വരുന്നു, ബുള്ളറ്റ്മാന്‍
വരുന്നു, ബുള്ളറ്റ്മാന്‍
Friday, July 3, 2015 11:39 PM IST
ന്യൂഡല്‍ഹി: ആ കരുത്തുറ്റ കാലുകളുടെ ഉടമ, കരുത്തേറിയ ഫ്രീകിക്കുകളുടെ തമ്പുരാന്‍ ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികളെ പാട്ടിലാക്കാന്‍ വരുന്നു. ഒരു ശാസ്ത്രത്തിനും കണ്െടത്താന്‍ സാധിക്കാത്ത ഫ്രീകിക്കിലൂടെ ഗോള്‍ നേടിയ ഫുട്ബോളിലെ ഏറ്റവും കരുത്തനായ മനുഷ്യന്‍ ഇതാ. ബ്രസീല്‍ ഫുട്ബോളിന്റെയും റയല്‍ മാഡ്രിഡ് ക്ളബ്ബിന്റെയും ഇതിഹാസതാരം റോബര്‍ട്ടോ കാര്‍ലോസ് ഇന്ത്യയിലേക്ക്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസിന്റെ മാര്‍ക്കീ പരിശീലകനായാണ് അദ്ദേഹം ഇന്ത്യയിലെ ഫുട്ബോള്‍ ഗ്രൌണ്ടുകളില്‍ ആവേശം ഉയര്‍ത്താനെത്തുന്നത്. ഐഎസ്എലിന്റെ ഒന്നാം സീസണില്‍ ഡൈനാമോസിനെ നെതര്‍ലന്‍ഡ്സിന്റെ ഹാം വാന്‍ വെല്‍ദോവനാണ് പരിശീലിപ്പിച്ചത്. ടീം അഞ്ചാം സ്ഥാനത്തെത്തുകയും ചെയ്തു. രണ്ടാം സീസണില്‍ ഐഎസ്എലിലെത്തിയ ഏറ്റവും വലിയ താരമാണ് കാര്‍ലോസ്. ഒരു പരിശീലകനെന്ന നിലയില്‍ അദ്ദേഹം ടര്‍ക്കിഷ് ക്ളബ്ബുകളായ സിവാസ്പോറിനെയും അഖിസര്‍ ബെലിഡിയെസ്പോറിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.

പരിശീലകനെന്നതിനേക്കാള്‍ ഒരു കളിക്കാരനെന്ന നിലയിലാണ് അദ്ദേഹം വളരെ പ്രശസ്തനായത്. ബുള്ളറ്റ്മാന്‍ എന്നറിയപ്പെടുന്ന കാര്‍ലോസ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച ലെഫ്റ്റ് ബാക്കാണ്. കരുത്തുറ്റ ഫ്രീകിക്കുകളാണ് അദ്ദേഹം പ്രശസ്തനാക്കിയത്. 1992ല്‍ ബ്രസീലിനുവേണ്ടി കളിച്ച കാര്‍ലോസ് മൂന്നു ലോകകപ്പുകളില്‍ മഞ്ഞക്കുപ്പായത്തില്‍ ഇറങ്ങി. 125 തവണ ദേശീയ ടീമില്‍ കളിച്ചു. അദ്ദേഹം ഉള്‍പ്പെട്ട ടീം 1998ല്‍ റണ്ണേഴ്സ് അപ്പും 2002ല്‍ ചാമ്പ്യന്‍മാരുമായി. 2006 ലോകകപ്പിലും അദ്ദേഹം കളിച്ചു.

1997, 1999 കോപ്പ അമേരിക്ക കപ്പുയര്‍ത്തിയ ബ്രസീല്‍ ടീമിലും അദ്ദേഹം അംഗമായിരുന്നു. എന്നാല്‍, 2006 ലെ ലോകകപ്പില്‍ ചാമ്പ്യന്മാരെന്ന പേരുമായെത്തിയ ബ്രസീലിന്റെ തോല്‍വിക്കു കാര്‍ലോസ് കാരണമായെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഫ്രാന്‍സിനെതിരെയുള്ള മത്സരത്തില്‍ സിനദിന്‍ സിദാനെടുത്ത കോര്‍ണര്‍ കിക്ക് തിയറി ഹെന്റി ഗോളാക്കുകയായിരുന്നു. ഹെന്റിയെ മാര്‍ക്ക് ചെയ്യേണ്ട കാര്‍ലോസ് അശ്രദ്ധയോടെയാണ് നിന്നതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു. അതോടെ അദ്ദേഹം ദേശീയ ടീമില്‍നിന്നു വിരമിച്ചു.

സെറ്റ് പീസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഗോള്‍ പിറന്നത് 1997ല്‍ ഫ്രാന്‍സിനെതിരേയുള്ള സൌഹൃദ മത്സരത്തിലായിരുന്നു. അദ്ദേഹമെടുത്ത ഫ്രീ കിക്ക് എക്കാലത്തും ഓര്‍മയില്‍നില്‍ക്കുന്നതാണ്. അതുപോലെ എക്കാലത്തെയും മികച്ച ഫ്രീകിക്കെന്നാണ് അതിനെ വിദഗ്ധര്‍ വിശേഷിപ്പിച്ചത്. ആ ഗോള്‍ ഭൌതികശാസ്ത്രത്തെ വെല്ലുവിളിക്കുന്നതാണ് എന്നതാണ് വിശേഷണം. പോസ്റിനു 38 അടി അകലെനിന്നു തൊടുത്ത ഷോട്ട് മണിക്കൂറില്‍ 137 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ് ഫ്രാന്‍സിന്റെ ബോക്സിന്റെ വലതുപോസ്റില്‍ ചുംബിച്ച് വലയില്‍ തുളച്ചുകയറി. എന്താണു സംഭവിച്ചതെന്നറിയാതെ ഫ്രഞ്ച് ഗോളി ഫാബിയന്‍ ബാര്‍ത്തേസ് നോക്കി നില്‍ക്കുന്നത് ഫുട്ബോള്‍ ലോകത്തെ ഏറ്റവും കൌതുകകരവും അദ്ഭുതപ്പെടുത്തുന്നതുമായ കാഴ്ചയാണ്.


ആ മത്സരം നേരില്‍ക്കണ്ട തൊണ്ണൂറുകാരന്‍ ആരാധകന്‍ പറഞ്ഞത് താന്‍ ഫുട്ബോള്‍ മൈതാനത്തുകണ്ട ഏറ്റവും മനോഹരമായ കാഴ്ച എന്നാണ്. കാല്‍ത്തുടയുടെ വലുപ്പവും ശക്തിയുമായിരുന്നു കാര്‍ലോസിനെ വ്യത്യസ്തനാക്കുന്നത്. വിംഗിലൂടെ ഓടിക്കയറി ബോക്സിലേക്കു പാസ് നല്‍കി അതേ വേഗത്തില്‍ തിരികെ പൊസിഷനിലെത്തുകയും ചെയ്ത കാര്‍ലോസ് ഒരു മുന്നേറ്റക്കാരനു മുന്നിലും പതറിയില്ല.

കാര്‍ലോസ് വിരമിച്ച ശേഷം അത്രയ്ക്കു മികച്ച ഒരു ലെഫ്റ്റ് ബാക്കിനെ ബ്രസീലിനു ലഭിച്ചിട്ടില്ല. ലെഫ്റ്റ് ബാക്കായി കാര്‍ലോസും റൈറ്റ് ബാക്കായി കഫുവും കളിക്കുന്ന ബ്രസീല്‍ സ്വപ്ന ടീമായിരുന്നു. 1996ല്‍ അദ്ദേഹം ഇന്റര്‍ മിലാനില്‍ നിന്നു സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലെത്തി. റയലിലെത്തിയ അദ്ദേഹം ലൂയിസ് ഫിഗോ, സിനദിന്‍ സിദാന്‍, റൊണാള്‍ഡോ, ഡേവിഡ് ബെക്കാം, ഇകര്‍ കസിയസ്, റൌള്‍ ഗോണ്‍സാലസ് എന്നീ ഇതിഹാസങ്ങള്‍ക്കൊപ്പം കളിച്ചു. നാലു ലാ ലിഗ കിരീടങ്ങളും മൂന്നു ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും റയല്‍ നേടുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. 2007 വരെ കാര്‍ലോസ് റയലില്‍ തുടര്‍ന്നു. 2007ലെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കാര്‍ലോസിന്റെ പിഴവാണ് റയലിന്റെ പുറത്താക്കലിനു വഴിതെളിച്ചതെന്ന ആരോപണം ഉയര്‍ന്നു. അതേ വര്‍ഷം ക്ളബ് വിടുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതിനുശേഷം ഫെനര്‍ബാച്ചെ, കൊറിന്ത്യന്‍സ്, അന്‍ഷി മഖാചകാല ക്ളബ്ബുകളില്‍ കളിച്ചു. 2012ല്‍ 39-ാം വയസില്‍ ഫുട്ബോള്‍ കളിയില്‍നിന്നു വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു.

റോബര്‍ട്ടോ കാര്‍ലോസ് 1973 ഏപ്രില്‍ 10ന് സാവോ പോളോയില്‍ ജനിച്ചു. 1991ല്‍യൂണിയന്‍ സാവോ യോവോയില്‍ ചേര്‍ന്ന് അടുത്ത വര്‍ഷം ദേശീയ ടീമില്‍ കളിച്ചു. 1993ല്‍ പാല്‍മിറസില്‍ ചേര്‍ന്നു. 1994ലെ ലോകകപ്പ് ടീമില്‍ ഇടംനേടായില്ല. മൂന്നു സീസണില്‍ പാല്‍മിറസില്‍ തുടര്‍ന്നു രണ്ട് ലീഗ് കിരീടം സ്വന്തമാക്കി. അതിനുശേഷം ഇന്റര്‍ മിലാനില്‍. അവിടെ ഒരു സീസണ്‍ മാത്രം. 1996 മുതല്‍ 2007 വരെ റയല്‍ മാഡ്രിഡില്‍ കളിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.