റഫറൻസ് റേറ്റ്: ഫ്ളിപ്കാർട്ടിന്റെ സെല്ലർമാർ സമരം തുടങ്ങി
റഫറൻസ് റേറ്റ്: ഫ്ളിപ്കാർട്ടിന്റെ സെല്ലർമാർ സമരം തുടങ്ങി
Monday, June 20, 2016 11:48 AM IST
ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഇ–കൊമേഴ്സ് സ്‌ഥാപനമായ ഫ്ളിപ്കാർട്ടിനെ പ്രതിസന്ധിയിലാക്കി സെല്ലർമാർ സമരം തുടങ്ങി. സെല്ലർമാരിൽനിന്നുള്ള കമ്മീഷൻ തുക വർധിപ്പിച്ചത് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇതേത്തുടർന്ന് പല ഉത്പന്നങ്ങളും ഔട്ട് ഓഫ് സ്റ്റോക്ക് എന്നു കാണിക്കാൻ തുടങ്ങി. ഇന്നലെ മുതലാണ് പുതുക്കിയ റെഫറൻസ് റേറ്റ് ഫ്ളിപ്കാർട്ടിൽ പ്രാബല്യത്തിൽ വന്നത്. മൂന്നു ദിവസം മുമ്പ് ആമസോൺ റെഫറൻസ് റേറ്റ് കുറച്ചിരുന്നു. ഇതേത്തുടർന്ന് ഫ്ളിപ്കാർട്ട് റെഫറൻസ് റേറ്റ് കുറയ്ക്കണമെന്നു സെല്ലർമാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്ന് ഇന്നലെ സമരം ആരംഭിക്കുകയായിരുന്നു.

നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ജൂൺ 20നു ശേഷം സെല്ലർമാരുടെ സംഘടനയായ ഇസെല്ലർ സുരക്ഷയുമായി ചർച്ച നടത്താമെന്നായിരുന്നു ഫ്ളിപ്കാർട്ടിന്റെ നിലപാട്. ചർച്ചയ്ക്കു ശേഷം മാത്രമേ സമരത്തിൽനിന്നു പിൻമാറൂ എന്നാണ് സംഘടനയുടെ തീരുമാനം. ഫ്ളിപ്കാർട്ടിന്റെ 90,000 വരുന്ന സെല്ലർമാരിൽ ചെറിയ സംഘടന മാത്രമേ സമരം തുടങ്ങിയിട്ടുള്ളൂ.


നഷ്‌ടം കുറയ്ക്കണമെന്ന നിക്ഷേപകരുടെ നിർദേശം ഫ്ളിപ്കാർട്ടിന് വലിയ സമ്മർദം നൽകുന്നുണ്ട്. സെല്ലർ ഇൻസെന്റീവുകളും കസ്റ്റമേഴ്സിനു നല്കുന്ന വൻ ഓഫറുകളും വെട്ടിക്കുറയ്ക്കാനാണ് നിക്ഷേപകരുടെ കർശന നിർദേശം. സിഇഒ ബിന്നി ബൻസാലിനെ സഹായിക്കാനായി കല്യാൺ കൃഷ്ണമൂർത്തിയെ ഫ്ളിപ്കാർട്ടിന്റെ നിക്ഷേപകരിൽ പ്രധാനിയായ ടൈഗർ ഗ്രോബൽ നിയോഗിച്ചിട്ടുണ്ട്. ആമസോൺ ഉയർത്തുന്ന വെല്ലുവിളി കുറച്ചൊന്നുമല്ല ഫ്ളിപ്കാർട്ടിനെ ബാധിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.