പരസ്യതന്ത്രവുമായി എയർ ഇന്ത്യ
പരസ്യതന്ത്രവുമായി എയർ ഇന്ത്യ
Monday, September 19, 2016 11:09 AM IST
മുംബൈ: അങ്ങനെ എയർ ഇന്ത്യയും കളം മാറ്റിച്ചവിട്ടുന്നു. മറ്റു ബജറ്റ് വിമാനക്കമ്പനികളുടെ മുന്നേറ്റത്തിനു തടയിടാനെന്നോണം പരസ്യപ്രചാരണമാണ് എയർ ഇന്ത്യ ആരംഭിച്ചിരിക്കുന്നത്. മുംബൈ എയർപോർട്ടിൽ സ്‌ഥാപിച്ചിരിക്കുന്ന അഡ്വർടൈസിംഗ് പാനലിൽ ശനിയാഴ്ച മുതലാണ് പ്രത്യേക പരസ്യവാചകം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ആരെയും എടുത്തുപറയുന്നില്ലെങ്കിലും ഇൻഡിഗോ എയർലൈൻസിന്റെ യാത്രക്കാരെ ആകർഷിക്കാനാണ് എയർ ഇന്ത്യയുടെ ശ്രമം. മുംബൈ വിമാനത്താവളത്തിലെ ഇൻഡിഗോയുടെ ചെക്ക് ഇൻ കൗണ്ടറിനു സമീപം അടുത്ത തവണ എയർ ഇന്ത്യയോടൊപ്പം പറക്കൂ, വ്യത്യാസം അനുഭവിച്ചറിയൂ എന്ന പരസ്യവാചകമാണ് സ്‌ഥാനംപിടിച്ചിരിക്കുന്നത്.

ഇന്ത്യൻ ആഭ്യന്തര യാത്രാരംഗത്തിന്റെ 40 ശതമാനവും കൈയാളുന്നത് ഇൻഡിഗോയാണ്. 14.8 ശതമാനമാണ് എയർ ഇന്ത്യക്കുള്ളത്. ഈ സാഹചര്യത്തിലാണ് സർക്കാർ കമ്പനി യാത്രക്കാരെ ആകർഷിക്കാനുള്ള ശ്രമം തുടങ്ങിയത്.


അധിക യാത്രാസൗകര്യങ്ങൾ നല്കി യാത്രക്കാരുടെ പ്രീതി പിടിച്ചുപറ്റാനാണ് എയർ ഇന്ത്യ ശ്രമിക്കുന്നതെന്ന് ചെയർപേഴ്സൺ അശ്വനി ലോഹാനി അറിയിച്ചു.

സ്വകാര്യ വിമാനക്കമ്പനികൾ യാത്രക്കാരെ ആകർഷിക്കാൻ മത്സരബുദ്ധിയോടെ ശ്രമിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. നിരവധി തർക്കങ്ങളും ഇക്കാരണത്താൽ ഉടലെടുത്തിട്ടുണ്ട്. ഇതാദ്യമായാണ് എയർ ഇന്ത്യ യാത്രക്കാരെ ആകർഷിക്കാനുള്ള പ്രത്യേക ശ്രമവുമായി മുന്നിട്ടിറങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.