അതിവേഗ ഇന്റർനെറ്റുമായി ബിഎസ്എൻഎൽ
അതിവേഗ ഇന്റർനെറ്റുമായി ബിഎസ്എൻഎൽ
Thursday, May 5, 2016 11:38 AM IST
കൊച്ചി: അധികനിരക്കില്ലാതെ 3ജി, 2ജി ഉപഭോക്‌താക്കൾക്ക് 4 ജിയിൽ കൂടുതൽ വേഗത്തിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന പദ്ധതിയുമായി ബിഎസ്എൻഎൽ. എല്ലാത്തരം ഉപഭോക്‌താക്കൾക്കും ഇന്റർനെറ്റ് പ്ലാനിൽ മാറ്റം വരുത്താതെ സേവനം ലഭ്യമാക്കുന്ന പ്ലാനാണ് അവതരിപ്പിക്കുന്നതെന്നും ഒരാഴ്ചയ്ക്കകം ഉപഭോക്‌താക്കൾക്ക് പ്ലാൻ ലഭ്യമാക്കുമെന്നും പ്രിൻസിപ്പൽ ജനറൽ മാനേജർ ജി. മുരളീധരൻ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈഫൈ ഹോട്ട്സ്പോട്ട് വഴിയാണ് ഈ സേവനം ലഭിക്കുക. മൊബൈലിൽ വൈഫൈ സർച്ച് ലിസ്റ്റിൽ വരുന്ന ബിഎസ്എൻഎൽ ക്യുഎംഡിഒ സെലക്ട് ചെയ്ത ശേഷം ഒഥന്റിക്കേഷൻ മോഡ് സിം ആക്കി കണക്ട് ചെയ്താൽ 4.5 ജി വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും.

ബിഎസ്എൻഎൽ ഫോണുകളെ ഗ്രൂപ്പിൽ ഉൾപ്പെടുത്തി ഒരു ഫോണിലേക്ക് കോളുകൾ കൺവേർട്ട് ചെയ്യുന്ന പുതിയ പദ്ധതിയും അവതരിപ്പിച്ചു. ഫിക്സഡ് മൊബൈൽ കൺവേർജൻസ് സംവിധാനത്തിലൂടെ മൂന്നു മുതൽ ഒൻപതു ഫോണുകൾ വരെ ഇത്തരത്തിൽ ഗ്രൂപ്പിൽ ഉൾപ്പെടുത്താം. മൂന്നു ഫോണുകളുള്ള ഗ്രൂപ്പിന് നൂറും ആറു വരെ ഫോണുകളുള്ള ഗ്രൂപ്പിന് 200 രൂപയും ഒൻപതു വരെയുള്ള ഗ്രൂപ്പുകൾക്ക് 300 രൂപയും അധികചാർജ് ഈടാക്കും. ഗ്രൂപ്പുകളിലെ ഫോണുകളിലേക്ക് ഫ്രീയായി വിളിക്കാവുന്ന ഐപി സെന്റെക്സ് പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം അവസാനിച്ചപ്പോൾ 501 കോടി രൂപയുടെ വളർച്ച ബിഎസ്എൻഎലിനു കൈവരിക്കാനായെന്നും പ്രിൻസിപ്പൽ ജനറൽ മാനേജർ അറിയിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 18 കോടിയുടെ വർധനയാണ് ഉണ്ടായത്. പുതുതായി 17,757 ലാൻഡ് ഫോണുകളും 22,056 ബ്രോഡ്ബാൻഡും 1,578 എഫ്ടിടിഎച്ചും 1,597 വൈ മാക്സും 2,05,863 മൊബൈൽ കണക്ഷനുകളും നൽകി. ഈ സാമ്പത്തികവർഷം 25,000 ലാൻഡ്ലൈനും, 30,000 ബ്രോഡ്ബാൻഡും 5,000 എഫ്ടിടിഎച്ചും 2,000 വൈമാക്സും മൂന്നു ലക്ഷം മൊബൈൽ കണക്ഷനും നൽകാനാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ജനറൽ മാനേജർമാരായ എം.കെ. അഗസ്റ്റിൻ, ടി.പി. യോഹന്നാൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.