സ്വര്‍ണം നീന്തിയെടുത്തു കേരളം
സ്വര്‍ണം നീന്തിയെടുത്തു കേരളം
Monday, February 2, 2015 12:22 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നീന്തല്‍ക്കുളത്തില്‍നിന്നു സ്വന്തമാക്കിയ രണ്ടു സ്വര്‍ണത്തിന്റെ പിന്‍ബലത്തില്‍ 35-ാം ദേശീയ ഗെയിംസിന്റെ ആദ്യദിനം കേരളം മെഡല്‍പ്പെട്ടികയില്‍ രണ്ടാം സ്ഥാനത്ത്. രണ്ടു സ്വര്‍ണവും ഒരു വെള്ളിയും മൂന്നു വെങ്കലവുമാണു കേരളം ഇന്നലെ സ്വന്തമാക്കിയത്. അതില്‍ രണ്ടു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നീന്തല്‍ക്കുളത്തില്‍നിന്നാണ്. അഞ്ചു സ്വര്‍ണം കരസ്ഥമാക്കിയ ഹരിയാനയാണു തലപ്പത്ത്.

നീന്തല്‍ക്കുളത്തില്‍ ഇന്നലെ നടന്ന ആറു ഫൈനലുകളില്‍ അഞ്ചിലും റിക്കാര്‍ഡ് പിറന്നു. പുരുഷവിഭാഗം 100 മീറ്റര്‍ ബട്ടര്‍ ഫ്ളൈസ്ട്രോക്കില്‍ സാജന്‍ പ്രകാശും 4-100 മീറ്റര്‍ ഫ്രീ സ്റൈല്‍ റിലേയി ല്‍ സാജന്‍ പ്രകാശ്, എസ്.പി ശര്‍, ആനന്ദ് അനില്‍കുമാര്‍, അരുണ്‍ ശിവന്‍കുട്ടി എന്നിവരുള്‍പ്പെട്ട കേരളാ സംഘവും റിക്കാര്‍ഡോടെ സ്വര്‍ണനേട്ടം സമ്മാനിച്ചു.

പുരുഷവിഭാഗം 200 മീറ്റര്‍ ഫ്രീസ്റൈലില്‍ സാജന്‍ പ്രകാശ് (വെള്ളി), വനിതാ വിഭാഗം 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ പൂജാ ആര്‍.ആല്‍വ, വനികളുടെ 4-100 മീറ്റര്‍ ഫ്രീ സ്റൈല്‍ റിലേയില്‍ ജോ മി ജോര്‍ജ്, പ്രിയാ ചന്ദ്രന്‍, സന്ധ്യ സിന്ധു, ഗുല്‍നാസ് റൌഫ് എന്നിവരുള്‍പ്പട്ട സംഘത്തിന്റെ വെങ്കലനേട്ടം എന്നിവ കേരളത്തിന് മെഡല്‍ സമ്മാനിച്ചു.

കേരളം ഇന്നലെ നേടിയ അവസാന വെങ്കലം പുരുഷന്‍മാരുടെ 56 കിലോഗ്രാം വിഭാഗം വെയ്റ്റ് ലിഫ്റ്റിംഗില്‍ മോഹന്‍സുന്ദരത്തിലൂടൊണ്. കഴിഞ്ഞ ദേശീയ ഗെയിംസിലെ ചാമ്പ്യന്‍മാരായ സര്‍വീസ സിന് ആദ്യദിനം ഒരുമെഡല്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. മീറ്റിലെ പ്രധാന മത്സര ഇന മായ ഷൂട്ടിംഗിന് ഇന്നു തിരുവനന്തപുരം വട്ടിയൂര്‍കാവില്‍ തുടക്കമായും.


സുവര്‍ണ മത്സ്യമായി സാജന്‍


തിരുവനന്തപുരം: ആദ്യ ദിനം റിക്കാര്‍ഡുകളോടെ നീന്തല്‍കുളം ഉണര്‍ന്നു. ആകെ നടന്ന ആറു മത്സര ഇനങ്ങില്‍ അഞ്ചിലും പിരപ്പന്‍കോട് നീന്തല്‍ക്കുളം റിക്കാര്‍ഡിന് സാക്ഷ്യം വഹിച്ചു. കേരളത്തിനു റിക്കാര്‍ഡോടെ മെഡലുകള്‍ സമ്മാനിച്ച് സാജന്‍ പ്രകാശും സംഘവും അക്വാട്ടിക് കോംപ്ളക്സില്‍ തിങ്ങിനിറഞ്ഞ മലയാളികള്‍ക്ക് ആവേശമായി. നീന്തല്‍ക്കുളത്തില്‍ നിന്ന് രണ്ടു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ അഞ്ചു മെഡലുകളാണ് ഇന്നലെ മലയാളികളുടെ സമ്പാദ്യം.

പുരുഷവിഭാഗം 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ റിക്കാര്‍ഡോടെ സ്വര്‍ണവും 200 മീറ്റര്‍ ഫ്രീ സ്റൈലില്‍ വെള്ളിനേട്ടവുമാണ് സാജന്‍ പ്രകാശെന്ന 21 കാരന്‍ കേരളത്തിന്റെ അക്കൌണ്ടിലെത്തിച്ചത്.

നീന്തല്‍ക്കുളത്തിന്റെ ഓളപ്പരപ്പുകളെ വകഞ്ഞുമാറ്റി ആദ്യമത്സര ഇനമായ പുരുഷന്‍മാരുടെ 200 മീറ്റര്‍ ഫ്രീസ്റൈലില്‍ മധ്യപ്രദേശിന്റെ ആരോണ്‍ ഡിസൂസ ഒരു മിനിറ്റ് 52.06 സെക്കന്‍ഡിനു ഫിനിഷ് ചെയ്തപ്പോള്‍ 2011 -ല്‍ റാഞ്ചിയില്‍ മഹാരാഷ്ട്രയുടെ വീര്‍ ധവാല്‍ ഘാഡെ സ്ഥാപിച്ചിരുന്ന ഈ ഇനത്തിലെ ഒരു മിനിറ്റ് 53.91 സെക്കന്‍ഡ് എന്ന റിക്കാര്‍ഡ് പഴങ്കഥയായി. ഗാലറിയിലിരുന്ന മലയാളികളുടെ മുഴുവന്‍ പിന്തുണയോടെയും ഒപ്പത്തിനൊപ്പം പോരാട്ടം നടത്തിയ മലയാളി സാജന്‍ പ്രകാശ് റിക്കാര്‍ഡ് മറികടക്കുന്ന പ്രകടനവുമായി ഒരുമിനിറ്റ് 5.27 സെക്കന്‍ഡില്‍ ഈ ഇനത്തില്‍ വെള്ളിനേട്ടത്തിന് ഉടമയായി. അവസാന 50 മീറ്ററില്‍ ആരോണ്‍ ഡിസൂസയുമായി ശക്തമായ പോരാട്ടമാണ് സാജന്‍ കാഴ്ച്ചവച്ചത്. കേരളത്തിന്റെ മെഡല്‍വേട്ടയ്ക്കു സാജനിലൂടെ തുടക്കമായി. മഹാരാഷ്ട്രയുടെ സൌരവ് സാങ്വെല്‍ (ഒരുമിനിറ്റ് 54.58) വെങ്കല മെഡലിനുടമയായി.

പുരുഷ വിഭാഗപോരാട്ടവീര്യത്തിന്റെ അതേ ആവേശം ഉള്‍ക്കൊണ്ടാണ് വനിതകളും സ്വിമ്മിംഗ് പൂളിലേയ്ക്ക് ഇറങ്ങിയത്. തുടക്കം മുതലുളള ശക്തമായ മേധാവിത്വത്തിലൂടെ ഹരിയാനയുടെ ശിവാനി ഘട്ടാരിയ രണ്ടുമിനിറ്റ് 07.46 സെക്കന്‍ഡിനു 200 മീറ്റര്‍ ഫിനിഷ് ചെയതപ്പോള്‍ ഡല്‍ഹിയുടെ റിച്ചാ മിര്‍സ 2011-ല്‍ സ്ഥാപിച്ച രണ്ടു മിനിറ്റ് 09.53 സെക്കന്‍ഡ് റിക്കാര്‍ഡ് ബുക്കില്‍ നിന്നും മാഞ്ഞു. മഹാരാഷ്ട്രയുടെ മോണിക് ഗാന്ധി (2:09.44) വെള്ളിയും കര്‍ണാടയുടെ വി. മാളവിക വെങ്കലവും നേടി.

കേരളം കാത്തിരുന്ന സുവര്‍ണനേട്ടത്തിനായുള്ള മത്സരമായിരുന്നു അടുത്തത്. പുരുഷവിഭാഗം 100 മീറ്റര്‍ ബട്ടര്‍ ഫ്ളൈ സ്ട്രോക്ക്. ലൈന്‍ നമ്പര്‍ മൂന്നില്‍ കേരളത്തിന്റെ സാജന്‍ പ്രകാശ്. നാലാം ലൈനില്‍ മഹാരാഷ്ട്രയുടെ സുപ്രിയ മൊണ്ടല്‍. തുടക്കം മുതല്‍ അതിശക്തമായ പോരാട്ടം. 55.03 സെക്കന്‍ഡില്‍ സാജന്‍ 100 മീറ്റര്‍ പിന്നിട്ടപ്പോള്‍ കേരളത്തിന് സുവര്‍ണനേട്ടത്തിനൊപ്പം റിക്കാര്‍ഡും. മഹാരാഷ്ട്രയുടെ വീര്‍ ധവാല്‍ ഘാഡെ 2011-ല്‍ സ്ഥാപിച്ച 55.56 സെക്കന്‍ഡാണ് സാജന്‍ തിരുത്തിയത്. സുപ്രിയ മൊണ്ടല്‍ റിക്കാര്‍ഡ് മറികടന്ന പ്രകടനം നടത്തി (55.18 സെക്കന്‍ഡ്) വെള്ളിയും മധ്യപ്രദേശിന്റെ ആരോണ്‍ ഡിസൂസ (55.33) വെങ്കലവും നേടി. വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ ഫ്ളൈയില്‍ മധ്യപ്രദേശിന്റെ റിച്ചാ മിശ്ര (1: 05.38) സ്വര്‍ണവും മഹാരാഷ്ട്രയുടെ ജോത്സന പനേസര്‍ (1:05.46) വെള്ളിയും കേരളത്തിന്റെ പൂജ ആര്‍. ആല്‍വ (1:05.49) വെങ്കലവും നേടി.

4-100 മീറ്റര്‍ പുരുഷവിഭാഗം ഫ്രീ സ്റൈല്‍ റിലേയില്‍ കേരളം റിക്കാര്‍ഡോടെ സ്വര്‍ണം നേടി. സാജന്‍ പ്രകാശ്, ആനന്ദ്, എസ്. അരുണ്‍, എസ്.പി ശരണ്‍ എന്നിവരടങ്ങിയ സംഘം മൂന്നു മിനിറ്റ് 32.31 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ റിക്കാര്‍ഡും തിരുത്തപ്പെട്ടു. ഈ ഇനത്തില്‍ മഹാരാഷ്ട്ര വെള്ളിയും സര്‍വീസസ് വെങ്കലവും നേടി. വനിതാ വഭാഗം 4-100 മീറ്റര്‍ റിലേയില്‍ മഹാരാഷ്ട്ര റിക്കാര്‍ഡോടെ സ്വര്‍ണം (4:12.40) നേടിയപ്പോള്‍ കേരളാ വനിതകള്‍ മൂന്നാം സ്ഥാനത്തെത്തി. കര്‍ണാകടയ്ക്കാണ് ഈയിനത്തില്‍ വെള്ളി.



കേരളത്തിനു വിജയത്തുടക്കം

വി. മനോജ്

കോഴിക്കോട്: ദേശീയ ഗെയിംസ് പുരുഷ വിഭാഗം ഫുട്ബോളില്‍ ആതിഥേയരായ കേരളത്തിനു ജയം. ശക്തരായ മഹാരാഷ്ട്രയെ ഒന്നിനെതിരേ രണ്ടു ഗോളിനു തോല്‍പ്പിച്ചു മൂന്നു പോയിന്റ് നേടിയാണ് കേരളം വിജയമുറപ്പിച്ചത്.

കേരളം ഉള്‍പ്പെട്ട എ ഗ്രൂപ്പിലെ ആദ്യമത്സരത്തില്‍ തമിഴ്നാടിനെ ആറു ഗോളുകള്‍ക്കു തോല്‍പ്പിച്ച ഗോവയ്ക്കും മൂന്നു പോയിന്റ് ലഭിച്ചു. ഗ്രൂപ്പില്‍ നിന്നു രണ്ടു ടീമുകളാണ് സെമിയില്‍ കടക്കുകയെന്നുള്ളതിനാല്‍ മൂന്നിനു നടക്കുന്ന തമിഴ്നാട് - കേരളം മത്സരം കേരളത്തിനു ഏറെ അനുകൂലമായി. ഇന്നു ബി ഗ്രൂപ്പില്‍ വൈകുന്നേരം നാലിനു മിസോറാം ബംഗാളിനെയും രാത്രി ഏഴിനു പഞ്ചാബ് സര്‍വീസസിനെയും നേരിടും.

മുപ്പത്തിയെട്ടാം മിനിറ്റിലാണ് കേരളം കാത്തിരുന്ന ഗോള്‍ പിറന്നത്. മൈതാനഭാഗത്തു നിന്നെത്തിയ പന്തുമായി മുന്നേറിയ കേരളത്തിന്റെ ജോബിജസ്റ്റിന്‍ എതിര്‍ബോക്സിലേക്കു കടന്ന നിമിഷത്തില്‍ ഓടിയെത്തിയ മഹാരാഷ്ട്രയുടെ മലയാളി ഗോളി കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.കെ ഉബൈദ് ജോബി ജസ്റ്റിനെ വീഴ്ത്തിയതിനു ഗോളിക്കു മഞ്ഞക്കാര്‍ഡു ലഭിച്ചു. തുടര്‍ന്നു ലഭിച്ച പെനാല്‍റ്റി ഉസ്മാന്‍ ആഷിക്ക് ശക്തമായ ഷോട്ടിലൂടെ മഹാരാഷ്ട്രയുടെ ഗോള്‍ വല ചലിപ്പിച്ചു. (1-0). അറുപത്തിനാലാം മിനിറ്റില്‍ കേരളം രണ്ടാം ഗോള്‍ നേടി. ഗോളി ഉബൈദിന്റെ കൈകള്‍ക്കിടയിലൂടെ വഴുതിയ പന്ത് ഓടിയെത്തിയ ജോബിജസ്റ്റിന്‍ ഗോളാക്കി. (2-0). അറുപത്തിയൊമ്പതാം മിനിറ്റില്‍ കേരളത്തിന്റെ പ്രതിരോധ പിഴവു മുതലെത്ത ഷബാബ് പഠാന്‍ മഹാരാഷ്ട്രയുടെ ആശ്വാസ ഗോള്‍ നേടി.

തലൈവാസലിന്റെ പൊന്നോമന

തിരുവനന്തപുരം: നീന്തല്‍കുളത്തില്‍ നിന്നും മകള്‍ മെഡല്‍ നേട്ടം സ്വന്തമാക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ തമിഴ് സിനിമാ താരം തലൈവാസല്‍ വിജയും തലസ്ഥാനത്ത്. മകള്‍ ജയവീണ നീന്തല്‍ക്കുളത്തിലെ താരമാകുന്നത് നേരിട്ടു വീക്ഷിക്കുന്നതിനായാണ് മലയാളികള്‍ക്കും പ്രിയങ്കരനായ തലൈവാസല്‍ വിജയ് പിരപ്പന്‍കോട് അക്വാട്ടിക് കോംപ്ളക്സില്‍ എത്തിയത്. ഇരുവരുമായിരുന്ന ഇന്നലെ അക്വാട്ടിക് കോംപ്ളക്സിലെ ശ്രദ്ധാകേന്ദ്രം.

100 മീറ്റര്‍ ഫ്രീസ്റൈല്‍ റിലേയിലായിരുന്നു ജയവീണ തമിഴ്നാടിനായി ഇറങ്ങിയത്. 15 കാരിയായ ഈ മിടുക്കി അഞ്ചു വ്യക്തിഗത ഇനങ്ങളിലും രണ്ട് റിലേയിലും നീന്താനിറങ്ങും. 2011-ല്‍ റാഞ്ചിയില്‍ നടന്ന 34-ാം ദേശീയ ഗെയിംസില്‍ 11-ാം വയസില്‍ മത്സരത്തിനിറങ്ങി ഒരു വെള്ളിയും അഞ്ചു വെങ്കലവും അന്ന് ജയവീണ സ്വന്തമാക്കിയിരുന്നു. ഇത്തവണ 200 മീറ്റര്‍ ഫ്രീ സ്റൈല്‍, 50,100,200 മീറ്റര്‍ ബ്രസ്റ്സ്ട്രോക്ക് 200 മീറ്റര്‍ വ്യക്തിഗത മെഡ്ലേ, എന്നിവയിലാണ് ജയവീണ പിരപ്പന്‍കോട് മത്സരത്തിനിറങ്ങുന്നത്.

ചെന്നൈ ചെപ്പോക്ക് അണ്ണാ സ്വിമ്മിംഗ് കോംപ്ളക്സില്‍ ഗിരീഷിന്റെ മേല്‍നോട്ടത്തിലാണ് ജയവീണയുടെ പരിശീലനം. ചെന്നൈ ചെട്ടിനാട് വിദ്യാശ്രമം സ്കൂളിലെ പ്ളസ് വണ്‍ വിദ്യര്‍ഥിനിയാണ്. ചൈനയില്‍ നടന്ന ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുള്ള ജയവീണ ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ പരിശീലനം നേടിയിട്ടുണ്ട്.



കേരള വനിതകള്‍ മുന്നോട്ട്

വിനീഷ് വിശ്വം

തൃശൂര്‍: 35-ാമത് ദേശീയ ഗെയിംസിലെ വനിതാ ഫുട്ബോളില്‍ ആദ്യ മത്സരത്തില്‍ കേരളം എതിരില്ലാത്ത ഒരു ഗോളിനു ബംഗാളിനെ തോല്പിച്ചു. രണ്ടാംപകുതിയുടെ 15-ാം മിനിറ്റില്‍ പത്താം നമ്പര്‍ താരം ടി. നിഖിലയാണു ഗോള്‍നേടിയത്. ഇടതുംവിംഗില്‍നിന്നുള്ള പാസ് മധ്യനിരയില്‍നിന്നും സ്വീകരിച്ച് ബംഗാള്‍ താരങ്ങളെ വെട്ടിച്ചും മികച്ച പന്തടക്കത്തോടെയും മുന്നേറിയ നിഖില, ഗോളിക്കു മുഖാമുഖമെത്തി തൊടുത്ത ഷോട്ടാണു കേരളത്തിന്റെ സുവര്‍ണഗോളായത്. കളിയിലുടനീളം വ്യക്തമായ ആധിപത്യത്തോടെയാണു കേരള താരങ്ങള്‍ ബംഗാളിനെ നേരിട്ടത്.

കളിയുടെ അവസാന വിസില്‍ വരെയും കേരള പെണ്‍കുട്ടികള്‍ പോരാട്ടവീര്യം നിലനിര്‍ത്തി. ഗോള്‍വീണതോടെ ആക്രമണശൈലി പുറത്തെടുത്ത ബംഗാളിനെ അതേ ശൈലിയില്‍ തന്നെയാണു നേരിട്ടത്. 4-4-2 ശൈലിയിലായിരുന്നു കളി. ഏറിയസമയവും പന്തിന്റെ നിയന്ത്രണം കൈവശപ്പെടുത്തിയ കേരളം രണ്േടാ മൂന്നോ തവണ മാത്രമാണു ബംഗാളിനു മുന്നേറ്റത്തിനു അവസരം നല്കിയത്.

ഇന്നലെ വൈകിട്ടുനടന്ന രണ്ടാമത്തെ മത്സരത്തില്‍ ഒഡീഷ ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കു ഡല്‍ഹിയെ തകര്‍ത്തു. ഇന്നു വൈകിട്ട് നാലിനു നടക്കുന്ന മത്സരത്തില്‍ മണിപ്പൂരും ഹരിയാനയും ഏറ്റുമുട്ടും.

സ്ക്വാഷ് കോര്‍ട്ടിലെ വിസ്മയമായി സൌരവ് ഘോഷാല്‍

ഡി. ദിലീപ്

തിരുവനന്തപുരം: ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്ക്വാഷില്‍ വെള്ളി നേടി ഇന്ത്യയുടെ കായികചരിത്രത്തില്‍ ഇടം നേടിയ പശ്ചിമബംഗാളിന്റെ താരം സൌരവ് ഘോഷാല്‍ ദേശീയ ഗെയിംസിലും വിസ്മയതാരമായി.

റാക്കറ്റുമേന്തി കോര്‍ട്ടിലെത്തിയ ഘോഷാല്‍ ചടുലചലനങ്ങളിലൂടെ ആദ്യമത്സരത്തില്‍ തന്നെ കാണികളുടെ ഇഷ്ടക്കാരനായി. രാവിലെ നടക്കേണ്ടിയിരുന്ന പുരുഷവിഭാഗം സ്ക്വാഷിന്റെ ആദ്യറൌണ്ടില്‍ എതിരാളി പിന്‍മാറിയതോടെ മത്സരിക്കാതെയാണ് സൌരവ് ഘോഷാല്‍ രണ്ടാം റൌണ്ടിലേക്ക് കടന്നത്. ഉച്ചക്കുശേഷം നടന്ന രണ്ടാം റൌണ്ടില്‍ മധ്യപ്രദേശിന്റെ അക്ഷയ് അറോറയായിരുന്നു സൌരവിന്റെ എതിരാളി. എതിരാളിക്ക് ഒരു പഴുതും നല്‍കാതെ തിമിര്‍ത്തു കളിച്ച സൌരവ് മൂന്നു സെറ്റും (11-2,11-2,11-2) ഏകപക്ഷീയമായി സ്വന്തമാക്കി മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിലെ കന്നി ജയത്തിന്റെ മധുരം ആസ്വദിച്ചപ്പോള്‍ കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ള കാണികള്‍ കളി ആഘോഷമാക്കി.

മത്സരത്തിന്റെ തുടക്കം മുതല്‍ സ്ട്രെയ്റ്റ് ഷോട്ടുകള്‍ പായിച്ച സൌരവ്, ഡ്രോപ്പ് ഷോട്ടുതിര്‍ത്ത് എതിരാളിയെ വിദഗ്ധമായി കബളിപ്പിക്കുകയും ചെയ്തു. തികച്ചും ഏകപക്ഷീയമായ ജയം സ്വന്തമാക്കിയ താരം മത്സരത്തിലുടനീളം കാണിച്ച കായിക ക്ഷമതയുടെ പേരിലും കാണികളുടെ നിറഞ്ഞ കൈയടി നേടി.

ദേശീയ ഗെയിംസില്‍ കേരളത്തിന്റെ മണ്ണില്‍ നേടിയ കന്നിജയം മികച്ച ആത്മവിശ്വാസമാണ് തനിക്കു പകര്‍ന്നു നല്‍കുന്നതെന്ന് മത്സരത്തിനു ശേഷം സൌരവ് പ്രതികരിച്ചു. കരിയറിലെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മെഡല്‍ നേടുന്നതിനേക്കാളും മത്സരങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ കഴിയുന്നതിന്റെ സന്തോഷമാണു വലുതെന്നും ശക്തരായ എതിരാളികളും മത്സരങ്ങളും നല്‍കുന്ന ഊര്‍ജം പുരസ്കാരങ്ങളേക്കാളും താന്‍ വിലമതിക്കുന്നുണ്െടന്നും ദീപികയ്ക്കു നല്‍കി പ്രത്യേക അഭിമുഖത്തില്‍ സൌരവ് വ്യക്തമാക്കി.

രാജ്യാന്തര കായികവേദിയില്‍ ഇന്ത്യയുടെ വിജയക്കൊടി ഉയര്‍ത്താന്‍ കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിലെ പ്രകടനം തനിക്ക് നിര്‍ണായകമാണ്. രാജ്യാന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനുള്ള തയാറെടുപ്പിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കായികോത്സവത്തില്‍ സ്വര്‍ണം നേടുകയെന്നത് ഏതൊരു കായികതാരത്തിനു അഭിമാനാര്‍ഹമായ മുഹൂര്‍ത്തമാണ്.

സ്ക്വാഷ് മത്സരയിനമല്ലാത്തതിനാല്‍ അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിയാത്തതിലുള്ള വ്യസനവും അദ്ദേഹം പങ്കുവച്ചു. ഏറെ ജനപ്രിയത നേടാനാന്‍ കഴിയുന്നതും വിപണന സാധ്യതയുള്ളതുമായ മത്സരമാണ് സ്ക്വാഷ്. ഒളിമ്പിക്സില്‍ സ്ക്വാഷ് ഉള്‍പ്പെടുത്തുന്ന കാര്യം അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്റെ പരിഗണനയിലാണ്. ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സില്‍ തന്റെ കായികയിനത്തിന് ഇടം ലഭിക്കുമെന്നും ഇതിനായി താനടക്കമുള്ളവര്‍ പരിശ്രമിക്കുകയാണെന്നും സൌരവ് ഘോഷാല്‍ പറഞ്ഞു.

ദേശീയ ഗെയിംസ് കേരളത്തിന് പുതിയ കായിക സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നതെന്നും ലോക റാങ്കിംഗിലെ ഇന്ത്യയുടെ മുന്‍നിര താരം പ്രതികരിച്ചു. തിരുവനന്തപുരത്തെ സ്ക്വാഷ് കോര്‍ട്ടും മികച്ച നിലവാരത്തിലുള്ളതാണ്. ഗെയിംസ് വില്ലേജും ഏറെയിഷ്ടപ്പെട്ടു. കേട്ടറിഞ്ഞ കേരളത്തെ കാണാനുള്ള ആഗ്രഹവുമായാണ് ഗെയിംസിനെത്തിയത്. മത്സരങ്ങള്‍ക്കൊപ്പം മലയാളത്തിന്റെ പച്ചപ്പും സൌന്ദര്യവും ഏറെ ആസ്വദിക്കുന്നുണ്ട്. മത്സരങ്ങള്‍ തീരാനുള്ള കാത്തിരിപ്പാണ്. തിരുവനന്തപുരത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെ കുറിച്ചു ധാരാളം കേട്ടിട്ടുണ്ട്. കഴിയുമെങ്കില്‍ എല്ലായിടത്തും ഒന്നും ചുറ്റണം. എന്തായാലും കോവളം അടക്കമുള്ള കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമേ മടക്കമുള്ളൂവെന്നും സൌരവ് പറഞ്ഞു.

ടേബിള്‍ ടെന്നീസില്‍ കേരള ടീമുകള്‍ തോറ്റു പുറത്ത്

ബിജോ സില്‍വറി

കൊച്ചി: ദേശീയ ഗെയിംസിലെ ടേബിള്‍ ടെന്നീസ് മത്സരങ്ങളുടെ ആദ്യദിനത്തില്‍ കേരളത്തിന്റെ പുരുഷ-വനിതാ ടീമുകള്‍ക്കു തോല്‍വി. ടീം ഇനത്തില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഇരു ടീമുകളും തോറ്റു പുറത്തായി. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ കാര്യമായ ചെറുത്തു നില്‍പ്പ് കൂടാതെ കേരളം കീഴടങ്ങിയപ്പോള്‍ വനിതകള്‍ മികച്ച പോരാട്ടമാണ് കാഴ്ച വച്ചത്. വനിതാ വിഭാഗത്തില്‍ ഡല്‍ഹി, മഹാരാഷ്ട്ര, ബംഗാള്‍, തമിഴ്നാട് ടീമുകള്‍ രണ്ടാം റൌണ്ടില്‍ പ്രവേശിച്ചു. പുരുഷ വിഭാഗത്തില്‍ മഹാരാഷ്ട്ര, ബംഗാള്‍, തമിഴ്നാട് ടീമുകളാണ് അടുത്ത റൌണ്ടിലേക്ക് മുന്നേറിയിട്ടുള്ളത്.

കേരളത്തിന്റെ പുരുഷ ടീം മഹാരാഷ്ട്ര, മിസോറാം, തമിഴ്നാട് ടീമുകളോടു തോറ്റപ്പോള്‍ വനിതകള്‍ ഡല്‍ഹി, ആന്ധ, മഹാരാഷ്ട്ര ടീമുകളോടാണ് അടിയറവ് പറഞ്ഞത്. വനിതാ വിഭാഗത്തില്‍ കേരള താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 16 വയസുകാരി ജിയ അന്ന ജോര്‍ജും ക്യാപ്റ്റന്‍ മരിയ റോണിയും മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. ഡല്‍ഹിയുടെ ഗരിയ ഗോയര്‍ക്കെതിരേ രണ്ടു സെറ്റ് നഷ്ടപ്പെട്ടിട്ടും മനസാന്നിധ്യം വിടാതെ പൊരുതിയ ജിയ മൂന്നും നാലും സെറ്റുകള്‍ നേടി. അഞ്ചാം ഗെയിമില്‍ 16-14 നാണ് കീഴടങ്ങിയത്. ആന്ധയുടെ ഷാലൂ നൂറിനെതിരേ മരിയ റോണി വിജയം നേടുകയും ചെയ്തു.

സ്വര്‍ണമുയര്‍ത്തി മണിപ്പൂരും ആന്ധ്രയും

തൃശൂര്‍: വെയിറ്റ് ലിഫ്റ്റിംഗില്‍ പുരുഷവിഭാഗത്തില്‍ ദേശീയ റിക്കാര്‍ഡ്. 56 കിലോഗ്രാം വിഭാഗത്തില്‍ ആന്ധ്രാപ്രദേശിന്റെ വി. ശ്രീനിവാസ റാവു ക്ളീന്‍ ആന്‍ഡ് ജര്‍ക്ക് വിഭാഗത്തില്‍ 137 കിലോ ഉയര്‍ത്തിയാണ് റിക്കാര്‍ഡിട്ടത്. കഴിഞ്ഞ ദേശീയ ഗെയിംസിലെ 135 കിലോഗ്രാം എന്ന റിക്കാര്‍ഡാണ് പഴങ്കഥയായത്. ഈ വിഭാഗത്തില്‍ കേരളത്തിന്റെ എസ്. മോഹനസുന്ദരം വെങ്കലം നേടി. വീറുറ്റപോരാട്ടത്തില്‍ ചണ്ഡീഗഡിന്റെ മഹാജന്‍ ദീപക് രമേഷ് 238 കിലോഗ്രാം ഉയര്‍ത്തി വെള്ളി നേടി.


കേരളത്തിനുവേണ്ടി മത്സരിച്ച ചെന്നൈ സ്വദേശി മോഹനസുന്ദരം 237 കിലോഗ്രാം ഉയര്‍ത്തി. ജൂണിയര്‍ നാഷണല്‍ മത്സരത്തില്‍ മുമ്പു സ്വര്‍ണം നേടിയിട്ടുള്ള മോഹനസുന്ദരം ദേശീയ ഗെയിംസില്‍ ഇതാദ്യമായാണു മത്സരിക്കുന്നത്. റെയില്‍വേ ചെന്നൈ ഡിവിഷനിലെ ജീവനക്കാരനാണ്. ഈ വിഭാഗത്തില്‍ കേരളത്തിനുവേണ്ടി എം.എസ്. കാര്‍ത്തികും മത്സരിച്ചിരുന്നു.

ദേശീയ ഗെയിംസില്‍ ആദ്യസ്വര്‍ണം നേടിയാണു വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ മണിപ്പൂര്‍ തുടക്കമിട്ടത്. ഈ വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും മണിപ്പൂരി പെണ്‍കുട്ടികള്‍ സ്വന്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണനേട്ടം ആവര്‍ത്തിച്ചാണു കെ.എച്ച്. സഞ്ജിത ചാനു ആദ്യ സ്വര്‍ണമുയര്‍ത്തിയത്. സ്നാച്ച്, ക്ളീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗങ്ങള്‍ ചേര്‍ത്ത് 180 കിലോഗ്രാം സഞ്ജിത ഉയര്‍ത്തി. 173 കിലോഗ്രാം എസ്. മീരാഭായ് ചാനു വെള്ളിയും 161 കിലോഗ്രാം ഉയര്‍ത്തി ആന്ധ്രാപ്രദേശിന്റെ ബി. ഉഷ വെങ്കലവും നേടി. കേരളത്തിന്റെ ലിന്റ തോമസും ആന്‍സി ഡാനിയേലും മത്സരിച്ചിരുന്നു. ലിന്റ ആറാംസ്ഥാനത്തേ എത്തിയുള്ളൂ.

ഈ വിഭാഗത്തിലെ തിരുത്തപ്പെടാത്ത ദേശീയ റിക്കാര്‍ഡ് മണിപ്പൂരിന്റെ തന്നെ സനാമാ ചാനുവിന്റെ പേരിലാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കൈവിട്ട സ്വര്‍ണം തിരിച്ചുപിടിക്കാനിറങ്ങിയ മീരാഭായ് ചാനുവിന് ആദ്യ അവസരം പിഴച്ചതു തിരിച്ചടിയായി. രണ്ടാമത്തെ അവസരവും പരാജ യപ്പെട്ടതോടെ രണ്ടാംസ്ഥാനത്തേക്കു തള്ളപ്പെട്ടു. കഴിഞ്ഞ കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ആവര്‍ത്തനമാണു മണിപ്പൂര്‍ താരങ്ങള്‍ തൃശൂരില്‍ ദേശീയ ഗെയിംസില്‍ കാഴ്ചവച്ചത്.

ഉച്ചയ്ക്കുശേഷം നടന്ന വനിതകളുടെ 53 കിലോഗ്രാം മത്സരത്തില്‍ ഹ രിയാനയുടെ പ്രീതി 176 കിലോഗ്രാം ഉയര്‍ത്തി സ്വര്‍ണം നേടി. മഹാരാഷ്ട്രയുടെ ദിക്ഷ ഗെയ്കവാഡാണ് വെള്ളിയും ആന്ധ്രാപ്രദേശിന്റെ കെ. വെങ്കിട ലക്ഷ്മി വെങ്കലവും നേടി. ഈ ഇനത്തില്‍ കേരളത്തിന്റെ എം.പി. അഭിരാമി മത്സരിച്ചെങ്കിലും നേട്ടമുണ്ടാക്കാനായില്ല.

ഗോദയില്‍ ഹരിയാന വീര്യം

റെനീഷ് മാത്യു

കണ്ണൂര്‍: ഗുസ്തി മത്സരങ്ങളില്‍ ആറു വിഭാഗങ്ങളിലും ആധിപത്യം നേടി ഹരിയാന അജയ്യത തെളിയിച്ചു. ആറു മത്സരങ്ങളില്‍ അഞ്ചിലും ഹരിയാന സ്വര്‍ണം നേടി. ഒന്നില്‍ വെള്ളിയും. സര്‍വീസസ് ഒരു സ്വര്‍ണം നേടി. ഗുസ്തിയില്‍ ആദ്യ ദിനത്തില്‍ ആതിഥേയരായ കേരളത്തിനു നിരാശയായിരുന്നു ഫലം. പുരുഷ വിഭാഗത്തില്‍ മാത്യു ഷിന്‍സ്, സുശാന്ത്, അഭിനവ് എന്നിവര്‍ ആദ്യ റൌണ്ടില്‍ തന്നെ പുറത്തായി. ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ ജി. രഞ്ജിത്തും വനിതാ വിഭാഗത്തില്‍ ജി.എസ്. മജിത്തും എന്‍.വി. അഞ്ജനയും മെഡല്‍ പ്രതീക്ഷ നല്കിയെങ്കിലും അവസാന റൌണ്ടില്‍ പുറത്തായി.

പുരുഷ ഗ്രീക്കോ റോമന്‍ സ്റൈല്‍ 66 കിലോഗ്രാം വിഭാഗത്തില്‍ ഹരിയാനയുടെ രവീന്ദ്രര്‍ സിംഗ് സ്വര്‍ണവും മധ്യപ്രദേശിന്റെ വസന്ത് വെള്ളിയും നേടി. ആനന്ദ് (ഡല്‍ഹി), ദീപക് (സര്‍വീസസ്) എന്നിവര്‍ വെങ്കലം നേടി. പുരുഷ ഗ്രീക്കോ റോമന്‍ സ്റൈല്‍ 85 കിലോഗ്രാം വിഭാഗത്തില്‍ ഹരിയാനയുടെ മനോജ് കുമാര്‍ സ്വര്‍ണവും ഡല്‍ഹിയുടെ അനില്‍ വെള്ളിയും നേടി. അജയ് (സര്‍വീസസ്), യെശ്പാല്‍ (ജാര്‍ഖണ്ഡ്) എന്നിവര്‍ വെങ്കലും നേടി.

പുരുഷ ഫ്രീസ്റൈല്‍ 57 കിലോഗ്രാമില്‍ സര്‍വീസസിന്റെ സന്ദീപ് ടോമാര്‍ സ്വര്‍ണവും ഹരിയാനയുടെ അമിത് കുമാര്‍ വെള്ളിയും നേടി. മായന്‍ങ്ക് ചൌധരി (ഉത്തര്‍പ്രദേശ്), മന്‍ജീത് കുമാര്‍ (ഛത്തീസ്ഗണ്ഡ്) എന്നിവര്‍ വെങ്കലം നേടി. പുരുഷ ഫ്രീസ്റൈല്‍ 74 കിലോഗ്രാമില്‍ ഹരിയാനയുടെ ജിതേന്ദ്രര്‍ സ്വര്‍ണവും ഉത്തര്‍പ്രദേശിന്റെ രാജേഷ് കുമാര്‍ വെള്ളിയും നേടി. ആശിഷ് കുമാര്‍ (ഡല്‍ഹി), പര്‍ദീപ് (പശ്ചിമ ബംഗാള്‍) എന്നിവര്‍ വെങ്കലം നേടി.

വനിതാ ഫ്രീസ്റൈല്‍ 55 കിലോഗ്രാമില്‍ ഹരിയാനയുടെ റിത്തു മാലിക്ക് സ്വര്‍ണവും ഉത്തര്‍പ്രദേശിന്റെ സീമ വെള്ളിയും നേടി. പുഷ്പ വിശ്വകര്‍മ (മധ്യപ്രദേശ്), രാജ് (പഞ്ചാബ്) എന്നിവര്‍ വെങ്കലം നേടി. വനിതാ ഫ്രീസ്റൈല്‍ 69 കിലോഗ്രാമില്‍ ഹരിയാനയുടെ സുമാന്‍ കുണ്ടു സ്വര്‍ണവും ഉത്തര്‍പ്രദേശിന്റെ മനു ടോമാര്‍ വെള്ളിയും നേടി. ദിവ്യ കാക്കറാന്‍ (ഡല്‍ഹി), രുപാലി ഡുബി (മധ്യപ്രദേശ്) എന്നിവര്‍ വെങ്കലവും നേടി.

ഇന്ന് പുരുഷ ഗ്രീക്കോ റോമന്‍ സ്റൈല്‍ 98 കിലോഗ്രാം വിഭാഗത്തില്‍ ജോസഫ് സ്റെബിന്‍, 71 കിലോഗ്രാം വിഭാഗത്തില്‍ എസ്. സഞ്ജീവും വനിതാ ഫ്രീസ്റൈല്‍ 75 കിലോഗ്രാമില്‍ അനുമോള്‍ ജോസഫ്, 58 കിലോഗ്രാമില്‍ സ്നാന്തിനി ബാബു, പുരുഷ ഫ്രീസ്റൈല്‍ 86 കിലോഗ്രാമില്‍ കെ.എസ്. സുബിന്‍, 61 കിലോഗ്രാമില്‍ എസ്. ധനീഷ് എന്നിവര്‍ കേരളത്തിനു വേണ്ടി ഇന്നു ഗോദയിലിറങ്ങും.

ഗോളോടു ഗോള്‍! ഹോക്കിയില്‍ നാണംകെട്ടു

കൊല്ലം: ദേശീയ ഗെയിംസിന്റെ ഭാഗമായി കൊല്ലം ആശ്രാമം ന്യൂ ഹോക്കി സ്റേഡിയത്തില്‍ ഇന്നലെ നടന്ന ആദ്യദിന ഹോക്കി മത്സരത്തില്‍ ജാര്‍ഖണ്ഡിനോട് ഏറ്റുമുട്ടിയ കേരളത്തിനു ദയനീയ പരാജയം. പത്ത് ഗോളുകള്‍ ജാര്‍ഖണ്ഡ് നേടിയപ്പോള്‍ ഒരു ഗോള്‍ നേടാനെ കേരളത്തിനു സാധിച്ചുള്ളൂ. ഇതോടെ അടുത്തമത്സരങ്ങള്‍ കേരളത്തിനു നിര്‍ണായകമായി.

ആദ്യമത്സരത്തില്‍ പഞ്ചാബ് സര്‍വീസസിനോട് ഏറ്റുമുട്ടി സര്‍വീസസ് രണ്ടു ഗോള്‍ നേടി. പഞ്ചാബ് ഒരു ഗോളും നേടി. രണ്ടാം മത്സരത്തില്‍ ഹരിയാനയും കര്‍ണ്ണാടകയും രണ്ടു ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. മൂന്നാം മത്സരത്തില്‍ ഉത്തര്‍പ്രദേശും ഒഡീഷയും ഏറ്റുമുട്ടി.

ഉത്തര്‍പ്രദേശ് നാലു ഗോളുകള്‍ നേടിയപ്പോള്‍ ഒഡീഷയ്ക്കു രണ്ടു ഗോള്‍ നേടി. ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണു കേരള ഹോക്കി ടീം പുനരേകീകരിക്കുന്നത്.

നിലവിലെ ടീം തട്ടികൂട്ട് ടീമാണെന്ന വിവാദം നിലനില്കെയാണു കേരള ടീമിന്റെ ദയനീയ പരാജയം. ടര്‍ഫ് സിന്തറ്റിക് കോര്‍ട്ടില്‍ തങ്ങള്‍ക്കു പരിശീലനം ലഭിച്ചിട്ടില്ലെന്നും അതാണ് പരാജയത്തിനു കാരണമെന്നും ടീം ക്യാപ്റ്റന്‍ പ്രേവീണ്‍കുമാര്‍ ദീപികയോടു പറഞ്ഞു.


ലക്ഷ്യം എല്ലാ മത്സരങ്ങളിലും മെഡല്‍: ജിത്തു റായ്

തോമസ് വര്‍ഗീസ്

തിരുവനന്തപുരം: എന്റെ പ്രധാന ലക്ഷ്യം മത്സരിക്കുന്ന എല്ലാ മീറ്റുകളിലും മെഡല്‍ നേടുകയാണ്. ഈ ദേശീയ ഗെയിംസിലും അതിനു മാറ്റമൊന്നുമില്ല... ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോകകപ്പ് പോരാട്ടങ്ങളില്‍ ഇന്ത്യക്കായി ഷൂട്ടിംഗ് സ്വര്‍ണമണിഞ്ഞ ജിത്തു റായ് എന്ന നേപ്പാള്‍ വംശജന്റേതാണീ വാക്കുകള്‍. 50 മീറ്റര്‍ പിസ്റളില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ താരമാണ് 26കാരനായ ഈ സൈനികന്‍. പിതാവിന്റെ മരണശേഷം നേപ്പാളിനോടു വിടപറഞ്ഞ്, 2006ല്‍ ഇന്ത്യന്‍ പൌരത്വം സ്വീകരിച്ച്, 2014 ഗ്ളാസ്ഗോ കോമണ്‍വെല്‍ത്തില്‍ ഗെയിംസ് റിക്കാര്‍ഡോടെ ഇന്ത്യക്കു സ്വര്‍ണം സമ്മാനിച്ച ജിത്തു റായ് മെഡല്‍ കിലുക്കത്തിനായാണ് കേരളക്കരയിലുമെത്തിയത്. ദേശീയ മീറ്റിലെ പോരാട്ടത്തിനു മുമ്പ് വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചില്‍ പരിശീലനത്തിലെത്തിയ ജിത്തു റായ് ദീപികയോടു സംസാരിച്ചപ്പോള്‍...
ഗെയിംസിലെ പോരാട്ടത്തെക്കുറിച്ച്?

മത്സരത്തെക്കുറിച്ച് മുന്‍കൂട്ടി പ്രവചനത്തിനൊന്നുമില്ല. പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലും സുവര്‍ണ നേട്ടമാണ് ഞാന്‍ ലക്ഷ്യമിടുന്നത്. അതിനായാണ് പരിശ്രമം. ഇതുവരെയുള്ള പരിശീലനത്തില്‍ പൂര്‍ണ സംതൃപ്തനാണ്. മെഡല്‍നേട്ടത്തിനായി അമിത സമ്മര്‍ദങ്ങള്‍ ഒന്നുമില്ല. പങ്കെടുക്കുക, വിജയിക്കുക. അതു മാത്രമാണ് മുന്നിലുള്ള ലക്ഷ്യം.

വട്ടിയൂര്‍കാവിലെ വേദി? ്

മത്സരകേന്ദ്രത്തിലെ അടിസ്ഥാന സൌകര്യങ്ങളില്‍ സംതൃപ്തനാണ്. എന്നാല്‍, പ്രധാന പ്രശ്നം അമിതമായ സൂര്യപ്രകാശം ഷൂട്ടിംഗ് റേഞ്ചിലേക്കു കടന്നുവരുന്നു എന്നതാണ്. ഇത് ഷൂട്ടര്‍മാര്‍ക്ക് പ്രതിസന്ധി ഉണ്ടാക്കും. 50 മീറ്റര്‍ പിസ്റള്‍ മത്സരങ്ങള്‍ നടക്കുന്നിടത്ത് ശീതീകരണ സൌകര്യങ്ങള്‍ ഇല്ലാത്തതും മറ്റൊരു പ്രശ്നമാണ്.

ഒളിമ്പിക്സ് പ്രതീക്ഷയെക്കുറിച്ച്

2016ല്‍ ബ്രസീല്‍ റിയോ ഒളിമ്പിക്സിനു യോഗ്യത ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് ഇപ്പോള്‍. ഒരു ഒളിമ്പിക്സ് ഷൂട്ടിംഗ് മെഡല്‍ ഇന്ത്യയിലേക്കു കൊണ്ടുവരുകയാണ് ലക്ഷ്യം. അതാണിപ്പോഴുള്ള സ്വപ്നവും. ഇതിനായുള്ള കഠിന പരിശ്രമത്തിലാണ്. പരിശ്രമിച്ചാല്‍ എല്ലാം കൈപ്പിടിയില്‍ ലഭിക്കുമെന്നതാണു വിശ്വാസം.

(കഠിനാധ്വാനത്തിന്റെ പര്യായമായ ജിത്തു റായ് കഴിഞ്ഞവര്‍ഷം ഏഴു രാജ്യാന്തര മെഡലുകളാണ് സ്വന്തമാക്കിയത്. മ്യൂണിച്ചില്‍ നടന്ന ലോക പോരാട്ടത്തില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെള്ളിയില്‍ തുടങ്ങിയ ജിത്തു മരിബറില്‍ അതേയിനത്തില്‍ സ്വര്‍ണനേട്ടവും സ്വന്തമാക്കി. ഇതിനൊപ്പം 50 മീറ്റര്‍ പിസ്റളില്‍ വെള്ളി നേട്ടവും കരസ്ഥമാക്കി. ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും 50 മീറ്റര്‍ പിസ്റളില്‍ സ്വര്‍ണത്തില്‍ മുത്തമിട്ടു. ഗ്രനഡ ലോക ചാമ്പ്യന്‍ഷിപ്പില്‍ അതേയിനത്തില്‍ വെള്ളിയും ഇഞ്ചിയോണില്‍ 10 മീറ്റര്‍ പിസ്റണ്‍ ടീം ഇനത്തില്‍ വെങ്കലവും 2014ല്‍ ജിത്തുവിന്റെ നേട്ടങ്ങളാണ്.)

ബാല്യം?

നേപ്പാളിലെ സങ്കുവ സഭ ജില്ലയിലെ ഉള്‍ഗ്രാമത്തിലാണു ജനിച്ചത്. അഞ്ചു മക്കളില്‍ നാലാമനായി 1987 ഓഗസ്റിലാണ് ജനനം. മാതാപിതാക്കളോടൊപ്പം സ്വന്തം പുരയിടത്തിലെ നെല്‍പ്പാടങ്ങളിലും മറ്റും കൃഷിചെയ്യുന്നതിലായിരുന്നു ചെറുപ്പത്തിലെ ശ്രദ്ധ. നേപ്പാളിലെ സ്കൂളിലായിരുന്നു പഠനം. സഹോദരങ്ങള്‍ ജോലി തേടി അന്യരാജ്യങ്ങളിലേക്കു കുടിയേറി. 2006ല്‍ ഇന്ത്യയിലെത്തി. പിതാവിന്റെ മരണശേഷമായിരുന്നു ഇത്. ലക്നോ ആസ്ഥാനമായ ഗൂര്‍ഖാ റെജിമെന്റില്‍ ജോലിയില്‍ പ്രവേശിച്ചു.

പ്രോത്സാഹനം...?

എനിക്ക് എല്ലാ സൌകര്യങ്ങളും ഒരുക്കിത്തരുന്നതു പട്ടാളമാണ്. മികച്ച പരിശീലനം, മികച്ച ജോലി സൌകര്യങ്ങള്‍ ഇവയെല്ലാം തരുന്നു. പൂര്‍ണ സംതൃപ്തനാണ്. അര്‍ഹിക്കുന്ന അംഗീകാരം പട്ടാളത്തില്‍നിന്നും ലഭിക്കുന്നുണ്ട്. അംഗീകാരം തനിയെ വന്നുചേരും.

്മധുരിക്കുന്ന നേട്ടങ്ങള്‍...?

ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ 50 മീറ്റര്‍ പിസ്റള്‍ വിഭാഗത്തിലെ മെഡല്‍നേട്ടം എനിക്കു സമ്മാനിച്ചത് ഒളിമ്പിക്സിലേക്കുള്ള യോഗ്യതയാണ്. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. മ്യൂണിച്ചില്‍ നടന്ന ഐഎസ്എസ്എഫ് ലോക മീറ്റില്‍ 10 മീറ്റര്‍ എയര്‍ പിസ്റളിലെ വെള്ളിനേട്ടവം എനിക്ക് ലോക റാങ്കിംഗില്‍ ഏറെ മുന്നേറാന്‍ സാധിച്ചു.

ഇനങ്ങള്‍, ഇപ്രാവശ്യം...?

35-ാം ദേശീയ ഗെയിംസില്‍ രണ്ടിനങ്ങളിലാണ് മത്സരിക്കുന്നത്. ഷൂട്ടിംഗില്‍ 50 മീറ്റര്‍ പിസ്റള്‍ ഇനത്തിലും 10 മീറ്റര്‍ എയര്‍ പിസ്റള്‍ ഇനത്തിലും.

കേരളത്തെക്കുറിച്ച്

കേരളം മനോഹരമാണ്. കോവളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. ഭക്ഷണം ഏറെ രുചികരം. വിഭവങ്ങളില്‍ മസാലക്കൂട്ടുകള്‍ അമിതമാണെന്നതിനാല്‍ പലപ്പോഴും കണ്ണുനിറയാറുണ്െടന്ന് ചിരിയോടെ പറഞ്ഞ് ജിത്തു സംഭാഷണം അവസാനിപ്പിച്ചു.

യാട്ടിംഗ്: പ്രതിഷേധം മൂലം മത്സരവേദി മാറ്റി

ചെറായി: യോഗ്യതാറൌണ്ടില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കേരള താരങ്ങളായ വരാപ്പുഴ സ്വദേശി മനുഫ്രാന്‍സിസ്, മുനമ്പം സ്വദേശി പ്രിന്‍സ് നോബിള്‍ എന്നിവരെ ദേശീയ ഗെയിംസ് യാട്ടിംഗ് മത്സരത്തില്‍നിന്നു മാറ്റി നിര്‍ത്തിക്കൊണ്ട് മൂന്നും നാലും സ്ഥാനക്കാര്‍ക്ക് എന്‍ട്രി നല്‍കിയതു വിവാദമായി. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ മത്സരാര്‍ഥികളും ബന്ധുക്കളും അഭ്യുദയകാംക്ഷികളും ഉദ്ഘാടന സ്ഥലത്തു പ്രതിഷേധം ഉയര്‍ത്തി. ഇതോടെ പശ്നത്തില്‍ എസ്.ശര്‍മ എംഎല്‍എ ഇടപെട്ടു.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി എംഎല്‍എ ഫോണില്‍ ബന്ധപ്പെടുകയും ഇവരുടെ പരാതി ബോധ്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ഇരുവരെയും മത്സരിപ്പിക്കാന്‍ സന്ദേശമെത്തിയതോടെ പ്രതിഷേധം അയഞ്ഞു. പ്രതിഷേധം ഉണ്ടാകുമെന്നു സൂചനയുണ്ടായിരുന്നതിനാല്‍ സ്ഥലത്തു വന്‍ പോലീസ് സന്നാഹം രാവിലെ മുതല്‍ ക്യാമ്പ് ചെയ്തിരുന്നു.

ഗെയിംസില്‍ ഇന്ന്

അക്വാട്ടിക്സ്- പിരപ്പിന്‍കോട് നീന്തല്‍ക്കുളം

പുരുഷവിഭാഗം(രാവിലെ ഒന്‍പതു മുതല്‍)

1500 മീറ്റര്‍ ഫ്രീസ്റൈല്‍, 200 മീറ്റര്‍ ബ്രസ്റ് സ്ട്രോക്ക്, 4-100 മെഡ്ലെ റിലെ, വനിതാ വിഭാഗം(രാവിലെ 9.30 മുതല്‍)

800 മീറ്റര്‍ ഫ്രീസ്റൈല്‍, 100 മീറ്റര്‍ ബ്രസ്റ് സ്ട്രോക്ക്, 4-100 മെഡ്ലെ റിലെ

ജിംനാസ്റിക്സ്-ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റേഡിയം

ഇന്‍ഡിവിഡുവല്‍ ഓള്‍ എറൌണ്ട് ഫൈനല്‍, ക്വാളിഫൈയിംഗ് ആന്‍ഡ് ടീം ഫൈനല്‍ രാവിലെ 10 മുതല്‍

ഖോ ഖോ- ശ്രീപാദം സ്റേഡിയം ആറ്റിങ്ങല്‍
പുരുഷ വിഭാഗം(വൈകുന്നേരം നാലു മുതല്‍)
മഹാരാഷ്ട്ര-പുതുച്ചേരി, കര്‍ണാടക-ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍-ഛത്തീസ്ഗഡ്, കേരളം-ഒഡീഷ,
വനിതാ വിഭാഗം(വൈകുന്നേരം നാലു മുതല്‍)
കേരളം-പുതുച്ചേരി, മഹാരാഷ്ട്ര-ആന്ധ്രപ്രദേശ്, പശ്ചിമബംഗാല്‍-ഡല്‍ഹി, കര്‍ണാടക-ഒഡീഷ,
നെറ്റ്ബോള്‍- ഇന്‍ഡോര്‍ സ്റേഡിയം അഗ്രിക്കള്‍ച്ചറല്‍ സ്റേഡിയം വെള്ളായണി
പുരുഷ വിഭാഗം(രാവിലെ 8.30 മുതല്‍)
ഉത്തര്‍പ്രദേശ്-കേരളം, ഛണ്ഡീഗഡ്-മഹാരാഷ്ട്ര, ഹരിയാന-ഉത്തര്‍പ്രദേശ്, പഞ്ചാബ്-ഛണ്ഡീഗഡ്
വനിതാ വിഭാഗം (രാവിലെ 11 മുതല്‍)
ഹരിയാന-കര്‍ണാടക, പഞ്ചാബ്-ഡല്‍ഹി, പശ്ചിമബംഗാള്‍-കേരളം, ഉത്തര്‍പ്രദേശ്-മഹാരാഷ്ട്ര
ടെന്നീസ് -ടെന്നീസ് കോംപ്ളക്സ് കുമാരപുരം
പുരുഷ വനിതാ വിഭാഗങ്ങള്‍ രാവിലെ ഒന്‍പതു മുതല്‍
സ്ക്വാഷ് -ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയം പാളയം
പുരുഷ വിഭാഗം(ഉച്ചയ്ക്ക് 12 മുതല്‍)
റൌണ്ട് മൂന്ന്, ക്വാര്‍ട്ടര്‍ ഫൈനല്‍
വനിതാ വിഭാഗം(രാവിലെ 10 മുതല്‍)
റൌണ്ട് മൂന്ന്, ക്വാര്‍ട്ടര്‍ ഫൈനല്‍
ഷൂട്ടിംഗ്-റൈഫിള്‍ പിസ്റല്‍ ഷൂട്ടിംഗ് റേഞ്ച് വട്ടിയൂര്‍ക്കാവ്
പുരുഷ വിഭാഗം(രാവിലെ 9.30 മുതല്‍)
50 മീറ്റര്‍ എയര്‍ റൈഫിള്‍
വനിതാ വിഭാഗം(രാവിലെ 9.30 മുതല്‍)
50 മീറ്റര്‍ എയര്‍ റൈഫിള്‍
ബീച്ച് ഹാന്‍ഡ്ബോള്‍ -ശംഖുമുഖം ബീച്ച്
ലീഗ് മത്സരങ്ങള്‍ പുരുഷ വിഭാഗം(വൈകുന്നേരം 4.30 മുതല്‍)
ഗുജറാത്ത്-ഡല്‍ഹി
രാജസ്ഥാന്‍-ഛത്തീസ്ഗഡ്
ജാര്‍ഖണ്ഡ്-ബിഹാര്‍
പഞ്ചാബ്-കേരള
വനിതാ വിഭാഗം(വൈകുന്നേരം നാലു മുതല്‍)
ഗുജറാത്ത്-ഛത്തീസ്ഗഡ്
ഹരിയാന-ബിഹാര്‍
ഡല്‍ഹി-ജാര്‍ഖണ്ഡ്
മഹാരാഷ്ട്ര-കേരളം

എറണാകുളം

അമ്പെയ്ത്ത്

കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ രാവിലെ 10.30 മുതല്‍ 12 വരെ പുരുഷ-വനിതാ വിഭാഗങ്ങളില്‍ കോമ്പൌണ്ട് റൌണ്ടിലെ യോഗ്യതാ മത്സരങ്ങള്‍. വൈകുന്നേരം നാലു മുതല്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ റിക്കര്‍വ് വിഭാഗത്തില്‍ യോഗ്യതാ മത്സരങ്ങള്‍.

ടേബിള്‍ ടെന്നീസ്

കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 മുതല്‍ വനിതാ വിഭാഗം ടീം സെമിഫൈനല്‍. 12 ന് പുരുഷവിഭാഗം ടീം സെമിഫൈനല്‍. വൈകുന്നേരം നാലിന് ഇരു വിഭാഗത്തിലും ഫൈനല്‍.

ലോണ്‍ ബോള്‍

നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ മത്സരങ്ങള്‍. ഡല്‍ഹി -അസാം, പശ്ചിമബംഗാള്‍ മണിപ്പൂര്‍, രാജസ്ഥാന്‍- ബിഹാര്‍, ജാര്‍ഖണ്ഡ് - കേരളം.

യാട്ടിംഗ്

മുനമ്പം ബീച്ചില്‍ നടക്കുന്ന യാട്ടിംഗില്‍ രാവിലെ 10 മുതല്‍ ലേസര്‍ സ്റാന്‍ഡേര്‍ഡ് ഇനത്തില്‍ 3 റേസുകള്‍.


തൃശൂര്‍

വി.കെ.എന്‍. മേനോന്‍ ഇന്‍ഡോര്‍ സ്റേഡിയം: ഭാരോദ്വഹനം. വനിതാ വിഭാഗം 58കി.ഗ്രാം-10. പുരുഷവിഭാഗം 62 കി.ഗ്രാം-11.30, പുരുഷവിഭാഗം 69 കി.ഗ്രാം-4.30. കോര്‍പറേഷന്‍ സ്റേഡിയം: വനിതാ ഫുട്ബോള്‍. മണിപ്പൂര്‍-ഹരിയാന- വൈകീട്ട് നാല്. രാമവര്‍മപുരം പോലീസ് അക്കാഡമി: ക്ളേ പീജിയന്‍ ട്രാപ്പ് പുരുഷ-വനിതാ വിഭാഗം രാവിലെ 10, വനിതാ വിഭാഗം ഫൈനല്‍- വൈകീട്ട് മൂന്ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.