ചെന്നൈയെ കശക്കി രാജസ്ഥാന് അഞ്ചാം ജയം
ചെന്നൈയെ കശക്കി രാജസ്ഥാന് അഞ്ചാം ജയം
Monday, April 20, 2015 11:58 PM IST
അഹമ്മദാബാദ്: രാജസ്ഥാന്റെ പടയോട്ടം തുടരുന്നു. കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും അവര്‍ മലര്‍ത്തിയടിച്ച് അദ്ഭുതാവഹമായി മുന്നേറുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ പോയിന്റ് നിലയില്‍ മുന്നിലുണ്ടായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അവര്‍ എട്ടു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ചെന്നൈ ഉയര്‍ത്തിയ 157 റണ്‍സ് വിജലക്ഷ്യം രാജസ്ഥാന്‍ 18.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ചെന്നൈയുടെ ഈ സീസണിലെ ആദ്യ തോല്‍വിയാണിത്. അതേസമയം, രാജസ്ഥാന്റെ തുടര്‍ച്ചയായ അഞ്ചാം വിജയവും. ഇതോടെ പോയിന്റ് നിലയില്‍ ഒന്നാമതെത്താനും രാജസ്ഥാനായി.

പരിക്കിനു ശേഷം തിരിച്ചെത്തിയ ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്സന്റെയും (55 പന്തില്‍ 76) അജിങ്ക്യ രഹാനെയുടെയും ഉജ്വല ബാറ്റിംഗാണ് രാജസ്ഥാന് ആധികാരിക ജയം സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 97 പന്തില്‍ 144 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വാട്സണ്‍ നാല് വീതം ഫോറും സിക്സുമടിച്ചപ്പോള്‍ ആറ് ഫോറും രണ്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്സ്. അജിങ്ക്യ രഹാനെയാണു മാന്‍ ഓഫ് ദ മാച്ച്.

നേരത്തേ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈക്ക് ബ്രണ്ടന്‍ മക്കല്ലം (12), സുരേഷ് റെയ്ന (4), ഫാഫ് ഡു പ്ളസി (1) എന്നിവരെ വേഗത്തില്‍ നഷ്ടമായി. എന്നാല്‍, ഡ്വെയ്ന്‍ ബ്രാവോ (36 പന്തില്‍ 62*) ഓപ്പണര്‍ ഡ്വെയ്ന്‍ സ്മിത്ത് (29 പന്തില്‍ 40), ക്യാപ്റ്റന്‍ ധോണി (37 പന്തില്‍ 31*) എന്നിവരുടെ ബാറ്റിംഗ് മികവ് തുണയായി. കൂറ്റന്‍ സ്കോര്‍ എന്ന ലക്ഷ്യം കണ്െടത്താന്‍ രാജസ്ഥാന്‍ ബൌളര്‍മാര്‍ ചെന്നൈ ബാറ്റ്സ്മാന്മാരെ അനുവദിച്ചുമില്ല. രാജസ്ഥാനു വേണ്ടി അങ്കിത് ശര്‍മ, ക്രിസ് മോറിസ്, പ്രവീണ്‍ താംബെ, ജയിംസ് ഫോക്ക്നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.


വിജയത്തിലേക്ക് വളരെ വേഗം അടുത്ത രാജസ്ഥാനു പക്ഷേ, രണ്ടു വിക്കറ്റുകള്‍ അവസാനം നഷ്ടപ്പെടുത്തേണ്ടിവന്നു.

സ്റീവന്‍ സ്മിത്ത് (6), വാട്സണ്‍ എന്നിവരെയാണു രാജസ്ഥാന്‍ നഷ്ടപ്പെടുത്തിയത്. കളിയവസാനിക്കുമ്പോള്‍ കരുണ്‍ നായര്‍ (1) രഹാനെയ്ക്കൊപ്പം പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജയ്്ക്കും ബ്രാവോയ്ക്കുമാണ് വിക്കറ്റുകള്‍. അതേസമയം, ഇതുവരെ ഓപ്പണറായി രഹാനെയ്ക്കൊപ്പം ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റിംഗിനിറങ്ങിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.