സ്പാനിഷ്-ഇറ്റാലിയന്‍ പോരാട്ടം ഇന്ന്
സ്പാനിഷ്-ഇറ്റാലിയന്‍ പോരാട്ടം ഇന്ന്
Tuesday, May 5, 2015 12:07 AM IST
ടൂറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നും നാളെയും. ആദ്യമത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസിനെതിരേ ടൂറിനില്‍ ഇറങ്ങും. നാളെ നടക്കുന്ന മത്സരത്തില്‍ ബാഴ്സലോണ ബയേണ്‍ മ്യൂണിക്കുമായി കൊമ്പുകോര്‍ക്കും.

ഇന്നത്തെ മത്സരത്തില്‍ ക്രി സ്റ്യാനോ റൊണാള്‍ഡോ-കാര്‍ലോസ് ടെവസ് പോരാട്ടത്തിനും ഗോള്‍ വല കാക്കുന്നതില്‍ കേമന്മാരായ യുവന്റസ് കീപ്പര്‍ ഗിയാന്‍ലൂജി ബഫണിന്റെയും റയല്‍ ഗോള്‍കീപ്പര്‍ ഇകര്‍ കസിയസിന്റെയും പോരാട്ടത്തിനും ടൂറിനിലെ ഫുട്ബോള്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കും. രണ്ടു ടീമും ക്വാര്‍ട്ടര്‍ ഫൈനലില്‍ അധികം ഗോളടിക്കാതെയാണ് സെമിയിലെത്തിയത്. റയല്‍ രണ്ടാംപാദ മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡിനെ 1-0നും യുവന്റസ് ആദ്യ പാദത്തില്‍ മോണാക്കോയ്ക്കെതിരെ നേടിയ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയത്തിലുമാണ് സെമിയിലേക്കു മാര്‍ച്ച് ചെയ്തത്. സീരി എയില്‍ തുടര്‍ച്ചയായി ചാമ്പ്യന്‍മാരായതിന്റെ ആവേശത്തിലാണ് യുവന്റസ് എത്തുന്നത്. റയലാണെങ്കില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്സയുമായി ചാമ്പ്യന്‍പട്ടത്തിനായി കടുത്ത പോരാട്ടത്തിലുമാണ്.

യുവന്റസ് തനതായ ഇറ്റാലിയന്‍ ശൈലിയില്‍ കളിക്കുകയാണെങ്കില്‍ റൊണാള്‍ഡോയും കൂട്ടരും ഗോളടിക്കാന്‍ വിയര്‍ക്കും. എന്നാല്‍, കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക് നേടിക്കൊണ്ട് സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയ റൊണാള്‍ഡോയെ തളയ്ക്കാന്‍ ബഫണും കൂട്ടരും പല വഴികള്‍ ആലോചിക്കേണ്ടിവരും. റൊണാള്‍ഡോയെക്കൂടാതെ ഹാവിയര്‍ ഹെര്‍ണാണ്ടസ്, ടോണി ക്രൂസ്, ഹാമിഷ് റോഡ്രിഗസ് എന്നിവരും ഗോളിലേക്കുള്ള വഴി കണ്െടത്തിത്തുടങ്ങിയിട്ടുണ്ട്. മൂവരും മികച്ച ഫോമിലുമാണ്. 2003ലെ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയലിനെ 4-3ന്റെ അഗ്രഗേറ്റില്‍ തോല്‍പ്പിച്ചാണ് യുവന്റസ് ഫൈനലില്‍ പ്രവേശിച്ചത്.

ആ തോല്‍വിക്കു പകരം വീട്ടാനുള്ള അവസരമാണ് റയലിനു കൈവന്നിരിക്കുന്നത്. 1998ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ യുവന്റസിനെ കീഴടക്കിയാണ് റയല്‍ ചാ മ്പ്യന്മാരായത്. 1995-96 സീസണിലാണ് യുവന്റസ് അവസാനമായി യൂറോപ്യന്‍ ചാമ്പ്യന്‍മാരാകുന്നത്.


യുവന്റസിനെയും റയലിനെയും പരിക്കാണ് വലയ്ക്കുന്നത്. തുടയിലെ ഞരമ്പിനേറ്റ പരിക്കിനെത്തുടര്‍ന്ന് ആതിഥേയര്‍ക്ക് മധ്യനിരയില്‍ പോള്‍ പോഗ്ബയുടെ സേവനം ലഭിക്കില്ല. പോഗ്ബയെ കൂടാതെ ക്വാഡ്വോ അസമാവോ, മാര്‍ട്ടിന്‍ കാസറസ്, ലൂക്ക മാരോണ്‍ എന്നിവരെയും യുവന്റസിനു നഷ്ടമാകും.

റയലിനാണെങ്കില്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സേമയുടെ പരിക്ക് തലവേദനയാണ്. പരിക്ക് ഭേദമാകാത്തതിനെത്തുടര്‍ന്ന് ഇന്നത്തെ മത്സരത്തിന് റയല്‍ ടീമില്‍ ഇടം നേടാനായിട്ടില്ല. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ബെന്‍സേമ കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ പുറത്തിരിക്കുകയായിരുന്നു. എന്നാല്‍, പരിക്ക് ഭേദമായ ഗാരത് ബെയ്ലിന്റെ തിരിച്ചുവരവ് നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസം പകരുന്നുണ്ട്. സെവിയ്യക്കെതിരേയുള്ള സ്പാനിഷ് ലീഗ് മത്സരത്തില്‍ ബെയ്ലിനെ പകരക്കാനായി ഇറക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് മത്സരത്തില്‍ റയലും യുവന്റസും ഏറ്റുമുട്ടിയിരുന്നു. സാന്റിയാഗോ ബര്‍ണേബുവില്‍ റയല്‍ ജയിച്ചപ്പോള്‍ ടൂറിനില്‍ സമനിലയായി.

നേര്‍ക്കുനേര്‍

റയല്‍-യുവന്റസ് പോരാട്ടം 1961-62 സീസണിലാണ് ആരംഭിക്കുന്നത്. 1992ല്‍ യൂറോപ്യന്‍ കപ്പ് എന്ന് പേരു മാറിയതിനുശേഷം റയലും യുവന്റസും ആറു സീസണുകളിലായി പതിനൊന്നു തവണ ഏറ്റുമുട്ടി. ഇതില്‍ അഞ്ച് ജയം സ്പാനിഷ് ക്ളബ്ബിനും അത്രതന്നെ ജയം ഇറ്റാലിയന്‍ ക്ളബ്ബിനും ലഭിച്ചു. ഒരു മത്സരം സമനിലയായി. റയലും യുവന്റസും യൂറോപ്യന്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിവിടെയായി ആകെ പതിനാറു തവണ ഏറ്റുമുട്ടി. ഇതില്‍ റയല്‍ എട്ടു പ്രാവശ്യം ജയിച്ചപ്പോള്‍ യുവന്റസ് ഏഴു പ്രാവശ്യവും വിജയിച്ചു. ഒരണ്ണം സമനിലയായി. ഇരുവരും അവസാനം ഏറ്റുമുട്ടിയത് ടൂറിനില്‍ 2013 നവംബറിലാണ്. അന്ന് മത്സരം 2-2ന് സമനിലയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.