പുതിയ ഫോർച്യൂണർ, നിരത്തിലെ പടക്കുതിര
പുതിയ ഫോർച്യൂണർ, നിരത്തിലെ പടക്കുതിര
Saturday, November 26, 2016 1:41 PM IST
മുടക്കുന്ന പണത്തിന് മൂല്യമൊത്ത വാഹനങ്ങളാണ് ടൊയോട്ട ഇന്നോളം നല്കിയിട്ടുള്ളത്. ടൊയോട്ടയിൽനിന്ന് മുഖം മിനുക്കിയോ, പുതുക്കിയോ പുറത്തിറക്കുന്ന ഏത് വാഹനവും ചൂടപ്പംപോലെയാണ് വിപണിയിൽ വിറ്റഴിക്കപ്പെടുന്നത്. ജനങ്ങൾ നല്കിയ ഈ വിശ്വാസ്യത ശക്‌തിപ്പെടുത്തുന്നതിനാണ് ഡെസേർട്ട് ഡ്രൈവുകളുടെയും ഓഫ് റോഡുകളുടെയും ഇഷ്‌ടതോഴനും നിരത്തിലെ പടക്കുതിരയുമായ ഫോർച്യൂണറിന്റെ പുതിയ പതിപ്പ് നിരത്തിലെത്തിച്ചിരിക്കുന്നത്.

ഒന്നും ഒറ്റവാക്കിൽ പറഞ്ഞുതീർക്കാൻ കഴിയാത്തതരത്തിലുള്ള മാറ്റങ്ങൾ വാഹനത്തിന് നല്കിയിട്ടുണ്ട്. വെറുമൊരു മാറ്റമല്ല, മറിച്ച് ടു വീൽ, ഫോർ വീൽ ഡ്രൈവ് സംവിധാനങ്ങളോടെ പുതിയ ഒരു എസ്യുവിയായാണ് ഫോർച്യൂണറിനെ ഒറ്റനോട്ടത്തിൽ ആരും കാണുക.

എക്സ്റ്റീരിയർ

ഓഫ് റോഡ് ഡ്രൈവുകൾക്ക് കൂടുതൽ പ്രാധാന്യം നല്കുന്നതുകൊണ്ടാവാം അപ്രോച്ച് ആംഗിൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്. കൂടാതെ മുഖത്തിലും ഏറെ പുതുമ വരുത്തി. പുതിയ ഡിസൈനിംഗിൽ ക്രോം ഫിനീഷിംഗ് ഗ്രില്ലുകളും പഴയ മോഡലിനു വിപരീതമായ എൽഇഡി പാർക്ക് ലൈറ്റുകളും ബൈ–ബീം എൽഇഡി പ്രൊജക്ഷൻ ലാമ്പുകളുമുള്ള ചെറിയ ഹൈഡ്ലൈറ്റാണുള്ളത്. കൂടാതെ, ബംപറിന്റെ താഴെയായി ത്രികോണാകൃതിയിൽ ക്രോം ഫിനീഷിംഗുള്ള സ്‌ഥലത്താണ് ഫോഗ് ലാമ്പ്. ഈ സവിശേഷതകൾ ഫോർച്യൂണറിന് ആഡംബര രൂപം നല്കുന്നു.

ബ്ലാക്ക് ഫിനീഷിംഗ് ക്ലാഡിംഗുകളുള്ള വീൽ ആർച്ച്, ക്രോം ഫിനീഷിംഗ് ഡോർ ഹാൻഡിൽ എന്നിവയ്ക്കു പുറമേ ഡോറുകളിലൂടെ കടന്നു പോകുന്ന ക്രോം ഫിനീഷിംഗ് ഡോർലൈനുകളുമാണ് വശങ്ങളുടെ ഭംഗി. 4795 എംഎം നീളവും 1855 എംഎം വീതിയും 1845 എംഎം ഉയരത്തിനുമൊപ്പം 18 ഇഞ്ച് വലുപ്പമുള്ള അലോയി വീലുകളും നല്കിയിരിക്കുന്നത് വാഹനത്തിന്റെ വലുപ്പം ഉയർത്തിക്കാട്ടുന്നു.

ടൊയോട്ടയുടെ ലെക്സസിനോടും ക്രിസ്റ്റയോടും നേരിയ സാമ്യം പുലർത്തുന്ന രൂപകല്പനയാണ് പിൻഭാഗത്തിന്. എന്നാൽ, ടെയിൽ ലാമ്പിന്റെ കാര്യത്തിൽ ഹ്യുണ്ടായിയുടെ ടുസോണിനോടും സാദൃശ്യമുണ്ട്. എൻഇഡി ലൈറ്റുകളും ലൈറ്റിലെ ബ്ലാക്ക് ഷേഡും ഇരുവശത്തെയും ടെയിൽ ലാമ്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ക്രോം സ്ട്രിപ്പും പിൻഭാഗത്തിന്റെ മാറ്റുകൂട്ടുന്നു. കൂടാതെ ബാക്ക് ഡോർ ഫുള്ളി ഓട്ടോമാറ്റിക് ആണ്.

ഇന്റീരിയർ

ഇന്റീരിയറിൽ അടിമുടി മാറ്റം വരുത്തിയിട്ടുണ്ട്. സോഫ്റ്റ് ടച്ച് ഡാഷ്ബോർഡിൽ ലെതർ ഫിനീഷിംഗുള്ള സെന്റർ കൺസോളും വശങ്ങളിലെ വലിയ എസി വെന്റുകളും വുഡൻ ഫിനീഷിംഗിലുള്ള ഗിയർ പാനലും ലെതർ സീറ്റുകളും ചേർന്നതാണ് ഈ മാറ്റം.


ഡാഷ്ബോർഡിന്റെ മുകളിലായി ഇന്റർകൂളിംഗ് സംവിധാനമുള്ള ഗ്ലൗ ബോക്സുമുണ്ട്. സെന്റർ കൺസോളിലേക്ക് വരുമ്പോൾ സാറ്റലൈറ്റ് നാവിഗേഷൻ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ ആപ്ലിക്കേഷനുകളും ഡിവിഡി, ബ്ലൂടൂത്ത്, ഓക്സിലറി തുടങ്ങിയ സംവിധാനവും ഒരുക്കിയിരിക്കുന്ന ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അതിനു താഴെയായി ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിംഗ് യൂണിറ്റും നല്കിയിരിക്കുന്നു. ഇവയ്ക്കു പുറമേ മറ്റൊരു യൂണിറ്റുകൂടി സെന്റർ കൺസോളിൽ നല്കിയിട്ടുണ്ട്– 2 വീൽ ഡ്രൈവ്, 4 വീൽ ഡ്രൈവ് എന്നീ സംവിധാനങ്ങൾ. വാഹനം ഓടുന്ന സ്‌ഥലത്തിനു യോഗ്യമായ രീതിയിൽ മോഡ് മാറ്റുന്നതിനായി ഇലക്ട്രോണിക് ഡ്രൈവ് കൺട്രോൾ നോബും ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ സ്വിച്ചുമാണ് ഇവിടെ നല്കിയിരിക്കുന്നത്.

മ്യൂസിക് സിസ്റ്റം, ഫോൺ കൺട്രോൾ യൂണിറ്റ്, ക്രൂയിസ് കൺട്രോൾ സ്വിച്ചുകളും സ്റ്റിയറിംഗിലുണ്ട്. ഓട്ടോമാറ്റിക് മോഡലുകൾക്ക് സ്റ്റിയറിംഗ് വീലിന്റെ താഴെയായി പാഡിൽ ഷിഫ്റ്റ് ലിവറും നല്കിയിരിക്കുന്നു. കൂടാതെ ടിൽറ്റ്, ടെലിസ്കോപിക് എന്നീ രീതിയിൽ സ്റ്റിയറിംഗ് ക്രമീകരിക്കാനാവും. എട്ടു രീതിയിൽ ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ് സൗകര്യമുള്ള ഡ്രൈവർ സീറ്റിനു പുറമേ ലതർ ഫിനീഷിംഗ് സീറ്റുകളാണ് എല്ലാ വേരിയന്റുകളിലും നല്കിയിരിക്കുന്നത്. വൺ ടച്ച് സംവിധാനത്തിലൂടെ അനായാസം സീറ്റ് മടക്കാൻ സാധിക്കുമെന്നതും പുതുമയാണ്.

സുരക്ഷ

ഏഴ് എസ്ആർഎസ് എയർബാഗുകൾ, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റൻസ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ കൂടാതെ ഓട്ടോമാറ്റിക് മോഡലുകളിൽ ഹിൽ അസിസ്റ്റ് കൺട്രോളും ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

എൻജിൻ

ഓട്ടോമാറ്റിക്, മാന്വവൽ ഗിയർബോക്സുകളിൽ 2.8 ലിറ്റർ ഡീസൽ എൻജിനിലും മാന്വൽ ഗിയർ ബോക്സിൽ 2.7 ലിറ്റർ പെട്രോൾ എൻജിനിലുമാണ് പുതിയ ഫോർച്യുണർ പുറത്തിറങ്ങുന്നത്. 2755 സിസി ഡീസൽ എൻജിൻ മാന്വൽ മോഡൽ 420 എൻഎം ടോർക്കിൽ 177 പിഎസ് പവറും ഓട്ടോമാറ്റിക് മോഡൽ 450 എൻഎം ടോർക്കിൽ 177 പിഎസ് കരുത്തുമാണ് ഉത്പാദിപ്പിക്കുന്നത്. 2694 സിസി പെട്രോൾ എൻജിൻ 245 എൻഎം ടോർക്കിൽ 166 പിഎസ് പവറും ഉത്പാദിപ്പിക്കുന്നു.

ഫോർച്യൂണറിന്റെ പെട്രോൾ മോഡലുകൾ കേരള ഷോറൂമുകളിൽ എത്തിത്തുടങ്ങിയിട്ടില്ല.

ടെസ്റ്റ് ഡ്രൈവ്: നിപ്പോൺ ടൊയോട്ട,കോട്ടയം, 9847086007

അജിത് ടോം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.