ഉയർന്ന നികുതിയും പിഴയും ചുമത്തുന്നതിന് ആദായനികുതി നിയമത്തിൽ ഭേദഗതികൾ
ഉയർന്ന നികുതിയും പിഴയും ചുമത്തുന്നതിന് ആദായനികുതി നിയമത്തിൽ ഭേദഗതികൾ
Sunday, December 4, 2016 11:21 AM IST
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)

കള്ളപ്പണവും കള്ളനോട്ടും നിയന്ത്രിക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ 2016 നവംബർ എട്ട് അർധരാത്രി മുതൽ 1000 രൂപയുടെയും 500 രൂപയുടെയും കറൻസി നോട്ടുകൾ അസാധുവാക്കി. എന്നാൽ, പഴയ കറൻസി നോട്ടുകൾ കൈവശം വച്ചിട്ടുള്ളവർക്ക് രണ്ടര ലക്ഷം രൂപവരെ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്താൽ ആദായനികുതി ഡിപ്പാർട്ട്മെന്റിന്റെ അന്വേഷണം ഉണ്ടാകില്ല എന്ന് അറിയിപ്പ് ലഭിച്ചിരുന്നു. നിയമത്തിലെ ഈ പഴുതുകൾ ഉപയോഗിച്ച് ആദായനികുതി വകുപ്പിന് മുമ്പാകെ വെളിപ്പെടുത്താത്ത പണം പല ബിനാമി പേരിലും ബാങ്കുകളിൽ ഡെപ്പോസിറ്റ് ചെയ്യുകയും അങ്ങനെ പിന്നീടും വെളിപ്പെടുത്താത്ത പണം തന്നെയായി അവശേഷിക്കുകയും ചെയ്യുന്ന ഒരു അവസ്‌ഥ ഉണ്ടായിരുന്നു. ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നവരുടെ മേൽ ബിനാമി ട്രാൻസാക്ഷൻ ആക്ട് അനുസരിച്ച് നടപടികൾ ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇങ്ങനെ വെളിപ്പെടുത്താത്ത ഡെപ്പോസിറ്റ് ഉള്ളവർക്കു വേണ്ടി പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന 2016 (പിഎംജികെവൈ) ആദായനികുതിനിയമ ഭേദഗതിക്കൊപ്പം പാർലമെന്റിൽ അവതരിപ്പിച്ചു.

പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന

വെളിപ്പെടുത്താത്ത പണം ബാങ്കുകളിലും പോസ്റ്റോഫീസുകളിലും സൂക്ഷിച്ചിരിക്കുന്നവർക്ക് ആദായനികുതി പ്രിൻസിപ്പൽ കമ്മീഷണർ മുമ്പാകെയോ കമ്മീഷണർ ഓഫ് ഇൻകം ടാക്സ് മുമ്പാകെയോ ആവശ്യമായ ഡിക്ലറേഷനുകൾ നല്കാവുന്നതാണ്. വെളിപ്പെടുത്തുന്ന പ്രസ്തുത തുകയിൽനിന്ന് ആദായനികുതി നിയമപ്രകാരമുള്ള യാതൊരുവിധ കിഴിവുകളും ലഭിക്കുന്നതല്ല. വെളിപ്പെടുത്തുന്ന തുകയുടെ 50 ശതമാനം നികുതിയായും സെസായും പിഴയായും നികുതിദായകൻ സർക്കാരിൽ അടയ്ക്കണം (നികുതിത്തുക 30 ശതമാനം, സെസ് നികുതിയുടെ 33 ശതമാനം, പിഴ 10 ശതമാനം, ആകെ 49.9 ശതമാനം) വെളിപ്പെടുത്താത്ത തുകയുടെ 25 ശതമാനത്തിൽ കുറയാത്ത തുക പ്രധാൻമന്ത്രി ഗരീബ് കല്യാൺ ഡെപ്പോസിറ്റ് സ്കീം 2016’ എന്ന സ്കീമിൽ ഡെപ്പോസിറ്റ് ചെയ്യേണ്ടതാണ്. ഇതിന് നാലു വർഷത്തെ കാലാവധിയാണുള്ളത്. കാലാവധി അവസാനിക്കുന്നതിനു മുമ്പ് പണം പിൻവലിക്കാൻ സാധിക്കില്ല. മാത്രമല്ല പ്രസ്തുത തുകയ്ക്കു യാതൊരുവിധ പലിശയും ലഭിക്കുന്നതല്ല.

ആദായനികുതി കമ്മീഷണർ മുമ്പാകെ ഡിക്ലറേഷൻ നല്കുന്നതിന് മുമ്പു തന്നെ മുകളിൽ സൂചിപ്പിച്ച 50 ശതമാനം നികുതിയും 25 ശതമാനത്തിൽ കുറയാതെയുള്ള തുക സ്കീമിൽ ഡെപ്പോസിറ്റ് ചെയ്യുകയും ചെയ്തിരിക്കണം. ബാക്കി വരുന്ന 25 ശതമാനം തുക അക്കൗണ്ട് ഉടമയ്ക്കു പിൻവലിക്കാവുന്നതാണ്.

ഒരു ഉദാഹരണസഹിതം വ്യക്‌തമാക്കാം.


മാറ്റങ്ങൾ

നിലവിൽ ഉണ്ടായിരുന്ന നികുതി നിയമം 115 ബിബിഇ അനുസരിച്ച് സ്രോതസ് വെളിപ്പെടുത്താത്ത വരുമാനത്തിന് (ആദായനികുതി നിയമം വകുപ്പ് 68, 69, 69 എ, 69 ബി, 69 സി, 69 ഡി, എന്നിവയനുസരിച്ച്) പരമാവധി നികുതിത്തുകയായ 30 ശതമാനവും അതിന്റെ സെസും ആവശ്യമെങ്കിൽ സർച്ചാർജും ചേർത്ത് അടയ്ക്കാവുന്നതായിരുന്നു. ഇവയ്ക്ക് ആദായനികുതി നിയമപ്രകാരമുള്ള യാതൊരുവിധ കിഴിവുകളും ലഭിക്കുന്നതല്ലായിരുന്നു. എന്നാൽ, 2016 നവംബർ 28ന് അവതരിപ്പിച്ച ധനകാര്യ ഭേദഗതി ബിൽ അനുസരിച്ച് ഈ വകുപ്പിൽ സുപ്രധാനങ്ങളായ മാറ്റങ്ങൾ വരുത്തി.

പരമാവധി തുകയായ 30 ശതമാനം വർധിപ്പിച്ച് 60 ശതമാനവും സർചാർജ് നികുതിത്തുകയുടെ 25 ശതമാനം അതായത്, സ്രോതസ് വെളിപ്പെടുത്താത്ത തുകയുടെ 15 ശതമാനം വരുന്ന തുകയും ആക്കി. ഇങ്ങനെ മൊത്തം വരുന്ന തുക 75 ശതമാനമായി വർധിപ്പിച്ചു. ഇതുകൂടാതെ പിഴയായി നികുതി തുകയുടെ 10 ശതമാനം വരുന്ന തുക (ഫലത്തിൽ സ്രോതസ് വെളിപ്പെടുത്താത്ത തുകയുടെ ആറു ശതമാനം) അടയ്ക്കേണ്ടതായുണ്ട്. അതനുസരിച്ച് ആദായനികുതി റിട്ടേണിൽ സ്രോതസ് വെളിപ്പെടുത്താൻ സാധിക്കാത്ത വരുമാനം ഉൾപ്പെടുത്തിയാലോ നികുതി ഉദ്യോഗസ്‌ഥൻ അസസ്മെന്റ് സമയത്ത് സ്രോതസ് വെളിപ്പെടുത്താത്ത തുക കണ്ടുപിടിച്ചാലോ മുകളിൽ സൂചിപ്പിച്ച 81 ശതമാനം വരുന്ന തുക നികുതി ഇനത്തിൽ (നികുതിയും സർചാർജും പിഴയും ഉൾപ്പെടെ) അടയ്ക്കേണ്ടതായി വരും. നിലവിലുള്ള നിയമം അനുസരിച്ച് 36 ശതമാനം നികുതിയായിരുന്ന സ്രോതസ് വെളിപ്പെടുത്താൻ സാധിക്കാത്ത തുകയ്ക്ക് നികുതിദായകൻ പരമാവധി അടയ്ക്കേണ്ടിയിരുന്ന സ്‌ഥാനത്താണ് പ്രസ്തുത തുക 81 ശതമാനമായി പുതിയ ഭേദഗതി പ്രകാരം പ്രസ്തുത വകുപ്പിൽ വർധിപ്പിച്ചിരിക്കുന്നത്. ഈ നിയമം സാമ്പത്തിക വർഷം 2016–17 മുതൽ (അസസ്മെന്റ് വർഷം 2017–18) പ്രാബല്യത്തിൽ വരുന്നതാണ്. അതായത് 2016 ഏപ്രിൽ ഒന്നു മുതൽ ഈ നിയമം നിലവിൽ വന്നതായി കണക്കാക്കേണ്ടിയിരിക്കുന്നു. നോട്ട് അസാധുവാക്കൽ നടപടിക്കു ശേഷമുള്ള തീയതിക്ക് ഇവിടെ യാതൊരുവിധ പ്രസക്‌തിയും നല്കിയിട്ടില്ല.

പ്രധാനമായും ഈ ഭേദഗതികൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന സ്കീം വെളിപ്പെടുത്താത്ത വരുമാനം ഉള്ളവർ ഉപയോഗിക്കുന്നതിന് വേണ്ടിയാണ്. 6 ശതമാനം വരുന്ന പിഴ തുക ചാർജ് ചെയ്യുന്നത് ആദായ നികുതി നിയമം വകുപ്പ് 271 എഎസി അനുസരിച്ചാണ്. വെളിപ്പെടുത്താത്ത വരുമാനം ആദായനികുതി റിട്ടേണിൽ ഉൾപ്പെടുത്തിയാലോ നികുതി ഉദ്യോഗസ്‌ഥൻ കണ്ടുപിടിച്ചാലോ പ്രസ്തുത നികുതിയും സർചാർജും അടയ്ക്കേണ്ടതായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.