വാലന്റൈന്‍ ദുരന്തം
ജൊഹാനസ്ബര്‍ഗ്: ഈ വാലന്റൈന്‍ ദിനം കായികരംഗം ഒരിക്കലും മറക്കില്ല. ശാരീരിക ബലഹീനതകള്‍ ഊര്‍ജമാക്കി കായികലോകത്തെ വിസ്മയിപ്പിച്ച ബ്ളേഡ് റണ്ണറുടെ ആരും ആഗ്രഹിക്കാത്ത പതനം. കാമുകിയെ വെടിവച്ചുകൊന്ന കേസില്‍ബ്ളേഡ് റണ്ണര്‍ഒളിമ്പ്യന്‍ ഓസ്കര്‍ പിസ്റ്റോറിയസിനെ ദക്ഷിണാഫ്രിക്കന്‍ പോലീസ് അറസ്റ് ചെയ്തു. പ്രിട്ടോറിയയിലുള്ള ഇയാളുടെ വസതിയിലാണ് സംഭവം നടന്നത്. വാലന്റൈന്‍ ദിനത്തില്‍ ഓസ്കറിനെ അതിശയിപ്പിക്കാന്‍ അദ്ദേഹമറിയാതെ സമ്മാനങ്ങളുമായി പുലര്‍ച്ചെ നാലോടെ കാമുകി റീവ സ്റീന്‍കാമ്പ് വീടിനുള്ളില്‍ കയറി. മോഷ്ടാവെന്നു തെറ്റിദ്ധരിച്ച പിസ്റോറിയസ് റീവയെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, കൂടുതല്‍ അന്വേഷണങ്ങള്‍ക്കു ശേഷമേ സംഭവത്തെക്കുറിച്ച് സ്ഥിരീകരണം നല്‍കാനാവൂ എന്നാണ് പോലീസ് പറഞ്ഞത്. റീവയുടെ തലയിലും കൈയിലുമാണ് വെടിയേറ്റത്.

പുലര്‍ച്ചെ നാലോടെയാണ് ആശുപത്രിയിലേക്ക് ഫോണ്‍ വന്നതെന്ന് ആശുപത്രി ജീവനക്കാര്‍ പോലീസിനെ അറിയിച്ചു. പോലീസ് സംഭവസ്ഥലത്തു നിന്ന് 9 എംഎം പിസ്റല്‍ കണ്െടടുത്തു. സംഭവത്തിനു ശേഷം പിസ്റ്റോറിയസ് വളരെ വികാരാധീനനായിരുന്നെന്ന് അദ്ദേഹത്തിന്റെ അഡ്വക്കറ്റ് പറഞ്ഞു. പ്രിട്ടോറിയ മജിസ്ട്രേറ്റ് കോടതിയില്‍ പിസ്റോറിയസിനെ ഹാജരാക്കും.

റീവ അറിയപ്പെടുന്ന മോഡല്‍

കൊല്ലപ്പെട്ട റീവ സ്റീന്‍കാമ്പ് ലോകത്തെ അറിയപ്പെടുന്ന മോഡലാണ്. നിയമ ബിരുദധാരിയായ റീവ സ്ത്രീ വിമോചക പ്രവര്‍ത്തകകൂടിയാണ്. റീവയുടെ പിആര്‍ഒ സരിത്ത് ടോംലിന്‍സണ്‍ സംഭവത്തെ വിശേഷിപ്പിച്ചത് വളരെ നിര്‍ഭാഗ്യകരം എന്നാണ്. അവര്‍ തമ്മിലുണ്ടായിരുന്നത് യാഥാര്‍ഥ പ്രണയമായിരുന്നു. ഇത് വളരെ നിര്‍ഭാഗ്യകരമായിപ്പോയി. പിസ്റോറിയസിന് ഒരു സര്‍പ്രൈസ് ആയിക്കോട്ടെയെന്നു കരുതിയാണ് റീവ അവിടെപ്പോയത്. അതിങ്ങനെയായിത്തീരുമെന്ന് ഒരിക്കലും കരുതിയില്ല. സത്യത്തില്‍ എന്താണ് നടന്നതെന്ന് ആര്‍ക്കുമറിയില്ല. - ടോംലിന്‍സണ്‍ പറഞ്ഞു.

ജീവിതത്തില്‍ പോസിറ്റീവ് സമീപനമുണ്ടായിരുന്ന സെലിബ്രിറ്റികളില്‍ ഒരാളായിരുന്നു റീവ. തന്നോടു ഇടപെടുന്ന എല്ലാവര്‍ക്കും പോസിറ്റീവ് ഊര്‍ജം റീവ പ്രദാനം ചെയ്യുമായിരുന്നു. അവര്‍ കൊല്ലപ്പെട്ടു എന്നവിവരം എനിക്ക് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. ടോംലിന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.


മനസ്ഥൈര്യം അഥവാ പിസ്റോറിയസ്

ഇരുകാലുകളുടെയും മുട്ടിനു താഴെ ദുര്‍ബലമായ എല്ലുകളോടെയാണ് പിസ്റോറിയസിന്റെ ജനനം. പതിനൊന്നാം വയസിലാണ് അദ്ദേഹത്തിന്റെ ഇരുകാലുകളും മുറിച്ചുമാറ്റിയത്. കായികരംഗത്തോട് ചെറുപ്പം മുതലേ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന പിസ്റോറിയസ് കായികരംഗത്തെ അത്ഭുതമായി മാറുന്നകാഴ്ചയാണു പിന്നീടു ലോകം കണ്ടത്. സ്പ്രിന്റ് ഇനങ്ങളില്‍ പ്രതിഭ തെളിയിച്ച പിസ്റ്റോറിയസ് ഓടാനായി ഉപയോഗിച്ച കൃത്രിമ ബ്ളേഡുകളാണ് അദ്ദേഹത്ത ബ്ളേഡ് റണ്ണര്‍ എന്ന വിളിപ്പേരിന് അര്‍ഹനാക്കിയത്.

പാരാലിമ്പിക്സിലെ സ്ഥിരം സാന്നിധ്യമായിരുന്ന പിസ്റോറിയസിന്റെ വലിയ ആഗ്രഹമായിരുന്നു കാലുള്ളവര്‍ക്കൊപ്പം ഒളിമ്പിക്സില്‍ മത്സരിക്കുക എന്നത്.

അതിനു വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്നത് ദക്ഷിണകൊറിയയിലെ ദേയ്ജുവില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പിലാണ്. പിന്നീട് 2012ല്‍ ലണ്ടന്‍ ഒളിമ്പിക്സിലും അദ്ദേഹം കാലുള്ളവര്‍ക്കൊപ്പം മത്സരിക്കാനുള്ള യോഗ്യത നേടി. അതാകട്ടെ കായികരംഗത്തെ പ്രത്യേക കോടതിയുടെ അനുമതിയോടെയും. കൃത്രിമക്കാലുകളുമായി 400 മീറ്റര്‍ ഓട്ടത്തില്‍ സെമിയില്‍ക്കടന്ന് പിസ്റോറിയസ് ചരിത്രം കുറിച്ചു. കാര്‍ബണ്‍ ഫൈബര്‍ ബ്ളേഡുകള്‍ കാലില്‍ ഘടിപ്പിച്ചാണ് പിസ്റ്റോറിയസ് ഓടുന്നത്. ബെയ്ജിംഗ് പാരാലിമ്പിക്സില്‍, മൂന്ന് സ്വര്‍ണമെഡലുകളാണ് പിസ്റ്റോറിയസ് നേടിയത്; 100, 200, 400 മീറ്റര്‍ ഇനങ്ങളില്‍. ഈ മൂന്നിനങ്ങളിലും വികലാംഗരുടെ ലോകറിക്കാര്‍ഡും പിസ്റ്റോറിയസിന്റെ പേരിലാണ്.

ഈ സംഭവത്തോടെ പിസ്റോറിയസ് എന്ന കായികതാരത്തിന്റെ കായിക ജീവിതം ആശങ്കയുടെ നിഴലിലായിരിക്കുകയാണെന്ന് മുതിര്‍ന്ന കായിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പിസ്റോറിയസ് എന്ന കായികതാരം പ്രതിഭകൊണ്ടും കായികക്ഷമത കൊണ്ടും മാത്രമല്ല സൃഷ്ടിക്കപ്പെട്ടത്.

മനക്കരുത്തിന്റെ കൂടി പിന്‍ബലത്തിലാണ് അദ്ദേഹം നേട്ടങ്ങള്‍ കൊയ്തത്. ഈ സംഭംഭവം അദ്ദേഹത്തിന്‍ മനക്കരുത്തിനെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ വിലയിരുത്തുന്നു. എങ്കിലും വാലന്റൈന്‍ ദിനത്തിലെ ഈ ദുരന്തം ഏറെ നടുക്കത്തോടെയാണ് ലോകമെമ്പാടുമുള്ള കായികപ്രേമികളും കാമുകീ-കാമുകന്മാരും കേട്ടത്.