വിദേശനിക്ഷേപ നയത്തിൽ ഉദാരവത്കരണത്തിന് അനുമതി
വിദേശനിക്ഷേപ നയത്തിൽ ഉദാരവത്കരണത്തിന് അനുമതി
Wednesday, August 31, 2016 11:15 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിദേശനിക്ഷേപ നയത്തിലെ ഉദാരവത്കരണത്തിനു കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ഈ വർഷം ജൂണിൽ സർക്കാർ പ്രഖ്യാപിച്ച നേരിട്ടുള്ള വിദേശനിക്ഷേപ നയ ഭേദഗതികൾക്കാണ് മുൻകാല പ്രാബല്യത്തോടെ അനുമതി നൽകിയിരിക്കുന്നത്. രാജ്യത്ത് വ്യവസായ നടത്തിപ്പ് സുഗമമാക്കാനും വർധിച്ച തോതിൽ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാനും അതിലൂടെ നിക്ഷേപം, വരുമാനം, തൊഴിൽ എന്നിവയുടെ വളർച്ച ഉറപ്പാക്കാൻ ലക്ഷ്യമിട്ടിട്ടുള്ളവയാണ് ഭേദഗതികൾ.

<ആ>പ്രധാന ഭേദഗതികൾ

* ഇന്ത്യയിൽ നിർമിക്കുകയോ ഉത്പാദിപ്പിക്കുകയോ ചെയ്യുന്ന ഭക്ഷ്യോത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാറ്റങ്ങൾ. ഇവയുടെ വ്യാപാരത്തിന് ഇ–കൊമേഴ്സ് മുഖേന ഉൾപ്പെടെ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കും.

* പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം നൂറു ശതമാനം വരെയാക്കി. 49 ശതമാനത്തിന് മുകളിലുള്ള വിദേശ നിക്ഷേപത്തിന് പ്രതിരോധ മേഖലയിലും സർക്കാർ അനുമതി നൽകും. അത്യാധുനിക സാങ്കേതികവിദ്യയെന്ന മുൻ നിബന്ധന എടുത്തുകളഞ്ഞു. 1959ലെ ആയുധനിയമത്തിനു കീഴിൽ വരുന്ന ചെറിയ തരം ആയുധങ്ങളുടെ നിർമാണത്തിനും പ്രതിരോധത്തിലെ വിദേശ നിക്ഷേപ പരിധി ബാധകമാകും.

* പ്രക്ഷേപണ സേവനങ്ങൾ സംബന്ധിച്ച വിദേശ നിക്ഷേപ നയവും ഭേദഗതി ചെയ്യും. ഒരു കമ്പനിയിൽ 49 ശതമാനത്തിലധികം പുതിയ വിദേശനിക്ഷേപം ആവശ്യമാണെങ്കിലോ നിലവിലുള്ള നിക്ഷേപകനിൽനിന്ന് പുതിയ ഒരു നിക്ഷേപകനിലേക്ക് ഉടമസ്‌ഥാവകാശം മാറുകയോ ചെയ്താൽ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതി വേണ്ടി വരും.

* ഔഷധനിർമാണ മേഖലയിൽ 74 ശതമാനം വരെ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി വേണ്ട. അതിനുമുകളിൽ ഉള്ളതിന് സർക്കാർ അനുമതി വേണം.

* സിവിൽ വ്യോമയാന മേഖലയിൽ നിലവിലുള്ള വിദേശനിക്ഷേപ നയപ്രകാരം പുതിയ വിമാനത്താവളങ്ങൾക്ക് 100 ശതമാനം വിദേശനിക്ഷേപവും വികസന പദ്ധതികൾക്ക് 74 ശതമാനം വിദേശ നിക്ഷേപവും ആകാം. അതിനുമുകളിൽ ഉള്ളതിന് ഗവൺമെന്റിന്റെ അനുമതി വേണം.


നിലവിലുള്ള വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും അവയെ ഉയർന്ന നിലവാരത്തിൽ നവീകരിക്കാനും 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും. നിലവിലുള്ള വിദേശനിക്ഷേപ നയപ്രകാരം ആഭ്യന്തര സർവീസുകൾ നടത്താൻ വിമാനക്കമ്പനികൾക്ക് 49 ശതമാനം വരെ വിദേശനിക്ഷേപമാകാം. പുതിയ നയപ്രകാരം ഗവൺമെന്റ് അനുമതിയോടെ ഇത് 100 ശതമാനം വരെ ആക്കാം. വിദേശ ഇന്ത്യക്കാർക്കും ഇത് ബാധകമാണ്. എന്നാൽ വിദേശ വിമാന കമ്പനികൾക്ക് ഇന്ത്യൻ കമ്പനികളിലെ മൂലധനം 49 ശതമാനമായി പരിമിതപ്പെടുത്തിയുട്ടുണ്ട്.

* സ്വകാര്യ സെക്യൂരിറ്റി ഏജൻസികൾക്കു നിലവിലുള്ള വിദേശ നിക്ഷേപ നയപ്രകാരം 49 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപമാകാം. പുതിയ നയപ്രകാരം ഇതിനുമുകളിൽ 74 ശതമാനം വരെ ഗവൺമെന്റിന്റെ അനുമതിയോടെ വിദേശ നിക്ഷേപമാകാം.

* പ്രതിരോധം, വാർത്താവിനിമയം, സ്വകാര്യ സെക്യൂരിറ്റി, വാർത്താ വിതരണം എന്നിവയിൽ ഏതിലെങ്കിലുമാണ് പ്രധാന ബിസിനസ്സ് നിക്ഷേപകനെങ്കിൽ രാജ്യത്ത് എവിടെയെങ്കിലും ശാഖയോ ലെയ്സൺ ഓഫീസോ, പ്രോജക്ട് ഓഫീസോ തുടങ്ങാൻ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ അനുമതിയോ എഫ്ഐപിബി ലൈസൻസോ ഉണ്ടെങ്കിൽ റിസർവ് ബാങ്കിന്റെ അനുമതിയോ, സെക്യൂരിറ്റി ക്ലിയറൻസോ ആവശ്യമില്ല.

* 2016 ലെ വിദേശനിക്ഷേപ നയപ്രകാരം മൃഗസംരക്ഷണ മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം പട്ടിവളർത്തൽ, മീൻവളർത്തൽ, അക്വാകൾച്ചർ, തേനീച്ച വളർത്തൽ എന്നിവയ്ക്ക് നിയന്ത്രിത വ്യവസ്‌ഥകൾക്ക് വിധേയമായി 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിരുന്നു. പുതിയ നയപ്രകാരം ഈ മേഖലയിലെ വിദേശ നിക്ഷേപത്തിന്റെ നിയന്ത്രിത വ്യവസ്‌ഥകൾ എടുത്തുകളഞ്ഞു.

* ഏക ബ്രാൻഡ് റീട്ടെയിൽ വ്യാപാരം രംഗത്ത് അത്യന്താധുനിക സാങ്കേതിക മികവുള്ള ഉത്പന്നങ്ങളുടെ ആദ്യ കടയ്ക്കു പ്രാദേശിക വിൽപനയ്ക്കുള്ള മാനദണ്ഡങ്ങൾ സർക്കാരിന്റെ മുൻകൂർ അനുമതിയോടെ ആദ്യത്തെ മൂന്നു വർഷം വരെ ബാധകമായിരിക്കില്ല. അതിനു ശേഷം ഈ നിബന്ധന ബാധകമായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.