എല്‍ ക്ളാസിക്കോ രാവ്
എല്‍ ക്ളാസിക്കോ രാവ്
Saturday, October 25, 2014 10:44 PM IST
മാഡ്രിഡ്: ലയണല്‍ മെസിയുടെ കാലുകള്‍ ലാ ലിഗയില്‍ പുതിയ ചരിത്രം കുറിക്കുമോ? അതോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കൂട്ടരും സ്വന്തം തട്ടകത്തില്‍ കാറ്റലോണിയന്‍ വീര്യത്തെ തൂത്തെറിയുമോ? ഇന്നുരാത്രി കാണാം സീസണിലെ ആദ്യ എല്‍ ക്ളാസിക്കോ. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായ ബാഴ്സലോണയും മൂന്നാമതുള്ള റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീപാറുമെന്നുറപ്പ്. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം.

പകരം വീട്ടാന്‍ റയല്‍, വിജയം തുടരാന്‍ ബാഴ്സ

എല്‍ക്ളാസിക്കോയുടെ അവസാന സീസണാവും ഇതെന്ന ഊഹാപോഹങ്ങള്‍ക്കിടെയിലാണ് ഇന്നത്തെ മത്സരം നടക്കുക. കാറ്റലോണിയന്‍ പ്രവിശ്യ സ്പെയിനില്‍ നിന്നും വിടുതല്‍ നേടിയാല്‍ ബാഴ്സയെ ലാലിഗയില്‍നിന്നും പുറത്താക്കുമെന്ന് അധികൃതര്‍ സൂചന നല്കിയിരുന്നു. കളത്തിനു പുറത്തെ സാഹചര്യങ്ങള്‍ എന്തു തന്നെയായാലും മത്സരത്തിന്റെ ആവേശമാപിനി ഒട്ടും താഴില്ല. 227 തവണ ഇരുടീമുകളും ഏറ്റുമുട്ടിയതില്‍ 91 ജയത്തോടെ റയലാണ് മുന്നില്‍. 88 തവണ ബാഴ്സ ജയിച്ചപ്പോള്‍ 48 തവണ അവസാനവിസില്‍ മുഴങ്ങിയത് സമത്തിലാണ്.

കഴിഞ്ഞ ലാലിഗ സീസണിലെ രണ്ടുമത്സരങ്ങളിലും ബാഴ്സ റയലിനെ കീഴ്പ്പെടുത്തിയിരുന്നു. ബാഴ്സയില്‍ച്ചെന്നു 2-1ന്റെ തോറ്റ റയല്‍ സ്വന്തം മണ്ണില്‍ മൂന്നിനെതിരേ നാലുഗോളിനു മെസി സംഘത്തിന്റെ മുന്നില്‍ വീണു. അതുകൊണ്ട് തന്നെ റയലിനിതു പകരംവീട്ടാനുള്ള സുവര്‍ണാവസരമാണ്. രണ്ടുദിവസം മുമ്പ് ചാമ്പ്യന്‍സ് ലീഗില്‍ അയാക്സിനെ 3-1നു തകര്‍ത്താണ് മെസിയും കൂട്ടരുമെത്തുന്നത്. ലിവര്‍പൂളിനെ മൂന്നു ഗോളുകള്‍ക്കു കെട്ടുകെട്ടിച്ച റയലും ഫോമില്‍ തന്നെ. ലാലിഗയില്‍ 21 പോയിന്റോടെ ബാഴ്സ ഒന്നാമതാണ്. നാലു പോയിന്റിനു പിന്നിലുള്ള റയല്‍ മൂന്നാമതാണ്.

മെസി-നെയ്മര്‍-സുവാരസ് ത്രയം

ലോകത്തിലെ ഏതു ടീമും കൊതിക്കുന്ന മുന്നൂ സൂപ്പര്‍ താരങ്ങള്‍. അതും ബാഴ്സ ജേഴ്സിയില്‍. ആരാധകര്‍ക്കു വേറെന്തുവേണം? മെസി-നെയ്മര്‍ ദ്വയത്തിലേക്കു ലൂയിസ് സുവാരസെന്ന തെമ്മാടിപ്പയ്യനും കൂടിയെത്തുന്നതോടെ ബാഴ്സയുടെ മുന്നേറ്റത്തിനു വീര്യം ഇരട്ടിയാകും. സുവാരസ് ബാഴ്സയില്‍ തന്റെ കന്നിമത്സരത്തിനാണ് ഇറങ്ങുന്നത്.


ലോകകപ്പിനിടെ ഇറ്റലിയുടെ ജോര്‍ജിയോ കില്ലേനിയെ കടിച്ചു വാങ്ങിയ സസ്പെന്‍ഷനു ശേഷമുള്ള മത്സരമാണിത്. എല്‍ ക്ളാസിക്കോയിലെ അരങ്ങേറ്റം ഉജ്വലമാക്കാന്‍ സുവാരസ് തയാറെടുത്തുകഴിഞ്ഞു. നെയ്മറും സുവാരസും ഇടതുവലതുവിംഗുകളില്‍ കളിക്കുമ്പോള്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറുടെ റോളില്‍ കുറച്ചു ഇറങ്ങിയാവും മെസി കളിക്കുക. മെസി ലാലിഗയിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനാകുമോയെന്നാണ് ഏവരുടെയും ശ്രദ്ധ. 251 ഗോളുകള്‍ നേടിയ ടെല്‍മോ സാറയുടെ റിക്കാര്‍ഡ് മറികടക്കാന്‍ മെസിക്കു വേണ്ടതു രണ്ടുഗോളുകള്‍ മാത്രം. എല്‍ ക്ളാസിക്കോയില്‍ ഏറ്റവുമധികം ഗോളുകളുടെ റിക്കാര്‍ഡും ഈ അര്‍ജന്റൈന്‍ താരത്തിന്റെ പേരില്‍ തന്നെ.

റൊണാള്‍ഡോ, ബെന്‍സെമ പിന്നെ റോഡ്രിഗസും

ബാഴ്സയുടെ ലാറ്റിനമേരിക്കന്‍ ത്രയത്തിനു റയലിന്റെ മറുപടി ക്രിസ്റ്യാനോ റൊണാള്‍ഡോ-കരീം ബെന്‍സെമ-ജെയിംസ് റോഡ്രിഗസ് എന്നിവരിലൂടെയാകും. കൊളംബിയന്‍ വണ്ടര്‍കിഡ് റോഡ്രിഗാസിന്റെ കന്നി എല്‍ക്ളാസിക്കോയാണ് ഇന്നത്തേത്. പരിക്കേറ്റ സൂപ്പര്‍ താരം ഗാരെത് ബെയില്‍ കളിക്കാത്തതു മാത്രമാണ് റയലിനെ തെല്ല് വിഷമിപ്പിക്കുന്നത്. സീസണില്‍ ഏഴു ലീഗ് മത്സരങ്ങളില്‍നിന്നും 15 ഗോളുകള്‍ നേടിയ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഫോമാണ് ആതിഥേയരുടെ പ്രതീക്ഷകളെ തളിര്‍പ്പിക്കുന്നത്. ചാമ്പ്യന്‍സ് ലീഗിനിടെ പരിക്കേറ്റ പെപ്പെ റയല്‍ നിരയില്‍ കളിച്ചേക്കില്ല. ബെയ്ല്‍ കളിക്കുന്നില്ലെങ്കിലും റയല്‍ ആരാധകര്‍ ഉറച്ച പ്രതീക്ഷയിലാണ്.

താനും മെസിയും തമ്മിലുള്ള പോരാട്ടമല്ല മറിച്ച്, ബാഴ്സയും റയല്‍ മാഡ്രിഡും തമ്മിലുള്ള മത്സരമാകുമിതെന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൂചന നല്കിക്കഴിഞ്ഞു. കണ്‍ചിമ്മാതെ കാത്തിരിക്കാം ക്ളാസിക് പോരാട്ടത്തിനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.