സാങ്കേതിക തിരുത്തലുകൾക്കു മുൻതൂക്കം നല്കി ഓഹരി സൂചികകൾ
സാങ്കേതിക തിരുത്തലുകൾക്കു മുൻതൂക്കം നല്കി ഓഹരി സൂചികകൾ
Sunday, July 24, 2016 11:33 AM IST
<ആ>ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: ഇന്ത്യൻ മാർക്കറ്റ് പുൾ ബാക്ക് റാലിക്കുള്ള അണിയറനീക്കത്തിലാണ്. പ്രമുഖ സൂചികകൾ പിന്നിട്ടവാരം സ്റ്റെഡിയാണെങ്കിലും സാങ്കേതിക വശങ്ങൾ തിരുത്തലിനുള്ള നീക്കത്തിനു മുൻതൂക്കം നൽക്കുന്നു. ബോംബെ സൂചിക 33 പോയിന്റ് താഴ്ന്നപ്പോൾ നിഫ്റ്റി 8,541ലെ നിർണായക കടമ്പയിലാണ്. ജൂലൈ ആദ്യം സൂചിക താഴ്ന്ന റേഞ്ചിൽ നീങ്ങിയ അവസരത്തിൽ ഇതേ കോളത്തിൽ സൂചിപ്പിച്ചതാണ് 8,541ലെ സാങ്കേതിക തടസത്തെക്കുറിച്ച്.

ബുധനാഴ്ച നടക്കുന്ന യുഎസ് ഫെഡ് റിസർവ് യോഗത്തെ ഉറ്റുനോക്കുകയാണ് ആഗോള സാമ്പത്തികരംഗം. പലിശനിരക്കിൽ അമേരിക്ക മാറ്റങ്ങൾ വരുത്തില്ലെന്ന നിഗമനത്തിലാണ് വലിയൊരു വിഭാഗം. അതേസമയം, സെപ്റ്റംബർ–ഡിസംബർ യോഗങ്ങളിൽ അവർ പലിശയിൽ ഭേദഗതികൾ വരുത്താനും ഇടയുണ്ട്. ടോക്കിയോയിൽ ബാങ്ക് ഓഫ് ജപ്പാൻ ഈ വാരം വായ്പാ അവലോകനത്തിൽ സ്വീകരിക്കുന്ന നിലപാടുകൾ ഏഷ്യൻ– യുഎസ് മേഖലയിലെ ഓഹരി ഇൻഡെക്സുകളെ കാര്യമായ സ്വാധീനിക്കാം. യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റത്തിനു ശേഷമുള്ള ആദ്യയോഗമായതിനാൽ ഇരു രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകളുടെ നീക്കങ്ങൾ ശ്രദ്ധേയമാവും.

യൂറോപ്യൻ യൂണിയനിലെ സംഘർഷാവസ്‌ഥയും ചൈനീസ് സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളും ആഗോള നിക്ഷേപ മേഖല ആശങ്കയോടെയാണ് വിലയിരുത്തുന്നത്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ കഴിഞ്ഞ വാരം ലാഭമെടുപ്പിന് ഉത്സാഹിച്ചു. വിദേശ ഫണ്ടുകൾ നിക്ഷേപകരാണ്. പ്രമുഖ ക്രഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഫിച്ച് റേറ്റിംഗ് രൂപയുടെ വിനിമയ മൂല്യത്തെക്കുറിച്ചു നടത്തിയ വിലയിരുത്തൽ വിദേശ ഓപ്പറേറ്റർമാരുടെ ആത്മമവിശ്വാസം ഉയർത്തി.

വിദേശ ഫണ്ടുകൾ ഏകദേശം 2,222.20 കോടി രൂപയുടെ നിക്ഷേപം നടത്തി. ദേശീയ സെക്യൂരിറ്റീസ് ഡിപോസിറ്ററിയുടെ കണക്കുകൾ പ്രകാരം പിന്നിട്ടവാരം വിദേശ പോർട്ട്ഫോളിയോയുടെ നിക്ഷേപം 5,235.42 കോടി രൂപയാണ്. അതായത് 780.63 ദശലക്ഷം ഡോളറാണ്. കോർപറേറ്റ് മേഖലയിൽനിന്നുള്ള മികച്ച ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകളുടെ വരവു തുടങ്ങി. രാജ്യത്ത് ഇക്കുറി കാലവർഷം അനുകൂലമായതും വിപണിക്കു നേട്ടമാണ്.


ബോംബെ സെൻസെക്സ് 28,003 വരെ കയറിയ ശേഷം 27,659ലേക്കു താഴ്ന്നെങ്കിലും ക്ലോസിംഗ് വേളയിൽ വിപണി 27,803ലാണ്. ഈ വാരം 27,984–28,165ൽ പ്രതിരോധമുണ്ട്. വിപണി തളർന്നാൽ 27,640ൽ പിടിച്ചുനിൽക്കാൻ ആദ്യ ശ്രമം നടത്തും. ഈ സപ്പോർട്ട് നഷ്ടമായാൽ സൂചിക 27,477–27,296 റേഞ്ചിലേക്കു നീങ്ങും. സൂചികയുടെ മറ്റു സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ എംഎസിഡി, ആർഎസ്ഐ –14, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ പുൾബാക്ക് റാലിക്കുള്ള നീക്കത്തിലാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് ഓവർ സോൾഡ് മേഖലയിലേക്കു പ്രവേശിക്കുകയാണ്. അതേസമയം, പാരാബോളിക് എസ്എആർ ബുള്ളിഷും.

നിഫ്റ്റി 8,585 പോയിന്റിൽനിന്ന് 8,482ലേക്കു താഴ്ന്നെങ്കിലും വ്യാപാരാന്ത്യം സൂചിക 8,541ലാണ്. 8,590ൽ ഈ വാരം ശക്‌തമായ പ്രതിരോധം നേരിടാം. ഇതു മറികടക്കാനായില്ലെങ്കിൽ നിഫ്റ്റി 8,487ലേക്കും അവിടെനിന്ന് 8,433–8,384ലേക്കും സഞ്ചരിക്കാം. അതേസമയം 8,590നു മുകളിൽ ക്ലോസിംഗ് വേളയിൽ ഇടം കണ്ടെത്തിയാൽ നിഫ്റ്റി 8,639–8,693 ലക്ഷ്യമാക്കി ഉയരാം.

ഏഷ്യൻ മാർക്കറ്റുകൾ നഷ്ടത്തിലാണ്. ജപ്പാൻ, ചൈന, ഹോങ്കോംഗ് സൂചികകൾ താഴ്ന്നു. യൂറോപ്യൻ സൂചികകൾ പലതും കയറിയിറങ്ങി. അമേരിക്കൻ ഓഹരി സൂചികകൾ തുടർച്ചയായ നാലാം വാരത്തിലും നേട്ടം നിലനിർത്തി റിക്കാർഡ് ക്ലോസിംഗിലാണ്. ഡൗ ജോൺസ് സൂചിക 18,570 പോയിന്റിലും എസ് ആൻഡ് പി 500 സൂചിക 2,175ലും നാസ്ഡാക് 5,100ലുമാണ്.

സിബിഒഇ വോളാറ്റിലിറ്റി ഇൻഡെക്സ് ഒടുവിൽ 11.4ലേക്കു താഴ്ന്നു. ജൂലൈ രണ്ടാം വാരം സൂചിപ്പിച്ചതാണ് സൂചിക ഈ റേഞ്ചിലേക്കു പ്രവേശിക്കുമെന്നത്. വോളാറ്റിലിറ്റി ഇൻഡെക്സിലെ ചലനങ്ങൾ ഫണ്ടുകളെ വൻ നിക്ഷേപങ്ങൾക്ക് പ്രേരിപ്പിച്ചു. ന്യൂയോർക്കിൽ ക്രൂഡ് ഓയിൽ ബാരലിന് 44.26 ഡോളറിലും സ്വർണം ഔൺസിന് 1,322 ഡോളറിലുമാണ്. യുഎസ് ഡോളർ ഇൻഡെക്സ് മുന്നേറ്റം തുടരാം. ഫോറെക്സ് മാർക്കറ്റിൽ പ്രമുഖ നാണയങ്ങൾക്കു മുന്നിൽ ഡോളർ ശക്‌തമായ നിലയിലാണ്. 67.18ൽ നീങ്ങുന്ന രൂപയുടെ വിനിമയനിരക്ക് ഈ വാരം ദുർബലമാകാൻ ഇടയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.