സ്രോതസിൽനിന്നുള്ള നികുതിയും റിട്ടേണുകളും
സ്രോതസിൽനിന്നുള്ള  നികുതിയും റിട്ടേണുകളും
Sunday, June 26, 2016 11:32 AM IST
<ആ>നികുതിലോകം /ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)

സ്രോതസിൽനിന്നു തന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക നികുതിദായകനു നല്കുന്ന വകുപ്പുകളാണ് ആദായനികുതി നിയമം 17–ാം അധ്യായത്തിൽ സൂചിപ്പിക്കുന്നത്. നാം സമ്പാദിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതമാണ് നികുതിയായി അടയ്ക്കുന്നത്. ഇത് ഖജനാവിലേക്കു ക്രമമായി വന്നുകൊണ്ടിരിക്കുന്നതിനാൽ ഈ വിധത്തിലുള്ള നികുതി പിരിവിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. അതുകൊണ്ടാണു മുൻകാലങ്ങളെ അപേക്ഷിച്ച് സ്രോതസിൽനിന്നു നികുതി പിരിവ് ഊർജിതമാക്കിയിരിക്കുന്നത്.

മുൻകാലങ്ങളിൽ നികുതി പിടിക്കുന്നതിൽ വീഴ്ച വരുത്തിയാലും നികുതി പിടിച്ചതിനു ശേഷം ഗവൺമെന്റിലേക്ക് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാലും ആയിരുന്നു ശിക്ഷ ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ റിട്ടേൺ സമർപ്പണത്തിനുള്ള വീഴ്ചയ്ക്കും സർട്ടിഫിക്കറ്റുകളുടെ വിതരണത്തിലുള്ള വീഴ്ചയ്ക്കും കൂടി ശിക്ഷാ നടപടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്രോതസിൽനിന്നു പിടിച്ച നികുതി നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കുകയും അതിനുള്ള ത്രൈമാസ റിട്ടേണുകൾ നിർദിഷ്ട തീയതിക്കുള്ളിൽ ഫയൽ ചെയ്യുകയും ചെയ്താൽ മാത്രമാണു നികുതിദായകന് നികുതിയുടെ ക്രെഡിറ്റ് യഥാസമയം ലഭിക്കുന്നത്. താഴെ പറയുന്ന റിട്ടേൺ ഫോമുകളാണ് വിവിധതരത്തിൽ നികുതി സ്രോതസിൽനിന്നു പിടിക്കുമ്പോൾ ഉപയോഗിക്കേണ്ടത്.


1) 24 ക്യു – ശമ്പളത്തിൽനിന്നുള്ള നികുതി.

2) 26 ക്യു – ശമ്പളം ഒഴികെയുള്ള റെസിഡന്റിന് നല്കുന്ന എല്ലാ വരുമാനത്തിനുമുള്ള നികുതി.

3) 27 ക്യു – നോൺ റെസിഡന്റായിട്ടുള്ളവർക്ക് പലിശയും ഡിവിഡൻഡും ഉൾപ്പെടെയുള്ള ഏതു വരുമാനവും നല്കുന്ന അവസരങ്ങളിൽ.

4) 27 ഇക്യു– ടിസിഎസിന്റെ റിട്ടേണുകൾ ഇതു കൂടാതെ റിട്ടേണുകൾ ഫയൽ ചെയ്യുമ്പോൾ ഫോം നമ്പർ 27 എയും കൂടി സമർപ്പിക്കേണ്ടതുണ്ട്. സ്‌ഥാപനം ആ കാലയളവിൽ ആകെ കൊടുത്ത തുകയും ആകെ അടച്ച നികുതിയുമാണ് ഇതിൽ കാണിക്കുന്നത്.

<ആ>നികുതി അടച്ചു എന്നതിനുള്ള സർട്ടിഫിക്കറ്റുകൾ

നികുതി പിടിക്കുന്നവരുടെ ഉത്തരവാദിത്വമാണ് നികുതിദായകനു പിടിച്ച നികുതിയുടെ ക്രെഡിറ്റ് ലഭിക്കുന്നു എന്നതും അതിനുള്ള സർട്ടിഫിക്കറ്റുകൾ നൽകുക എന്നതും. ശമ്പളക്കാരുടെ കാര്യത്തിൽ നാലാമത്തെ ത്രൈമാസ റിട്ടേൺ സമർപ്പിച്ചതിനുശേഷം 15 ദിവസത്തിനകം അല്ലെങ്കിൽ മെയ് 31നകം സർട്ടിഫിക്കറ്റുകൾ നൽകണമെന്നാണു വ്യവസ്‌ഥ. ശമ്പളക്കാർക്ക് ഈ സർട്ടിഫിക്കറ്റ് ഫോം നമ്പർ 16ലാണ് നല്കേണ്ടത്. ഈ സർട്ടിഫിക്കറ്റുകൾ ട്രെയിസസിന്റെ വെബ്സൈറ്റിൽനിന്നു വേണം ഡൗൺലോഡ് ചെയ്തെടുക്കാൻ. ഈ സർട്ടിഫിക്കറ്റിലുള്ള യൂണിക് ഐഡന്റിറ്റി നമ്പർ വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉന്മൂലനത്തിനു കാരണമായി.

ശമ്പളക്കാർ അല്ലാത്തവരുടെ കാര്യത്തിൽ സർട്ടിഫിക്കറ്റുകൾ ഫോം നമ്പർ 16 എ യിലാണ് നല്കേണ്ടത്. എല്ലാ ത്രൈമാസ റിട്ടേണുകളുടെയും സമർപ്പണത്തിനുശേഷം 15 ദിവസത്തിനകം ഈ സർട്ടിഫിക്കറ്റുകൾ ട്രെയിസസിൽനിന്നു ഡൗൺലോഡ് ചെയ്ത് നൽകാവുന്നതാണ്. സർട്ടിഫിക്കറ്റുകളിൽ നികുതി പിടിച്ച ആളുടെ ഒപ്പും സീലും നിർബന്ധമാണ്.


സ്രോതസിൽ നികുതി കളക്ട് ചെയ്യുകയാണെങ്കിൽ സർട്ടിഫിക്കറ്റ് നൽകേണ്ടത് ഫോം നമ്പർ 27 ഡിയിൽ ആണ്. ത്രൈമാസ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ടിൻ ഫസിലിറ്റേഷൻ സെന്ററുകളുടെ സേവനം ഉപയോഗപ്പെടുത്തണം.



<ആ>സ്രോതസിൽ നികുതി പിടിച്ച ശേഷം റിട്ടേണുകൾ സമർപ്പിക്കാതിരുന്നാൽ

സ്രോതസിൽ പിടിച്ച നികുതി യഥാസമയത്തുതന്നെ അടയ്ക്കുകയും റിട്ടേൺ യഥാസമയം സമർപ്പിക്കുകയും ചെയ്താൽ മാത്രമാണു നികുതിദായകന് അടച്ച പണത്തിന്റെ ക്രെഡിറ്റ് നികുതി വകുപ്പിൽനിന്നു യഥാസമയം ലഭിക്കുകയുള്ളൂ. നികുതി പിടിച്ച വ്യക്‌തി റിട്ടേൺ സമർപ്പണത്തിന് എന്തെങ്കിലും വീഴ്ച വരുത്തിയാൽ അസസിക്ക് നികുതിയുടെ ക്രെഡിറ്റ് ലഭിക്കില്ല. 2012 ജൂലൈ ഒന്നു മുതൽ മേൽ റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്തില്ലെങ്കിൽ പിഴയായി പ്രതിദിനം 200/– രൂപ വീതം ചുമത്താൻ വകുപ്പ് 234 ഇ അനുശാസിക്കുന്നുണ്ട്. ഈ പിഴ തുക പരമാവധി അടച്ച നികുതിയുടെ തത്തുല്യമായ തുകയായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഗവൺമെന്റ് ഡിഡക്റ്റേഴ്സിന് 2014 മാർച്ച് 31 വരെ മേൽ പിഴ തുകയിൽനിന്നു പൊതു ഒഴിവ് നൽകിയിട്ടുണ്ട്.

ത്രൈമാസ റിട്ടേണുകൾ ഫയൽ ചെയ്തു എന്ന കാരണംകൊണ്ട് നികുതി പിടിച്ച ആളുടെ ബാധ്യത അവസാനിക്കുന്നില്ല. പ്രസ്തുത റിട്ടേണുകൾ ശരിയായി തന്നെ ഫയൽ ചെയ്തു എന്ന റിപ്പോർട്ട് കൂടി നികുതി പിടിച്ച വ്യക്‌തി ശേഖരിച്ചിരിക്കണം. എങ്കിൽ മാത്രമേ യഥാക്രമം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുവാൻ നികുതി പിടിച്ച ആൾക്ക് സാധിക്കുകയുള്ളൂ. സാധാരണഗതിയിൽ നികുതിദായകർ റിട്ടേൺ സമർപ്പണത്തിന്റെ സമയത്താണ് സർട്ടിഫിക്കറ്റുകളുടെ ആവശ്യം ഉന്നയിക്കുന്നത്. നികുതികൾ യഥാക്രമം നികുതിദായകന്റെ പേരിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഫോം നമ്പർ 26 എഎസ് ഡൗൺലോഡ് ചെയ്ത് നോക്കാവുന്നതാണ്. 26 എഎസിൽ യഥാസമയം അടച്ച നികുതിയുടെ ക്രെഡിറ്റ് ലഭിച്ചിട്ടില്ലെങ്കിൽ നികുതി പിടിച്ച വ്യക്‌തിയെ ബന്ധപ്പെട്ട് യഥാസമയം തെറ്റ് തിരുത്താവുന്നതാണ്.

എന്നാൽ 2016 ജൂൺ ഒന്നു മുതൽ മേൽ പറഞ്ഞ തീയതികൾ എല്ലാ ഡിഡക്ടേഴ്സിനും യഥാക്രമം ജൂലൈ 31, ഒക്ടോബർ 31, ജനുവരി 31, മെയ് 31 എന്നിവയായി നീട്ടി നല്കിയിട്ടുണ്ട്. നീട്ടി നല്കിയ തീയതികൾ ഗവൺമെന്റ് വിഭാഗത്തിനും അല്ലാത്തവർക്കും ഒന്നു തന്നെയാണ്.

<ആ>ത്രൈമാസ റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ പിഴ

നിർദിഷ്ട തീയതി കഴിഞ്ഞ് ഒരു വർഷത്തിനകവും റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ, അല്ലെങ്കിൽ തെറ്റായ വിവരങ്ങളാണ് സമർപ്പിച്ചതെങ്കിൽ നികുതി പിടിച്ച വ്യക്‌തിയുടെ മേൽ പിഴ ചുമത്തുവാൻ വ്യവസ്‌ഥയുണ്ട്. 10,000 രൂപയിൽ കുറയാതെയും 1,00,000 രൂപയിൽ കൂടാതെയുമുള്ള തുകയാണ് പിഴയായി ചുമത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.