ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ യുവന്റസ്
ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ യുവന്റസ്
Thursday, May 7, 2015 11:41 PM IST
ടൂറിന്‍: ഇറ്റാലിയന്‍ പ്രതിരോധത്തെ കീറിമുറിക്കാന്‍ ടൂറിനിലെത്തിയ ക്രിസ്റ്യാനോ റൊണാള്‍ഡോയ്ക്കും സംഘത്തിനും തിരിച്ചടി. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ആദ്യപാദ സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്, യുവന്റസിനോട് ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെട്ടു. ആസൂത്രണമികവിന്റെ സുന്ദരമായ ആവിഷ്കാരം മൈതാനത്തു പ്രകടിപ്പിച്ച യുവന്റസിനുവേണ്ടി മുന്‍ റയല്‍ താരം അല്‍വാരോ മൊറാട്ടയും(എട്ടാം മിനിറ്റ്) സൂപ്പര്‍ താരം കാര്‍ലോസ് ടെവസുമാണ് (57) ഗോള്‍ നേടിയത്. റയലിന്റെ ആശ്വാസഗോള്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ക്രിസ്റ്യാനോ റൊണാള്‍ഡോയുടെ(27) വകയായിരുന്നു.

41-ാം മിനിറ്റില്‍ ഇസ്കോയുടെ ഇടതുവിംഗ് ക്രോസില്‍ ഹാമിഷ് റോഡ്രിഗസിന്റെ ഹെഡര്‍ ക്രോസ് ബാറില്‍ത്തട്ടിത്തെറിച്ചത് റയലിനു തിരിച്ചടിയായി. 13-ാം തീയതി സ്വന്തം തട്ടകമായ സാന്റിയാഗോ ബര്‍ണേബുവില്‍ നടക്കുന്ന രണ്ടാംപാദ സെമിയില്‍ സമനില നേടിയാല്‍ പോലും യുവന്റസിനു ഫൈനലിലെത്താം. അതേസമയം, റയലിനു ഫൈനലിലെത്തണമെങ്കില്‍ ചുരുങ്ങിയത് 1-0നു വിജയിക്കണം. അപ്പോള്‍ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ റയല്‍ കലാശപ്പോരിനിറങ്ങും. 2003നു ശേഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടക്കാനുള്ള സുവര്‍ണാവസരമാണ് യുവന്റസിനെ കാത്തിരിക്കുന്നത്.

തുടക്കം ലീഡ്

ഇറ്റാലിയന്‍ ലീഗില്‍ കിരീടമുറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു യുവന്റസ് സ്വന്തം തട്ടകത്തില്‍ പന്ത് തട്ടാനിറങ്ങിയത്. സ്പാനിഷ് ലീഗിലെ തുടര്‍ച്ചയായ വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസം റയലിനുമുണ്ടായിരുന്നു. എന്നാല്‍, പരിക്കിനെത്തുടര്‍ന്ന് കരിം ബന്‍സേമയ്ക്കു ടീമില്‍ ഇടം നേടാനായില്ല. പരിക്കിനുശേഷം തിരിച്ചെത്തിയ ഗാരെത് ബെയ്ലിനാകട്ടെ, ഫോമിന്റെ ഏഴയലത്തെത്താനുമായില്ല. കഴിഞ്ഞ മത്സരങ്ങളില്‍ മിന്നും ഫോമിലായിരുന്ന മുന്നേറ്റനിര താരം ഹാവിയര്‍ ഹെര്‍ണാണ്ടസിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെ ഇറങ്ങിയതും റയലിനു തിരിച്ചടിയായി.

പ്രതിരോധത്തിലൂടെയാകും തങ്ങളെ യുവന്റസ് നേരിടുന്നതെന്ന റയലിന്റെ പ്രതീക്ഷയ്ക്കുമേല്‍ വെള്ളിടിയെന്നോണം ആദ്യഗോള്‍. പോരാട്ടം ചൂടുപിടിച്ചു വന്നപ്പോഴേക്കും 8-ാം മിനിറ്റില്‍ത്തന്നെ ആതിഥേയര്‍ ആദ്യ വെടി പൊട്ടിച്ചു. മുന്‍ റയല്‍ താരം കൂടിയായ അല്‍വാരോ മൊറാട്ടയായിരുന്നു സ്കോറര്‍. റയല്‍ ഗോള്‍വല ലക്ഷ്യമാക്കി അര്‍ജന്റൈന്‍ താരം കാര്‍ലോസ് ടെവസ് പായിച്ച ഷോട്ട് ഗോളി ഇകര്‍ കസീയസ് തട്ടിത്തെറിപ്പിച്ചെങ്കിലും പന്ത് കിട്ടിയത് മൊറാട്ടയുടെ കാലില്‍. ഗോള്‍പാകത്തിന് വന്ന പന്ത് മൊറാട്ട തട്ടി വലയിട്ടു; യുവെന്റസ് 1-0ന് മുന്നില്‍. റയല്‍ പ്രതിരോധതാരം മാഴ്സെലോയ്ക്കാണ് ആദ്യം പിഴച്ചതെങ്കില്‍ തൊട്ടുപിന്നാലെ ലോകോത്തര ഗോള്‍ കീപ്പര്‍ കസീയസിനും പിഴച്ചു.

ഗോള്‍ വീണതോടെ അടിയേറ്റ അവസ്ഥയിലായിരുന്നു റയല്‍. പതിയെ താളം കണ്െടത്തിയ റയല്‍ മികച്ച മുന്നേറ്റങ്ങളിലൂടെ ഏതു നിമിഷവും ഗോള്‍ നേടാമെന്ന പ്രതീതി സമ്മാനിച്ചു.

റൊണാള്‍ഡോയ്ക്ക് 76-ാം ഗോള്‍

ആക്രമണങ്ങളുടെ കുന്തമുനയായി റൊണാള്‍ഡോ പരിണമിച്ചതോടെ റയലിനു ഗോള്‍ മണത്തു. ഇതോടെ സമനില ഗോളും വന്നു. 27-ാം മിനിറ്റില്‍ കൊളംബിയന്‍ താരം ഹാമിഷ് റോഡ്രിഗസ് അളന്നുമുറിച്ചു നല്‍കിയ ക്രോസ് തലകൊണ്ട് ചെത്തി ആളൊഴിഞ്ഞ വലയിലിടേണ്ട ചുമതലയേ റൊണാള്‍ഡോയ്ക്കുണ്ടായിരുന്നുള്ളൂ. സ്കോര്‍ 1-1. ഇസ്കോ, റോഡ്രിഗസ് ദ്വയത്തിന്റെ മുന്നേറ്റത്തിനൊടുവിലാണ് ഗോള്‍ വീണത്. ചാമ്പ്യന്‍സ് ലീഗില്‍ തന്റെ 76-ാം ഗോളായിരുന്നു ഇത്. ബാഴ്സയുടെ ലയണല്‍ മെസിയേക്കാള്‍ ഒരെണ്ണം കൂടുതല്‍.


ആദ്യപകുതി തീരുന്നതിനു തൊട്ടുമുന്‍പ് ലീഡ് നേടാന്‍ റയലിന് നല്ലൊരവസരം ലഭിച്ചെങ്കിലും നിര്‍ഭാഗ്യം ക്രോസ്ബാറിന്റെ രൂപത്തില്‍ തടയിട്ടു. റോണാള്‍ഡോയുടെ പാസില്‍ ഇസ്കോ ഉയര്‍ത്തി നല്‍കിയ പന്ത് റോഡ്രിഗസ് പറന്നു ഹെഡ് ചെയ്തെങ്കിലും ക്രോസ്ബാറില്‍ത്തട്ടി തിരിച്ചുവന്നു. ഈ ഗോള്‍ വീണിരുന്നെങ്കില്‍ ഒരുപക്ഷേ, കഥ മറ്റൊന്നാകുമായിരുന്നു. റൊണാള്‍ഡോയുടെ ഗോള്‍ വീണതോടെ യുവന്റസ് ഉണര്‍ന്നു. അല്‍തുറോ വിദാലും കാര്‍ലോസ് ടെവസും ചേര്‍ന്നുള്ള മുന്നേറ്റം കാണികളെ ഹരം കൊള്ളിച്ചു.

ഒരേയൊരു ടെവസ്

ആദ്യപകുതിയില്‍ റയലിനു ലഭിച്ച എവേ ഗോള്‍ മുന്‍തൂക്കം അവര്‍ക്ക് ആത്മവിശ്വാസം നല്‍കി. എന്നാല്‍, മുന്‍നിര താരങ്ങളായ ബെയ്ലും റാമോസും നിരന്തരം പിഴവുകള്‍ വരുത്തി. പലപ്പോഴും റൊണാള്‍ഡോ നിസഹായനാകുന്നതു കാണാമായിരുന്നു. ഇത്തരത്തിലൊരു പിഴവില്‍നിന്നാണ് യുവന്റസിന്റെ രണ്ടാമത്തെയും യുവന്റസിനായി ടെവസ് നേടുന്ന അമ്പതാമത്തെയും ഗോള്‍ പിറന്നത്.

57-ാം മിനിറ്റില്‍ മൈതാനത്തിന്റെ ഏതാണ്ട് മധ്യഭാഗത്തുനിന്നു ലഭിച്ച പാസുമായി ടെവസും മൊറാട്ടയും മുന്നേറി. പിന്നാലെ പന്തുപിടിക്കാന്‍ ഓടിയ റയല്‍ പ്രതിരോധതാരം കര്‍വഹാലിനു പിഴച്ചു. പന്ത് തടയുന്നതിനു പകരം ബോക്സില്‍ വച്ച് ടെവസിനെ വീഴ്ത്തുകയായിരുന്നു കര്‍വഹാല്‍ ചെയ്തത്.

റഫറിക്കു സ്പോട്ട് കിക്ക് വിധിക്കാന്‍ അധികം താമസിക്കേണ്ടിവന്നല്ല. റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത മാഴ്സെലോയ്ക്ക് കിട്ടി മഞ്ഞക്കാര്‍ഡ്. കര്‍വഹാലിനു മഞ്ഞക്കാര്‍ഡ് കൊടുക്കാത്തതെന്തേ എന്ന ചോദ്യവുമായെത്തിയ യുവന്റസ് താരം വിദാലിനും കിട്ടി, മഞ്ഞ.

പെനാല്‍റ്റിയെടുത്ത ടെവസ് ഒരവസരം പോലും കസീയസിനു നല്‍കാതെ പന്ത് വലയിലാക്കി. ടെവസ് തൊടുത്ത ഷോട്ട് തടുക്കാന്‍ വലത്തേക്കു ഡൈവ് ചെയ്ത കസീയസ് വീണുകിടന്നു നോക്കുമ്പോഴുണ്ട് പന്ത് വലയുടെ മധ്യഭാഗത്തു തുളച്ചുകയറുന്നു. യുവന്റസ്-2, റയല്‍-1.

ഗോള്‍ വീണശേഷമാണ് കാര്‍ലോ ആന്‍സലോട്ടിക്കു ബോധോദയമുണ്ടായത്. 63-ാം മിനിറ്റില്‍ ഇസ്കോയെ പിന്‍വലിച്ച് ഹാവിയര്‍ ഹെര്‍ണാണ്ടസിനെ കളത്തിലിറക്കി. അദ്ദേഹം എത്തിയയുടനേ റയല്‍ ഗോള്‍ നേടേണ്ടതായിരുന്നു. ബെയ്ലിന്റെ ക്രോസില്‍ റൊണാള്‍ഡോയ്ക്ക് പന്ത് കണക്ട് ചെയ്യാനായില്ല.

ലീഡ് നേടിയതോടെ യുവന്റസ് പരിശീലകന്‍ പ്രതിരോധത്തിനു മുന്‍തൂക്കം നല്‍കുന്ന 3-5-2 എന്ന ശൈലി സ്വീകരിച്ചു. ഇതോടെ യുവന്റസിന്റെ പ്രതിരോധം കൂടുതല്‍ മികച്ചതായി.

ആ പ്രതിരോധം മറികടക്കാന്‍ പിന്നീടുള്ള മിനിറ്റുകളില്‍ റയലിനായില്ല. ഇതോടെ ടൂറിനില്‍ മുഖം താഴ്ത്തി റൊണാള്‍ഡോയും സംഘവും സാന്റിയാഗോ ബര്‍ണേബുവിലേക്ക്.

തിരിച്ചുവരും: റോഡ്രിഗസ്

ടൂറിന്‍: ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ യുവന്റസിനോടേറ്റ തോല്‍വിക്കു സ്വന്തം മൈതാനത്ത് പകരംവീട്ടുമെന്നു റയല്‍ മാഡ്രിഡ് താരം ഹാമിഷ് റോഡ്രിഗസ്. ആദ്യപാദത്തിലെ ഫലം അത്ര മോശമല്ല. സ്വന്തം കാണികള്‍ക്കു മുന്നില്‍ രണ്ടാം റൌണ്ടില്‍ യുവന്റസിനെ കൊല്ലാക്കൊല ചെയ്യാമെന്നു ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ റയല്‍ ഫൈനലിലെത്തും. -റോഡ്രിഗസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.