ദേശീയ ഗെയിംസിന് നാളെ കൊടിയേറ്റം; പ്രീജ നയിക്കും
ദേശീയ ഗെയിംസിന്  നാളെ കൊടിയേറ്റം; പ്രീജ നയിക്കും
Friday, January 30, 2015 10:25 PM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: കാത്തിരുന്ന ചരിത്ര മുഹൂര്‍ത്തത്തിനു നാളെ കൊടിയേറ്റം. റാഞ്ചിയില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന ദേശീയ ഗെയിംസിനു നാളെ വൈകുന്നേരം കാര്യവട്ടം ഇന്റര്‍ നാഷണല്‍ സ്റേഡിയത്തില്‍ തുടക്കമാകുമ്പോള്‍ കേരള സമൂഹം ഒന്നാകെ ഒരേ മനസോടെ ഈ ദേശീയ കായിക മാമാങ്കത്തെ വരവേല്ക്കാന്‍ തയാറെടുത്തു. മികച്ച പോരാട്ടത്തോടെ 1987- ലെ ദേശീയ ഗെയിംസിലെ ചാമ്പ്യന്‍പട്ട പ്രകടനം ആവര്‍ത്തിക്കാനായുളള കേരള സംഘത്തെ ദീര്‍ഘ ദൂര ഓട്ടത്തിലെ മലയാളികളുടെ ഐക്കണ്‍ താരമായ പ്രീജ ശ്രീധരന്‍ നയിക്കും.

ഇന്നേക്ക് 28 വര്‍ഷങ്ങള്‍ക്കും ഒരുമാസത്തിനും 10 ദിവസങ്ങള്‍ക്കും മുമ്പ് ദേശീയ ഗെയിംസിന് ആദ്യമായി കേരളം വേദിയായപ്പോള്‍ സ്വീകരിച്ച അതേ ആവേശത്തോടെയാണ് 35-ാം ദേശീയ ഗെയിംസിനെയും മലയാളികള്‍ സ്വീകരിക്കുന്നത്.

രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള 6000-ല്‍ അധികം കായിക താരങ്ങളാണു 15 ദിവസം നീണ്ടു നില്ക്കുന്ന 32 കായിക ഇനങ്ങളിലുള്ള പോരാട്ടത്തില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഏഴു ജില്ലകളിലെ 29 വേദികളിലാണ് ദേശീയ ഗെയിംസ് നടത്തുന്നത്.

മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളുടെ സംഘം എത്തിത്തുടങ്ങി. ദേശീയ ഗെയിംസില്‍ പകുതിയിലധികം മത്സരങ്ങള്‍ക്കു വേദിയാകുന്ന തിരുവനന്തപുരത്തേക്കു താരങ്ങളുടെയും ടീം ഒഫീഷ്യലുകളുടെയും വന്‍ നിര ഇന്നലെ എത്തി. അത്ലറ്റിക്സ്, അക്വാട്ടിക്സ്, ടെന്നീസ്, സ്ക്വാഷ്, ജിംനാസ്റിക്സ്, ഹാന്‍ഡ്ബോള്‍, നെറ്റ്ബോള്‍, തായ്ക്വോന്‍ഡോ, കബഡി, ഖോ-ഖോ, സൈക്ളിംഗ്, വുഷു, ബീച്ച് ഹാന്‍ഡ് ബോള്‍, ഷൂട്ടിംഗ്, ട്രയാത്തലണ്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നവരാണ് തലസ്ഥാനത്ത് എത്തിയത്. ആന്ധ്രാപ്രദേശ്, ആസാം, ബിഹാര്‍, ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, ജമ്മുകാഷ്മീര്‍, ഗോവ, കര്‍ണ്ണാടക, മണിപ്പൂര്‍, മധ്യപ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, ഒഡീഷ, പഞ്ചാബ്, സര്‍വീസസ്, ത്രിപുര, ഉത്തര്‍ പ്രദേശ്, പശ്ചിമബംഗാള്‍ ടീമുകള്‍ തലസ്ഥാനത്ത് എത്തി.

കാഷ്മീര്‍, മണിപ്പൂര്‍, യു.പി സംസ്ഥാനങ്ങളില്‍ നിന്നുള്ളസംഘങ്ങളാണ് ആദ്യം എത്തിച്ചേര്‍ന്നത്. ഹോക്കി മത്സരങ്ങള്‍ക്കുള്ള ജാര്‍ഖണ്ഡിന്റെ ടീം ഇന്നലെ എത്തി.

റെസ്ലിംഗ് , ബാസ്കറ്റ്ബോള്‍ മത്സരങ്ങള്‍ക്കുള്ള മധ്യപ്രദേശ്, മണിപ്പൂര്‍, ജമ്മു കാഷ്മീര്‍, നാഗാലാന്റ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്,ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ് ടീമുകളും ഇന്നലെ വൈകുന്നേരത്തോടെ കണ്ണൂരിലെത്തി.

ബീച്ച് വോളിബോള്‍, വോളിബോള്‍, ഫുട്ബോള്‍, മത്സരങ്ങള്‍ക്കുള്ള പശ്ചിമബംഗാള്‍, തമിഴ്നാട്, ഛത്തീസ്ഗഡ്, ബീഹാര്‍, തെലുങ്കാന, ഉത്തരാഖണ്ഡ് ടീമുകള്‍ കോഴിക്കോട് എത്തി.

ട്രാപ്പ് ആന്‍ഡ് സ്കീറ്റ്, വനിതാ ഫുട്ബോള്‍, വെയ്റ്റ്ലിഫ്റ്റിംഗ്, ജൂഡോ, ബോക്സിംഗ് എന്നീ മത്സരങ്ങള്‍ക്കുള്ള പശ്ചിമ ബംഗള്‍, ഹരിയാന, കര്‍ണ്ണാടക, മണിപ്പൂര്‍, ഒഡീഷ, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്ടീമുകള്‍ തങ്ങളുടെ മത്സരവേദിയായ തൃശൂരിലെത്തി.

യാട്ടിംഗ,് ലോണ്‍ബോള്‍, ഫെന്‍സിംഗ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ആര്‍ച്ചറി മത്സരങ്ങള്‍ക്കുള്ള തമിഴ്നാട്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ആസാം, മേഘാലയ, മണിപ്പൂര്‍, ബിഹാര്‍, ഒഡീഷ ടീമുകള്‍ എറണാകുളത്ത് എത്തിച്ചേര്‍ന്നു. ആലപ്പുഴയില്‍ ഒഡീഷയില്‍ നിന്നുള്ള 18 പേരടങ്ങുന്ന റോവിംഗ്ടീമും 19 പേരടങ്ങുന്ന സ്പോര്‍ട്സ് കണ്‍ട്രോള്‍ ബോര്‍ഡ് സര്‍വീസസ് ടീമും എത്തി.

തിരുവനന്തപുരത്ത് കായികതാരങ്ങള്‍ക്ക് ഗെയിംസ് വില്ലേജിലാണ് താമസ സൌകര്യം ഒരുക്കിയിട്ടുള്ളത്. മറ്റു ജില്ലകളില്‍ ത്രീസ്റാര്‍ ഹോട്ടലുകള്‍കേന്ദ്രീകരിച്ചാണ് താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും താമസസൌകര്യമൊരുക്കിയിരുന്നത്. ദേശീയ ഗെയിംസില്‍ പങ്കെടുക്കേണ്ടതില്‍ പകുതിയോളം താരങ്ങള്‍ എത്തിച്ചേര്‍ന്നതായി സംഘാടക സമിതി അറിയിച്ചു.

വില്‍സണ്‍ ചെറിയാന്‍ സംഘത്തലവന്‍; കേരളത്തിന് 736 അംഗ സംഘം

തിരുവനന്തപുരം: 35-ാമത് ദേശീയ ഗെയിംസിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഒളിമ്പ്യന്‍ പ്രീജ ശ്രീധരനാണ് കേരള ടീം ക്യാപ്റ്റന്‍. 32 മത്സര ഇനങ്ങള്‍ക്കായുള്ള കേരളാ ടീമില്‍ ആകെ 736 താരങ്ങളാണ് ഉള്‍പ്പെടുന്നത്. ടീമിന്റെ തലവനായി മുന്‍ അന്താരാഷ്ട്ര നീന്തല്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ വില്‍സണ്‍ ചെറിയാനെ നിയമിച്ചു.


800 നു മുകളില്‍ അംഗങ്ങളാകും കേരള ടീമില്‍ ഉണ്ടായിരിക്കുകയെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, അവസാനവട്ടം ടീം അംഗങ്ങളുടെ എണ്ണം 736 ആയി ചുരുക്കി. അവസാന നിമിഷം 50 ഓളം കായികതാരങ്ങളെ വിവിധ ഇനങ്ങളില്‍നിന്നും ഒഴിവാക്കിയാണ് കേരളം അവസാനവട്ട ടീമിനെ പ്രഖ്യാപിച്ചത്. കേരള ടീമില്‍ ആകെ 387 പുരുഷ താരങ്ങളും 349 വനിതാ താരങ്ങളുമുണ്ട്. സംസ്ഥാനത്തിനു ഏറ്റവുമധികം മെഡല്‍ സാധ്യതയുള്ള അത്ലറ്റിക്സില്‍ പുരുഷ വനിതാ വിഭാഗങ്ങളിലായി 90 പേരും നീന്തലില്‍ 44 താരങ്ങളും മത്സരിക്കും.

കേരള സ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സിലിന്റെ കീഴില്‍ മൂന്നു ഘട്ടങ്ങളിലായി നടന്ന പരിശീലന ക്യാമ്പിലൂടെയാണ് ടീമുകളെ തെരഞ്ഞെടുത്തത്. സ്പോര്‍ട്സ് കൌണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ കുറ്റമറ്റതും വിദഗ്ധവുമായ പരിശീലനത്തിലൂടെ തെരഞ്ഞെടുത്ത ഏറ്റവും മികച്ച ടീമാണ് ദേശീയ ഗെയിംസിനായി ഇത്തവണ കേരളത്തിന്റെ ജേഴ്സി അണിയുന്നത്.

സംസ്ഥാനത്തിനു പുറത്ത് ജോലി ചെയ്യുന്ന മികച്ച മലയാളി താരങ്ങളെക്കൂടി ഉള്‍പ്പെടുത്തി കിരീട നേട്ടത്തിനായുള്ള ടീമിനെയാണ് ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്. റെയില്‍വേയുടെയും സര്‍വീസസിന്റെയും ഒഎന്‍ജിസിയുടെയും നിരവധി താരങ്ങള്‍ ഇത്തവണ കേരളത്തിനുവേണ്ടി മത്സരിക്കും. മെര്‍ലിന്‍ കെ. ജോസഫ്(റെയില്‍വേ),എസ്.സിനി (ഒഎന്‍ജിസി), ഒ.പി.ജയ്ഷ (പഞ്ചാബ്), പ്രീജ ശ്രീധരന്‍, എം.എ. പ്രജുഷ, ലിക്സി ജോസഫ്്, നിക്സി ജോസഫ്, ബിബിന്‍ മാത്യു , ജോസഫ് ജി.ഏബ്രഹാം, ജിതിന്‍ പോള്‍, എം.രഞ്ജിത്, കെ.പി.ബിമിന്‍, പിന്റോ മാത്യു(എല്ലാവരും റെയില്‍വേ) കപില്‍ ദേവ്റ, മനു ജോസഫ്, ടെറിന്‍ ആന്റണി, പൌര്‍ണ മി , സൌമ്യ (എല്ലാവരും റെയില്‍വേ) എന്നിവര്‍ വോളിബോളിലും കേരളത്തിന്റെ ജഴ്സി അണിയും. എന്‍.എ.ഷമീര്‍മോന്‍, സജീഷ് ജോസഫ് (സര്‍വീസസ്) അപര്‍ണ ബാലന്‍, പി.സി.തുളസി, എസ്.എച്ച് പ്രണോയ് ,അരുണ്‍ വിഷ്ണു (എല്ലാവരും ഒഎന്‍ജിസി) എന്നിവര്‍ ബാഡ്മിന്റണിലും രഞ്ജിത്ത് മോഹന്‍ , ബി.വിനു, ജോസഫ് ഫ്രാന്‍സിസ്, (എല്ലാവരും ബിഎസ്എഫ്), ജി. മോഹിത, മംഗളം സിംഗ, സുനില്‍കുമാര്‍, സൈമണ്‍ സിംഗ്, ഹിരണ്‍ കുമാര്‍, ശിവശങ്കരന്‍ (എല്ലാവരും ഇന്ത്യന്‍ നേവി) എന്നിവര്‍ കനോയിംഗ്, കയാക്കിംഗിലുംസംസ്ഥാനത്തിനുവേണ്ടി കളത്തിലിറങ്ങും. ബാസ്കറ്റ് ബോളില്‍ സ്മൃതിയും(റെയില്‍വേ) ജിംനാസ്റ്റിക്സില്‍ ഷിനോജും (സര്‍വീസസ്) ആതിഥേയരുടെ ജേഴ്സി അണിയും. നീന്തലില്‍ അന്താരാഷ്ട്ര താരങ്ങളായ സാജന്‍ പ്രകാശ്, അനൂപ് അഗസ്റിന്‍, ശര്‍മ എസ്.പി.നായര്‍, പൂജ ആര്‍.ആല്‍വ എന്നിവരും കേരളത്തിനുവേണ്ടി മത്സരത്തിനിറങ്ങും. ഡെപ്യൂട്ടി ചീഫ് ഡി മിഷന്‍ ആയി ഫുട്ബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഐ.എം വിജയനും രാജ്യാന്തര താരം സുഭാഷ് ജോര്‍ജുമുണ്ട്.

കേരള ടീം

അത്ലറ്റിക്സ്- 90 (46,44)
അമ്പെയ്ത്ത് 24(12,12)
ഗുസ്തി 24(16,8)
സൈക്ളിംഗ് 20(10,10)
ഭാരോദ്വഹനം 15(8,7)
യാട്ടിംഗ് 2
തായ്ക്വാണ്േടാ 16(8,8)
വുഷു 15(9,5)
ഫെന്‍സിംഗ് 24(12,12)
ജിംനാസ്റിക്സ് 16(8,8)
ബാഡ്മിന്റണ്‍ 16(8,8)
ടേബിള്‍ ടെന്നീസ് 10(5,5)
നെറ്റ്ബോള്‍ 24(12,12)
ഹോക്കി 36(18,18)
ബീച്ച് വോളി 8(4,4)
ലോണ്‍ബോള്‍ 12(7,5)
സ്ക്വാഷ് 3
ഷൂട്ടിംഗ് 19(12,7)
കനോയിംഗ് കയാക്കിംഗ് 36(18,18)
ബാസ്കറ്റ്ബോള്‍ 24(12,12)
ടെന്നീസ് 12(6,6)
നീന്തല്‍ 18(9,9)
വാട്ടര്‍പോളോ 26(13,13)
കബഡി 24(12,12)
ഖോ-ഖോ 24(12,12)
റഗ്ബി 24(12,12)
ട്രയാത്തലണ്‍ 8(4,4)
ബീച്ച് ഹാന്‍ഡ്ബോള്‍ 20(10,10)
ഹാന്‍ഡ്ബോള്‍ 32(16,16)
വോളിബോള്‍ 24(12,12)
ഫുട്ബോള്‍ 40(20,20)
ജൂഡോ 14(7,7)
റോവിംഗ് 23(14,9)
ബോക്സിംഗ് 13(10,3)

ആകെ 736
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.