ഇറ്റാലിയന്‍ കപ്പ് യുവന്റസിന്
ഇറ്റാലിയന്‍ കപ്പ് യുവന്റസിന്
Friday, May 22, 2015 10:31 PM IST
റോം: ഇറ്റാലിയന്‍ സീരി എ ചാമ്പ്യന്‍മാരായ യുവന്റസിന് ഇറ്റാലിയന്‍ കപ്പ്. ഫൈനലില്‍ ലാസിയോടെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് യുവന്റസ് കിരീടമണിഞ്ഞത്. യുവന്റസ് പത്താം തവണയാണ് ഇറ്റാലിയന്‍ കപ്പ് (കോപ ഇറ്റാലിയ) ചാമ്പ്യന്‍മാരുകുന്നത്. കോപ ഇറ്റാലിയയ്ക്കു പുറമെ സീരി എ ചാമ്പ്യന്മാരുമായ യുവന്റസ് ചരിത്ര നേട്ടത്തിനരികിലാണ്. ജൂണ്‍ ആറിനു നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബാഴ്സലോണയെ പരാജയപ്പെടുത്തിയാല്‍ യുവന്റസ് ചരിത്രത്തില്‍ ഇടംപിടിക്കും. പകരക്കാരനായി ഇറങ്ങിയ അലെസാന്ദ്രോ മാട്രി (97) അധിക സമയത്ത് നേടിയ ഗോളിലാണ് യുവന്റസ് ജേതാക്കളായത്. നായകന്‍ സ്റ്റെഫാന്‍ റാഡു (4) ലാസിയോയെ മുന്നിലെത്തിച്ചു. യുവന്റസിന്റെ താത്കാലിക നായകന്‍ ജോര്‍ജിയോ കെല്ലിനി പതിനൊന്നാം മിനിറ്റില്‍ സമനില പിടിച്ചു. ഇതിനുശേഷം ഇരുടീമുകളും ഗോളിനായി നിരന്തരം ശ്രമം നടത്തിയെങ്കിലും ഫിനിഷിംഗിലെ പോരായ്മ ഇരുടീമിനെയും വലച്ചു. ചാമ്പ്യന്‍സ് ലീഗിലെ ഹീറോ ആല്‍വരെ മോറാട്ട ഇല്ലാതെയാണ് മാസിമില്ലിയാനോ അല്ലെഗ്രി ടീമിനെ ഒരുക്കിയത്. മൊറാട്ടയുടെ അഭാവത്തില്‍ കാര്‍ലോസ് ടെവസിനൊപ്പം ഫെര്‍ണാണ്േടാ ലോറെന്റെയായിരുന്നു മുന്നേറ്റനിരയിലുണ്ടായിരുന്നത്. ഗിയാന്‍ലുജി ബഫണും ടീമില്‍ ഇല്ലായിരുന്നു.


നായകന്റെ ഗോളിലൂടെ മികച്ച തുടക്കമാണ് ലാസിയോയ്ക്കു ലഭിച്ചത്. ഡാനിലോ കാറ്റല്‍ഡിയുടെ ഫ്രീകിക്ക് ഹെഡ് ചെയ്ത് റാഡു യുവന്റസിന്റെ വല കുലുക്കി. ഉടന്‍തന്നെ യുവന്റസ് തിരിച്ചടിച്ചു. പ്ളേമേക്കര്‍ ആന്ദ്രെ പിര്‍ലോയുടെ ഫ്രികിക്ക് ബോക്സിനു പുറത്തുനിന്ന പാട്രിക് എവ്റയ്ക്കു മറിച്ചു. എവ്റ അത് ബോക്സിനു നടുവില്‍നിന്ന കെല്ലിനിക്കു തിരിച്ചുവിട്ടു.

താത്കാലിക നായകന്‍ കൃത്യമായി ലാസിയോയുടെ വല കുലുക്കി. ഇതിനുശേഷം ഇരുടീമും ഗോളിനായി ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. 84-ാം മിനിറ്റില്‍ ലാസിയോയുടെ ഫിലിപ് ജോര്‍ജിക്കിന് ഗോളിമാത്രം മുന്നില്‍ നില്‍ക്കേ സുവര്‍ണാവസരം ലഭിച്ചത് അദ്ദേഹം നഷ്ടപ്പെടുത്തി. മുഴുവന്‍ സമയത്ത് ആര്‍ക്കും സമനില പൊട്ടിക്കാന്‍ സാധിക്കാത്തിനാല്‍ കളി അധിക സമയത്തേക്കു നീണ്ടു. 97-ാം മിനിറ്റില്‍ യുവന്റസ് ആരാധകര്‍ കാത്തിരുന്ന ആ വിജയ ഗോള്‍ പിറന്നു. 84ാം മിനിറ്റില്‍ ലോറെന്റെയ്ക്കു പകരമെത്തിയ മാട്രി ലാസിയോയുടെ വലയിലേക്കു നിറയൊഴിച്ചു. യുവന്റസ് 2-1ന് മുന്നില്‍. പിന്നീട് യുവന്റസ് ഒരുക്കിയ കനത്ത പ്രതിരോധം പൊളിക്കാന്‍ ലാസിയോയ്ക്കായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.