പരിശീലനരീതിയെ ന്യായീകരിച്ച് ധോണി
Wednesday, March 4, 2015 10:44 PM IST
പെര്‍ത്ത്: ലോകകപ്പ് മത്സരങ്ങള്‍ക്കിടയിലെ പരിശീലനസെഷനുകള്‍ കുറച്ചതിനെ ന്യായീകരിച്ച് ക്യാപ്റ്റന്‍ ധോണി. ആറുദിവസത്തെ സാധാരണ പരിശീലനത്തെക്കാള്‍ മൂന്നുദിവസത്തെ തീവ്രപരിശീലനമാണ് ഗുണകരമെന്നു ധോണി വിശദീകരിച്ചു. ഇന്ത്യന്‍ ടീമിന്റെ പരിശീലനസെഷനുകളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരശേഷം കേവലം രണ്ടുദിനമായിരുന്നു ടീം പരിശീലനത്തിനിറങ്ങിയിരുന്നത്. പരിശീലനസെക്ഷനുകള്‍ വിഭജിക്കുകയാണ് ടീമിന്റെ തന്ത്രം.

മത്സരം കഴിഞ്ഞശേഷം കാര്യമായ വിശ്രമം എടുത്തശേഷമാണ് ടീം പരിശീലനത്തിനിറങ്ങുന്നത്. കഴിഞ്ഞ നാലുമാസമായി ടീം ഓസ്ട്രേലിയയിലുള്ളത് കാര്യങ്ങള്‍ എളുപ്പമാക്കിയെന്നു ധോണി വിശദീകരിക്കുന്നു. ടെസ്റ്റ്, ത്രിരാഷ്ട്ര പരമ്പരയിലായി ടീം ഓസ്ട്രേലിയയിലെ മിക്ക വേദികളിലും കളിച്ചിട്ടുണ്ട്. ഇതുകൊണ്ട് ഓരോ സ്ഥലത്തെയും സാഹചര്യങ്ങള്‍ ശരിക്കും മനസിലാക്കാന്‍ സാധിച്ചു.


ത്രിരാഷ്ട്ര പരമ്പരയ്ക്കുശേഷം പിച്ചുകളുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന വിശ്രമം ടീമിനു റീഫ്രഷ് ചെയ്യാന്‍ അവസരം നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.