ദേശീയ സ്കൂള്‍ മീറ്റിനു കേരളമുണ്ടാകില്ലേ?
Friday, November 21, 2014 11:08 PM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: ദേശീയ സ്കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയ സംസ്ഥാനത്തിന് ഇക്കുറി സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് പോലും നടത്താന്‍ കഴിയാതെ നാണംകെടുമോ എന്ന ആശങ്ക. വിദ്യാഭ്യാസ വകുപ്പിന്റെ കടുംപിടിത്തം മൂലം കായിക കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇല്ലാത്ത സംഭവങ്ങളാണു തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉണ്ടാവുന്നത്. ഇതോടെ ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റ് കേരളാ താരങ്ങള്‍ക്ക് നഷ്ടമാകുമോ എന്ന ആശങ്കപോലും ഉടലെടുത്തു.

ഭാഷാധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ കായികാധ്യാപകരായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങളാണ് ഇപ്പോഴും പരിഹരിക്കാന്‍ കഴിയാത്ത സ്ഥിതിയിലുള്ളത്.

പ്രശ്നം പരിഹരിച്ചുവെന്നും രണ്ടു ദിവസത്തിനുള്ളില്‍ റവന്യു ജില്ലാ കായികമേളകള്‍ പൂര്‍ത്തിയാക്കുമെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍, മന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് മൂന്നു ദിവസം പിന്നിട്ടിട്ടും കായികമേള നിര്‍ത്തിവച്ച ഒരു ജില്ലയില്‍ പോലും മീറ്റ് പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.

മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളിലെ മീറ്റാണ പ്രതിഷേധത്തെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നത്. ഈ റവന്യു ജില്ലകളിലെ മീറ്റുകള്‍ ഈ ആഴ്ച ഇനി നടത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ കായികാധ്യാപകര്‍. നാളെ മുതല്‍ ദേശീയ ജൂണിയര്‍ മീറ്റിന്റെ ക്യാമ്പിനായി വിദ്യാര്‍ഥികളില്‍ ഏറെപ്പേര്‍ക്കും പോകേണ്ടതിനാല്‍ റവന്യു ജില്ലാ മീറ്റ് നടത്താന്‍ കഴിയില്ലെന്നാണ് റവന്യു ജില്ലാ കായികമേധാവികള്‍ പറയുന്നത്.

ജൂണിയര്‍ നാഷണല്‍സിനുള്ള സംസ്ഥാന ക്യാമ്പ് പാലക്കാട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്.

എന്നാല്‍, കായികാധ്യാപക നിയമനം സംബന്ധിച്ച വിവാദ ഉത്തരവ് പിന്‍വലിച്ചില്ലെന്നും തത്ക്കാലത്തേക്ക് മരവിപ്പിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നുമാണ് കായികാധ്യാപകര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ റവന്യു ജില്ലാ മീറ്റ് എന്നു നടക്കുമെന്നു പോലും പറയാന്‍ കഴിയാത്ത സാഹചര്യവും.


നാളെ ജൂണിയര്‍ നാഷണല്‍ ക്യാമ്പിലേക്ക് കായികതാരങ്ങള്‍ പോയാല്‍ തുടര്‍ന്നു വിജയവാഡയിലെ മത്സരങ്ങള്‍ക്കു ശേഷം ഡിസംബര്‍ രണ്ടിനു വൈകുന്നേരമോ മൂന്നിനു രാവിലെയോ സംസ്ഥാനത്ത് തിരികെ എത്തുകയുള്ളൂ. നിലവിലെ തീരുമാനമനുസരിച്ച് ഡിസംബര്‍ എട്ടിന് സംസ്ഥാന മീറ്റ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

എന്നാല്‍, അതിനു മുമ്പ് റവന്യൂ ജില്ലാ കായികമേള എങ്ങനെ പൂര്‍ത്തിയാക്കുമെന്നു വിദ്യാഭ്യാസ വകുപ്പില്‍ നിന്നു വ്യക്തമായ ഒരു മറുപടിയുമില്ല.

എന്നാല്‍, മത്സരങ്ങളുമായി സഹകരിക്കണമെങ്കില്‍ സര്‍ക്കാര്‍ ചില നടപടികള്‍ കൈെക്കൊള്ളണമെന്ന ആവശ്യവുമായി അധ്യാപക സംഘടനകളും രംഗത്തെത്തി. നിശ്ചിത യോഗ്യത ഇല്ലാത്ത മറ്റധ്യാപകരെ പാര്‍ട്ട് ടൈം കായികാധ്യാപകരാക്കാനുള്ള വിവാദ ഉത്തരവ് പിന്‍വലിക്കുക, 2011 ഒക്ടോബര്‍ ഒന്നിനു പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവിലെ ടീച്ചേഴ്സ് പാക്കേജ് ക്ളോസ് മൂന്ന് റദ്ദാക്കുക തുടങ്ങിയ നടപടി കൈക്കൊണ്ടില്ലെങ്കില്‍ തങ്ങള്‍ മേളയുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് കായികാധ്യാപകര്‍.

മുമ്പ് ഒരിക്കലുമുണ്ടാകാത്ത വിധത്തില്‍ കായികാധ്യാപകരും സര്‍ക്കാരും തമ്മിലുള്ള പോര് മൂര്‍ച്ചിച്ചതോടെ ദേശീയ സ്കൂള്‍ മീറ്റില്‍ പങ്കെടുക്കാന്‍ സംസ്ഥാന താരങ്ങള്‍ക്ക് കഴിയുമോ എന്ന ആശങ്കയും ഉടലെടുത്തു. ഡിസംബര്‍ 19 മുതലാണ് ദേശീയ മീറ്റ്.

15 നെങ്കിലും യാത്ര തിരിച്ചാലേ 19 മുതലുള്ള മത്സരങ്ങളില്‍ സംസ്ഥാനത്തിനു പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. ദേശീയ മീറ്റില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് 10 ശതമാനം ലഭിക്കും. സ്വര്‍ണ നേട്ടം സ്വന്തമാക്കുന്നവര്‍ക്ക് 15 %, വെള്ളി-13%, വെങ്കലം-11 % എന്നിങ്ങനെയാണ് മറ്റ് ഗ്രേസ് മാര്‍ക്ക്.

ഇതുകൂടാതെ വിദ്യാഭ്യാസ വകുപ്പിന്റെയും സ്പോര്‍ട്സ് കൌണ്‍സിലിന്റെയും പാരിതോഷികങ്ങളും നല്കാറുണ്ട്. സംസ്ഥാനത്തിന്റെ യശസ് ദേശീയ തലത്തില്‍ ഉയര്‍ത്തുന്ന ദേശീയ കായികമേള അധികൃതരുടെ അനാസ്ഥ മൂലം നഷ്ടമായാല്‍ കായിക കേരളത്തിനു തന്നെ അതൊരു തീരാക്കളങ്കമായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.