ജബോംഗിനെ മിന്ത്ര ഏറ്റെടുത്തു
ജബോംഗിനെ മിന്ത്ര ഏറ്റെടുത്തു
Tuesday, July 26, 2016 10:53 AM IST
ന്യൂഡൽഹി: പ്രമുഖ ഓൺലൈൻ ഫാഷൻ സ്റ്റോർ ആയ ജബോംഗിനെ മിന്ത്ര ഏറ്റെടുത്തു. ഇന്ത്യൻ ഇ–കൊമേഴ്സ് ഭീമനായ ഫ്ളിപ്കാർട്ടിന്റെ ഉടമസ്‌ഥതയിലുള്ള മിന്ത്രയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗ്ലോബൽ ഫാഷൻ ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലുള്ള ജബോംഗിനെ 700 കോടി ഡോളറി(ഏകദേശം 47,000 കോടി രൂപ)നാണ് മിന്ത്ര വാങ്ങിയത്. ഇന്ത്യയുടെ വളർന്നുവരുന്ന ഇ–കൊമേഴ്സ് രംഗത്തെ വലിയൊരു കുതിച്ചുചാട്ടമായിരിക്കും ഈ ഏറ്റെടുക്കൽ.

2014ൽ 2000 കോടി രൂപയുടെ ഇടപാടുവഴിയാണ് മിന്ത്ര ഫ്ളിപ്കാർട്ടിന്റെ ഭാഗമായത്. ഇന്ത്യയിലെ ഫാഷൻ–ലൈഫ്സ്റ്റൈൽ രംഗത്തെ പ്രമുഖ സ്‌ഥാപനമാണ് മിന്ത്ര. ഏറ്റെടുക്കലിനെക്കുറിച്ച് ജബോംഗ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ജബോംഗിനെ ഏറ്റെടുത്തതുവഴി ഫാഷൻ–ലൈഫ്സ്റ്റൈൽ രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മിന്ത്രയ്ക്ക് കഴിയുമെന്ന് ഫ്ളിപ്കാർട്ട് സിഇഒയും സഹസ്‌ഥാപകനുമായ ബിന്നി ബൻസാൽ പറഞ്ഞു. ഈ ഏറ്റെടുക്കൽ ഫ്ളിപ്കാർട്ട് ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.


2012ലാണ് ജബോംഗ് പ്രവർത്തനമാരംഭിച്ചത്. 2014 സെപ്റ്റംബറിൽ ഗ്ലോബൽ ഫാഷൻ ഗ്രൂപ്പിൽ ലയിച്ചു. ലാറ്റിൻ അമേരിക്ക, റഷ്യ, മിഡിൽ ഈസ്റ്റ്, സൗത്ത്–ഈസ്റ്റ് ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള ഓൺലൈൻ റീടെയ്ലർമാരുടെ സംഘമാണ് ഗ്ലോബൽ ഫാഷൻ ഗ്രൂപ്പ്. സ്വീഡിഷ് കമ്പനിയായ കിന്നെവിക്കിനാണ് ഗ്ലോബൽ ഫാഷൻ ഗ്രൂപ്പിൽ ഏറ്റവുമധികം ഓഹരിപങ്കാളിത്തമുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.