ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റ്: കേരളം ടോപ് ഗിയറില്‍
ഇറ്റാവയില്‍ നിന്ന് തോമസ് വര്‍ഗീസ്

ഇറ്റാവ: നാനൂറിനു പിന്നാലെ നൂറിലും കേരളത്തിനു പിഴച്ചെങ്കിലും റിലേയും ജംപിംഗ് പിറ്റും മെഡല്‍ സമ്മാനിച്ചപ്പോള്‍ മൂന്നാം ദിനം കേരളം ടോപ് ഗിയറിലേക്ക്. ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ മൂന്നാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 15 സ്വര്‍ണവും 15 വെള്ളിയും 12 വെങ്കലവും ഉള്‍പ്പെടെ 160 പോയിന്റുമായി കേരളം എതിരാളികളെക്കാള്‍ ഏറെ മുന്നില്‍. മൂന്നാംദിനം പിറന്ന മൂന്നു റിക്കാര്‍ഡുകളില്‍ രണ്ടും കേരളം സ്വന്തമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ മുണ്ടൂര്‍ എച്ച്.എസിലെ പി.യു ചിത്ര (4:35:72), ജൂണിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ പാലാ സെന്റ് മേരീസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറിയിലെ മരിയ ജയ്സണ്‍ (3.15 മീറ്റര്‍), എന്നിവരാണ് ദേശീയ റിക്കാര്‍ഡ് മറികടന്ന മലയാളി താരങ്ങള്‍. ജൂണിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ മഹാരാഷ്ട്രയുടെ അഞ്ജന ടാംകെ (4:29:80) ഇന്നലെ പിറന്ന മൂന്നാമത്തെ ദേശീയ റിക്കാര്‍ഡിന് ഉടമയായി. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഒറീസയുടെ ദ്യുതി ഛന്ദ് ദേശീയ റിക്കാര്‍ഡിന് (11: 98 സെക്കന്‍ഡ്) ഒപ്പമുള്ള പ്രകടനം നടത്തി. 500 മീറ്ററിലെ സുവര്‍ണനേട്ടത്തോടെ ഇറ്റാവ മീറ്റിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണത്തിന് ചിത്ര അവകാശിയായി.

എട്ടു സ്വര്‍ണവും എട്ടു വെള്ളിയും അഞ്ചു വെങ്കലവുമായി 72 പോയിന്റോടെ മഹാരാഷ്ട്രയാണ് മെഡല്‍പ്പട്ടികയില്‍ രണ്ടാമത്. ആറു സ്വര്‍ണവും ആറുവെള്ളിയും ഏഴു വെങ്കലവുമായി 61 പോയിന്റുമായി പഞ്ചാബാണ് മൂന്നാം സ്ഥാനത്ത്. മീറ്റിന്റെ വേഗമേറിയ താരങ്ങളായി കര്‍ണാടകയുടെ റോയല്‍ ഡിസില്‍വയും (10.96) ഒഡീസയുടെ ദ്യുതി ഛന്ദും (11.98 സെക്കന്‍ഡ്) ഓടിയെത്തി. സീനിയര്‍ ആണ്‍കുട്ടികളില്‍ കേരളത്തിന്റെ മുഹമ്മദ് ഷര്‍ഷാദിന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പെണ്‍കുട്ടികള്‍ക്ക് മെഡല്‍പ്പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല.

ചിത്രയുടെ സൂപ്പര്‍ തുടക്കം

മൂന്നാം ദിനവുംകേരളത്തിന്റെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടത് സൂപ്പര്‍ താരമായ പി.യു. ചിത്രയാണ്. ചിത്രയുടെ മെഡല്‍ വേട്ട മറ്റു താരങ്ങള്‍ കൂടി ഏറ്റെടുത്തതോടെ മൂന്നാം ദിനം മാത്രം കേരളത്തിന്റെ പോക്കറ്റില്‍ വീണത് 11 സ്വര്‍ണം. 1500 മീറ്ററില്‍ റിക്കാര്‍ഡോടെയാണ് ചിത്ര സ്വര്‍ണം സ്വന്തമാക്കിയത്.

2005ല്‍ പൂനയില്‍ കേരളത്തിന്റെ തന്നെ ജിജിമോള്‍ സ്ഥാപിച്ച. 4:36.75 സമയമാണ് ഇതോടെ പഴങ്കഥയായത്. ജൂണിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ പോള്‍ വോള്‍ട്ടില്‍ പാലാ സെന്റ് മേരീസ് ഗേള്‍സ് സ്കൂളിലെ മരിയ ജയ്സന്‍ 3.15 മീറ്റര്‍ ഉയരം പറന്നിറങ്ങി റിക്കാര്‍ഡുമായാണ് സുവര്‍ണ നേട്ടം കൈവരിച്ചത്. കേരളത്തിന്റെ തന്നെ മെല്‍ബി.ടി മാനുവേല്‍ 2010 ല്‍ അമൃത്്സറില്‍ സ്ഥാപിച്ച 2.90 മീറ്ററാണ് മരിയ ജയ്സണ്‍ 3.15 ആയി പുതുക്കിയത്. ജൂണിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് പറളി സ്കൂളിലെ കെ.ടി നീനയാണ് (14:32.90) സ്വര്‍ണം നേടിയ മറ്റൊരു താരം. ലുധിയാനയിലെ സ്വര്‍ണ നടത്തം ഇറ്റാവയിലും നീന തുടര്‍ന്നു. കേരളാ ടീം ക്യാപ്ടന്‍ കൂടിയായ പാലക്കാട് കല്ലടി എച്ച്.എസിലെ ശ്രീഷ്മാ രാജന്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ 1.62 മീറ്റര്‍ മറികടന്ന് സുവര്‍ണ നേട്ടത്തിന് ഉടമയായി.

സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ ബി.എബിന്‍ (15.3 മീറ്റര്‍) മറികടന്ന് അഞ്ചാമത്ത് സുവര്‍ണനേട്ടത്തിന് അര്‍ഹനായി. മീറ്റിന്റെ രണ്ടാം ദിനം പോള്‍വോള്‍ട്ടില്‍ റിക്കാര്‍ഡ് പ്രകടനം നടത്തിയ വിഷ്ണു ഉണ്ണി വെള്ളിമെഡല്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. എന്നാല്‍ ഒന്നാം സ്ഥാനത്തെത്തിയ ഹരിയാനയുടെ താരം സോനു പ്രായത്തട്ടിപ്പ് നടത്തി എന്നു തെളിഞ്ഞതിനെ തുടര്‍ന്ന് അയോഗ്യനാക്കിയതോടെ ഈ ഇനത്തില്‍ വിഷ്ണു ഉണ്ണിക്ക് (4.60) സ്വര്‍ണം സ്വന്തമായി. റിലേയില്‍ കേരളം അഞ്ചു സ്വര്‍ണമാണ് സ്വന്തമാക്കിയത്.

റിലേയില്‍ പഞ്ചസ്വര്‍ണം

റിലേ മത്സരത്തിനായി ട്രാക്കിലിറങ്ങിയ കേരളാസംഘങ്ങള്‍ ട്രാക്ക് വിട്ടത് സുവര്‍ണ നേട്ടവുമായി. 4- 100 മീറ്റര്‍ റിലേയില്‍ സബ് ജൂണിയര്‍ വിഭാഗത്തില്‍ ഒഴിച്ച് ബാക്കി അഞ്ചിലും കേരളം സ്വര്‍ണം സ്വന്താക്കി. അരമണിക്കൂറിനുള്ളില്‍ കേരളത്തിന്റെ മെഡല്‍പ്പട്ടികയില്‍ അഞ്ചു സ്വര്‍ണം സമ്മാനിച്ചാണ് കൌമാര പ്രതിഭകള്‍ ട്രാക്ക് വിട്ടത്. സീനിയര്‍ ആണ്‍കുട്ടികളില്‍ തൃശൂര്‍ സായിയിലെ അബ്ദു സമദ്, കുളത്തുവയല്‍ സെന്റ് ജോര്‍ജിലെ സാല്‍ബിന്‍ ജോസഫ്, എം.എന്‍ നാസിമുദീന്‍, മുഹമ്മദ് ഷെര്‍ഷാദ് എന്നിവരുടെ സംഘമാണ് റിലേ സ്വര്‍ണം കേരളത്തിന്റെ കീശയിലെത്തിച്ചത്. ഈ ഇനത്തില്‍ പഞ്ചാബ് രണ്ടാം സ്ഥാനവും കര്‍ണാടക മൂന്നാം സ്ഥാനവും സ്വന്തമാക്കി.


പറളിയുടെ വി.എം. അഞ്ചുവിലൂടെയാണ് സീനിയര്‍ പെണ്‍കുട്ടികളുടെ റിലേയിലെ സ്വര്‍ണത്തിലേക്കുള്ള കേരളത്തിന്റെ കുതിപ്പ് തുടങ്ങിയത്. മുഹമ്മ എബിവി എച്ച്എസ്എസിലെ എ.പി. ഷില്‍ബി, വണ്ണപ്പുറം എസ്എന്‍എം സ്കൂളിലെ ടി.എസ്. ആര്യ,എ.വി ഷീല്‍ഡ എന്നിവരാണ് രണ്ടാം സ്വര്‍ണം കേരളത്തിനു റിലേയില്‍ സമ്മാനിച്ചത്. പഞ്ചാബ് രണ്ടാം സ്ഥാനവും വെസ്റ് ബംഗാള്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

തത്തംപള്ളി സെന്റ് മൈക്കിള്‍സിലെ സൌമ്യാ വര്‍ഗീസും രേഷ്മാ സാബുവും ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ ജിസ്നാ മാത്യുവും ഷഹര്‍ബാനാ സിദ്ദിഖും ഉള്‍പ്പെട്ട ജൂണിയര്‍ പെണ്‍കുട്ടികള്‍ മിന്നും പ്രകടനം നടത്തി ഫിനിഷിംഗ് പോയിന്റു കടന്നപ്പോഴും രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര അന്‍പതു മീറ്റര്‍ പിന്നിലായിരുന്നു. കര്‍ണാടകത്തിനാണ് ഈ ഇനത്തില്‍ വെങ്കലം. കല്ലടി സ്കൂളിലെ താരങ്ങളായ അബ്ദുള്‍ ഹമീദ്, എ.ജി രജിന്‍ എന്നിവരും കുര്യനാട് സെന്റ് ആന്‍സിലെ അഖില്‍ സാബു, കോതമംഗലം സെന്റ് ജോര്‍ജിലെ ആനന്ദ് രാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണ നേട്ടം സമ്മാനിച്ചത്. ആന്ധ്രാപ്രദേശിന് വെള്ളിയും മഹാരാഷ്ട്രയ്ക്ക് വെങ്കലവും ലഭിച്ചു. പറളി സ്കൂളിലെ എം. അഞ്ജന, എം.എന്‍.കെ.എം എച്ച്എസ്എസ് ചിറ്റിലശേരിയിലെ യു. ശ്രീലക്ഷ്മി, പാലക്കാട് വി.എം എച്ച്.എസ്.എസിലെ എസ്.്അര്‍ഷിത, ഉഷാ സ്കൂളിലെ കെ. സ്നേഹാ എന്നിവരടങ്ങിയ സംഘമാണ് സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന് സുവര്‍ണനേട്ടം സമ്മാനിച്ചത്. ബീഹാര്‍ രണ്ടാം സ്ഥാനത്തും മധ്യപ്രദേശ് മൂന്നാം സ്ഥാനത്തുമെത്തി. സബ് ജൂണിയര്‍ ആണ്‍കുട്ടികളില്‍ പള്ളൂരുത്തി സെന്റ് സെബാസ്റ്യന്‍സിലെ ബാബു, കോതമംഗലം സെന്റ് ജോര്‍ജിലെ മുഹമ്മദ് ഷാഹിന്നൂര്‍, പന്നിത്താടം കോണ്‍കോര്‍ഡ് സ്കൂളിലെ മുഹമ്മദ് ഷാഫി, ആലത്തൂര്‍ ബി.എസ്എസ് സകൂളിലെ സുജിത്ത് എന്നിവരടങ്ങിയ സംഘത്തിന് മൂന്നാമതായി ഓടിയെത്താനേ കഴിഞ്ഞുള്ളു. എന്നാല്‍ രണ്ടാം സ്ഥാനത്തെത്തിയ മഹാരാഷ്ട്ര ഫൌള്‍ വരുത്തിയതിനാല്‍ കേരളത്തിന് വെള്ളിമെഡലിന് അര്‍ഹനായി.

വെള്ളിനേട്ടവുമായി ഇവര്‍

ജൂണിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ തേവര എസ്.എച്ചിലെ ലേഖാ ഉണ്ണി, ജൂണിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പാലക്കാട് പറളി എച്ച്.എസിലെ പി. മുഹമ്മദ് അഫ്സല്‍ , സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പൂവമ്പായി എച്ച്എസിലെ ജെസി ജോസഫ്, സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ എബിന്‍ ബേബി, ജൂണിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ പുല്ലൂരാംപാറാ സെന്റ് ജോസഫ്സിലെ വിനിജാ വിജയന്‍, ജൂണിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിലെ ഗോപികാ നാരായണന്‍, സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് പുല്ലൂരംപാറയിലെ അഖില്‍ ജിജു, ജൂണിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ രേഷ്മാ രവീന്ദ്രന്‍ , സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ജെസി ജോസഫ്് എന്നിവര്‍ വെള്ളിമെഡല്‍ നേട്ടം സ്വന്തമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ പാലക്കാട് കല്ലടി സ്കൂളിലെ മുഹമ്മദ് ഷെര്‍ഷാദ്, ജൂണിയര്‍ പെണ്‍കുട്ടികളില്‍ സൌമ്യാ വര്‍ഗീസ് മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ നെല്ലിപ്പോള്‍ സെന്റ് ജോണ്‍സ് എച്ച്.എസിലെ സുജിത, ജൂണിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പെരുമണ്ണൂര്‍ സെന്റ് തോമസ് സ്കൂളിലെ പി.ആര്‍ അലീഷ എന്നിവര്‍ വെങ്കലം കേരളത്തിനായി നേടി.

മീറ്റിന്റെ നാലാം ദിവസമായ ഇന്ന് 21 ഫൈനലുകളാണുള്ളത്. ഹര്‍ഡില്‍സ് മത്സരങ്ങളുടെ ഫൈനലും ഇന്ന നടക്കും. മീറ്റ് നാളെ സമാപിക്കും. ആദ്യ രണ്ടു ദിനങ്ങളിലെ മഹാരാഷ്ട്ര പഞ്ചാബ് എന്നിവരുടെ പ്രതിരോധം ഇന്നലെ തീര്‍ത്തും നിഷ്പ്രഭമാക്കിയാണ് കേരളം കുതിപ്പു തുടരുന്നത്.