മെസി ബാറ്റിസ്റ്യൂട്ടയ്ക്കൊപ്പം
ബാഴ്സലോണയ്ക്കായി ഗോള്‍ നേടുന്നു, അര്‍ജന്റീനയ്ക്കുവേണ്ടി കളിക്കുമ്പോള്‍ ഗോളടിക്കാന്‍ മറക്കുന്നു ലയണല്‍ മെസി നേരിടുന്ന വിമര്‍ശനമായിരുന്നു ഇത്. എന്നാല്‍, 2012 വര്‍ഷം അവസാനിക്കുമ്പോള്‍ വിമര്‍ശനത്തിനുള്ള മറുപടി മെസി ഏകദേശം കൊടുത്തുകഴിഞ്ഞു. ഈ വര്‍ഷം മെസി ബാഴ്സലോണയ്ക്കൊപ്പം അര്‍ജന്റീനയ്ക്കുവേണ്ടിയും ഗോള്‍ സ്വന്തമാക്കി. 2012 ല്‍ 12 ഗോളുകള്‍ മെസി അര്‍ജന്റീനയുടെ ജഴ്സിയില്‍ നേടി. 1998 ല്‍ ഗബ്രിയേല്‍ ബാറ്റിസ്റ്യൂട്ട കുറിച്ച റിക്കാര്‍ഡായ 12 ഗോള്‍ എന്ന നേട്ടത്തിനൊപ്പമാണ് ഇപ്പോള്‍ മെസി നില്‍ക്കുന്നത്. 12 മത്സരങ്ങളില്‍ നിന്നാണ് ബാറ്റിസ്റ്യൂട്ട 12 ഗോള്‍ നേടിയതെങ്കില്‍ മെസിക്ക് ഈ നേട്ടത്തിലെത്താന്‍ വേണ്ടിയിരുന്നത് ഒമ്പതു മത്സരങ്ങള്‍ മാത്രം. പക്ഷേ, രാജ്യാന്തര സൌഹൃദ ഫുട്ബോളില്‍ കഴിഞ്ഞ ദിവസം സൌദി അറേബ്യയ്ക്കെതിരേ ഇറങ്ങിയ മെസിക്ക് ഗോള്‍ നേടാന്‍ സാധിച്ചില്ല. സൌദിക്കെതിരേ ഗോള്‍ നേടുകയായിരുന്നെങ്കില്‍ ബാറ്റിസ്റ്യൂട്ടയുടെ റിക്കാര്‍ഡ് മെസിക്ക് മറികടക്കാന്‍ സാധിക്കുമായിരുന്നു.

ഈ വര്‍ഷമാണ് മെസി അര്‍ജന്റീനയ്ക്കുവേണ്ടി ഗോള്‍ വേട്ട നടത്തിയതുപോലും. 2009 മാര്‍ച്ച് മുതല്‍ 2011 ഒക്ടോബര്‍വരെ അര്‍ജന്റീന ജഴ്സിയില്‍ ഇറങ്ങിയ 16 മത്സരങ്ങളില്‍ മെസിക്ക് ഗോള്‍ നേടാനായിരുന്നില്ല. അതേസമയം, തന്റെ ക്ളബായ ബാഴ്സലോണയ്ക്കുവേണ്ടി യഥേഷ്ടം ഗോള്‍ നേടുകയും ചെയ്തിരുന്നു.


2012 ല്‍ ഇനി മെസി അര്‍ജന്റൈന്‍ ജഴ്സിയില്‍ ഇറങ്ങില്ല. എന്നാല്‍, രാജ്യത്തിനുവേണ്ടി 31 ഗോള്‍ നേടിയ ശേഷമാണ് മെസി ഈവര്‍ഷം അവസാനിപ്പിക്കുന്നത്. അര്‍ജന്റീനയ്ക്കുവേണ്ടിയുള്ള ഗോള്‍ വേട്ടയില്‍ മെസിയുടെ തൊട്ടുമുന്നിലുള്ളത് സാക്ഷാല്‍ ഡീഗോ മാറഡോണ. 91 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകള്‍ മാറഡോണ അര്‍ജന്റീനക്കായി നേടിയിട്ടുണ്ട്. അതിലേക്ക് മെസിക്ക് ഇനിവേണ്ടിയത് വെറും മൂന്നു ഗോളുകള്‍ മാത്രം. 75 മത്സരങ്ങളില്‍ നിന്നാണ് മെസി 31 ഗോള്‍ ഇതിനോടകം സ്വന്തമാക്കിയത്. 35 ഗോള്‍ സ്വന്തമാക്കിയ ഹെര്‍നന്‍ ക്രെസ്പൊയും 56 ഗോള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്യൂട്ടയുമാണ് മെസിക്കു മുന്നില്‍ ശേഷിക്കുന്നത്. 2014 ലോകകപ്പിലേക്കെത്തുമ്പോഴേക്കും മെസി അര്‍ജന്റീനയ്ക്കുവേണ്ടി ഈ റിക്കാര്‍ഡുകളും മറികടക്കുമെന്നാണ് ടീം പരിശീലകന്‍ അലക്സാഡ്രോ സബെല്ലയുടെ വിശ്വാസം.