സച്ചിന്‍ വിരമിച്ചത്...
Tuesday, December 25, 2012 10:25 PM IST
സുവര്‍ണവിരലുകളുള്ള മനുഷ്യന്‍
സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാനാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. അതേസമയം, സച്ചിന്‍ മികച്ച ഒരു ബൌളര്‍കൂടിയാണ്. സാധാരണ ബൌളറേക്കാള്‍ കൂടുതല്‍ ചിന്തിക്കുന്ന ബൌളര്‍, ബാറ്റ്സ്മാന്റെ മനമറിയുന്ന ബൌളര്‍ അതായിരുന്നു സച്ചിന്‍. സച്ചിന്റെ ബൌളിംഗ് മികവില്‍ ഇന്ത്യ നിരവധി മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്. അസാധാരണ ബൌളിംഗ് മികവുകൊണ്ട് 463 മത്സരങ്ങളില്‍നിന്ന് 154 വിക്കറ്റുകളാണ് സച്ചിന്‍ ഇതുവരെ സ്വന്തമാക്കിയത്. ഇതില്‍ രണ്ട് അഞ്ചു വിക്കറ്റ് പ്രകടനങ്ങളും രണ്ട് നാലുവിക്കറ്റ് പ്രകടനങ്ങളുമുണ്ട്. എന്നാല്‍ ടെന്നീസ് എല്‍ബോയുടെ രൂപത്തില്‍ വന്ന പരിക്ക് സച്ചിനു പില്‍ക്കാലത്ത് വിനയായി.
അസ്ഹറുദ്ദീന്റെ കീഴിലാണ് സച്ചിന്‍ ഏറ്റവും മികച്ച ബൌളിംഗ് പ്രകടനം പുറത്തെടുത്തിട്ടുള്ളത്. പലപ്പോഴും അവസാന ഓവറുകള്‍ സച്ചിനെക്കൊണ്ടായിരുന്നു അസ്ഹര്‍ എറിയിച്ചിരുന്നത്. 1998ല്‍ ഓസ്ട്രേലിയയ്ക്കെതിരേ കൊച്ചിയിലായിരുന്നു സച്ചിന്റെ ഏറ്റവും മികച്ച ബൌളിംഗ് പ്രകടനമുണ്ടായത്. 32 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റുകളാണ് അന്നു സച്ചിന്‍ സ്വന്തമാക്കിയത്. സ്റീവ് വോ, മൈക്കിള്‍ ബെവന്‍, ഡാരന്‍ ലേമാന്‍ എന്നിവരടക്കമുള്ളവരുടെ മഹാരഥന്മാര്‍ അന്ന് സച്ചിന്റെ സ്പിന്‍ മാജിക്കില്‍ വീണു.
1990ല്‍ ട്രെന്റ്്ബ്രിഡ്ജില്‍ ഇംഗ്ളണ്ടിനെതിരേയായിരുന്നു സച്ചിന്റെ ബൌളിംഗ് അരങ്ങേറ്റം. ഇന്ത്യ അഞ്ചു വിക്കറ്റിനു ജയിച്ച് ആ മത്സരത്തില്‍ പക്ഷേ, ഒരോവര്‍ എറിഞ്ഞ സച്ചിന് 10 റണ്‍സ് വഴങ്ങേണ്ടിവന്നു. 1994ല്‍ വിന്‍ഡീസിനെതിരേയായിരുന്നു സച്ചിന്റെ മികച്ച ബൌളിംഗ് പ്രകടനത്തിലൂടെ ഇന്ത്യ വിജയിച്ചത്. അന്ന് ആ പ്രകടനമികവില്‍ സച്ചിന്‍ മാന്‍ ഓഫ് ദ മാച്ചായി.
34 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ സച്ചിന്റെ ബൌളിംഗില്‍ വീണത് ക്ളെയ്റ്റണ്‍ ലാംബെര്‍ട്ട്, റിച്ചി റിച്ചാര്‍ഡ്സണ്‍ ഗുസ് ലോഗി, ജെഫ് ഡുജോണ്‍ എന്നിവരായിരുന്നു. 1993 ഹീറോകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു സച്ചിന്‍ തകര്‍ത്താടിയത്. അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടത് ആറു റണ്‍സ് മാത്രമായിരുന്നു എന്നാല്‍, മൂന്നു റണ്‍സ് മാത്രമാണ് ആ ഓവറില്‍ സച്ചിന്‍ വഴങ്ങിയത്. സച്ചിന്റെ ബൌളിംഗ് മികവില്‍ ഇന്ത്യ അവസാനം ജയിക്കുന്നത്. 2007ല്‍ ഗോഹട്ടിയില്‍വച്ചാണ്. അഞ്ചോവറില്‍ 32 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി. മത്സരത്തില്‍ അഞ്ചു വിക്കറ്റിന് ഇന്ത്യ വിജയിച്ചു.
1. ലോകകപ്പിനുശേഷമുള്ള ഫോം മങ്ങല്‍
സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിക്കാന്‍ തീരുമാനിച്ചതിനു പിന്നിലെ ഒന്നാമത്തെ കാരണം 2011ലെ ലോകകപ്പ് നേടിയതിനുശേഷം സച്ചിന്‍ അത്രനല്ല ഫോമിലായിരുന്നില്ല. കരിയര്‍ ശരാശരി 45നടുത്തുള്ള സച്ചിന്‍ കഴിഞ്ഞ 10 ഇന്നിംഗ്സുകളിലെ ശരാശരി 31 മാത്രമാണ്. ഏകദിനത്തിലാണ് സച്ചിന്‍ തന്റെ കരിയറിലെ 100-ാം സെഞ്ചുറി നേടിയതെങ്കിലും കഴിഞ്ഞ 21 മാസത്തില്‍ കേവലം ഒരു സെഞ്ചുറി മാത്രമാണുള്ളത്. വിരമിക്കലിലേക്കു നയിച്ചതിലെ ഒരു കാരണം ഇതാണെന്നു വിലയിരുത്താം.
2. 2015 ലോകകപ്പിനുമുമ്പ് പുതിയ യുവനിരയെ ഒരുക്കണം
ഇനിയൊരു ലോകകപ്പു കൂടി കളിക്കാന്‍ ഇനി താനുണ്ടാകില്ലെന്ന് ഏറ്റവും കൂടുതല്‍ മനസിലാക്കുന്ന ആളാണ് സച്ചിന്‍. അതുകൊണ്ടുതന്നെ അടുത്ത ലോകകപ്പിനുമുമ്പ് പുതിയ ഒരു നിര ഇന്ത്യക്കുണ്ടാകേണ്ടതുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു മാറ്റത്തിന്റെ വക്കിലാണ് താനും മാറണമെന്നു സച്ചിന്‍ കരുതിയിരിക്കാം. സച്ചിന്റെ പ്രസ്താവന തന്നെ ഇതിനു തെളിവാണ്. 2015ലെ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴേ തുടങ്ങണം. സച്ചിന്‍ വിരമിക്കുന്നില്ലെങ്കില്‍ ടീം മാനേജ് മെന്റിന്റെ തീരുമാനങ്ങള്‍ സച്ചിനെ ചുറ്റിപ്പറ്റിയുള്ളതാകും. അത് സച്ചിന്‍ ആഗ്രഹിക്കുന്നില്ല.
3. ഓസ്ട്രേലിയയിലെ റൊട്ടേഷന്‍ പോളിസി
ഓസ്ട്രേലിയന്‍ പര്യടനത്തിലെ റൊട്ടേഷന്‍ പോളിസി ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തിയത് സച്ചിനെയായിരുന്നു. വിരേന്ദര്‍ സെവാഗും ഗൌതം ഗംഭീറും ടീമില്‍ ഓപ്പണറായി ഉള്ളപ്പോഴാണ് റൊട്ടേഷന്‍ പോളിസിയുമായി നായകന്‍ ധോണി രംഗത്തെത്തിയത്. മികച്ച ഫോമിലായിരുന്നു ഈ പരമ്പരയില്‍ സച്ചിന്‍. എന്നാല്‍, തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കാന്‍ സച്ചിനായില്ല. വളരെ വിവാദമായിരുന്നു ധോണിയുടെ ഈ പോളിസി. എന്നാല്‍, ധോണിയുടെ വാദം വിചിത്രമായിരുന്നു. മൂന്നു സീനിയര്‍ താരങ്ങള്‍ ഒരുമിച്ചുകളിച്ചാല്‍ ടീമിന്റെ ഫീല്‍ഡിംഗ് നിലവാരം കുറയുമെന്നായിരുന്നു ധോണിയുടെ വാദം. ഫീല്‍ഡില്‍ 20 റണ്‍സെങ്കിലും കൂടുതല്‍ വഴങ്ങേണ്ടിവരുമെന്നും ധോണി കണ്ടുപിടിച്ചു
4. പ്രായവും ഫീല്‍ഡിംഗും
സച്ചിനടക്കമുള്ള സീനിയര്‍ താരങ്ങളെ ഉദ്ദേശിച്ചായിരുന്നു ഓസ്ട്രേലിയയില്‍ വച്ച് ധോണി അങ്ങനെ ഒരു പ്രസ്താവന നടത്തിയത്. സീനിയര്‍ താരങ്ങള്‍ സ്ളോ ഫീല്‍ഡേഴ്സാണ് എന്ന വാദം സച്ചിനെ വിഷമിപ്പിച്ചു. എന്നാല്‍, 39-ാം വയസിലും മോശമല്ലാത്ത ഫീല്‍ഡിംഗ് കാഴ്ചവയ്ക്കാന്‍ സച്ചിനു സാധിച്ചിരുന്നു. എങ്കിലും പ്രായമേറിയതിനാല്‍ സ്റാമിനയ്ക്കും ഊര്‍ജത്തിനും ക്ഷയം സംഭവിച്ചു എന്ന് സച്ചിന്‍ തന്നെ മനസിലാക്കുന്നു. ഏകദിനത്തില്‍ ഫീല്‍ഡിംഗിനു വളരെ പ്രാധാന്യമുണ്െടന്ന് ധോണിയേക്കാള്‍ സച്ചിന്‍ മനസിലാക്കുന്നു.
5. കോഹ്ലി നാലാമതിറങ്ങാന്‍ നിര്‍ബന്ധിതമാകുന്നു
സച്ചിനും ഗംഭീറും സെവാഗും ഒരുമിച്ചു കളിക്കുന്ന അവസരത്തില്‍ ഇന്ത്യക്ക് ഇപ്പോഴുള്ള ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ വിരാട് കോഹ്്ലിക്ക് നാലാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങിയാല്‍ മാത്രമേ കോഹ്്ലിക്കു വലിയ ഇന്നിംഗ്സുകള്‍ കെട്ടിപ്പടുക്കാനാകൂ. നാലാമതിറങ്ങുമ്പോള്‍ അത് ടീമിന്റെ ബാലന്‍സിനെ ബാധിക്കുന്നു. ഇതും സച്ചിനല്ലാതെ മറ്റാരാണു മനസിലാക്കുന്നത്. സെലക്ഷന്‍ കമ്മിറ്റിക്ക് ഒരുകാലത്തും സച്ചിനെതിരേ ഒരു തീരുമാനം കൈക്കൊള്ളാനാകില്ല. അതുകൊണ്ട് സച്ചിന്‍ സ്വയമൊഴിഞ്ഞു.
സച്ചിന്‍ ഞങ്ങളെ വിനയം പഠിപ്പിച്ചു: ധോണി
മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കറില്‍നിന്ന് ഞങ്ങള്‍ വിനയം പഠിച്ചുവെന്നും അതുകൂടാതെ വിജയത്തിലും തോല്വിയിലും ഒരേപോലെ പെരുമാറാന്‍ യുവ ഇന്ത്യന്‍ താരങ്ങളെ അദ്ദേഹം പഠിപ്പിച്ചുവെന്നും ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി.
സച്ചിനിലൂടെ ഓരോ മത്സരത്തിനുമുമ്പും ഏതൊക്കെ രീതിയിലുള്ള തയാറെടുപ്പ് നടത്തണമെന്നും അതോടൊപ്പം ജീവിതത്തിലെങ്ങനെ ലാളിത്യം പാലിക്കാമെന്നും വിജയവും പരാജയവും എങ്ങനെ സ്വീകരിക്കണമെന്നും ഞങ്ങള്‍ പഠിച്ചു. ഓരോ കളിക്കാരനും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സച്ചിന്‍ നല്കുകയും ചെയ്തു- ധോണി പറഞ്ഞു.
ഏകദിന ക്രിക്കറ്റില്‍ 49 സെഞ്ചുറികള്‍ തികച്ച സച്ചിന്‍ സെഞ്ചുറികളുടെ അര്‍ധസെഞ്ചുറിയും തികയ്ക്കുന്നത് കാണാന്‍ കഴിയില്ല എന്നത് ജനങ്ങളെ ദുഃഖിതരാക്കുമെന്നും നായകന്‍ പറഞ്ഞു.
ശരിക്കും സച്ചിനെ നഷ്ടപ്പെട്ടു, പക്ഷേ, അദ്ദേഹം പതിനായിരങ്ങളുടെയും കോടികളുടെയും ആവേശവും കരുത്തുമാണ്. ഇതിലൂടെ പലരും ക്രിക്കറ്റിലേക്കു വരികയും ക്രിക്കറ്റിനെ കൂടുതല്‍ പഠിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്തപ്പോള്‍ കൂടുതല്‍ പാഠങ്ങള്‍ പഠിച്ചു. സച്ചിന്റെ സേവനം ഇനി ഇന്ത്യക്കില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വിഷമം.- ധോണി പറഞ്ഞുനിര്‍ത്തി.