ഫ്ളോയ്ഡ് മേവെതര്‍ വെല്‍റ്റര്‍ വെയ്റ്റ് ലോകചാമ്പ്യന്‍
ഫ്ളോയ്ഡ് മേവെതര്‍ വെല്‍റ്റര്‍ വെയ്റ്റ് ലോകചാമ്പ്യന്‍
Monday, May 4, 2015 11:43 PM IST
ലാസ്വേഗസ്: ലോകം കാത്തിരുന്ന നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ വിജയം മെയ്ക്കരുത്തിന്റെ പ്രതിരോധപ്പോരാളിക്ക്. അതെ; മുഹമ്മദ് അലിക്കുശേഷം ലോകം കണ്ട മികച്ച ബോക്സറായി വിലയിരുത്തപ്പെടുന്ന അമേരിക്കയുടെ ഫ്ളോയ്ഡ് മേവെതര്‍ വെല്‍ട്ടര്‍ വെയിറ്റ് ലോകചാമ്പ്യനായി. പ്രതിരോധത്തിന്റെ ഉദാത്തമാതൃകയായി വിലയിരുത്തപ്പെടുന്ന മേവെതര്‍, ഫിലിപ്പീന്‍സിന്റെ ഇതിഹാസതാരം മാനി പക്കിയാവോയെ പരാജയപ്പെടുത്തിയാണ് ലോകകിരീടത്തില്‍ മുത്തമിട്ടത്. മൂന്നു ജഡ്ജസിന്റെയും ഐകകണ്ഠ്യേനയുള്ള തീരുമാനത്തിനൊടുവിലാണ് മേവെതറിനെ വിജയിയായി പ്രഖ്യാപിച്ചത്. 12 റൌണ്ടുകളുണ്ടായിരുന്ന പോരാട്ടത്തില്‍ റിംഗിലെ ജഡ്ജ് ഡേവ് മൊറേറ്റി 118-110 എന്ന പോയിന്റാണ് യഥാക്രമം മേവെതറിനും പക്കിയാവോയ്ക്കും നല്‍കിയത്. ജഡ്ജായ ഗ്ളെന്‍ ഫീല്‍ഡ്മാനും ബെര്‍ട്ട് ക്ളമന്റ്സും 116-112, 116-112 എന്ന സ്കോറും നല്‍കി. 435 പഞ്ചുകളില്‍ 148 എണ്ണവും ലാന്‍ഡ് ചെയ്യിക്കാന്‍ മേവെതറിനായി. പക്കിയാവോയ്ക്കാകട്ടെ 429 പഞ്ചില്‍ 81 എണ്ണം മാത്രമാണ് ലാന്‍ഡ് ചെയ്യിക്കാനായത്.

അപരാജിതന്‍ മേവെതര്‍

19 വര്‍ഷത്തെ കരിയറില്‍ ഒരിക്കല്‍പ്പോലും പരാജയപ്പെട്ടിട്ടില്ല എന്ന അപൂര്‍വ റിക്കാര്‍ഡ് കാത്തുസൂക്ഷിക്കാനും വിജയത്തോടെ മേവെതറിനായി. ഈ വിജയംകൂടി ചേര്‍ത്ത് 48 ബൌട്ടുകളിലും മേവെതര്‍ അപരാജിതനായി. അതേസമയം, പക്കിയാവോയുടെ ആറാം പരാജയമാണിത്. 57 മത്സരങ്ങളില്‍ അദ്ദേഹം വിജയിച്ചപ്പോള്‍ രണ്ടു സമനിലയും പിറന്നു. പക്കിയാവോയും മേവെതറും തമ്മില്‍ ആദ്യമായാണ് പോരാടിയത്.

മേവെതറിന് 900 കോടി രൂപ

മേവെതറിന് മൂവായിരം മരതകങ്ങള്‍ ഘടിപ്പിച്ച ബെല്‍റ്റും ഏതാണ്ട് 900 കോടി രൂപയും സമ്മാനമായി ലഭിച്ചു. പക്കിയാവോയ്ക്കാകട്ടെ, 600 കോടി രൂപ ലഭിക്കും. മത്സരം നടന്ന ലാസ് വെഗാസ് എംജിഎം ഗ്രാന്‍ഡ് ഗാര്‍ഡന്‍ അരീനയില്‍ മേവെതര്‍ ഇതു 11-ാം തവണയാണ് വിജയിക്കുന്നത്. സെപ്റ്റംബറില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച മേവെതര്‍ അതിനു മുമ്പ് ഒരു പോരാട്ടത്തില്‍ക്കൂടി പങ്കെടുക്കുമെന്ന് അറിയിച്ചത് ആരാധകരെ ഹരംകൊള്ളിച്ചിരിക്കുകയാണ്. ഇപ്പോള്‍ 48 മത്സരങ്ങളില്‍ അപരാജിതനായി തുടരുന്ന മേവെതറിന് അടുത്ത രണ്ടു മത്സരത്തില്‍ക്കൂടി വിജയിക്കാനായാല്‍ അതു ലോകറിക്കാര്‍ഡാകും. 49 വിജയങ്ങള്‍ സ്വന്തമാക്കിയ റിക്കി മാര്‍സിയാനോയുടെ റിക്കാര്‍ഡ് മറികടക്കാനും ഇതുമൂലം മേവെതറിനാകും. ആമിര്‍ ഖാന്‍, ബ്രിട്ടോണ്‍, ലോക വെല്‍റ്റര്‍ വെയ്റ്റ് ചാമ്പ്യന്‍ കെല്‍ ബ്രൂക്ക് എന്നിവരിലാരാളാകും അടുത്ത മത്സരത്തില്‍ മേവെതറിന് എതിരാളിയായി വരുന്നത്. ബ്രിട്ടന്റെ ആമിര്‍ഖാന്‍ മത്സരം വീക്ഷിക്കാന്‍ റിംഗ് സൈഡിലുണ്ടായിരുന്നു. തന്നോട് അടുത്ത മത്സരത്തില്‍ എതിരിടാന്‍ മേവെതര്‍ തയാറാകണമെന്ന് ആമിര്‍ ഖാന്‍ ആവശ്യപ്പെട്ടു.

അഞ്ചാം ലോകകിരീടം

മേവെതറിന്റെ അഞ്ചാം ലോക കിരീടമാണിത്. കീഴടങ്ങിയെങ്കിലും മികച്ച പോരാട്ടംനടത്തിയാണ് പക്കിയാവോ എംജിഎം ഗ്രാന്‍ഡ് ഗാര്‍ഡന്‍ വിട്ടത്. മത്സരശേഷം വിധിവരുന്നതുവരെ താന്‍ വിജയിച്ചു എന്നാണ് കണക്കുകൂട്ടിയിരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

16,507 കാണികളുടെ നടുവില്‍ ഏറ്റുമുട്ടിയ മേവെതറും പക്കിയാവോയും കാണികളെ ത്രസിപ്പിക്കുന്ന പ്രകടനമാണു കാഴ്ചവച്ചത്. കാണികളിലധികവും പക്കിയാവോയുടെ ആക്രമണശൈലിയെ പിന്തുണച്ചപ്പോള്‍ മേവെതര്‍ തന്റെ പ്രതിരോധം പതറാതെ സൂക്ഷിച്ചു. 12 റൌണ്ടുകളിലെ ഫലം പ്രശസ്ത സ്േപോര്‍ട്സ് കോളമിസ്റ്റ് ഗാരെത് എ. ഡേവിസ് വിലയിരുത്തുന്നത് ഇങ്ങനെയാണ്.

ആദ്യ മൂന്നും 10-9 എന്ന സ്കോറിന് മേവെതര്‍ സ്വന്തമാക്കിയപ്പോള്‍ നാലാമത്തേതില്‍ പക്കിയാവോ 10-9നു ലീഡ് ചെയ്തു.

എന്നാല്‍, തൊട്ടടുത്ത റൌണ്ട് 10-9 എന്ന സ്കോറില്‍ മേവെതര്‍ വിജയിച്ചു. ആറാം റൌണ്ടിലെ വിജയം പക്കിയാവോയ്ക്കൊപ്പം(10-9) നിന്നു. 7,11,12 റൌണ്ടുകളില്‍ മേവെതര്‍ വിജയിച്ചപ്പോള്‍ 8, 9, 10 റൌണ്ടുകളില്‍ പക്കിയാവോ ഇടിച്ചുകയറി. അങ്ങനെ 115-113ന് മേവെതര്‍ ലീഡ് ചെയ്തു.


എന്നാല്‍, ഒഫീഷ്യല്‍ ഡിക്ളറേഷനില്‍ പുറത്തിരിക്കുന്ന ജഡ്ജുമാരുടെ തീരുമാനം 116-112 എന്നായിരുന്നു. എങ്ങനെയാണ് ഇത്രയും സ്കോര്‍ മേവെതര്‍ നേടിയതെന്ന ചോദ്യവും ഇതിനിടെ ഉയര്‍ന്നു. ഇരുവരുടെയും വിധിയില്‍ ആദ്യ മൂന്നു റൌണ്ടിലും മേവെതര്‍തന്നെ ലീഡ് ചെയ്തു. ഈ ലീഡ് വലിയ മാനസിക മുന്‍തൂക്കം പക്കിയാവോയ്ക്കുമേല്‍ നേടാന്‍ മേവെതറിന് ഉപകരിച്ചു.

ഇന്ത്യന്‍ സമയം, ഇന്നലെ രാവിലെ ഒമ്പതോടെ ആരംഭിച്ച മത്സരത്തില്‍ മൂന്നു മിനിറ്റു വീതമുള്ള 12 റൌണ്ടുകളുണ്ടായിരുന്നു. ആദ്യമായി പേരുവിളിച്ചത് മേവെതറിനെയായിരുന്നുവെങ്കിലും റിംഗിലെത്തിയത് പക്കിയാവോയായിരുന്നു.


എംജിഎം ഗ്രാന്‍ഡ് ഗാര്‍ഡനില്‍വിവിഐപി നിര

മത്സരത്തിന് സാധാരണ ജനങ്ങള്‍ക്ക് ആയിരം ടിക്കറ്റുകള്‍ മാത്രമായിരുന്നു നല്‍കിയത്. ഇതു വന്‍തുക മുടക്കി ആരാധകര്‍ സ്വന്തമാക്കി. ബാക്കിയുള്ള ടിക്കറ്റുകള്‍ ക്ഷണിക്കപ്പെട്ടവര്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമായിരുന്നു.

ലോകപ്രശസ്ത സിനിമാ പ്രവര്‍ത്തകരായ ക്ളിന്റ് ഈസ്റ്വുഡ്, റോബര്‍ട്ട് ഡീ നീറോ, പാരിസ് ഹില്‍ട്ടണ്‍, ഗ്രാമി അവാര്‍ഡ് ജോതാക്കളായ ജാമി ഫോക്സ്, ബിയോണ്‍സ്, ടെന്നീസ് ദമ്പതിമാരായ ആന്ദ്രെ അഗാസി- സ്റെഫി ഗ്രാഫ് തുടങ്ങിയ വലിയ താരനിരതന്നെ ഗ്രാന്‍ഡ് ഗാര്‍ഡനില്‍ എത്തിയിരുന്നു.

എന്നാല്‍, ലോകം പ്രതീക്ഷിച്ചപോലെ അത്ര മികച്ച പോരാട്ടമായിരുന്നില്ല ഇരുവരുടേതുമെന്ന വിമര്‍ശനവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

ഫിലിപ്പീന്‍സ് ജനതയ്ക്കു വിതുമ്പല്‍

മനില: തങ്ങളുടെ വീരനായകന്റെ വിജയം കാണാന്‍ കാത്തിരുന്ന ഫിലിപ്പീന്‍സുകാര്‍ക്ക് ദുഃഖം അടക്കാനാകുന്നില്ല. ചേരിയില്‍ വളര്‍ന്നു താരമായ പക്കിയാവോ സമ്പന്നവര്‍ഗത്തിന്റെ പ്രതിനിധിയായ മേവെതറെ കീഴടക്കുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. തലസ്ഥാനമായ മനിലയിലടക്കം പോരാട്ടം കാണാന്‍ പതിനായിരങ്ങള്‍ തടിച്ചുകൂടിയിരുന്നു. മേവെതര്‍ ജയിച്ചെന്ന വിധി വന്നതോടെ പലരും പൊട്ടിക്കരഞ്ഞു. ജഡ്ജിമാരുടെ വിധിയെ പക്ഷപാതപരമാണെന്നു വിളിച്ചുപറയുന്നവരുമുണ്ടായിരുന്നു.

പക്കിയാവോ ജയം അര്‍ഹിച്ചിരുന്നുവെന്നും മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമുയര്‍ന്നു. പരാജയപ്പെട്ടെങ്കിലും പക്കിയാവോയുടെ ജനകീയത വ്യക്തമാക്കുന്നതായിരുന്നു ജന്മനാട്ടില്‍ അദ്ദേഹത്തിനു ലഭിച്ച പിന്തുണ. ഫിലിപ്പീന്‍സിന്റെയല്ല, ഏഷ്യയുടെ പ്രതിനിധിയായാണ് അദ്ദേഹത്തെ പലരും വിലയിരുത്തിയത്.

പരിക്കിനെ പഴിച്ച് പക്കിയാവോ, ആരാണു മികച്ചവനെന്നു തെളിഞ്ഞെന്ന് മേവെതര്‍

ലാസ് വേഗസ്: മത്സരം തോല്‍ക്കാന്‍ കാരണം ചുമലിനേറ്റ പരിക്കെന്ന് മാനി പക്കിയാവോ. മത്സരത്തിനു മൂന്നാഴ്ചയ്ക്കു മുമ്പായിരുന്നു പരിക്കേറ്റത്. അതുകൊണ്ടുതന്നെ വലതുകൈ ശരിയായി ഉപയോഗിക്കാന്‍ സാധിച്ചില്ല. മത്സരത്തിനു മുമ്പ് വേദനസംഹാരിക്കുള്ള കുത്തിവയ്പുവേണമെന്ന് പക്കിയാവോ ആവശ്യപ്പെട്ടെങ്കിലും നെവഡ അത്ലറ്റിക് കമ്മീഷന്‍ നിരസിച്ചു. അഞ്ചുദിവസം മുമ്പ് പരിക്കിനെപ്പറ്റി കമ്മീഷനെ അറിയിച്ചിരുന്നുവെന്ന് പക്കിയാവോയുടെ പ്രമോട്ടര്‍ ബോബ് അരും വ്യക്തമാക്കി. അതേസമയം, കമ്മീഷന്‍ ചെയര്‍മാന്‍ ഫ്രാന്‍സിസ്കോ അഗ്വിലര്‍ ഇതേക്കുറിച്ച് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു -പക്കിയാവോയ്ക്കു പരിക്കുണ്െടന്ന് അറിയുന്നത് ഫൈറ്റിനു രണ്ടു മണിക്കൂര്‍ മുമ്പു മാത്രമാണ്. റിംഗിന്റെ സമീപം ഡോക്ടറെ അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആവശ്യം നിരസിച്ചു. പക്കിയാവോയെക്കാള്‍ പരിക്കുമായാണ് താന്‍ കളത്തിലിറങ്ങിയതെന്നായിരുന്നു മേവെതര്‍ മത്സരശേഷം പറഞ്ഞത്. രണ്ടും കൈയിലും പരിക്കുണ്ടായിരുന്നു. എന്റെ എതിരാളിയായിരുന്നു ജയിച്ചിരുന്നതെങ്കില്‍ അര്‍ഹിക്കുന്ന ബഹുമാനം ഞാന്‍ നല്കുമായിരുന്നു. പക്കിയാവോയാണ് മികച്ചവനെന്നു പറയുകയും ചെയ്തേനെ- പക്കിയാവോയെന്ന പരിഹസിക്കാനും മേവെതര്‍ മറന്നില്ല. തന്റെ മകനാണ് മികച്ചവനെന്നു ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായതായി മേവെതറിന്റെ ട്രെയ്നറും പിതാവുമായ ഫ്ളോയ്ഡ് മേവെതര്‍ സീനിയര്‍ പ്രതികരിച്ചു.

ഫിലിപ്പീന്‍സ് പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ടു പക്കിയാവോ

മനില: മാനി പക്കിയാവോ എന്ന കുറിയ മനുഷ്യന്‍ ഫിലിപ്പീന്‍സ് ജനതയ്ക്കു വീരനായകനാണ്. കളത്തിലും പുറത്തും അതിനു മാറ്റമില്ല. ബോക്സിംഗ് റിംഗിലെ ഐതിഹാസിക കരിയര്‍ ഏറെക്കുറെ അവസാനിപ്പിച്ചെങ്കിലും ഈ ദൈവവിശ്വാസിയെ കാത്തിരിക്കുന്നത് വലിയൊരു ദൌത്യമാണ്. അഴിമതി തഴച്ചുവളരുന്ന ഫിലിപ്പീന്‍സിന്റെ പ്രസിഡന്റ് സ്ഥാനം. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുള്ള താത്പര്യം 2013ല്‍ തന്നെ പക്കിയാവോ തുറന്നുപറഞ്ഞിട്ടുള്ളതാണ്. എല്ലാം ദൈവനിശ്ചയപ്രകാരം നടക്കുമെന്നാണ് പദവിയെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്കിയിരുന്ന മറുപടി. നിലവില്‍ ഫിലിപ്പീന്‍സ് സെനറ്റംഗമാണ് പക്കിയാവോ. അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അദ്ദേഹത്തിന്റെ പ്രമോട്ടര്‍ ബോബ് അരും വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.