ഡിവില്യേഴ്സിന്റെ വെടിക്കെട്ടില്‍ വിന്‍ഡീസ് നാണക്കെട്ടു
ഡിവില്യേഴ്സിന്റെ വെടിക്കെട്ടില്‍ വിന്‍ഡീസ് നാണക്കെട്ടു
Saturday, February 28, 2015 11:48 PM IST
സിഡ്നി: എബ്രഹാം ബെഞ്ചമിന്‍ ഡിവില്യേഴ്സ് എന്ന ഇടിമിന്നലായിരുന്നു ഇന്നലെ സിഡ്നിയിലെ താരം. നിലംതൊട്ടും ആകാശത്തിലൂടെയും പന്തുകള്‍ ഗാലറിയിലേക്കു പറത്തിയ ഡിവില്യേഴ്സ് ഷോയില്‍ ദക്ഷിണാഫ്രിക്കന്‍ ജയം 257 റണ്‍സിന്.

വെറും 66 പന്തില്‍ 162 റണ്‍സെടുത്ത ഡിവില്യേഴ്സിന്റെ മികവില്‍ പ്രൊട്ടിയേഴ്സ് അടിച്ചെടുത്തത് 408 റണ്‍സ്. 17 ഫോറും എട്ടു കൂറ്റന്‍ സിക്സറുകളും ദക്ഷിണാഫ്രിക്കന്‍ നായകന്റെ ഇന്നിംഗ്സിനു ചാരുതയേകി. വന്‍ലക്ഷ്യത്തിലേക്കു ബാറ്റുവീശിയ വിന്‍ഡീസ് 33 ഓവറില്‍ 151ന് എല്ലാവരും പുറത്തായി. അഞ്ചുവിക്കറ്റെടുത്ത ഇമ്രാന്‍ താഹിറാണ് ബൌളിംഗില്‍ എതിരാളികളെ തകര്‍ത്തത്. ഡിവില്യേഴ്സാണ് കളിയിലെ താരം. സ്കോര്‍: ദക്ഷിണാഫ്രിക്ക 50 ഓവറില്‍ അഞ്ചിന് 408, വെസ്റിന്‍ഡീസ് 33.1 ഓവറില്‍ 151 എല്ലാവരും പുറത്ത്.

സൂപ്പര്‍ഹിറ്റ് ഡിവില്യേഴ്സ്

ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് ആദ്യ 30 ഓവര്‍ വരെ സാധാരണ പോലെയായിരുന്നു. ആഞ്ഞടിച്ചാല്‍ 270-290 റണ്‍സിലെത്താമെന്ന അവസ്ഥ. എന്നാല്‍ റീസില്‍ റോസോയ്ക്കൊപ്പം നായകന്‍ എബി ഡിവില്യേഴ്സ് ക്രീസിലെത്തിയതോടെ കഥമാറി. മൂന്നിന് 146 റണ്‍സായിരുന്നു അപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍. തുടക്കത്തില്‍ റോസോയ്ക്കു സ്ട്രൈക്ക് നല്കി ഡിവില്യേഴ്സ് മാറിനിന്നു.

ബാറ്റിംഗ് പവര്‍പ്ളേ എടുത്തതോടെ ശരവേഗത്തിലായി ആഫ്രിക്കന്‍ ഇന്നിംഗ്സ്. 72 റണ്‍സാണ് അഞ്ച് ഓവറില്‍ പിറന്നത്. ഇതിനിടെ 31 പന്തില്‍ റോസോ അര്‍ധശതകം പൂര്‍ത്തിയാക്കി. 40-ാം ഓവറില്‍ പ്രോട്ടിയേഴ്സ് 250 കടന്നു. റോസോ 61 റണ്‍സെടുത്തു പുറത്തായെങ്കിലും ഡേവിഡ് മില്ലറെ കാഴ്ചക്കാരനാക്കി ഡിവില്യേഴ്സ് വെടിക്കെട്ട് തുടര്‍ന്നുകൊണ്േടയിരുന്നു.

ജോസണ്‍ ഹോള്‍ഡറെന്ന 23കാരന്‍ നായകന്‍ മറക്കാനാഗ്രഹിക്കുന്ന നിമിഷങ്ങളാണ് 48-ാം ഓവറില്‍ സംഭവിച്ചത്. ആദ്യം 51 പന്തില്‍ സെഞ്ചുറി തികച്ച് എ.ബി ലോകകപ്പിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിക്കുടമയായി. പിന്നെ ഹോള്‍ഡറെ തലങ്ങുംവിലങ്ങും പായിച്ച് 34 റണ്‍സാണ് ഈ ഓവറില്‍ അടിച്ചെടുത്തത്. ആവശ്യത്തിനു കിട്ടിയിട്ടും പഠിക്കാത്ത ഹോള്‍ അവസാന ഓവര്‍ എറിയാന്‍ വീണ്ടുമെത്തി. ഇത്തവണയും ആഫ്രിക്കന്‍ നായകന്‍ വെറുതെ വിട്ടില്ല. ഈ ഓവറില്‍ പിറന്നത് 30 റണ്‍സ്.

ഫഫ് ഡുപ്ളിസ് (70 പന്തില്‍ 62), ഹാഷിം അംല (88 പന്തില്‍ 65) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ജേസണ്‍ ഹോള്‍ഡര്‍ 10 ഓവറില്‍ 104 റണ്‍സ് വഴങ്ങി നാണക്കേടായി.

തോല്‍വിയുറപ്പിച്ച് റണ്‍മല മറികടക്കാനെത്തിയ വിന്‍ഡീസിനു ദക്ഷിണാഫ്രിക്കയെ വെല്ലുവിളിക്കാന്‍ പോലുമായില്ല. രണ്ടാം ഓവറില്‍ തന്നെ കൂറ്റനടിക്കാരന്‍ ക്രിസ് ഗെയില്‍ (3) പുറത്ത്. മര്‍ലോണ്‍ സാമുവല്‍സും, ജോനാഥന്‍ കാര്‍ട്ടറും സിമ്മണ്‍സുമെല്ലാം പാത പിന്തുടര്‍ന്നതോടെ വിന്‍ഡീസ് മുന്‍നിര തകര്‍ന്നുതരിപ്പണമായി. ഒരു ഘട്ടത്തില്‍ ഏഴിന് 63 എന്നനിലയില്‍ 100 കടക്കാന്‍ ബുദ്ധിമുട്ടിയ അവരെ വന്‍നാണക്കേടില്‍ നിന്നും രക്ഷിച്ചത് ഹോള്‍ഡറിന്റെ ബാറ്റിംഗായിരുന്നു. 48 പന്തില്‍ 56 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്. 33-ാം ഓവറില്‍ 151 റണ്‍സിന് വിന്‍ഡീസ് ഇന്നിംഗ്സ് അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി ലെഗ്സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ അഞ്ചുവിക്കറ്റ് വീഴ്ത്തി.


ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്താനും പ്രൊട്ടിയേഴ്സിനായി. നാലു കളിയില്‍ രണ്ടുതോല്‍വിയുമായി വിന്‍ഡീസ് നാലാമതാണ്.

സ്കോര്‍ബോര്‍ഡ്

ദക്ഷിണാഫ്രിക്ക ബാറ്റിംഗ്



ഡികോക്ക് സി റസല്‍ ബി ഹോള്‍ഡര്‍ 12, അംല എല്‍ബിഡബ്ള്യു ഗെയ്ല്‍ 65, ഡുപ്ളിസി സി രാംദിന്‍ ബി ഗെയ്ല്‍ 62, റോസോ സി രാംദിന്‍ ബി റസല്‍ 61, ഡിവില്യേഴ്സ് നോട്ടൌട്ട് 162, മില്ലര്‍ സി ടെയ്ലര്‍ ബി റസല്‍ 20, ബെഹാര്‍ഡിന്‍ നോട്ടൌട്ട് 10, എക്സ്ട്രാസ് 16 ആകെ 50 ഓവറില്‍ അഞ്ചിന് 408.

ബൌളിംഗ്

ടെയ്ലര്‍ 8-1-64-0, ഹോള്‍ഡര്‍ 10-2-104-1, റസല്‍ 9-0-74-2, സാമുവല്‍സ് 2-0-14-0, ബെന്‍ 10-79-0, സമി 7-0-50-0, ഗെയ്ല്‍ 4-0-21-2



വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ്



സ്മിത്ത് സി മില്ലര്‍ ബി താഹിര്‍ 31, ഗെയ്ല്‍ ബി അബോട്ട് 3, സാമുവല്‍സ് സി ഡികോക്ക് ബി അബോട്ട് 0, കാര്‍ട്ടര്‍ സി ഡിവില്യേഴ്സ് ബി മോര്‍ക്കല്‍ 10, രാംദിന്‍ ബി താഹിര്‍ 22, സിമ്മണ്‍സ് എല്‍ബിഡബ്ള്യു താഹിര്‍ 0, സമി സ്റ്റംപ്ഡ് ഡികോക്ക് താഹിര്‍ 5, റസല്‍ സി അബോട്ട് ബി താഹിര്‍ 0, ഹോള്‍ഡര്‍ സി അംല ബി സ്റ്റൈയ്ന്‍ 56, ടെയ്ലര്‍ നോട്ടൌട്ട് 15, ബെന്‍ സി അംല ബി മോര്‍ക്കല്‍ 1, എക്സ്ട്രാസ് 8

ബൌളിംഗ്

സ്റ്റൈയ്ന്‍ 7-0-24-1, അബോട്ട് 8-0-37-2, മോര്‍ക്കല്‍ 5.1-0-23-2, താഹിര്‍ 10-2-45-5, ഡുപ്ളിസി 3-0-17-0

പോയിന്റ് പട്ടിക

ടീം, മത്സരം, ജയം, തോല്‍വി, പോയിന്റ് ക്രമത്തില്‍

ഗ്രൂപ്പ് എ

ന്യൂസിലന്‍ഡ് 3 3 0 6
ശ്രീലങ്ക 3 2 1 4
ഓസ്ട്രേലിയ 2 1 0 3
ബംഗ്ളാദേശ് 3 1 1 3
അഫ്ഗാനിസ്ഥാന്‍ 3 1 2 2
ഇംഗ്ളണ്ട് 3 1 2 2
സ്കോട്ലന്‍ഡ് 3 0 3 0

ഗ്രൂപ്പ് ബി

ഇന്ത്യ 2 2 0 4
ദക്ഷിണാഫ്രിക്ക 3 2 1 4
അയര്‍ലന്‍ഡ് 2 2 0 4
വെസ്റ് ഇന്‍ഡീസ് 4 2 2 4
സിംബാബ്വെ 3 1 2 2
യുഎഇ 2 0 2 0
പാക്കിസ്ഥാന്‍ 2 0 2 0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.