ബ്ളാസ്റേഴ്സ് ഇന്നു രണ്ടാം മത്സരത്തിന്
ബ്ളാസ്റേഴ്സ് ഇന്നു രണ്ടാം മത്സരത്തിന്
Tuesday, October 21, 2014 11:14 PM IST
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ പോരാട്ടം. ചെന്നൈയിന്‍ എഫ്സിയുടെ ആദ്യ ഹോം മത്സരത്തില്‍ അവര്‍ മലയാളികളുടെ സ്വന്തം കേരള ബ്ളാസ്റേഴ്സിനെതിരേ ഇറങ്ങും. എഫ്സി ഗോവയെ അവരുടെ തട്ടകത്തില്‍വച്ച് 2-1നു കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈയിന്‍ ഇന്നിറങ്ങുക. എന്നാല്‍, ആദ്യമത്സരത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവച്ചെങ്കിലും നോര്‍ത്ത് ഈസ്റ് യുണൈറ്റഡിനോട് 1-0നു പരാജയപ്പെട്ടാണ് കേരള ബ്ളാസ്റേഴ്സ് എത്തുന്നത്.

മിന്നും സേവിലൂടെ ആദ്യ മത്സരത്തില്‍ തിളങ്ങിയ ഡേവിഡ് ജയിംസ് എന്ന മുന്‍ ഇംഗ്ളണ്ട് ഗോളിയാണ് ബ്ളാസ്റേഴ്സിന്റെ വല കാക്കുക. വലയ്ക്കു മുന്നില്‍ ഡേവിഡ് ജയിംസിന്റെ ഉജ്വല സേവുകള്‍ പ്രതീക്ഷിച്ചാണ് മലയാളി ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്നത്. ഇന്ത്യന്‍ വംശജനായ മൈക്കിള്‍ ചോപ്ര എന്ന ഇംഗ്ളീഷ് താരവും കേരള ബ്ളാസ്റേഴ്സിന്റെ കരുത്താണ്. 4-4-2 ശൈലിയിലാണ് നോര്‍ത്ത് ഈസ്റിനെതിരേ ബ്ളാസ്റേഴ്സ് ഇറങ്ങിയത്.

മലയാളി താരം സബീത്തിനൊപ്പം സ്കോട്ലന്‍ഡുകാരനയ ഇവാന്‍ ഹ്യൂമായിരുന്നു ആക്രമണത്തിന്റെ ചുക്കാന്‍ പിടിച്ചത്. സ്കോട്ലന്‍ഡിന്റെ സ്റീഫന്‍ പിയേഴ്സണൊപ്പം ഗുര്‍വിന്ദര്‍ സിംഗ്, മെഹ്താബ് ഹുസൈന്‍ എന്നീ ഇന്ത്യന്‍ താരങ്ങളായിരുന്നു മധ്യനിര നിയന്ത്രിച്ചത്. പ്രതിരോധത്തിലും ഇന്ത്യന്‍ താരങ്ങളുടെ നിര്‍ണായക സാന്നിധ്യമാണ് മറ്റ് ടീമുകളെ അപേക്ഷിച്ച് കേരള ബ്ളാസ്റേഴ്സിനെ വ്യത്യസ്തമാക്കുന്നത്. സ്കോട്ലന്‍ഡിന്റെ ജാമി മകലൈസ്ററിനൊപ്പം നിര്‍മല്‍ ഛേത്രി, അവിനബൊ ബാഗ് എന്നീ ഇന്ത്യന്‍ താരങ്ങള്‍ പ്രതിരോധ ചുമതല വഹിക്കും.


5-3-2 ശൈലിയിലാണ് എഫ്സി ഗോവയ്ക്കെതിരേ ചെന്നൈയിന്‍ എഫ്സി ഇറങ്ങിയത്. പ്രതിരോധത്തിലൂന്നിയുള്ള ആക്രമണമാണ് ഗോവയ്ക്കെതിരേ ടീം സ്വീകരിച്ചത്. സൂപ്പര്‍ ലീഗില്‍ ഇന്ത്യക്കാരന്‍ നേടുന്ന ആദ്യഗോളിന് ഉടമയായ ബാല്‍വന്ത്, ബ്രസീലിന്റെ ബ്രൂണോ പെലിസാരി എന്നിവര്‍ക്കാണ് ആക്രമണ ചുമതല. പ്രതിരോധത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച താരമായ ഗുര്‍മാംഗി സിംഗിനൊപ്പമുള്ളത് ഫ്രാന്‍സിന്റെ രണ്ടു വമ്പന്മാരാണ്. മിഖായേല്‍ സില്‍വസ്ററും ബെര്‍ണാര്‍ഡ് മെന്‍ഡിയും. മധ്യനിരയുടെ നിയന്ത്രണം യുഗോസ്ളാവ്യയുടെ ബൊജാന്‍ ജോര്‍ഡികിന്റെ ചുമതലയാണ്.

ചെന്നൈയിന്‍ എഫ്സി രണ്ടാം ജയത്തിലൂടെ പോയിന്റ് പട്ടികയുടെ തലപ്പത്തേക്കുള്ള കുതിപ്പിനാണ് ശ്രമിക്കുക. മൂന്നു മത്സരങ്ങളില്‍നിന്ന് ഏഴു പോയിന്റുള്ള അത്ലറ്റിക്കോ ഡി കോല്‍ക്കത്തയ്ക്ക് സമ്മര്‍ദം ചെലുത്താന്‍ ചെന്നൈയിന് ഇന്നു ജയം അനിവാര്യമാണ്. മറുവശത്ത് കന്നി ജയം നേടിയാണ് കേരള ബ്ളാസ്റേഴ്സ് ഇറങ്ങുന്നത്. ഹോം ഗ്രൌണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ അടുത്തമാസം മുതലേ മത്സരമുള്ളൂ എന്നത് ബ്ളാസ്റേഴ്സിനു പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും ചെന്നൈയിനെ കീഴടക്കി ലീഗില്‍ ആദ്യ പോയിന്റ് നേടുകയാണ് സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഉടമസ്ഥതയിലുള്ള കേരള ബ്ളാസ്റേഴ്സിന്റെ ലക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.