നാളികേര വിപണിയിൽ പ്രതീക്ഷയെന്ന് നാളികേര വികസന ബോർഡ്
നാളികേര വിപണിയിൽ പ്രതീക്ഷയെന്ന് നാളികേര വികസന ബോർഡ്
Friday, May 20, 2016 11:48 AM IST
കൊച്ചി: നാളികേര വിപണിയിൽ വില ഉയരുന്നതിന് അനുകൂല സാഹചര്യം സംജാതമാകുംവിധം നിരവധി ഘടകങ്ങൾ ഒത്തുചേരുന്നതായി നാളികേര വികസന ബോർഡ്. കുറേ വർഷങ്ങളായി ആഭ്യന്തര വിലയേക്കാൾ വളരെ താഴ്ന്നു നിന്നിരുന്ന അന്താരാഷ്ട്ര വെളിച്ചെണ്ണ വില മൂന്നു മാസമായി വർധിച്ച് ഇപ്പോൾ ആഭ്യന്തര വിലയേക്കാൾ ഉയർന്നാണു നിൽക്കുന്നത്. ഇതുമൂലം വെളിച്ചെണ്ണയുടെയും കൊപ്രയുടെയും ഇറക്കുമതി സാധ്യതകൾ ഇല്ലാതാകുകയും കയറ്റുമതിക്ക് അനുകൂലമായ സ്‌ഥിതി വിശേഷം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

വിലയിലുണ്ടായിട്ടുള്ള ഈ മത്സരാനുകൂല്യം മൂലം ഡെസിക്കേറ്റഡ് കോക്കനട്ട്, വെളിച്ചെണ്ണ, കൊപ്ര എന്നീ ഉത്പന്നങ്ങളുടെ കയറ്റുമതി ഏപ്രിൽ ആദ്യവാരം മുതൽ ഗണ്യമായി വർധിച്ചു. 2015 ഏപ്രിലിനെ അപേക്ഷിച്ച് വെളിച്ചെണ്ണ, ഡെസിക്കേറ്റഡ് കോക്കനട്ട്, കൊപ്ര എന്നീ ഉത്പന്നങ്ങൾ കയറ്റുമതിയിൽ യഥാക്രമം 68, 380, 807 ശതമാനം വർധന 2016 ഏപ്രിലിൽ രേഖപ്പെടുത്തി.

മേയ് ആദ്യവാരത്തോടെ പുതുതായി വിപണിയിലെത്തിയിരിക്കുന്ന നാളികേര പാൽ ഷെയ്ക്കിന് വിപണിയിൽ വൻ ആവശ്യകതയുള്ളതായി റിപ്പോർട്ടുണ്ട്. ഉത്തരേന്ത്യയിൽ വേനൽക്കാലത്ത് പ്രകൃതിദത്തമായ ആരോഗ്യപാനീയം എന്ന നിലയിൽ ഇതിന് സ്വീകാര്യത വർധിച്ചുവരുകയാണ്. അന്തരീക്ഷ ഊഷ്മാവിൽ ആറു മാസം വരെ കേടുകൂടാതെയിരിക്കുന്ന വിധത്തിൽ തയാറാക്കിയിട്ടുള്ള ഈ ഉത്പന്നം നാളികേര വിപണിയിൽ പുത്തൻ ഉണർവേകും.


സംസ്‌ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാജ വെളിച്ചെണ്ണയ്ക്കെതിരേ എടുത്തിരിക്കുന്ന ശക്‌തമായ നടപടിയെത്തുടർന്ന് ഗുണനിലവാരം പുലർത്തുന്ന വെളിച്ചെണ്ണയ്ക്ക് ആവശ്യം വർധിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് കൂടുതൽ ശക്‌തമായ പരിശോധനകൾക്ക് തയാറെടുക്കുന്ന സാഹചര്യത്തിൽ കൂടുതൽ വ്യാജ ബ്രാൻഡുകൾ വിപണിയിൽനിന്ന് അപ്രത്യക്ഷമാകുമെന്നാണ് കരുതുന്നത്. സംസ്‌ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നീക്കം ശുദ്ധമായ വെളിച്ചെണ്ണയുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ വാരമാണ് കേരളത്തിൽ പതിന്നാലോളം വെളിച്ചെണ്ണ ബ്രാൻഡുകൾ ഗുണനിലവാരം ഇല്ലാത്തതിനാൽ നിരോധിച്ചത്. സംസ്‌ഥാനത്ത് ശുദ്ധമായ വെളിച്ചെണ്ണയുടെ ആവശ്യകത വൻ തോതിൽ വർധിക്കുന്നു എന്നാണ് റിപ്പോർട്ട്.

ഇന്ത്യയിലെ പ്രധാന നാളികേരോത്പാദക സംസ്‌ഥാനങ്ങളിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിക്കാൻ പോകുന്നതിനാൽ കൊപ്രയുടെ വിപണിയിലേക്കുള്ള വരവു കുറയും. ഈ വർഷം ഇന്ത്യയിലാകമാനം ഉത്പാദനം കുറയും എന്നുള്ള യഥാർഥ്യംകൂടി കണക്കിലെടുത്താൽ നാളികേരത്തിന്റെ വിപണി വില ജൂൺ ആദ്യവാരത്തോടെ ഉയരാനുള്ള സാധ്യതകളെല്ലാം തെളിയുകയാണെന്നും പത്രക്കുറിപ്പ് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.