സിയാലിന്റെ 17–ാം വാർഷികം നാളെ
സിയാലിന്റെ 17–ാം വാർഷികം നാളെ
Monday, May 23, 2016 11:42 AM IST
നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (സിയാൽ) 17–ാം വാർഷികം നാളെ. 1999 മേയ് 25ന് അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണനാണ് സിയാലിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യയിലെ പ്രഥമ പൊതു–സ്വകാര്യ പങ്കാളിത്തത്തിലുള്ള വിമാനത്താവളമാണ് സിയാൽ. ഈ മാതൃക പിന്നീട് അഖിലേന്ത്യാതലത്തിൽ അംഗീകരിക്കപ്പെട്ടു. 300 കോടി രൂപ മുടക്കിയാണ് നെടുമ്പാശേരിയിൽ അന്താരാഷ്ട്ര വിമാനത്താവളം നിർമിച്ചത്. 2003–2004 സാമ്പത്തികവർഷം മുതൽ തുടർച്ചയായി സിയാൽ ലാഭത്തിലാണ്. ഓഹരി ഉടമകൾക്ക് ഇതിനകം മുടക്കുമുതലിന്റെ 156 ശതമാനം ഡിവിഡന്റായി നല്കിക്കഴിഞ്ഞു.

ഇന്ത്യയിൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ സിയാൽ നാലാം സ്‌ഥാനത്താണ്. 2015–2016 സാമ്പത്തികവർഷത്തിൽ യാത്രക്കാരുടെ എണ്ണം 70 ലക്ഷം കവിഞ്ഞു. വരുമാനം 450 കോടിയോളമായി. ഇന്ത്യയിലെ പ്രഥമ സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന പദവി സിയാലിനു സ്വന്തമായി. കഴിഞ്ഞ ഫെബ്രുവരിയിൽ 15 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ അന്താരാഷ്ട്ര ടെർമിനലിന്റെ ഉദ്ഘാടനം നടത്തുകയുണ്ടായി.


സിയാലിന്റെ ഹൈഡ്രൽ വൈദ്യുതിനിലയ പദ്ധതികളുടെ പണി ആരംഭിച്ചു. നേട്ടങ്ങളുടെ നെറുകയിൽനിന്ന് ഏറെ അഭിമാനത്തോടെയാണ് 17–ാം വാർഷികം ആഘോഷിക്കുന്നതെന്ന് സിയാലിന്റെ ശില്പി കൂടിയായ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ പറഞ്ഞു. ആഘോഷ പരിപാടികൾ സിയാൽ ട്രേഡ് ഫെയർ–എക്സിബിഷൻ സെന്ററിൽ നാളെ വൈകുന്നേരം അഞ്ചിനാരംഭിക്കും. വി.ജെ. കുര്യൻ മുഖ്യസന്ദേശം നല്കും. തുടർന്ന് കലാപരിപാടികൾ ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.