എൻഎസ്ഇ മേധാവി ചിത്ര രാമകൃഷ്ണ രാജിവച്ചു
എൻഎസ്ഇ മേധാവി ചിത്ര രാമകൃഷ്ണ രാജിവച്ചു
Friday, December 2, 2016 1:25 PM IST
മുംബൈ: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എംഡിയും സിഇഒയുമായ ചിത്ര രാമകൃഷ്ണ രാജിവച്ചു. പകരം സീനിയർ എക്സിക്യൂട്ടീവായ ജെ. രവിചന്ദ്രനെ ഇടക്കാല സിഇഒ ആയി നിയമിച്ചു. ഡയറക്ടർമാരുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് രാജി.

എൻഎസ്ഇയുടെ ഐപിഒ നടക്കാൻ മാസങ്ങൾ മാത്രമുള്ളപ്പോഴാണ് ചിത്ര രാമകൃഷ്ണയുടെ അപ്രതീക്ഷിത രാജി. ഇത് സമീപകാലത്തെ ഏറ്റവും വലിയ ഐപിഒ ആയിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. പ്രധാന എതിരാളികളായ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും അവരുടെ ഐപിഒ നടപടികൾ ആരംഭിച്ചിട്ടുണ്ട്.


1992ൽ രൂപീകരിച്ചതു മുതൽ എൻഎസ്ഇയിൽ പ്രവൃത്തിക്കുന്നയാളാണ് ചിത്ര. ആഗോളതലത്തിൽ ഓഹരിക്കമ്പോളങ്ങളുടെ തലപ്പത്തുള്ള ചുരുക്കം ചില വനിതകളിലൊരാളായിരുന്നു 52കാരിയായ ഇവർ. 2013 ഏപ്രിലിലാണ് എൻഎസ്ഇയുടെ എംഡിയും സിഇഒയുമായി ചുമതലയേറ്റത്. 2018 മാർച്ച് വരെയായിരുന്നു കാലാവധി.

രാജി തികച്ചും വ്യക്‌തിപരമാണെന്നാണ് എൻഎസ്ഇയുടെ പത്രക്കുറിപ്പിൽ പറയുന്നത്. പുതിയ മേധാവിയെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും എൻഎസ്ഇ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.