നികുതിയും പിഴയും തവണകളായി 2017 സെപ്റ്റംബർ 30 വരെ അടയ്ക്കാം
നികുതിയും പിഴയും തവണകളായി 2017 സെപ്റ്റംബർ 30 വരെ അടയ്ക്കാം
Sunday, August 28, 2016 11:28 AM IST
<ആ>നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)

ഈ സ്കീം അനുസരിച്ച് വെളിപ്പെടുത്തുന്ന വരുമാനത്തിന്മേൽ 30 ശതമാനം നികുതിയും 7.5 ശതമാനം സർചാർജും 7.5 ശതമാനം പിഴയുമുൾപ്പെടെ 45 ശതമാനം തുക നവംബർ 30നു മുമ്പ് അടയ്ക്കണമെന്നായിരുന്നു 2016 മേയിൽ സ്കീം പ്രാബല്യത്തിൽ വന്നപ്പോൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പുതിയ വിജ്‌ഞാപനപ്രകാരം വെളിപ്പെടുത്തപ്പെട്ട വരുമാനത്തിന്റെ 45 ശതമാനം വരുന്ന തുകയുടെ 25 ശതമാനം മാത്രം 2016 നവംബർ 30നു മുമ്പ് അടയ്ക്കുകയും, 25 ശതമാനം തുക 2017 മാർച്ച് 31നു മുമ്പായി അടയ്ക്കുകയും, ബാക്കിവരുന്ന 50 ശതമാനം തുക 2017 സെപ്റ്റംബർ 30നു മുമ്പ് അടയ്ക്കുകയും ചെയ്താൽ മതി.

മുൻ വർഷങ്ങളിൽ മുഴുവൻ വരുമാനവും ആദായനികുതി വകുപ്പിന്റെ മുമ്പാകെ വെളിപ്പെടുത്താത്തവർക്കുവേണ്ടിയാണ് 2016ലെ ഫിനാൻസ് ആക്ടിൽ”‘വരുമാനം വെളിപ്പെടുത്തൽ സ്കീം 2016’ കൊണ്ടുവന്നത്. ഇതനുസരിച്ച് ജൂൺ ഒന്നു മുതൽ സെപ്റ്റംബർ മാസം 30 വരെ വരുമാനത്തിന്റെ ഡിക്ലറേഷൻ നൽകുന്നതിന് അവസരമുണ്ട്. ഇതനുസരിച്ച് ഡിക്ലയർ ചെയ്യുന്ന സ്വത്തിന്മേൽ സ്വത്തുനികുതി അടയ്ക്കേണ്ടതായി വരില്ല. സ്കീമിൽ ചേർന്ന് നികുതി അടയ്ക്കുന്നവർക്കെതിരേ ആദായനികുതി നിയമപ്രകാരമോ സ്വത്തുനികുതി നിയമപ്രകാരമോ യാതൊരുവിധ ശിക്ഷകളും ഉണ്ടാകുന്നതല്ല.

<ആ>വ്യാജമായി ലോണുകളും ക്രെഡിറ്റേഴ്സും അക്കൗണ്ടിൽ ഉണ്ടെങ്കിൽ

ചില അവസരങ്ങളിൽ വെളിപ്പെടുത്താത്ത വരുമാനം കൊടുക്കാനില്ലാത്ത ലോണുകളുടെ പേരിലും ക്രെഡിറ്റേഴ്സിന്റെ പേരിലുമായിരിക്കും കണക്കുകളിൽ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ പ്രസ്തുത തുകകൾ ഏതെങ്കിലും വിധത്തിലുള്ള സ്വത്തുക്കളുമായി ബന്ധപ്പെടുത്താൻ പറ്റുമെങ്കിൽ പ്രസ്തുത സ്വത്തുക്കളുടെ 2016 ജൂൺ ഒന്നിലെ മാർക്കറ്റ് വിലയാണ് വെളിപ്പെടുത്താത്ത വരുമാനമായി ഡിക്ലറേഷനിൽ നൽകേണ്ടത്. എന്നാൽ, പ്രസ്തുത തുകകളെ സ്വത്തുക്കളുമായി ബന്ധപ്പെടുത്താൻ സാധിക്കുന്നില്ലെങ്കിൽ ആ തുകകൾ തന്നെ വരുമാനമായി കണക്കാക്കി ഡിക്ലറേഷൻ ഫയൽ ചെയ്യാവുന്നതാണ്.


<ആ>മൂല്യനിർണയം നടത്തിയിട്ടുള്ള സർട്ടിഫിക്കറ്റ്

മൂല്യനിർണയം നടത്താൻ അധികാരമുള്ളവരിൽനിന്നു ലഭിച്ച സർട്ടിഫിക്കറ്റ് സാധാരണഗതിയിൽ നികുതിവകുപ്പ് ചോദ്യം ചെയ്യാറില്ല. എന്നാൽ, മൂല്യനിർണയം നടത്തുന്ന വ്യക്‌തി നിലവിലുള്ള നിയമങ്ങൾ അനുസരിച്ചു വേണം സർട്ടിഫിക്കറ്റ് നൽകാൻ. സർട്ടിഫിക്കറ്റുകളെപ്പറ്റി നികുതി ഉദ്യോഗസ്‌ഥർക്ക് എന്തെങ്കിലും സംശയം തോന്നിയാൽ വേറെ അംഗീകൃത വാല്യൂവർമാരിൽനിന്നും മൂല്യനിർണയം നടത്തിയെടുക്കുന്നതും വ്യത്യാസമുണ്ടെങ്കിൽ ആദ്യം റിപ്പോർട്ട് തന്ന വ്യക്‌തിയുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.

<ആ>ആസ്തിയുടെ വിലനിർണയം

2016 ജൂൺ ഒന്നിൽ നിലവിലുള്ള മതിപ്പുവിലയാണ് ആസ്തിയുടെ വിലയായി കണക്കാക്കേണ്ടത് എന്നായിരുന്നു ആദ്യ വിജ്‌ഞാപനപ്രകാരം തീരുമാനിച്ചിരുന്നത്. പ്രസ്തുത ആസ്തികൾ വിൽക്കുമ്പോൾ 2016 ജൂൺ ഒന്നിനു വാങ്ങിയ ആസ്തിയായി കണക്കാക്കുന്നപക്ഷം അവ യഥാർഥത്തിൽ വാങ്ങിയ തീയതികൾ വിസ്മരിക്കപ്പെടുമായിരുന്നു. ഏതെങ്കിലും കാരണവശാൽ പ്രസ്തുത സ്വത്തുക്കൾ 2016 ജൂൺ ഒന്നിൽ മുതൽ മൂന്നു വർഷം കൈവശം വയ്ക്കാതെ വിൽക്കുകയാണെങ്കിൽ അവയ്ക്കു ദീർഘകാല മൂലധന നേട്ടത്തിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നില്ല. മൂന്നു വർഷത്തിൽ കൂടുതൽ കൈവശം വച്ചിട്ടുള്ള സ്വത്തുക്കളുടെ കാര്യത്തിൽ പുതിയ വിജ്‌ഞാപനപ്രകാരം പ്രസ്തുത സ്വത്തിന്മേൽ ദീർഘകാല മൂലധനനേട്ടം കണക്കാക്കുന്നതിനുള്ള ഇൻഡെക്സേഷൻ ബെനിഫിറ്റ് 2016 ജൂൺ ഒന്നു മുതൽ നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും മൂലധനനേട്ടത്തിനു ലഭിക്കുന്ന എല്ലാവിധ ആനുകൂല്യങ്ങളും പ്രസ്തുത സ്വത്തുക്കൾ വിൽക്കുമ്പോൾ ലഭിക്കുന്നതാണ്.

ഇത് ഒരു ഉദാഹരണം സഹിതം വ്യക്‌തമാക്കുന്നു. ഒരു വ്യക്‌തി 2011 ഒക്ടോബർ ഒന്നിന് 10 ലക്ഷം രൂപ വിലയുള്ള ഒരു വീട് വാങ്ങുകയും 2016 ജൂൺ ഒന്നിന് അതിന്റെ മതിപ്പുവില 20 ലക്ഷം രൂപയായി ഡിക്ലയർ ചെയ്യുകയും ചെയ്യുന്നു. പ്രസ്തുത വ്യക്‌തി 2017 ഒക്ടോബർ പത്തിന് 30 ലക്ഷം രൂപയ്ക്ക് ഈ വീട് വിൽക്കുന്നു എന്നു കരുതുക. മൂലധനവർധന കണക്കു കൂട്ടുന്നതിലേക്കായി ഇദ്ദേഹം കൈവശം വച്ചിരുന്ന ആറു വർഷത്തെ കാലാവധി കണക്കാക്കുമെങ്കിലും ഇൻഡെക്സേഷൻ ബെനിഫിറ്റ് 20 ലക്ഷത്തിനുമാത്രം 2016 ജൂൺ ഒന്നു മുതലേ ലഭിക്കൂ. പ്രസ്തുത ദീർഘകാല മൂലധനനേട്ടത്തിന് ആദായനികുതിനിയമം 112–ാം വകുപ്പനുസരിച്ചുള്ള 20 ശതമാനം നികുതി നൽകിയാൽ മതിയാവുന്നതാണ്. കൂടാതെ ദീർഘകാലമൂലധന നേട്ടത്തിനുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്ന സ്കീമുകളിൽ നിക്ഷേപിച്ച് നികുതി ഒഴിവ് നേടാവുന്നതാണ്.


<ആ>ഒരിക്കൽ നൽകിയ ഡിക്ലറേഷൻ തിരുത്തി നൽകാൻ സാധിക്കുമോ?

ഡിക്ലയർ ചെയ്ത സ്വത്തുക്കളുടെ മതിപ്പുവിലയിൽ മാറ്റം വന്നതായി മനസിലാക്കിയാൽ അവ നേരത്തേ വെളിപ്പെടുത്തിയ തുകയിൽ കുറവാണെങ്കിൽപോലും ഡിക്ലറേഷനുകൾ പുതുക്കി നൽകാവുന്നതാണ്. മുമ്പ് ബോർഡ് തീരുമാനിച്ചിരുന്ന നയങ്ങളുമായി ഇതിന് അല്പം മാറ്റം വന്നിട്ടുണ്ട്. നിലവിൽ ഉണ്ടായിരുന്ന വിജ്‌ഞാപനം അനുസരിച്ച് സ്വത്തുക്കളുടെ വിലയിൽ കുറവുണ്ടെങ്കിൽ ഡിക്ലറേഷനുകൾ പുതുക്കി നൽകാൻ സാധിക്കുന്നതല്ലായിരുന്നു.

<ആ>നികുതിത്തുക പണമായി അടയ്ക്കാൻ സാധിക്കുമോ?

നികുതിത്തുക പണമായി സ്വീകരിക്കുന്നതിന് റിസർവ് ബാങ്ക് മറ്റു ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ഡിക്ലയർ ചെയ്യപ്പെട്ട തുകകൾ പണമായി ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യാവുന്നതാണ്.



<ആ>12എ രജിസ്ട്രേഷനുള്ള ധർമസ്‌ഥാപനങ്ങൾക്ക് ഈ സ്കീമിൽ ചേരാൻ സാധിക്കുമോ?

ആദായനികുതി നിയമം 12എ പ്രകാരം രജിസ്ട്രേഷൻ എടുത്തിട്ടുള്ള ധർമസ്‌ഥാപനങ്ങൾക്ക് ഈ സ്കീമിൽ ചേരാൻ സാധിക്കുമെന്നാണ് ബോർഡിന്റെ സർക്കുലറിൽ പറയുന്നത്. സാധാരണഗതിയിൽ രജിസ്ട്രേഷനുള്ള ധർമസ്‌ഥാപനങ്ങൾക്ക് നികുതിബാധ്യത വരാത്തതിനാൽ ഈ സ്കീമിന്റെ ഉപയോഗം എത്രമാത്രം ഫലവത്താകുമെന്നു സംശയമാണ്. കൂടാതെ, ധർമസ്‌ഥാപനം കള്ളപ്പണം വെളിപ്പെടുത്തിക്കഴിയുമ്പോൾ അതിന്റെ നിലനിൽപ്പുതന്നെ ചോദ്യംചെയ്യപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ, ബോർഡിന്റെ സർക്കുലർ പ്രകാരം, ഡിക്ലറേഷൻ ഫയൽചെയ്തു എന്ന ഒറ്റക്കാരണത്താൽ സ്‌ഥാപനത്തിന്റെ രജിസ്ട്രേഷൻ നഷ്ടമാകില്ല എന്നു വ്യക്‌തമാക്കിയിട്ടുണ്ട്.

<ആ>ചേരാൻ പറ്റാത്തവർ

വരുമാനം വെളിപ്പെടുത്തൽ സ്കീം പ്രകാരം ഇതിൽ ചേരാൻ ചില നികുതിദായകർക്കു സാധിക്കുകയില്ല. ആദായനികുതിനിയമം 131(എ), 133(6) എന്നിവയനുസരിച്ച് സമൻസ് ലഭിച്ചിട്ടുള്ള വ്യക്‌തികൾ, 142(1),143(2),153എ, 153സി എന്നിവയനുസരിച്ച് നോട്ടീസ് ലഭിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർ, സെർച്ച്–സർവേ കേസുകളിൽ നോട്ടീസ് നൽകാനുള്ള സമയപരിധി കഴിഞ്ഞിട്ടില്ലാത്തവർ, വിദേശരാജ്യങ്ങളുമായി ഏർപ്പെട്ടിട്ടുള്ള ടാക്സ് ഇൻഫർമേഷൻ എക്സ്ചേഞ്ച് എഗ്രിമെന്റ് അനുസരിച്ച് നികുതിദായകന്റെ പ്രസ്തുത വരുമാനത്തെപ്പറ്റിയുള്ള വിവരങ്ങൾ ഗവൺമെന്റിൽനിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും 2015ലെ ബ്ലാക്ക് മണി ആക്ടിന്റെ കീഴിൽ വരുന്ന നികുതിദായകർ, ഇന്ത്യൻ പീനൽകോഡ് അനുസരിച്ചും നാർക്കോട്ടിക്സ് ഡ്രഗ്സ് ആക്ട് അനുസരിച്ചും നടപടിക്രമങ്ങൾ നേരിടുന്നവർ എന്നിവർക്കും ഈ സ്കീമിൽ പങ്കെടുക്കാൻ സാധിക്കില്ല. അഴിമതിവഴി സമ്പാദിച്ച സ്വത്തുക്കളും ഈ സ്കീമിൽപ്പെടുത്തി നിയമപ്രകാരം വെളിപ്പെടുത്താൻ സാധിക്കില്ല.

ബിനാമി പേരിൽ സമ്പാദിച്ചിരിക്കുന്ന വസ്തുക്കൾ യഥാർഥ ഉടമസ്‌ഥന്റെ പേരിലേക്കു മാറ്റി, വെളിപ്പെടുത്തൽ സ്കീം അനുസരിച്ച് നികുതി അടയ്ക്കുമ്പോൾ പ്രസ്തുത വസ്തുവിന് ആ സമയം മൂലവർധനയുടെ നികുതിയോ സ്രോതസിലുള്ള ഒരു ശതമാനം നികുതിയോ അടയ്ക്കേണ്ടതായി വരുകയില്ല. കമ്പനികളും പാർട്ണർഷിപ്പ് സ്‌ഥാപനങ്ങളും ഈ സ്കീമിൽ ചേർന്ന് കമ്പനിയുടെയോ ഫേമിന്റെയോ വെളിപ്പെടുത്താത്ത സ്വത്തുക്കൾ വെളിപ്പെടുത്തിയാൽ പ്രസ്തുത വ്യക്‌തികൾക്കെതിരേ യാതൊരു വിധത്തിലുള്ള ശിക്ഷാനടപടികളും ഉണ്ടാകുന്നതല്ല.

ആദായനികുതി നിയമപ്രകാരമുള്ള ഇൻകംടാക്സ് റിട്ടേണുകൾ സമർപ്പിക്കാത്ത കേസുകളിൽ റിട്ടേൺ ഫയൽചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചിട്ടില്ലെങ്കിലും ഈ വെളിപ്പെടുത്തൽ സ്കീം അനുസരിച്ച് വരുമാനത്തിന്റെയും സ്വത്തുക്കളുടെയും ഡിക്ലറേഷൻ നൽകാവുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.