ജോക്കോവിച്ചും സെറീനയും ജയത്തോടെ തുടങ്ങി
Tuesday, June 30, 2015 11:23 PM IST
ലണ്ടന്‍: ലോകറാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ളവര്‍ പുല്‍ക്കോര്‍ട്ടില്‍ മിന്നും തുടക്കത്തോടെ പോരാട്ടം തുടങ്ങി. പുരുഷന്മാരില്‍ ടോപ് സീഡ് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ജര്‍മനിയുടെ ഫിലിപ് കോഹ്്ല്‍ഷ്രീബറെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി. സ്കോര്‍: 6-4, 6-4, 6-4. നേരിട്ടുള്ള സെറ്റുകള്‍ക്കാണെങ്കിലും മികച്ച പോരാട്ടം കാഴ്ചവച്ചശേഷമാണ് ജര്‍മന്‍ താരം കീഴടങ്ങിയത്.

വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ് 6-4, 6-1നു റഷ്യയുടെ മാര്‍ഗരീറ്റ ഗാസ്പര്യാനെ പരാജയപ്പെടുത്തി. ഇവിടെ ആറാം കിരീടം തേടുന്ന സെറീന പക്ഷേ, കഴിഞ്ഞ രണ്ടു തവണയും നേരത്തെ പുറത്തായിരുന്നു.


ഹങ്കറിയുടെ ടിമിയ ബാബോസാണ് രണ്ടാം റൌണ്ടില്‍ സെറീനയുടെ എതിരാളി. കലണ്ടര്‍ ഗ്രാന്‍ഡ്സ്്ലാമിനാണ് സെറീന ശ്രമിക്കുന്നത്. മറ്റൊരു മത്സരത്തില്‍ ഇറ്റലിയുടെ സാറ എറാനി, നാട്ടുകാരിയായ ഫ്രാന്‍സിസ്ക ഷിവോണിയെ ഒന്നിനെതിരേ രണ്ടു സെറ്റിനു പരാജയപ്പെടുത്തി. സ്കോര്‍: 6-2, 5-7, 6-1.

മുന്‍ ലോക ഒന്നാം നമ്പര്‍ താരം ബലാറസിന്റെ വിക്ടോറിയ അസരെങ്കയും രണ്ടാം റൌണ്ടിലെത്തി. എസ്റ്റോണിയയുടെ ആനെറ്റ് കോണ്ടാവീറ്റിനെയാണ് അസരെങ്ക പരാജയപ്പെടുത്തിയത്. സ്കോര്‍: 6-2, 6-1. അമേരിക്കയുടെ ബഥനി മാറ്റെക് സാന്‍ഡ്സ്, അന ഇവാനോവിച്ച് എന്നിവരും രണ്ടാം റൌണ്ടിലെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.