കങ്കാരുനാട്ടില്‍ പച്ചപിടിക്കാന്‍ ടീം ഇന്ത്യ
കങ്കാരുനാട്ടില്‍ പച്ചപിടിക്കാന്‍ ടീം ഇന്ത്യ
Sunday, November 23, 2014 11:09 PM IST
എം.ജി. ലിജോ

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഗ്രഹണം തുടങ്ങിയിട്ടു കാലം കുറേയായി. കളത്തിലെ സദ്വാര്‍ത്തകളെക്കാള്‍ 22 വാരയ്ക്കു പുറത്തെ കളികള്‍ ചര്‍ച്ചയാകുന്നു. വിവാദങ്ങളും അധികാര വടംവലികളും അണിയറയില്‍ നിര്‍ലോപം പുരോഗമിക്കുമ്പോള്‍ ടീം ഇന്ത്യന്‍ വീണ്ടുമൊരു ഓസ്ട്രേലിയന്‍ പര്യടനത്തിനു തയാറെടുക്കുന്നു. ഡിസംബര്‍ നാലിനു തുടങ്ങുന്ന ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ടെസ്റ് പരമ്പരയിലെ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച്...

സച്ചിന്‍-ദ്രാവിഡ്-ലക്ഷ്മണ്‍ ത്രയമില്ലാതെ

സച്ചിനെന്ന ഇതിഹാസവും വന്‍മതില്‍ ദ്രാവിഡും വെരി വെരി സ്പെഷല്‍ ലക്ഷ്മണുമെല്ലാം ക്രിക്കറ്റ് മൈതാനത്തോടു വിടപറഞ്ഞു. വിരേന്ദര്‍ സെവാഗും ഗൌതം ഗംഭീറുമൊക്കെ ആരുടെയോ ‘കളിയിലെ’ കഥാപാത്രങ്ങളായി ഇന്ത്യന്‍ ടീമെന്ന ഗ്രീന്‍ സോണിനു ചുറ്റും അവസരത്തിനായി പരതുന്നു. ടീം ഇന്ത്യ കൂടുതല്‍ ചെറുപ്പമായിരിക്കുന്നു. 2011-12 ലെ ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റിനു കളത്തിനകത്തു വന്ന മാറ്റങ്ങള്‍ ഇതൊക്കെയാണ്.

പരമ്പരയുടെ ആവേശം കൊടിയേറുംമുമ്പേ ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ളെന്‍ മക്ഗ്രാത്തിന്റെ പ്രവചനവും എത്തി. ഇന്ത്യ 4-0ത്തിനു ടെസ്റ് പരമ്പരയില്‍ നാണംകെടുമെന്ന്. അദ്ദേഹത്തെക്കൊണ്ട് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്താന്‍ ധൈര്യപ്പെടുത്തിയത് തീര്‍ച്ചയായും സ്വന്തം ടീമിലുള്ള വിശ്വാസമായിരിക്കില്ല. മറിച്ച്, ജീവനില്ലാത്ത വരണ്ട പിച്ചുകളില്‍ റണ്‍വിപ്ളവം തീര്‍ക്കുന്ന ഇന്ത്യന്‍ പടയുടെ ശൂരത്വം തന്നെയാണ് അദ്ദേഹത്തെ ആത്മവിശ്വാസത്തോടെ പ്രവാചകനാകാന്‍ പ്രേരിപ്പിച്ചത്.

രസകരമായൊരു വസ്തുത ചരിത്രത്തിലേക്കു നോക്കിയാല്‍ കാണാം. ഓസ്ട്രേലിയയില്‍ ദീര്‍ഘപര്യടനം നടത്തിയശേഷം ഇന്ത്യ ചെയ്യുന്നത് സ്വന്തം നാട്ടില്‍ ദുര്‍ബലടീമുകള്‍ക്കെതിരേ തുടര്‍പരമ്പരകള്‍ കളിക്കുകയെന്നതാണ്. അതായത്, ഓസീസില്‍ തോറ്റമ്പുന്ന ടീമിനെതിരേ ഉയരുന്ന ആരാധകരുടെയും വിമര്‍ശകരുടെയും രോഷം തീര്‍ക്കാനൊരു മറുമരുന്ന്. അതിനു സ്വന്തം നാട്ടിലെ പിച്ചുകളെപ്പോലെ മറ്റൊരു സുരക്ഷിത ഇടമില്ലല്ലോ.

ഓസീസ് മണ്ണിലെത്തുമ്പോള്‍

ധോണിയുടെ ഇഷ്ടക്കാരെ കുത്തിനിറച്ചൊരു ടീം എന്നുവേണമെങ്കില്‍ ഓസീസിനു വിമാനം കയറിയ ടീമിനെ വിശേഷിപ്പിക്കാം. അടുത്തെങ്ങും ഒരു നല്ല ഇന്നിംഗ്സ് കളിച്ചിട്ടില്ലാത്ത രവീന്ദ്ര ജഡേജ, ടെസ്റിനു തീര്‍ത്തും അനുയോജ്യനല്ലാത്ത സുരേഷ് റെയ്ന, ഇംഗ്ളീഷ് മണ്ണില്‍ സമ്പൂര്‍ണ പരാജയമായി മാറിയ രോഹിത് ശര്‍മ ഇവരെല്ലാം ടീമിലുള്‍പ്പെട്ടതിന്റെ മാനദണ്ഡം ശ്രീനിവാസനും ധോണിക്കും മാത്രം അറിയാം. 2011ല്‍ പര്യടനം നടത്തിയ ടീമിലെ എട്ടുപേര്‍ മാത്രമേ ഇത്തവണ ടീമിലുള്ളു. സച്ചിനും ദ്രാവിഡിനും ലക്ഷ്മണിനുമെല്ലാം (ഇന്ത്യന്‍ പിച്ചുകളില്‍ മാത്രം) പകരക്കാരെ ലഭിച്ചുവെന്നു സമര്‍ഥിക്കാം. എന്നാല്‍ പച്ചപ്പു നിറഞ്ഞ, കണ്ണടച്ചു തുറക്കുംമുമ്പ് പന്ത് മൂളിപ്പായുന്ന വാക്കയിലെയും ഹൊബാര്‍ട്ടിലെയും പിച്ചുകളില്‍ ഇവര്‍ എത്രമാത്രം അതിജീവനം നടത്തുമെന്നു കണ്ടറിയണം. രാഹുല്‍ ദ്രാവിഡിന്റെ പിന്‍മുറക്കാരനെന്നു തീര്‍പ്പുകല്പിച്ച ചേതേശ്വര്‍ പൂജാരയ്ക്കു വലിയ വെല്ലുവിളിയാകും പര്യടനം. മികച്ച ടെക്നിക്കും വലിയ ഇന്നിംഗ്സ് കളിക്കാനുള്ള ശേഷിയുമുണ്െടങ്കിലും പൂജാരയ്ക്കു വിദേശത്തെ സ്വിംഗ് പിച്ചുകളില്‍ തുടര്‍ച്ചയായി പിഴയ്ക്കുന്നു. ഇംഗ്ളണ്ട് പര്യടനത്തിനുശേഷം കൌണ്ടി ക്രിക്കറ്റില്‍ കളിക്കാനായത് താരത്തിനു ഗുണകരമായേക്കും.


ബാറ്റിംഗില്‍ വിശ്വസിക്കാവുന്ന താരങ്ങളില്ലെന്നതു ഡെങ്കന്‍ ഫ്ളച്ചറുടെ നെഞ്ചിടിപ്പേറ്റും. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍- മുരളി വിജയ് സഖ്യത്തില്‍ തുടങ്ങുന്നു ഇന്ത്യന്‍ വേവലാതികള്‍. മധ്യനിരയ്ക്കു കരുത്തുപകരാന്‍ സുരേഷ് റെയ്നയെ വെള്ളക്കുപ്പായം അണിയിച്ചു ടെസ്റ് ബാറ്റ്സ്മാനാക്കുകയാണ് സെലക്ടര്‍മാര്‍ ചെയ്തത്. ഇത് എത്രമാത്രം വിജയിക്കുമെന്നു കണ്ടറിയാം. സുബ്രഹ്മണ്യം ബദരീനാഥും സെവാഗുമടക്കം ഓസീസ് പിച്ചുകളില്‍ കളിച്ചു പരിചയമുള്ള താരങ്ങളെ ഒഴിവാക്കിയത് ബാറ്റിംഗ് നിരയെ ദുര്‍ബലപ്പെടുത്തും. അജിങ്ക്യ രഹാനെയുടെ ബാറ്റിംഗ് പാടവത്തില്‍ ഇന്ത്യക്കു വിശ്വസിക്കാമെന്ന് അടുത്തകാലത്തെ പ്രകടനങ്ങള്‍ സൂചിപ്പിക്കുന്നു. ടെസ്റ് ക്യാപ് അണിഞ്ഞിട്ടില്ലാത്ത 22-കാരന്‍ ലോഗേഷ് രാഹുലും നമന്‍ ഓജയും ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയയില്‍ നടന്ന എ ടീമുകളുടെ പരമ്പരയില്‍ മികവ് പുറത്തെടുത്തിരുന്നു.

ബൌളിംഗില്‍ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷാമിയുമെല്ലാം കങ്കാരു മണ്ണില്‍ ആദ്യമായിട്ടാണ് ടെസ്റ് കളിക്കുന്നത്. പേസര്‍മാരില്‍ ആകെയുള്ള അനുഭവസ്ഥന്‍ വല്ലപ്പോഴും മാത്രം ഫോമിലെത്തുന്ന ഇഷാന്ത് ശര്‍മയാണ്. അരങ്ങേറ്റ പരമ്പരയില്‍ റിക്കി പോണ്ടിംഗിനെ വെള്ളംകുടിപ്പിച്ച പയ്യനില്‍ നിന്നും ഈ പൊക്കക്കാരന്റെ പ്രകടനനിലവാരം താഴോട്ടാണ്. പിന്നെയുള്ളത് 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന വരുണ്‍ ആരോണും ഉമേഷ് യാദവുമാണ്. ഇരുവരും കൂടി കളിച്ചത് 25 ടെസ്റ്റില്‍ താഴെ മാത്രം. സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ അശ്വിന്‍ പഴയപോലെ അപകടകാരിയല്ലെങ്കിലും ഇവിടത്തെ സാഹചര്യത്തില്‍ സ്ളോ ബൌളര്‍മാര്‍ക്കു കാര്യമായ പ്രസക്തിയില്ല.

വീര്യം ചോര്‍ന്ന കങ്കാരു...

ഇന്ത്യന്‍ ടീമുമായി തട്ടിച്ചുനോക്കുമ്പോള്‍ ആതിഥേയര്‍ക്കു തന്നെയാണ് കളിമികവില്‍ മാര്‍ക്ക് കൂടുതല്‍. പാക്കിസ്ഥാനോട് അടുത്തകാലത്ത് വന്‍തോല്‍വി ഏറ്റുവാങ്ങിയത് മാറ്റിനിര്‍ത്താം. സ്വന്തം നാട്ടില്‍ അവര്‍ അപകടകാരികള്‍ തന്നെ. സ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും പോലെ പ്രഗത്ഭരായ യുവതാരങ്ങള്‍ അവര്‍ക്കുണ്ട്. ബൌളിംഗില്‍ മിച്ചല്‍ സ്റാര്‍ക്ക് മിച്ചല്‍ ജോണ്‍സണ്‍, പീറ്റര്‍ സിഡില്‍, മിച്ചല്‍ സ്റാര്‍ക്ക് ഇന്ത്യയെ പരീക്ഷിക്കാന്‍ പോന്ന പേസര്‍മാരും നിരവധി. ടെസ്റ്റ് പരമ്പരയിലെ ഫലം എന്തുതന്നെയായാലും ലോകകപ്പിനു മുമ്പ് അതേ വേദികളില്‍ കളിക്കാനാകുന്നത് ഇന്ത്യക്കു തീര്‍ച്ചയായും ഗുണകരമാകും.

വാല്‍ക്കഷണം: ലോകകപ്പ് പ്രമാണിച്ച് ഓസ്ട്രേലിയന്‍ പിച്ചുകളെല്ലാം ബാറ്റിംഗ് അനുകൂലമായി മാറ്റപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ 2011-12 പര്യടനത്തിലെപ്പോലെ 4-0ത്തിന്റെ സമ്പൂര്‍ണതോല്‍വി ഭയപ്പെടേണ്ടിവരില്ലെന്നു പ്രതീക്ഷിക്കാം.

ഇന്ത്യന്‍ ടീം പുറപ്പെട്ടു

മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ യാത്ര തിരിച്ചു. പരിക്കുമൂലം ആദ്യടെസ്റില്‍ കളിക്കുന്നില്ലാത്ത നായകന്‍ എം.എസ്. ധോണി സംഘത്തിനൊപ്പമില്ല. ധോണി രണ്ടാംടെസ്റ്റിനു മുന്നോടിയായി ടീമിനൊപ്പം ചേരും. ഡിസംബര്‍ നാലിനു ബ്രിസ്ബെയ്നിലാണ് ആദ്യടെസ്റ്. 24നു ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ ദ്വിദിന പരിശീലനമത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. അഡ്ലെയ്ഡ് (ഡിസംബര്‍ 12-16), മെല്‍ബണ്‍ (26-30), സിഡ്നി (ജനുവരി 3-7), എന്നിവിടങ്ങളിലാണ് അവശേഷിച്ച മത്സരങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.