കേരളത്തിൽ സാന്നിധ്യം വിപുലമാക്കുമെന്ന് യെസ് ബാങ്ക് റീജണൽ ഡയറക്ടർ
കേരളത്തിൽ സാന്നിധ്യം വിപുലമാക്കുമെന്ന് യെസ് ബാങ്ക് റീജണൽ ഡയറക്ടർ
Wednesday, June 29, 2016 12:03 PM IST
കൊച്ചി: കേരളത്തിലെ തങ്ങളുടെ സാന്നിധ്യം വിപുലമാക്കുമെന്ന് യെസ് ബാങ്ക് റീജണൽ ഡയറക്ടർ ആർ. രവിചന്ദർ. സംസ്‌ഥാനത്ത് 13 ശാഖകളാണ് ബാങ്കിനുള്ളത്. ഇത് 2020 ആകുമ്പോൾ 40 ആക്കാനാണു ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത് ഇപ്പോൾ 900 ശാഖകൾ ബാങ്കിനുണ്ട്. 2020 ആകുമ്പോൾ അത് 2,500 ആക്കും. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോട്ടയം, തിരുവല്ല എന്നിവിടങ്ങളിൽ ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ചങ്ങനാശേരിയിലും ആലപ്പുഴയിലും മറ്റും ശാഖകൾ ഉടൻ തുറക്കും. ബാങ്ക് ഉടൻ തന്നെ ക്രെഡിറ്റ് കാർഡ് പുറത്തിറക്കുമെന്നും ആർ. രവിചന്ദർ പറഞ്ഞു.

കേരളത്തിൽ എൻആർഐകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മലയാളികളുടെ വിപുലമായ സഞ്ചയം കേരളത്തിനു പുറത്താണെന്നതിനാൽ അവിടെയുള്ള തങ്ങളുടെ ശാഖകൾ വഴി കൂടുതൽ മലയാളികളെ ബാങ്കുമായി അടുപ്പിക്കും. സ്റ്റാർട്ടപ്പുകൾക്കും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും അടക്കം പ്രയോജനകരമായ നിരവധി സേവനങ്ങൾ ബാങ്കിനുണ്ട്. കേരളത്തിലെ ഉപഭോക്‌താക്കൾക്ക് ഇവ പ്രയോജനപ്പെടുത്താൻ സാധിക്കും.


ഇപ്പോൾ 7000ത്തിൽപരം ഉപഭോക്‌താക്കളുണ്ട്; 2020ഓടെ മൂന്നിരട്ടിയാക്കി വർധിപ്പിക്കാനാണ് ശ്രമിക്കുന്നത്. 800 കോടി രൂപയുടെ ഇടപാടുകൾ കേരളത്തിൽ മാത്രം ബാങ്ക് നടത്തിയിട്ടുണ്ട്. ഇതിൽ നല്ല പങ്ക് റീട്ടെയിൽ ബാങ്കിംഗിലാണ്. ആകർഷകമായ നിരക്കിലാണ് തങ്ങൾ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും വായ്പകൾ നൽകുന്നതും.

കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായി തങ്ങൾ മാറി. 1,65,000 കോടി രൂപയുടെ ഇടപാടുകളാണ് രാജ്യത്ത് ഇതിനകം നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.