ജയം തുടരാന്‍ ടീം ഇന്ത്യ
ജയം തുടരാന്‍ ടീം ഇന്ത്യ
Saturday, February 28, 2015 11:56 PM IST
പെര്‍ത്ത്: ഗ്രൂപ്പ് ബിയിലെ മൂന്നാം പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. ജയിച്ചാല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കാനും ഗ്രൂപ്പില്‍ ഏറെ മുന്നിലെത്താനുമാകും. ഇന്ത്യക്ക് എതിരാളികളെയല്ലെങ്കിലും കരുത്ത് തെളിയിക്കുകയാണ് യുഎഇയുടെ ലക്ഷ്യം.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും യുഎഇയ്ക്കു ഗ്രൂപ്പിലെ താരതമ്യേന ദുര്‍ബലരെയാണ് നേരിടേണ്ടിവന്നത്. സിംബാബ്വേയും അയര്‍ലന്‍ഡും വളരെ കഷ്ടപ്പെട്ടാണ് യുഎഇയുടെ സ്കോര്‍ മറികടന്നതും. പരിചയസമ്പത്തിന്റെ കുറവാണ് യുഎഇയെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തോല്‍വിയിലേക്കു നയിച്ചത്.

ശക്തന്മാരായ പാക്കിസ്ഥാനെയും ദക്ഷിണാഫ്രിക്കയും തകര്‍ത്ത ഇന്ത്യ ഉജ്വലഫോമിലാണ്. ആദ്യ രണ്ടു മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എതിരാളികള്‍ക്ക് മൂന്നുറിലേറെ റണ്‍സിന്റെ ലക്ഷ്യമാണ് നല്കിയത്. രോഹിത് ശര്‍മ ഒഴികെയുള്ള മുന്‍നിര ബാറ്റ്സ്മാന്‍മാരെല്ലാം മികച്ച ഫോമിലെത്തിക്കഴിഞ്ഞു.

ബൌളിംഗിലും ഫീല്‍ഡിംഗിലും ഇന്ത്യ കൂടുതല്‍ മൂര്‍ച്ചയുള്ളവരായി. കഴിഞ്ഞ രണ്ടുമത്സരങ്ങളില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (73, 137), വിരാട് കോഹ്ലി (107, 46) എന്നിവര്‍ മികച്ച ബാറ്റിംഗ് നടത്തിയപ്പോള്‍ സുരേഷ് റെയ്നയും (74) അജിങ്ക്യ രഹാനെയും (79) ഫോമില്‍തന്നെയെന്ന് തെളിച്ചു. അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ് നേടാനാകുന്നില്ലെന്നത് മാത്രമാണ് ഇന്ത്യയെ ബുദ്ധിമുട്ടിക്കുന്നത്. രോഹിത് ശര്‍മയും നായകന്‍ മഹേന്ദ്രസിംഗ് ധോണിയും രവീന്ദ്ര ജഡേജയും ഫോമിലെത്തിയാല്‍ ഇന്ത്യക്കു ഭയക്കേണ്ട കാര്യമില്ല.


കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മികച്ച രീതിയില്‍ ബൌള്‍ ചെയ്ത് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമി ഇടതുകാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഇന്ന് കളിക്കില്ല. ഷാമിക്കു പകരം ഓള്‍റൌണ്ടര്‍ സ്റുവര്‍ട്ട് ബിന്നിക്കാണു സാധ്യത.

ആദ്യ രണ്ടു മത്സരങ്ങളിലും 250 റണ്‍സിനു മുകളില്‍ സ്കോര്‍ ചെയ്ത യുഎഇയെ ഇന്ത്യക്കു നിസാരമായി തള്ളിക്കളയാന്‍ പറ്റില്ല. അവരുടെ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങള്‍ അതു തെളിയിക്കുയും ചെയ്തിരുന്നു.

ഷെയ്മാന്‍ അന്‍വര്‍ (67, 106) കഴിഞ്ഞ മത്സരങ്ങളില്‍ സ്കോര്‍ ചെയ്തത്. 43-കാരന്‍ ഖുറാം ഖാനും മികച്ച ഫോമിലാണ്. നായകന്‍ മുഹമ്മദ് താഖിര്‍, അമ്ജദ് ജാവേദ്, മുഹമ്മദ് നവീദ് എന്നിവര്‍ക്ക്് വിക്കറ്റ് നേട്ടം കൈവരിക്കാനുമാകുന്നുണ്ട്. മലയാളി താരം കൃഷ്ണചന്ദ്രന്‍ കളിക്കുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

മുഹമ്മദ് ഷാമിക്കു പരിക്ക്

പെര്‍ത്ത്: ഇന്ത്യന്‍ ഫാസ്റ് ബൌളര്‍ മുഹമ്മദ് ഷാമി യുഎഇക്കെതിരേ ഇന്നത്തെ മത്സരത്തില്‍ കളിക്കില്ല. കാല്‍മുട്ടിനേറ്റ പരിക്കാണ് ഷാമിയെ പുറത്തിരുത്തിയത്. ഷാമിയുടെ ഇടതുകാല്‍ മുട്ടില്‍ ചെറിയ രീതിയില്‍ പരിക്കേറ്റെന്നും അള്‍ട്രാ സൌണ്ട സ്കാനിംഗിനു വിധേയനാക്കിയതായി ടീം മീഡിയ മാനേജര്‍ ആര്‍.എന്‍. ബാബ പറഞ്ഞു. ഷാമിക്കു പകരമായി മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാറോ, ഓള്‍ റൌണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയോ എത്താന്‍ സാധ്യതയുണ്ട്. രണ്ടു മത്സരങ്ങളില്‍നിന്നായി ഷാമി ആറ് വിക്കറ്റ് വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.