ബൌണ്‍സര്‍ തലയ്ക്കേറ്റ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഫിലിപ് ഹ്യൂസ് അത്യാസന്നനിലയില്‍
ബൌണ്‍സര്‍ തലയ്ക്കേറ്റ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഫിലിപ് ഹ്യൂസ് അത്യാസന്നനിലയില്‍
Wednesday, November 26, 2014 11:14 PM IST
സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസ് അത്യാസന്നനിലയില്‍. ഓസ്ട്രേലിയന്‍ ഫസ്റ് ക്ളാസ് ലീഗായ ഷെഫീല്‍ഡ് ഷീല്‍ഡ് കപ്പില്‍ ന്യുസൌത്ത് വെയ്ല്‍സിനെതിരേ ബാറ്റ് ചെയ്യുമ്പോഴാണ് സൌത്ത് ഓസ്ട്രേലിയയ്ക്കായി ബാറ്റു ചെയ്യുകയായിരുന്ന ഫ്യൂസിനു പരിക്കേറ്റത്. സീന്‍ അബോട്ട് എറിഞ്ഞ പന്ത് ഹ്യൂസിന്റെ ഇടതു ചെവിയുടെ താഴെയായി കൊള്ളുകയായിരുന്നു. ബോധം കെട്ടു വീണ താരത്തെ ഉടന്‍തന്നെ ആംബുലന്‍സില്‍ സിഡ്നി സെന്റ് വിന്‍സെന്റ് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിച്ച ഉടന്‍ അടിയന്തര ശസ്ത്രക്രിയ നടത്തി.

എന്നാല്‍ ഹ്യൂസിന്റെ നില ഇപ്പോഴും അപകടകരമായി തുടരുകയാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതായി ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് ജെയിംസ് സതര്‍ലാന്‍ഡ് വെളിപ്പെടുത്തി. നാലുദിന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണ ഓസ്ട്രേലിയയ്ക്കായി ബാറ്റിംഗ് ഓപ്പണ്‍ തുറന്ന ഹ്യൂസ് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നു. ദേശീയ ടീമിലേക്കു മടങ്ങിയെത്തുമെന്ന പ്രതീക്ഷയില്‍ ഫിലിപ് ഹ്യൂസ് അതിമനോഹരമായി ബാറ്റ് ചെയ്തു.

എതിര്‍ടീമില്‍ ഷെയ്ന്‍ വാട്സണ്‍, ഡേവിഡ് വാര്‍ണര്‍, ബ്രാഡ് ഹാഡിന്‍ തുടങ്ങി പ്രമുഖരെല്ലാമുണ്ട്. രണ്ടിനു 136 എന്ന ശക്തമായ നിലയിലാണ് ദക്ഷിണ ഓസ്ട്രേലിയ. ഇന്ത്യക്കെതിരായ ടെസ്റ് പരമ്പരയില്‍ ടീമിലെത്തുമെന്നു കരുതിയിരുന്ന താരമാണ് ഫിലിപ് ഹ്യൂസ്.

ദുരന്തം വന്ന വഴി

ഓസ്ട്രേലിയന്‍ പ്രാദേശികസമയം 2.23: സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ടില്‍ ഷെഫീല്‍ഡ് ഷീല്‍ഡ് ഫസ്റ് ക്ളാസ് മത്സരത്തിന്റെ ആദ്യദിനം. ടോസ് നേടിയ ദക്ഷിണ ഓസ്ട്രേലിയയുടെ ബാറ്റിംഗ് പുരോഗമിക്കുന്നു. ഓപ്പണര്‍ ഫിലിപ്പ് ഹ്യൂസും ടോം കൂപ്പറുമാണ് ക്രീസില്‍.

48.3-ാം ഓവറിലെ മൂന്നാമത്തെ പന്ത് യുവ ഫാസ്റ് ബൌളര്‍ സീന്‍ അബോട്ട് എറിയുന്നു. മികച്ച പേസും ബൌണ്‍സുമുള്ള പന്ത് ഹുക്ക് ചെയ്യാനുള്ള ഇടംകൈയനായ ഹ്യൂസിന്റെ ശ്രമം പിഴച്ചു. തലയില്‍ ഇടതുവശത്തു ചെവിക്കു താഴെ പന്ത് കൊണ്ടതോടെ ഹ്യൂസ് ഒരുനിമിഷം രണ്ടുകൈകൊണ്ടും തലയില്‍ കൈവെച്ചു നിന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പിച്ചിലേക്കു വീണു. മറുവശത്തു ബാറ്റു ചെയ്യുകയായിരുന്ന മുന്‍ നെതര്‍ലന്‍ഡ് താരം ടോം കൂപ്പറും ദേശീയ ടീമിലെ സഹതാരവും ഡേവിഡ് വാര്‍ണറുമടക്കമുള്ള ന്യുസൌത്ത് വെയ്ല്‍സ് ടീമിലെ താരങ്ങള്‍ ഓടിയെത്തി. സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ ന്യൂസൌത്ത് വെയില്‍സിന്റെ ടീം ഡോക്ടര്‍ ജോണ്‍ ഓര്‍ചാര്‍ഡും ഫസ്റ് എയ്ഡ് ബോക്സുമായി പാഞ്ഞെത്തി.

2:33 ആംബുലന്‍സ് എത്തിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്കുന്നു. ഇതിനിടെ ശ്വാസഗതി മന്ദീഭവിച്ച താരത്തിനു ഡോക്ടര്‍ ജോണ്‍ ഓര്‍ചാര്‍ഡ് വായിലൂടെ കൃത്രിമശ്വാസം നല്കി. സഹതാരങ്ങള്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് പാഡ് അഴിച്ചുമാറ്റി.

2.50: അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളുമായി മെഡിവാക് ഹെലികോപ്ടര്‍ സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ടിന്റെ മധ്യത്തിലിറങ്ങി. ഈ സമയം തന്നെ മൂന്ന് ആംബുലന്‍സുകളും എത്തിച്ചേര്‍ന്നു. മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുന്നു.

3.05 : ഇതിനിടെ ഹ്യൂസിന് കൃത്രിമശ്വാസം നല്കാനുള്ള ശ്രമം വിജയിക്കുന്നു. അബോധാവസ്ഥയിലാണെങ്കിലും സ്വന്തമായി ശ്വാസമെടുക്കാന്‍ ഹ്യൂസിനു കഴിയുന്നു. ഹെലികോപ്ടറില്‍ ആശുപത്രിയിലേക്കു പോകുന്നത് സമയനഷ്ടമുണ്ടാകുമെന്ന നിഗമനത്തിനിടെ താരത്തെയും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് തൊട്ടടുത്തുള്ള സെന്റ് വിന്‍സന്റ് ആശുപത്രിയിലേക്കു നീങ്ങി.

3.30: സെന്റ് വിന്‍സന്റ് ആശുപത്രിയിലെത്തിച്ചപ്പോള്‍ അബോധവാസ്ഥയിലായിരുന്നു ഹ്യൂസ്. ഉടന്‍ തന്നെ അടിയന്തിരശസ്ത്രക്രിയ നടത്താന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം തീരുമാനിച്ചു. ഹ്യൂസിന്റെ തലയുടെ സ്കാനിംഗ് ഇതിനിടെ പൂര്‍ത്തിയായിരുന്നു.

4:30 ഓസ്ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ളാര്‍ക്ക് അടക്കമുള്ള താരങ്ങള്‍ വിവരമറിഞ്ഞ് ആശുപത്രിയിലെത്തി. വിവിധ മാധ്യമങ്ങളും ആരാധകരും താരത്തിന്റെ പുരോഗതി അറിയാന്‍ ആശുപത്രിയിലേക്ക്. ഇതിനിടെ ആദ്യത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടും എത്തി. ഐസിയുവിലുള്ള ഹ്യൂസ് കോമ അവസ്ഥയിലാണെന്നും 24 മണിക്കൂര്‍ കഴിയാതെ ഒന്നും പറയാനാവില്ലെന്നും ഡോക്ടര്‍മാര്‍.

രാത്രി 9.00: ഹ്യൂസിനു ലോകത്തു നിലവിലുള്ള ഏറ്റവും മികച്ച ചികിത്സ നല്കുമെന്നും കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ജെയിംസ് സതര്‍ലന്‍ഡ് പറഞ്ഞു. പെട്ടെന്നുള്ള ആഘാതമായിരിക്കാം ഹ്യൂസ് അബോധാവസ്ഥയിലാകാന്‍ കാരണമെന്നും താരത്തിനു തലച്ചോറിനു കാര്യമായ പ്രശ്നമുണ്ടാകാന്‍ സാധ്യതയില്ലെന്നും ഓസ്ട്രേലിയന്‍ കോളജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ ഡയറക്ടര്‍ ആന്റണി ക്രോസിന്റെ വിലയിരുത്തല്‍ ആശുപത്രിയിലെ പിരിമുറുക്കത്തിനു അയവുവരുത്തുന്നു.

ഹ്യൂസ്: പ്രതിഭയുടെ കൈയൊപ്പ്

കുത്തിയുയര്‍ന്നു നെഞ്ചിനുനേരെ വരുന്ന പന്തുകള്‍ ഫിലിപ്പ് ജോയല്‍ ഹ്യൂസിനു എന്നും ദൌര്‍ബല്യമായിരുന്നു. പ്രതിഭയുടെ കൈയൊപ്പുള്ള ഈ ഇടംകൈയന്‍ താരത്തെ പലപ്പോഴും ഓസ്ട്രേലിയന്‍ ടീമിനു പുറത്തുനിറുത്തിയതും ഷോര്‍ട്ട് പിച്ച് പന്തുകളോടുള്ള അയിത്തം തന്നെ. നിര്‍ഭാഗ്യമെന്നു പറയപ്പെട്ട കരിയറിന്റെ നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കേ ജീവിതംതന്നെ തുലാസിലാക്കിയേക്കാവുന്ന പരിക്കിനും കാരണം ഈ പോരായ്മ തന്നെ.


2007ല്‍ 19-ാം വയസില്‍ ന്യുസൌത്ത് വെയ്ല്‍സ് ടീമില്‍ എത്തപ്പെട്ട കാലം മുതല്‍ ബൌണ്‍സി പന്തുകള്‍ ഹ്യൂസെന്ന ക്രിക്കറ്ററുടെ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു. 2011ലെ ന്യുസിലന്‍ഡിന്റെ ഓസീസ് പര്യടനത്തിന്റെ പാതിവഴിയില്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടു ഹ്യൂസ്. തുടര്‍ച്ചയായ നാല് ഇന്നിംഗ്സുകളില്‍ കിവി ഫാസ്റ് ബൌളര്‍ ക്രിസ് മാര്‍ട്ടിന്റെ ബൌണ്‍സും വേഗവുമൊത്തുചേര്‍ന്ന പന്തുകള്‍ക്കു മുന്നില്‍ കീഴടങ്ങേണ്ടിവന്നു. അതും സ്ളിപ്പില്‍. ഷോര്‍ട്ട് പന്തുകളോടുള്ള അയിത്തമൊഴിച്ചാല്‍ ഓസീസ് ക്രിക്കറ്റിലെ നാളെയുടെ താരങ്ങളിലൊരാളെന്നു നിസംശയം പറയാവുന്ന താരമാണ് ഫിലിപ്പ് ഹ്യൂസ്. സ്ട്രൈറ്റ് ഡ്രൈവുകളും ഫ്ളിക്ക് ഷോട്ടുകള്‍ കളിക്കുന്നതിലെ വൈദഗ്ധ്യം, ദീര്‍ഘ ഇന്നിംഗ്സുകള്‍ കളിക്കാനുള്ള ശേഷി. ഹ്യൂസിന്റെ വ്യത്യസ്തനാക്കുന്നത് ഈപ്രത്യേകതകളാണ്.

വാഴക്കര്‍ഷകന്റെ മകന്‍...

ന്യുസൌത്ത് വെയ്ല്‍സിലെ ചെറിയൊരു പട്ടണമായ മാക്സ്വില്ലെയിലാണ് ഫിലിപ്പ് ഹ്യൂസിന്റെ ജനനം. വാഴക്കര്‍ഷകനായ ഗ്രഹിന്റെയും ഇറ്റലിക്കാരിയായ വെര്‍ജിനിയയുടെയും മകന്‍. 1987ല്‍ ഓസ്ട്രേലിയ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് നേടിയതിന്റെ തൊട്ടടുത്തവര്‍ഷം ജനനം. ക്രിക്കറ്റ് ആവേശത്തിലലിഞ്ഞ ഓസീസ് യുവത്വത്തിനൊപ്പം കൊച്ചുഫിലിപ്പും വളര്‍ന്നു. 12-ാം വയസില്‍ പ്രാദേശിക ക്രിക്കറ്റ് ക്ളബായ ആര്‍എസ്എല്‍ ടീമിന്റെ എ ഗ്രേഡ് താരമാകാന്‍ കഴിഞ്ഞത് പ്രതിഭയ്ക്കുള്ള അംഗീകാരമായി. 17-ാം വയസില്‍ പ്രഫഷണല്‍ ക്രിക്കറ്റില്‍ കൂടുതല്‍ ഉയരങ്ങള്‍ തേടി സിഡ്നിയിലേക്കു കുടിയേറി. ഇവിടെ ഹോംബുഷ് ബോയ്സ് ടീമില്‍ കളിക്കുമ്പോള്‍ 2007ലെ അണ്ടര്‍-19 ലോകകപ്പ് ടീമിലേക്കുള്ള വിളിയെത്തി. ജൂണിയര്‍ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം ന്യൂസൌത്ത് വെയ്ല്‍സിന്റെ സെലക്ടര്‍മാരുടെ ശ്രദ്ധയിലുമെത്തി.

ന്യൂസൌത്ത് വെയ്ല്‍സ് ക്രിക്കറ്റ് ടീമിന്റെ പ്രഫഷണല്‍ കരാര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. ഇക്കാര്യത്തില്‍ അദ്ദേഹം പിന്നിലാക്കിയത് ഇപ്പോഴത്തെ ഓസീസ് നായകന്‍ മൈക്കിള്‍ ക്ളാര്‍ക്കിനെ.


സംപൂജ്യനായി തുടക്കം...

2009ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഞെട്ടിയവരുടെ കൂട്ടത്തിലെ പ്രധാനി ഫിലിപ്പ് ഹ്യൂസ് തന്നെയായിരുന്നു. കാരണം യുവതാരങ്ങളെ ചെറിയ പ്രായത്തിലെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പരീക്ഷണങ്ങളിലേക്കു തള്ളിവിടുന്നതായിരുന്നില്ല ഓസീസ് രീതി. മഖായ എന്‍ടിനിയും ഡെയ്ല്‍ സ്റൈയ്നുമടങ്ങുന്ന ലോകോത്തര പേസ് നിരയ്ക്കെതിരേ ഇന്നിംഗ്സ് തുറക്കാന്‍ ഹ്യൂസിനെ നിയോഗിച്ചതിനെതിരേ അലന്‍ ബോര്‍ഡറടക്കമുള്ള താരങ്ങളും രംഗത്തുവന്നു.

ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നാലാംപന്തില്‍ തന്നെ സ്റെയ്നിന്റെ പേസിനു പൂജ്യനായി മടങ്ങാനായിരുന്നു മാത്യു ഹെയ്ഡനു പകരം ടീമിലെത്തിയ യുവതാരത്തിന്റെ വിധി. എന്നാല്‍ രണ്ടാംഇന്നിംഗ്സില്‍ കഥമാറി. 75 റണ്‍സോടെ ടീമിന്റെ ടോപ്സ്കോററായി. തൊട്ടടുത്ത ടെസ്റ്റില്‍ ഡര്‍ബനില്‍ കന്നിസെഞ്ചുറിയും കുറിച്ചു.

രാജകീയമായിരുന്നു ഏകദിന അരങ്ങേറ്റം. മെല്‍ബണില്‍ ശ്രീലങ്കയ്ക്കെതിരേ തകര്‍പ്പന്‍ സെഞ്ചുറി (129 പന്തില്‍ 112 റണ്‍സ്). അരങ്ങേറ്റ ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ ഓസീസ് താരവുമായി ഈ സൌമ്യശീലന്‍. തൊട്ടടുത്ത മത്സരത്തിലും മൂന്നക്കം കടന്നതോടെ ഹ്യൂസ് ടീമിലെ സ്ഥിരസാന്നിധ്യമാകുമെന്നു കരുതിയവര്‍ ഏറെ. എന്നാല്‍ സ്റ്റീവ് സ്മിത്ത്, ഷെയ്ന്‍ വാട്സണ്‍, ആരോണ്‍ ഫിഞ്ച്... പ്രതിഭകളുടെ വിളനിലമായ ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ അതത്ര എളുപ്പമായിരുന്നു. അതാണു ഹ്യൂസിനും സംഭവിച്ചത്.

ഇന്ത്യയ്ക്കെതിരായ ടെസ്റ് പരമ്പരയില്‍ മൈക്കിള്‍ ക്ളാര്‍ക്കിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലായതോടെ ഫിലിപ് ഹ്യൂസ് ടീമിലെത്തുമെന്നു ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കളിക്കളത്തിലും ജീവിതത്തിലും കാര്യങ്ങള്‍ മാറിമറിയാന്‍ ഞൊടിയിട മതിയല്ലോ. ഒരു ചെറുപുഞ്ചിരി എപ്പോഴും സൂക്ഷിക്കുന്ന ഹ്യൂസിന്റെ ആയുസും കരിയറും നീട്ടികിട്ടട്ടെയെന്നാശിക്കാം.

ഫില്‍ ഹ്യൂസ്

മുഴുവന്‍ പേര്: ഫിലിപ്പ് ജോയല്‍ ഹ്യൂസ്
പ്രായം: 25 വയസ്
ജനനം: നവംബര്‍ 30, 1988 മാക്സ്വില്ലെ, ന്യൂസൌത്ത് വെയ്ല്‍സ്

പ്രധാന ടീമുകള്‍: ഓസ്ട്രേലിയ, ഓസ്ട്രേലിയ എ, മുംബൈ ഇന്ത്യന്‍സ്, മിഡില്‍സെക്സ്, ന്യൂസൌത്ത് വെയ്ല്‍സ്, ദക്ഷിണ ഓസ്ട്രേലിയ, ഓസ്ട്രേലിയ അണ്ടര്‍ 19
ബാറ്റിംഗ് സ്റൈല്‍: ഇടംകൈയന്‍ ബാറ്റ്സ്മാന്‍

ടെസ്റ് അരങ്ങേറ്റം : ദക്ഷിണാഫ്രിക്കയ്ക്കെതിരേ ജൊഹാനസ്ബര്‍ഗ,് 2009 ഫെബ്രുവരി 26-മാര്‍ച്ച് 2
ഏകദിന അരങ്ങേറ്റം: ശ്രീലങ്കയ്ക്കെതിരേ മെല്‍ബണില്‍ 2013 ജനുവരി 11

കരിയര്‍

മത്സരം, ഇന്നിംഗ്സ്, റണ്‍സ്, ഉയര്‍ന്ന സ്കോര്‍, ശരാശരി, സെഞ്ചുറി, അര്‍ധസെഞ്ചുറി എന്ന ക്രമത്തില്‍

ടെസ്റ് 26 -49 -1535 -160 -32.65 -3-7
ഏകദിനം 25 -24 -826 -138* -35.91 - 2- 4
ട്വന്റി- 20 -34 -1110 -87* -42.69 -0 -10
ഫസ്റ് ക്ളാസ് 114 -209 -9023 -243* -46.51 -26 -46
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.