റിലയൻസ് ജിയോയ്ക്ക് അഞ്ചു കോടി വരിക്കാർ
റിലയൻസ് ജിയോയ്ക്ക് അഞ്ചു കോടി വരിക്കാർ
Tuesday, November 29, 2016 1:23 PM IST
മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് കുതിപ്പ് തുടരുന്നു. 83 ദിവസംകൊണ്ട് അഞ്ചു കോടി വരിക്കാരെന്ന നേട്ടവുമായാണ് ജിയോ കുതിക്കുന്നത്. ലോകത്തിൽ അതിവേഗം വളരുന്ന ടെലികോം കമ്പനി എന്ന പേരും ജിയോയ്ക്കു സ്വന്തം. രാജ്യത്തെ ഏറ്റവും വിലിയ 4ജി സേവനങ്ങൾ നല്കുന്ന ഓപ്പറേറ്റർ എന്ന നേട്ടവും ജിയോ സ്വന്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ അഞ്ചു മുതൽ സെക്കൻഡിൽ 1,000 പേർ വീതമാണ് റിലയൻസ് വരിക്കാരാകുന്നത്, ഒരു ദിവസം ശരാശരി ആറു ലക്ഷം പേരും.

അഞ്ചു കോടി വരിക്കാരെന്ന നേട്ടം എയർടെൽ സ്വന്തമാക്കിയത് 12 വർഷംകൊണ്ടാണ്. വോഡഫോണും ഐഡിയയും 13 വർഷമെടുത്തു. വരിക്കാർക്കായി വെൽകം ഓഫറുകൾ നല്കിയതാണ് ജിയോയ്ക്കു നേട്ടമായത്.

വരിക്കാരുടെ മൊത്തം എണ്ണത്തിൽ മറ്റു കമ്പനികളേക്കാൾ പിന്നിലാണെങ്കിലും അവതരണ സമയത്ത് മുകേഷ് അംബാനി പ്രഖ്യാപിച്ച മാർച്ചിനുള്ളിൽ പത്തു കോടി വരിക്കാർ എന്ന ലക്ഷ്യം ജിയോ മറികടന്നേക്കാം എന്ന സൂചന ഈ മുന്നേറ്റത്തിലുണ്ട്.


4ജി ഉപയോക്‌താക്കളുടെ കണക്കെടുത്താൽ മറ്റു ടെലികോ ഓപ്പറേറ്റർമാരെക്കാളും ബഹുദൂരം മുന്നിലാണ് ജിയോ. എയർടെലിന് ഒരു കോടിയും ഐഡിയയ്ക്ക് 30 ലക്ഷവും 4ജി വരിക്കാരാണുള്ളത്.

ഡിസംബർ മൂന്നിന് ജിയോ നല്കിയ വെൽകം ഓഫറുകൾ അവസാനിക്കും. ജനുവരി ഒന്നു മുതൽ ഡാറ്റയ്ക്കു മാത്രം ചാർജ് ഈടാക്കുമെന്നാണ് ജിയോയുടെ അറിയിപ്പ്. ഒരു ദിവസത്തേക്ക് 19 രൂപ, ഒരു മാസത്തേക്ക് 149 രൂപ, വൻതോതിൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് പ്രതിമാസം 4,999 രൂപ എന്നിങ്ങനെയായിരിക്കും നിരക്ക്. അതേസമയം സംസാരത്തിന് ചാർജ് ഈടാക്കില്ല. റോമിംഗും സൗജന്യമായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.