ബാരാപോളിൽനിന്ന് സൗരോർജ വൈദ്യുതിയും
ബാരാപോളിൽനിന്ന് സൗരോർജ വൈദ്യുതിയും
Saturday, December 10, 2016 1:30 PM IST
ഇരിട്ടി(കണ്ണൂർ): ബാരാപോൾ ജലവൈദ്യുത പദ്ധതി പ്രദേശത്തുനിന്ന് സൗരോർജ വൈദ്യതി ഉത്പാദനം ആരംഭിച്ചു. പരീക്ഷണാടിസ്‌ഥാനത്തിൽ ഒരു യൂണിറ്റ് സൗരോർജ വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ഇതോടെ ജല–സൗരോർജ വൈദ്യുതി ഉത്പാദനം നടത്താൻ കഴിയുന്ന ആദ്യ പദ്ധതിയായി ബാരാപോൾ മാറി. ജലത്തിൽനിന്ന് 15 മെഗാവാട്ടും സൗരോർജത്തിൽനിന്ന് നാലു മെഗാവാട്ടുമാണ് ലക്ഷ്യമിട്ടിരുന്നത്.

ബാരാപോളിന്റെ മൂന്നു കിലോമീറ്ററോളം വരുന്ന കനാൽ ടോപ്പിൽ മൂന്നു മെഗാവാട്ടിന്റെ പദ്ധതിയും കനാൽ ബാങ്കിലെ ഒരു കിലോവാട്ടിന്റേതടക്കം രണ്ടു പദ്ധതികളുമാണ് ഇവിടെ ലക്ഷ്യം കാണുന്നത്. ആകെ 35 കോടി രൂപ വകയിരുത്തിയ പദ്ധതിക്ക് 6.7 കോടി രൂപ കേന്ദ്രസർക്കാരിന്റെ പാരമ്പര്യേതര ഊർജമന്ത്രാലയത്തിൽ നിന്നു ധനസഹായമായി ലഭിച്ചിരുന്നു. മൂന്നു മെഗാവാട്ട് ശേഷിയുള്ള കനാൽ ടോപ്പ് പദ്ധതിക്കു കെൽട്രോണിന് 25.983 കോടിക്കും ഒരു മെഗാവാട്ട് ശേഷിയുള്ള കനാൽ ബാങ്ക് പദ്ധതി ഹൈദരാബാദിലെ എഐസി സോളാർ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് 6.75 കോടി രൂപയ്ക്കും ആണ് നിർമാണക്കരാർ നൽകിയത്. ജനുവരി ആദ്യവാരം മുഖ്യമന്ത്രി പദ്ധതി കമ്മീഷൻ ചെയ്യും.

അഞ്ചു മെഗാവാട്ടിന്റെ മൂന്നു ജനറേറ്ററുകളിൽനിന്നായി പ്രതിവർഷം 36 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ബാരാപോൾ കമ്മീഷൻ ചെയ്തത്. ജൂണിൽ ഉത്പാദനം തുടങ്ങിയെങ്കിലും ഒരു ജനറേറ്റർ തകരാറിലായി. രണ്ടു ജനറേറ്ററുകളിൽനിന്നായി 18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇതുവരെ ഉത്പാദിപ്പിച്ചത്.


പൂർണതോതിൽ വൈദ്യുതി ഉത്പാദനം ആരംഭിക്കാനായാൽ മട്ടന്നൂർ സബ് സ്റ്റേഷൻ പരിധി വരെ ബാരാപോളിൽനിന്നു വൈദ്യുതി നൽകാൻ സാധിക്കും. പുഴയുടെ സ്വാഭാവിക ഒഴുക്കിനു തടസം വരുത്താതെ പരിസ്‌ഥിതി സംരക്ഷണം ഉറപ്പാക്കി ട്രെഞ്ച് വിയർ സംവിധാനത്തിലുള്ള കേരളത്തിലെ ആദ്യത്തെ മിനി ജലവൈദ്യുത പദ്ധതിയാണു ബാരാപോളിലേത്. പുഴയിൽ ഒഴുകിയെത്തുന്ന ജലത്തിന്റെ 30 ശതമാനം മാത്രമാണു വൈദ്യുതോത്പാദനത്തിനായി ഉപയോഗിക്കുന്നത്. കടുത്ത വേനലിൽ ഒഴികെ ഒൻപതു മാസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം പുഴയിൽ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ജൂൺ മുതൽ ഡിസംബർ വരെ ജലവൈദ്യുതിയും ഡിസംബർ മുതൽ മേയ് വരെ സൗരോർജ വൈദ്യതിയും ഉത്പാദിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.