോ കെട്ടിടമോ വിൽക്കുമ്പോൾ സ്രോതസിൽ പിടിക്കുന്ന നികുതി (ടിഡിഎസ്) അടയ്ക്കാനുള്ള സമയപരിധി ഏഴു ദിവസത്തിൽനിന്ന് 30 ദിവസമാക്കി. 24 ക്യു, 26 ക്യു, 27 ക്യു ഫോമുകളിലുള്ള ത്രൈമാസ ടിഡിഎസ് റിട്ടേൺ സമർപ്പിക്കാനും 15 ദിവസം കൂടി സമയം അനുവദിച്ചു. ജൂൺ ഒന്നിന് ഈ മാറ്റങ്ങൾ പ്രാബല്യത്തിലാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.